Festival Recipes

കേരളത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ  ഓണം,  വിഷു, തിരുവാതിര എന്നിവയാണ്.

ഓണം 

ഓണം കൊയ്ത്തു കഴിഞ്ഞ ശേഷം വരുന്ന ഉത്സവമാണ്.  കൊയ്ത്തു കഴിഞ്ഞ്  എല്ലാവരുടെ വീട്ടിലും നെല്ലും അരിയും  നിറഞ്ഞ് സമ്രിദ്ധിയുടെ  കാലമാണ് ഓണം. മലയാളമാസം ചിങ്ങത്തിലാണ് ഓണം വരുന്നത്.
പണ്ട് മഹാബലി എന്ന ചക്രവർത്തി  കേരളം ഭരിച്ചിരുന്നു. വാമനൻ വന്ന്  മഹാബലിക്ക് മോക്ഷം കൊടുത്തപ്പോൾ ബലി ചക്രവർത്തി  വർഷത്തിൽ ഒരു ദിവസം കേരളം കാണാൻ വരാൻ അനുവാദം ചോദിച്ചതായും  ചിങ്ങമാസത്തിലെ ഓണത്തിന് മഹാബലി കേരളം സന്ദർശിക്കുന്നതായും ഐതിഹ്യമുണ്ട്. അദ്ദേഹത്തെ എതിരേല്ക്കാൻ ചിങ്ങമാസത്തിൽ കേരളം തയ്യാറാകും.
ചിങ്ങത്തിലെ അത്തം നക്ഷത്രം മുതൽ മുറ്റത്തു പൂക്കളം കൊണ്ടലങ്കരിക്കും. അത്തം മുതൽ എട്ടു  ദിവസം ഇങ്ങിനെ മുറ്റത്തു പൂവിടും.






 ഒമ്പതാം ദിവസവും പത്താം ദിവസവും മുറ്റത്ത്‌  ചാണകം മെഴുകി  അതിൽ അരിമാവു കൊണ്ട് അണിഞ്ഞ് അതിൽ മണ്ണ് കൊണ്ടുണ്ടാക്കിയ മാതേവരെ വെക്കും.


.


ഓണം ദിവസം സദ്യ ഉണ്ടാക്കി ആദ്യം മുറ്റത്തുള്ള  മാതേവർക്കു  നേദിച്ച  ശേഷമേ വീട്ടിൽ എല്ലാവരും ഊണു കഴിക്കാറുള്ളു!




 ഈ ദിവസങ്ങളിൽ പച്ചക്കറി മാത്രമേ ഉപയോഗിക്കാറുള്ളൂ. വീട്ടിലെ എല്ലാവരും പുതിയ വസ്ത്രം ധരിച്ച്  ഓണക്കളികളും മറ്റുമായി മഹാബലിയെ സ്വീകരിക്കും.



ഓണ സദ്യ വിഭവങ്ങൾ 

സാമ്പാർ (Sambhar)
അവിയൽ(Aviyal)
കൂട്ടുകറി (Kootu curry)
കുറുക്കുകാളൻ (Kurukku kaalan)
ഓലൻ (Olan)
ബീൻസ്‌ ഉപ്പേരി (Beans upperi)
പപ്പടം
പാൽ പായസം (Paal payasam)
പഴം പ്രഥമൻ  (Pazham pradhaman)
കായ വറുത്തത്
ശർക്കര ഉപ്പേരി
പഴം നുറുക്ക്

മുമ്പൊക്കെ ഊണുകഴിഞ്ഞാൽ  സ്ത്രീകളെല്ലാം ഒരു വീട്ടിൽ ഒന്നിച്ച്  ഓണക്കളികൾ കളിക്കാറുണ്ട്.




 പക്ഷെ ഇപ്പോൾ ടീവി യിൽ പല ഓണപരിപാടികളും പിന്നെ പല സംഘടനകളുടെ ഓണാഘോഷപരിപാടികളും ഉള്ളതു കൊണ്ട് ആരും വീടുകളിൽ ഒന്നിച്ചു കൂടാറില്ല.

വിഷു 

മേടപുലരിയിലാണ് വിഷു ആഘോഷിക്കുന്നത്.  മലയാളം വർഷം മേടം മുതലാണ്‌ ആരംഭിക്കുന്നത്. വിഷുവിന് വിഷുക്കണി വെക്കാറുണ്ട്. 
മേടമാസത്തിൽ എവിടെ നോക്കിയാലും കണിക്കൊന്ന പൂത്തു നിൽക്കുന്നതു കാണാം.





 വിഷുക്കണി വെക്കുമ്പോൾ കണിക്കൊന്ന നിർബന്ധമായി വെക്കും. പിന്നെ മഞ്ഞ നിറത്തിലുള്ള വെള്ളരിക്ക, മാമ്പഴം, ചക്ക സ്വർണകസവുള്ള മുണ്ടും സ്വർണനാണയങ്ങളും പിന്നെ ഒരു ഉരുളിയിൽ അരിയും  തേങ്ങ ഉടച്ചതും മറ്റും പിന്നെ കൃഷ്ണ വിഗ്രഹവും കത്തിച്ചു വെച്ച നിലവിളക്കും അങ്ങിനെ എല്ലാം ഒരുക്കി വീട്ടിലെ മുതിർന്ന സ്ത്രീകളാരെങ്കിലും മറ്റുള്ളവരെയെല്ലാം വിളുച്ചുണർത്തി കണി കാണിക്കും.






 പിന്നെ മുതിർന്നവർ താഴെയുള്ളവർക്ക് വിഷു കൈനീട്ടം കൊടുക്കും. കൊച്ചുകുട്ടികൾ പടക്കം പൊട്ടിക്കും. അങ്ങിനെ വിഷു ആഘോഷിക്കും. 
പിന്നെ ഉച്ചക്ക് പല വീടുകളിലും സദ്യ ഉണ്ടാക്കും.
പക്ഷെ പാലക്കാടു ഭാഗത്ത്‌ പണ്ടൊക്കെ വിഷുക്കഞ്ഞിയാണ് ഉണ്ടാക്കറുള്ളത് . കണിക്കു വെക്കുന്ന  പച്ചരിയും പിന്നെ വറുത്ത പുളിയവരയ്ക്കയും തേങ്ങയും ചേർത്താണ് ഈ കഞ്ഞി ഉണ്ടാക്കുന്നത്‌.







തിരുവാതിര

തിരുവാതിര  ധനു മാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ആഘോഷിക്കുന്നത്.  അതായതു് ഇംഗ്ലീഷ് മാസം ഡിസംബർ പതിനഞ്ചാം തിയതിക്കും ജനുവരി പതിനഞ്ചാം തിയതിക്കും ഉള്ളിലാണ് ആഘോഷിക്കുന്നത്.
ഏറെ നാളത്തെ തപസ്സിനു ശേഷം ശിവനും പാർവതിയും തമ്മിൽ കണ്ടുമുട്ടുന്ന ദിവസമാണ് തിരുവാതിര. ആ ദിവസം പെണ്ണുങ്ങൾ പുലർച്ചെ കൂട്ടമായി കുളത്തിലേക്കു തിരുവാതിര പാട്ടും പാടി കുളിക്കാൻ പോകും. വെള്ളത്തിൽ തുടിച്ചു കുളിച്ച ശേഷം ശിവൻറ അമ്പലത്തിൽ പോയി തൊഴുത്‌ പ്രാർത്ഥിച്ച ശേഷം വീട്ടിൽ വന്നു് കരിക്കു കുടിച്ചു,  പഴം തിന്ന ശേഷം വെറ്റില മുറുക്കി തിരുവാതിര  നോൽക്കാൻ തയാറാവും . തിരുവാതിരക്കു വീടുകളിൽ ഊഞ്ഞാലിടും. കുട്ടികളും പെണ്ണുങ്ങളും ഊഞ്ഞാലാടുക പതിവാണ്.

നോൽമ്പ് ദിവസം അരി ഭക്ഷണം കഴിക്കില്ല. രാവിലെ കൂവ മധുരമിട്ടു കുറുക്കിയതും പപ്പടവും കൂടി കഴിക്കും. ഉച്ചക്ക് ഗോതമ്പു കഞ്ഞിയും പലതരം കിഴങ്ങു വർഗങ്ങളും ചേർത്തി ഉണ്ടാക്കിയ പുഴുക്കുമാണ് ആഹാരം.
ചില സ്ഥലങ്ങളിൽഅന്നേ ദിവസം പെണ്ണുങ്ങൾ രാത്രി ഉറങ്ങില്ല.

തിരുവാതിര വിഭവങ്ങൾ


കൂവ പായസം (Koova payasam)


ഗോതമ്പു കഞ്ഞി (Gothambu kanji)


തിരുവാതിര പുഴുക്ക് (Thiruvathira puzhukku)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ