2016, ജനുവരി 18, തിങ്കളാഴ്‌ച

Uzhunnu vada

ഉഴുന്നു വട



ആവശ്യമുള്ള സാധനങ്ങൾ 

ഉഴുന്നു പരുപ്പ്                       : 2 കപ്പ്‌ 
ഉപ്പു്  ആവശ്യത്തിന് 
കുരുമുളക്  ചതച്ചത്             : 1/4ടീസ്പൂൺ 
പച്ചമുളക്                           : 1 ചെറുതായി അരിഞ്ഞത് 
തേങ്ങ അരിഞ്ഞത്             : 2 ടേബിൾസ്പൂൺ 
എണ്ണ  വറുക്കാൻ ആവശ്യത്തിന് 


ചെയ്യുന്ന വിധം 


ഉഴുന്നു പരുപ്പ് രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തുക. 
കുതിർന്ന ശേഷം മിക്സിയിൽ നന്നായി  അരച്ചെടുക്കുക. വെള്ളം ചേർക്കരുത്,  അരയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വളരെ കുറച്ചു വെള്ളം തളിച്ച് അരക്കണം 
ഈ അരച്ച മാവിൽ ഉപ്പും, പച്ചമുളക് അരിഞ്ഞതും, തേങ്ങ പല്ല് പോലെ ചെറുതായി അരിഞ്ഞതും, കുരുമുളക് ചതച്ചതും എല്ലാം ചേർത്തി നല്ലപോലെ കലർത്തി വെക്കുക.
ഒരു ചീനച്ചട്ടിയിൽ വറുക്കാൻ ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കുക. കൈ വെള്ളയിൽ അല്പം വെള്ളം തടവി ഒരു ചെറിയ ഉരുള മാവെടുത്ത്‌ കൈയിൽ  വെച്ച് ഒന്ന് അമർത്തി  നടുവിൽ വിരൽ  കൊണ്ട് ഒരു തുള ഉണ്ടാക്കി
ചൂടായ എണ്ണയിലേക്ക് മെല്ലെ ഇടുക. 


ചെറിയ തീയിൽ ഇളം ബ്രൌൺ നിറം വരുന്നതു വരെ വറുത്ത  ശേഷം എണ്ണയിൽ നിന്നും കോരിയെടുത്തു ഒരു പേപ്പർ ടവലിൽ എണ്ണ വാലാൻ വെക്കുക. 



ഒരു പ്രാവശ്യം മൂന്നോ നാലോ വടകൾ ഒന്നിച്ചു വറുത്തെടുക്കാം. ബാക്കി മാവു മുഴുവൻ ഇതുപോലെ വട ഉണ്ടാക്കിയെടുക്കുക. തേങ്ങ ചട്ണി കൂട്ടി ചൂടോടെ കഴിക്കാം!

2016, ജനുവരി 6, ബുധനാഴ്‌ച

Chicken Biryani (Oven baked)








ആവശ്യമുള്ള സാധനങ്ങൾ :

ചോറിനു വേണ്ട സാധനങ്ങൾ :

ബാസ്മതി  അരി                            : 2 കപ്പ്‌ 
വെള്ളം                                        : മൂന്നര കുപ്പ് 
പട്ട                                              : ഒരിഞ്ചു കഷ്ണം 
ഗ്രാമ്പൂ                                          : 4 എണ്ണം 
ഏലക്ക                                        : 4 എണ്ണം 
വഴനയില (bayleaf )                   : 2 എണ്ണം 
നാരങ്ങനീര്                                 : 2 ടീസ്പൂണ്‍ 
നെയ്യ്                                          : 1ടീസ്പൂണ്‍ 
മഞ്ഞപ്പൊടി                                : ഒരു നുള്ള്
ഉപ്പ്                                             : 1 ടീസ്പൂണ്‍

പുരട്ടിവെക്കാൻ ആവശ്യമായത്

കോഴി എല്ലോടുകൂടിയത്                 : 1/2 കിലോ
മഞ്ഞപ്പൊടി                                  : 1/4 ടീസ്പൂണ്‍ 
മുളകുപൊടി                                    : 1ടീസ്പൂണ്‍ 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്               : 1 ടീസ്പൂണ്‍ 
തൈര്                                           : 1/2 കപ്പ്‌ 
ഉപ്പു് ആവശ്യത്തിന് 
ബിരിയായാണി മസാല                 :1/2 കപ്പ്‌ 

കോഴി ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച് നന്നായി കഴുകിയ ശേഷം മസാല പൊടികളും ഉപ്പും തൈരും  എല്ലാം കൂടി ചേർത്തി  കോഴിയിൽ പുരട്ടി  ഒരു മണിക്കൂർ നേരം വെക്കുക.
ഒരു മണിക്കൂർ  കഴിഞ്ഞാൽ ഒരു പരന്ന ഫ്രൈ പാനിൽ അല്പം എണ്ണയൊഴിച്ച് ചൂടാക്കി കോഴി കഷങ്ങൾ തിരിച്ചും മറിച്ചും ഇട്ടു വറുത്തു വെക്കുക. ഒരുപാടു മുറുകിപോവരുത് , മയത്തോടുകൂടി വാങ്ങിവെക്കണം .

മസാലക്കു വേണ്ടത് 

ഉള്ളി ഘനമില്ലതെ  അരിഞ്ഞത്   : 2 എണ്ണം 
തക്കാളി അരിഞ്ഞത്                   : 2 എണ്ണം 
 പച്ചമുളക് നീളത്തിൽ അരിഞ്ഞത് : 10 എണ്ണം 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്             : 1 ടേബിൾസ്പൂണ്‍ 
ബിരിയാണി മസാല                    : 1ടീസ്പൂണ്‍ 
മുളകുപൊടി                                 : 1 ടീസ്പൂണ്‍ 
മല്ലിപ്പൊടി                                  : 1 ടീസ്പൂണ്‍ 
മഞ്ഞപ്പൊടി                               : 1/4 ടീസ്പൂണ്‍ 
ഉപ്പു് വേണ്ടത്
പുതിനയില                                : 1/4 കപ്പ്‌ 
മല്ലിയില                                    : 1/4 കുപ്പ് 
എണ്ണ / നെയ്യ്                             : 3ടേബിൾസ്പൂണ്‍  


അലങ്കരിക്കാൻ വേണ്ടത് 

ഉള്ളി ഘനമില്ലതെ നീളത്തിൽ അരിഞ്ഞത്    : 1/2 കപ്പ്‌ 
അണ്ടിപരുപ്പ്                                                : 10 എണ്ണം 
മല്ലിയില അരിഞ്ഞത്                                    : 1/4 കപ്പ്‌ 
ഇളം ചൂടുപാൽ                                              : 2 ടീസ്പൂണ്‍ 
കുങ്കുമപ്പൂവ്                                                    : അല്പം


ചെയ്യുന്ന വിധം 

മസാല തയ്യാറാക്കുന വിധം : 


ഒരു പരന്ന പാനിൽ എണ്ണ അല്ലെങ്കിൽ നൈയ് ഒഴിച്ച്  ചൂടാക്കി  അതിൽ അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളിയിട്ട് നന്നായി വഴറ്റണം. നിറം മാറി തുടങ്ങുമ്പോൾ പച്ചമുളകു നീളത്തിൽ അരിഞ്ഞതു ചേക്കുക.  ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്തി  പച്ചമണം മാറിയാൽ ബിരിയാണി മസാലയും മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞപ്പൊടിയും ചേർത്തി നന്നായി ഇളക്കുക. തക്കാളി അരിഞ്ഞതും ചേർത്തി തക്കാളി കഷ്ണങ്ങൾ കുഴയുന്നതു വരെ വഴറ്റുക.
ഇതിൽ അല്പം ഉപ്പും കാൽ കപ്പ്‌ വെള്ളവും ചേർത്തി പുതിനയിലയും മല്ലിയിലയും ചേർക്കുക . ഇതിൽ വറുത്തു വെച്ചിരിക്കുന്ന കോഴി കഷ്ണങ്ങൾ ചേർത്തി പാത്രം മൂടിവെച്ച് ഒരു അഞ്ചു മിനിട്ട് വേവിച്ച ശേഷം അടുപ്പിൽ നിന്നും വാങ്ങിവെക്കുക.

ചോറു തയാറാക്കുന വിധം :


ബാസ്മതി അരി ഒരു പത്തുമിനിട്ടു വെള്ളത്തിൽ കുതിരാൻ വെക്കുക.
ഒരു ചീനച്ചട്ടിയിൽ  നെയ്യൊഴിച്ച് ചൂടായ ശേഷം പട്ടയും ഗ്രാമ്പൂവും വഴനയിലയും ഏലക്കയും ഇട്ടു വഴറ്റി ഇതിൽ മൂന്നര കപ്പ്‌ വെള്ളം ചേർത്തി, അരി കഴുകി വാരിയെടുത്ത്   ഇതിൽ ചേർക്കുക .മഞ്ഞപ്പൊടിയും ചേർത്തി   ഇതു മുഴുവൻ ഒരു റൈസ് കുക്കറിലേക്കു മാറ്റി വേവാൻ വെക്കുക. വെന്തു വെള്ളം വറ്റിയാൽ ഒരു പരന്ന തട്ടിലേക്കു മാറ്റി നാരങ്ങനീരു മേലെ തൂവുക.

ഇളം ചൂട് പാലിൽ കുങ്കമപൂവ് ഇട്ടു വെക്കുക.
നെയ്യ് ചൂടാക്കി അതിൽ അണ്ടിരുപ്പിട്ടു ഇളം ബ്രൌണ്‍ നിറത്തിൽ വറുത്തു കോരുക. ബാക്കി നെയ്യിൽ അരി ഞ്ഞു വെച്ച  ഉള്ളിയിട്ടു ബ്രൌണ്‍ നിറം വരും  വരെ വറുക്കുക.

ഇനി cooking oven 180  degree C ചൂടാക്കി വെക്കുക. 
ഒരു oven dish എടുത്ത്  അതിൽ കോഴി മസാല പകുതി നിരത്തുക. അതിനു മേലെ പകുതി ചോറു നിരത്തി അല്പം അണ്ടിപരുപ്പും  അരിഞ്ഞ മല്ലിയിലയും കുറച്ചു തൂകി വീണ്ടും കോഴി മസാലയും  ചോറും നിരത്തുക.  ഇനി  മേലെ ബാക്കി അണ്ടിപരുപ്പ് വറുത്തതും മല്ലിയിലയും ഉള്ളി വറുത്തതും തൂവുക.കുങ്കുമപൂവിട്ടു വെച്ച പാൽ മേലെ തൂവണം. ഒരു aluminium foil കൊണ്ട് മൂടി ഇരുപതു മിനിട്ട് bake ചെയ്യുക.  ഉള്ളിയും തക്കാളിയും അരിഞ്ഞ് തൈരിലിട്ട സലാഡും  കൂട്ടി കഴിക്കാം. 








2016, ജനുവരി 5, ചൊവ്വാഴ്ച

Pappada theeyal

പപ്പട തീയൽ 

ആവശ്യമുള്ള സാധനങ്ങൾ :


പപ്പടം                       : 3 എണ്ണം 
തേങ്ങ ചിരവിയത്     : 1 കപ്പ്‌ 
പുളി                          : ഒരു നരങ്ങവലുപ്പത്തിൽ 
മഞ്ഞപ്പൊടി              : 1/8 ടീസ്പൂണ്‍
മുളകുപൊടി                : 1ടീസ്പൂണ്‍
മല്ലിപ്പൊടി                 : 1ടീസ്പൂണ്‍ 
ഉലുവ                         : ഒരു നുള്ള് 
ചെറിയ ഉള്ളി             : 5 എണ്ണം 
എണ്ണ                         : 1ടീസ്പൂണ്‍
ഉപ്പു്  ആവശ്യത്തിന്

കടുകു വറക്കാൻ :

എണ്ണ                        : 1 ടേബിൾസ്പൂണ്‍
കടുക്                        : 1ടീസ്പൂണ്‍ 
ചെറിയ ഉള്ളി            : 3 എണ്ണം(ചെറുതായി അരിഞ്ഞുവെക്കുക)
കറിവേപ്പില              : 1 തണ്ട് 


ചെയ്യുന്ന വിധം


പുളി  അര മണിക്കൂർ ഒരു കപ്പ്‌ വെള്ളത്തിലിട്ടു  പിഴിഞ്ഞു ചണ്ടി കളഞ്ഞ് അരിച്ചു വെക്കുക.
ഒരു ടീസ്പൂണ്‍ എണ്ണ (ഞാൻ വെളിച്ചെണ്ണയാണ് ഉപയോഗിച്ചത്) ഒരു ചീനച്ചട്ടിയിൽ ചൂടാക്കി അതിൽ  ഉലുവയിട്ട്‌ നിറം മാറുമ്പോൾ തേങ്ങ ചിരവിയത് ചേർത്തി നന്നായി വറുക്കുക. ഇളം ബ്രൌണ്‍ നിറമാവുമ്പോൾ തീ കുറച്ച് മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്തി ഒന്നുകൂടി വറുക്കണം.




ഇതിൽ ചെറിയ ഉള്ളിയും ചേർത്തി നന്നായി മിക്സിയിൽ അരച്ചെടുക്കുക.




ഈ അരച്ച മസാലയിൽ അര കപ്പ്‌ വെള്ളവും കൂടി ഒഴിച്ച് , പിഴിഞ്ഞു വെച്ച പുളി  വെള്ളവും ചേർത്തി നന്നായി കൈകൊണ്ടു കലർത്തി ഉപ്പും മഞ്ഞപ്പൊടിയും ഇട്ട് അടുപ്പിൽ തിളപ്പിക്കാൻ വെക്കുക. നന്നായി തിളക്കണം ഏകദേശം ഒരു പത്തു മിനിട്ട് തിളക്കുമ്പോൾ എണ്ണ ചെറുതായി തെളിഞ്ഞു വരും. ഒരുപാടു കുറുകിയാൽ അല്പം കൂടി വെള്ളം ചേർക്കാം. തിളച്ച ശേഷം അടുപ്പിൽ നിന്നും വാങ്ങി വെക്കുക.
ഇനി ഒരു ഫ്രൈ പാനിൽ എണ്ണയൊഴിച്ച് കടുകിട്ടു പൊട്ടിയാൽ കറിവേപ്പിലയും ചെറിയ ഉള്ളി അരിഞ്ഞതും 
ചേർത്തി ഉള്ളി നിറം മാറുമ്പോൾ കൂട്ടാനിലേക്ക്  ഒഴിക്കുക.  ഒടുവിൽ കാച്ചിവെച്ച പപ്പടവും ചേർക്കുക. 
ഇടത്തരം കുറുകിയ കറിയാണിത്. നല്ല ചൂട് ചോറിന്റെ കൂടെ കൂട്ടി ഉണ്ണാൻ നന്നായിരിക്കും.
  • പപ്പടം നേരത്തെ കൂട്ടാനിൽ ചേർത്താൽ കുഴഞ്ഞു പോകും. വിളമ്പുന്ന നേരത്തു ചേർത്തിയാൽ മതിയാകും.
  • പപ്പടത്തിൽ ഉപ്പു കൂടുതൽ ഉള്ളതുകൊണ്ട് ഉപ്പു ചേർക്കുമ്പോൾ ശ്രദ്ധിക്കണം.