2016, ജനുവരി 5, ചൊവ്വാഴ്ച

Pappada theeyal

പപ്പട തീയൽ 

ആവശ്യമുള്ള സാധനങ്ങൾ :


പപ്പടം                       : 3 എണ്ണം 
തേങ്ങ ചിരവിയത്     : 1 കപ്പ്‌ 
പുളി                          : ഒരു നരങ്ങവലുപ്പത്തിൽ 
മഞ്ഞപ്പൊടി              : 1/8 ടീസ്പൂണ്‍
മുളകുപൊടി                : 1ടീസ്പൂണ്‍
മല്ലിപ്പൊടി                 : 1ടീസ്പൂണ്‍ 
ഉലുവ                         : ഒരു നുള്ള് 
ചെറിയ ഉള്ളി             : 5 എണ്ണം 
എണ്ണ                         : 1ടീസ്പൂണ്‍
ഉപ്പു്  ആവശ്യത്തിന്

കടുകു വറക്കാൻ :

എണ്ണ                        : 1 ടേബിൾസ്പൂണ്‍
കടുക്                        : 1ടീസ്പൂണ്‍ 
ചെറിയ ഉള്ളി            : 3 എണ്ണം(ചെറുതായി അരിഞ്ഞുവെക്കുക)
കറിവേപ്പില              : 1 തണ്ട് 


ചെയ്യുന്ന വിധം


പുളി  അര മണിക്കൂർ ഒരു കപ്പ്‌ വെള്ളത്തിലിട്ടു  പിഴിഞ്ഞു ചണ്ടി കളഞ്ഞ് അരിച്ചു വെക്കുക.
ഒരു ടീസ്പൂണ്‍ എണ്ണ (ഞാൻ വെളിച്ചെണ്ണയാണ് ഉപയോഗിച്ചത്) ഒരു ചീനച്ചട്ടിയിൽ ചൂടാക്കി അതിൽ  ഉലുവയിട്ട്‌ നിറം മാറുമ്പോൾ തേങ്ങ ചിരവിയത് ചേർത്തി നന്നായി വറുക്കുക. ഇളം ബ്രൌണ്‍ നിറമാവുമ്പോൾ തീ കുറച്ച് മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്തി ഒന്നുകൂടി വറുക്കണം.




ഇതിൽ ചെറിയ ഉള്ളിയും ചേർത്തി നന്നായി മിക്സിയിൽ അരച്ചെടുക്കുക.




ഈ അരച്ച മസാലയിൽ അര കപ്പ്‌ വെള്ളവും കൂടി ഒഴിച്ച് , പിഴിഞ്ഞു വെച്ച പുളി  വെള്ളവും ചേർത്തി നന്നായി കൈകൊണ്ടു കലർത്തി ഉപ്പും മഞ്ഞപ്പൊടിയും ഇട്ട് അടുപ്പിൽ തിളപ്പിക്കാൻ വെക്കുക. നന്നായി തിളക്കണം ഏകദേശം ഒരു പത്തു മിനിട്ട് തിളക്കുമ്പോൾ എണ്ണ ചെറുതായി തെളിഞ്ഞു വരും. ഒരുപാടു കുറുകിയാൽ അല്പം കൂടി വെള്ളം ചേർക്കാം. തിളച്ച ശേഷം അടുപ്പിൽ നിന്നും വാങ്ങി വെക്കുക.
ഇനി ഒരു ഫ്രൈ പാനിൽ എണ്ണയൊഴിച്ച് കടുകിട്ടു പൊട്ടിയാൽ കറിവേപ്പിലയും ചെറിയ ഉള്ളി അരിഞ്ഞതും 
ചേർത്തി ഉള്ളി നിറം മാറുമ്പോൾ കൂട്ടാനിലേക്ക്  ഒഴിക്കുക.  ഒടുവിൽ കാച്ചിവെച്ച പപ്പടവും ചേർക്കുക. 
ഇടത്തരം കുറുകിയ കറിയാണിത്. നല്ല ചൂട് ചോറിന്റെ കൂടെ കൂട്ടി ഉണ്ണാൻ നന്നായിരിക്കും.
  • പപ്പടം നേരത്തെ കൂട്ടാനിൽ ചേർത്താൽ കുഴഞ്ഞു പോകും. വിളമ്പുന്ന നേരത്തു ചേർത്തിയാൽ മതിയാകും.
  • പപ്പടത്തിൽ ഉപ്പു കൂടുതൽ ഉള്ളതുകൊണ്ട് ഉപ്പു ചേർക്കുമ്പോൾ ശ്രദ്ധിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ