കുഴലപ്പം
ആവശ്യമുള്ള സാധനങ്ങൾ:
അരിപ്പൊടി : 2 കപ്പ്
തേങ്ങ ചിരവിയത് : 1/2 കപ്പ്
ചെറിയ ഉള്ളി : 8 എണ്ണം
ജീരകം : 1/4 ടീസ്പൂൺ
എള്ള് : 1/4 ടീസ്പൂൺ
വെളിച്ചെണ്ണ വറുക്കാൻ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ചെയ്യുന്ന വിധം:
അരിപ്പൊടി നന്നായി വറുക്കുക, നിറം മാറരുത്, അഞ്ചോ ആറോ മിനിട്ടു വറുത്താൽ മതിയാകും.
തേങ്ങയും ജീരകവും ഉള്ളിയും ചേർത്തി മിക്സിയിൽ നന്നായി അരക്കുക.
അരച്ച ഈ പേസ്റ്റ് രണ്ടു കപ്പ് വെള്ളത്തിൽ ചേർത്തി, ഇതിൽ ആവശ്യത്തിനു ഉപ്പും ഇട്ടു നന്നായി തിളപ്പിക്കുക. അടുപ്പിൽ നിന്നും എടുത്ത ഉടനെ അരിപ്പൊടിയിൽ കുറേശ്ശേ ഒഴിച്ച് സ്പൂൺ കൊണ്ട് നന്നായി mix ചെയ്യുക. ചൂടുള്ളതു കൊണ്ടാണ് സ്പൂൺ ഉപയോഗിക്കാൻ പറഞ്ഞത്. വെള്ളം പോരെങ്കിൽ അല്പം തിളച്ച വെള്ളം ചേർക്കാം.
ഇടിയപ്പത്തിന്റെ മാവ് കുഴക്കുന്നപോലെ കുഴക്കണം.
ചൂട് അല്പം കുറഞ്ഞാൽ കൈകൊണ്ടു കുഴക്കുക.എള്ളും ചേർത്തി കുഴക്കുക. ഇതിൽ മേലെ ഒരു നനഞ്ഞ തുണി ഇട്ടു അല്പ നേരം വെക്കാം.
ഇനി ചാപ്പാത്തി കല്ലിൽ cling film കൊണ്ട് കവർ ചെയ്യുക. മാവ് അതിൽ ഒട്ടിപിടിക്കാതിരിക്കാനാണ് ഇത് ചെയ്യുന്നത്. ചപ്പാത്തി മേക്കർ ഉണ്ടെങ്കിൽ അതിൽ അല്പം എണ്ണ തടവിയാൽ മതി.
ഇനി മാവിൽ നിന്നും നാരങ്ങാ വലുപ്പത്തിൽ ഉരുള എടുത്തു കല്ലിൽ വെച്ച് ചെറിയ വട്ടത്തിൽ പരത്തി (ഒരു സിഡിയുടെ വലുപ്പം മതിയാകും) അതിനെ മെല്ലെ ഒന്ന് ചുരുട്ടുക. കൈവിരലിൽ വെച്ച് ചുരുട്ടിയാലും മതി. ഇത് ഒരു tray യിൽ നിരത്തുക.
ഒരു ഫ്രൈപാനിൽ എണ്ണ ചൂടാക്കി രണ്ടോ മൂന്നോ എണ്ണം ഒരുമിച്ചിട്ടു നല്ല കരുകരുപ്പായി വറുത്തു കോരുക. ഇത്‌പോലെ ബാക്കി മാവ് കൊണ്ട് കുഴലപ്പം ഉണ്ടാക്കി എടുക്കുക.
- ഇതിൽ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളിയും വേണമെങ്കിൽ ചേർക്കാം. ഞാൻ ചേർത്തിട്ടില്ല. നല്ല സ്വാദുള്ള ഒരു നാലുമണി പലഹാരമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ