എണ്ണ കത്തിരിക്ക
എണ്ണ കത്തിരിക്ക, വഴുതിനിങ്ങയിൽ പുളി ചേർത്ത ഒരു കറിയാണ്. ചോറിന്റെ കൂടെ കഴിക്കാൻ നല്ല സ്വാദുണ്ടാവും. നല്ല എരിവും പുളിയും ഉപ്പും എല്ലാം ഉള്ള ഒരു കൂട്ടാനാണ് ഇത്.
വഴുതിനങ്ങ : 6 എണ്ണം ചെറിയത്
പുളി : ഒരു നാരങ്ങ വലുപ്പത്തിൽ
ചെറിയ ഉള്ളി : 6 എണ്ണം
മുളകുപൊടി : ഒന്നര ടേബിൾസ്പൂണ്‍
മല്ലിപൊടി : 2 ടേബിൾസ്പൂണ്‍
മഞ്ഞപൊടി : 1/4 ടീസ്പൂണ്‍
ഉലുവ : 1/4 ടീസ്പൂണ്‍
തേങ്ങ ചിരവിയത് : 1 കപ്പ്
വെളുത്തുള്ളി : 5 അല്ലി
ഉപ്പു് ആവശ്യത്തിന്
കടുകു വറക്കാൻ
കടുക് : 1ടീസ്പൂണ്‍
ചെറിയ ഉള്ളി : 5 എണ്ണം
കറിവേപ്പില : 1 തണ്ട്
ചെയ്യുന്ന വിധം
വഴുതിനങ്ങ നാലായി പിളർന്ന് വെള്ളത്തിലിട്ടു വെക്കണം.
പുളി ഒരു മുപ്പതു മിനിറ്റ് ഒന്നര കപ്പ് വെള്ളത്തിലിട്ട് പിഴിഞ്ഞെടുത്തു വെക്കുക.
ഒരു ചീനച്ചട്ടി ചൂടാക്കി ഉലുവയിട്ട് നിറം മാറുമ്പോൾ തീ കുറച്ച് മുളകുപൊടിയും മല്ലിപൊടിയും ഇടുക. പച്ചമണം മാറി ചെറുതായി നിറം മാറിതുടങ്ങുമ്പോൾ തീയിൽ നിന്ന് മാറ്റി വെക്കുക. ആറിയാൽ ചെറിയ ഉള്ളിയും ഉപ്പും മഞ്ഞപ്പൊടിയും ചേർത്തി നന്നായി അരക്കുക.
തേങ്ങ അല്പം വെള്ളം ചേർത്തി നന്നായി അരച്ചു വെക്കുക.
വഴുതിനങ്ങ വെള്ളത്തിൽ നിന്നും എടുത്ത് , അരച്ചുവെച്ച മസാലയിൽ നിന്നും കുറച്ചെടുത്ത് അതിനുള്ളിൽ നന്നായി പുരട്ടി വെക്കണം.
ഈ മസാല പുരട്ടി വെച്ച വഴുതിനങ്ങ അല്പം എണ്ണയിൽ ഒന്ന് വഴറ്റുക. കൂടെ വെളുത്തുള്ളിയും വഴറ്റുക. വലിയ വെളുത്തുള്ളിയാണെങ്കിൽ നീളത്തിൽ മുറിച്ചു വഴറ്റണം .
പുളി വെള്ളത്തിൽ ബാക്കി മസാല ചേർത്തി അടുപ്പിൽ വെച്ചു തിളപ്പിക്കുക. അല്പം ഉപ്പു കൂടി ചേർത്തണം. ഇതിൽ വഴറ്റിയ വഴുതിനങ്ങ ചേർത്തി ചെറിയ തീയിൽ മൂന്നോ നാലോ മിനിട്ട് തിളപ്പിച്ച ശേഷം അരച്ച് വെച്ച തേങ്ങയും ചേർത്തി ഒന്ന് കൂടി തിളപ്പിക്കുക. ഈ കൂട്ടാൻ അല്പം കുറുകിയ പരുവത്തിലായിരിക്കണം , അതുകൊണ്ട് അധികം വെള്ളം ഒഴിക്കരുത്.
ഒരു ചീനച്ചട്ടിയിൽ ഒരു ടേബിൾസ്പൂണ്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിയാൽ കറിവേപ്പിലയും ഉള്ളി ചെറുതായരിഞ്ഞതും കൂടി നന്നായി വഴറ്റി കൂട്ടാനിൽ ഒഴിക്കുക. കൂട്ടാൻ ഒരുപാടു കുറുകിയിട്ടുണ്ടെങ്കിൽ അല്പം വെള്ളം ചേർക്കണം. നല്ല ചൂടു ചോറിന്റെ കൂടെ വിളമ്പുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ