തിരുവാതിര പുഴുക്ക്
തിരുവാതിര കാലത്ത് അതായത് ധനു മാസത്തിൽ പലതരം കിഴങ്ങുകളും പാകമായി കിളച്ചെടുക്കാറുണ്ട്. അതുകൊണ്ട് തന്നെ അതനുസരിച്ചുള്ള വിഭവങ്ങൾ ആ സമയത്ത് ഉണ്ടാക്കാറുണ്ട്.
ഗോതമ്പു കഞ്ഞിക്കു കൂട്ടാണ് പുഴുക്ക്. പലതരം കിഴങ്ങും വെള്ളപ്പയറോ ചെറുപയറോ ചേർത്തിയാണ് പുഴുക്കുണ്ടാക്കുന്നത്.
ആവശ്യമുള്ള സാധനങ്ങൾ
വെള്ളപ്പയർ : 1/2 കപ്പ്
ചേന : ഒരു ചെറിയ കഷ്ണം
കൂർക്ക : 1/ 4 കിലോ
മത്തൻ : 1/4 കിലോ
തേങ്ങ ചിരവിയത് : 1 കപ്പ്
ജീരകം : ഒരു നുള്ള്
മുളകുപൊടി : 1 ടീസ്പൂണ്‍
മഞ്ഞപ്പൊടി : 1/4 ടീസ്പൂണ്‍
വെല്ലം : 1 അച്ച്
ഉപ്പു് ആവശ്യത്തിന്
കറിവേപ്പില ഒരു തണ്ട്
ചെയ്യുന്ന വിധം
വെള്ളപ്പയർ ആവശ്യത്തിനു വെള്ളം ചേർത്തി പ്രഷർ കുക്കറിൽ മൂന്നോ നാലോ വിസിൽ വരുന്നതു വരെ വേവിക്കുക. കുക്കർ തണുത്താൽ തുറന്നു നോക്കി, നല്ല മൃദുവായി വെന്തില്ലെങ്കിൽ ഒന്നുകൂടി വേവിക്കണം.
തേങ്ങയും ജീരകവും അരച്ചു വെക്കുക.
ചേനയും കൂർക്കയും മത്തനും എല്ലാം ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചു കഴുകി വെക്കുക.
ചേനയും കൂർക്കയും ആദ്യം വേവിക്കനിടുക. ഒരുമാതിരി വെന്ത ശേഷം മത്തനും ചേർത്തി, ഉപ്പും മഞ്ഞപ്പൊടിയും മുളകുപൊടിയും എല്ലാം ചേർത്തി നന്നായി വേവിക്കണം. വെന്താൽ അതിൽ വേവിച്ചു വെച്ച വെള്ളപ്പയറും ചേർത്തുക. ഇതിൽ തേങ്ങയും ജീരകവും അരച്ചതും ചേർത്തുക. നന്നായി ഇളക്കിയ ശേഷം കറിവേപ്പില ചേർക്കുക . പുഴുക്കിൽ അധികം വെള്ളം പാടില്ല, കട്ടിയുള്ള കറിയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ