2018, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

Palak Fish





ആവശ്യമുള്ള സാധനങ്ങൾ :


മീൻ  കഷ്ണങ്ങൾ                         : 4 എണ്ണം 
പാലക് ചീര                               : 1/4 കെട്ട് 
മല്ലിയില  അരിഞ്ഞത്              : അര കപ്പ് 
പച്ചമുളക്                                 : ഒരെണ്ണം 
മഞ്ഞപ്പൊടി                             : ഒരു നുള്ള് 
വലിയ ഉള്ളി                              : ഒരെണ്ണം 
ഇഞ്ചി                                       : അര ഇഞ്ചു കഷ്ണം 
വെളുത്തുള്ളി                          : 2 അല്ലി 
കുരുമുളകുപൊടി                  :1/8 ടീസ്പൂൺ 
ജീരകം                                     : 1/4 ടീസ്പൂൺ 
കാശ്മീരി മുളകുപൊടി            : 1/4 ടീസ്പൂൺ 
എണ്ണ                                       : 2 ടേബിൾസ്പൂൺ 
ഗരം മസാല പൊടി                 : ഒരു നുള്ള് 
നാരങ്ങാനീര്                          : ഒരു ടീസ്പൂൺ 


ചെയ്യുന്ന വിധം  :


ദശക്കട്ടിയുള്ള ഏതു മീൻ വേണമെങ്കിലും ഉപയോഗിക്കാം.  മീൻ നന്നായി കഴുകി ഉപ്പും കുരുമുളകുപൊടിയും മഞ്ഞപ്പൊടിയും പുരട്ടി വെക്കുക.
ഉള്ളി ചെറുതായി അരിഞ്ഞു വെക്കുക.
പാലക് ചീര നന്നായി കഴുകി രണ്ടു മിനിട്ടു തിളച്ച വെള്ളത്തിലിട്ട ശേഷം തണുത്ത വെള്ളത്തിൽ കഴുകി പിഴിഞ്ഞെടുത്തു മല്ലിയിലയും പച്ചമുളകും കൂടി അരച്ചു വെക്കുക.
ഇഞ്ചി വെളുത്തുള്ളി അരച്ചു പേസ്റ്റ് ആക്കി വെക്കുക.
ഒരു തവയിൽ എണ്ണ ചൂടാക്കി മീൻ കഷ്ണങ്ങളിട്ടു അഞ്ചു മിനിട്ടു വറുത്തു വെക്കുക. മൊരിക്കേണ്ട ആവശ്യമില്ല. മീൻ എണ്ണയിൽ നിന്നും മാറ്റി അതിൽ ജീരകം ഇട്ടു പൊട്ടിയ ശേഷം  അരിഞ്ഞ ഉള്ളി ചേർത്തി വഴറ്റുക.  ഇതിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്തി ഒന്നു കൂടി വഴറ്റിയ ശേഷം തീ കുറച്ച് മുളകുപൊടി ചേർക്കുക. നന്നായി മിക്സ് ചെയ്ത ശേഷം പാലക് അരച്ചതും ഉപ്പും  ചേർത്തി നന്നായി ഇളക്കി ഒന്നു ഫ്രൈ ചെയ്ത ശേഷം വറുത്ത മീൻ ചേർത്തി രണ്ടു മിനിട്ടു മൂടി  വെച്ചു പാലക് അരച്ചതു മീനിൽ പൊതിഞ്ഞ പരുവത്തിൽ നാരങ്ങാനീരും ഗരം മസാലയും ചേർത്തി  അടുപ്പിൽ നിന്നും മാറ്റി വെക്കുക. 




വിളംബുന്ന പാത്രത്തിലേക്കു മാറ്റി ചൂടോടെ ചോറിന്റെയോ പറാത്തയുടെയോ കൂടെ കഴിക്കാവുന്നതാണ്.


2018, ഒക്‌ടോബർ 9, ചൊവ്വാഴ്ച

Bhindi Masala / Vendakka masala





ആവശ്യമുള്ള സാധനങ്ങൾ:

 

വെണ്ടയ്ക്ക                             : 200 ഗ്രാം 
വലിയ ഉള്ളി                       : ഒരെണ്ണം 
തക്കാളി                              : ഒരെണ്ണം 
പച്ചമുളക്                            : ഒരെണ്ണം 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്    : ഒരു ടീസ്പൂൺ 
മുളകുപൊടി                         : അര ടീസ്പൂൺ 
മല്ലിപ്പൊടി                          : ഒരു ടീസ്പൂൺ 
ഗരം മസാല                       : 1/4 ടീസ്പൂൺ 
ആംച്ചൂർ പൌഡർ              : 1/4 ടീസ്പൂൺ 
കസൂരി മേത്തി                   : 1/4 ടീസ്പൂൺ 
എണ്ണ                                : 2 ടേബിൾസ്പൂൺ
ഉപ്പ്   ആവശ്യത്തിന് 
മല്ലിയില അരിഞ്ഞത്         : 1 ടീസ്പൂൺ 


ചെയ്യുന്ന വിധം :


വെണ്ടയ്ക്ക കഴുകി തുടച്ചു ഒരിഞ്ചു നീളത്തിൽ അരിഞ്ഞു വെക്കുക.
ഉള്ളിയും തക്കാളിയും ചെറുതായി അരിഞ്ഞു വെക്കുക.
ഒരു ഫ്രൈപാനിൽ ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കി  വെണ്ടയ്ക്ക  ബ്രൗൺ നിറം വരും വരെ വഴറ്റുക.
പാനിൽ നിന്നു മാറ്റി ബാക്കി എണ്ണയും ഒഴിച്ച് ഉള്ളി അരിഞ്ഞതിട്ടു വഴറ്റുക. ഇതിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഇട്ടു വഴറ്റുക, തക്കാളി അരിഞ്ഞതും ചേർത്തി ഒന്നുകൂടി വഴറ്റി മസാലപ്പൊടികൾ ചേർക്കുക. നന്നായി ഇളക്കി 
അല്പം വെള്ളം ചേർത്തി 3 മിനിട്ടു നേരം ചെറിയ തീയിൽ വേവിക്കുക. ഇതിൽ വെണ്ടയ്ക്കയും ഉപ്പും ചേർത്തി രണ്ടു മിനിറ്റും കൂടി വേവിച്ചു  ആംച്ചൂർ പൗഡറും കസൂരി മേത്തിയും ചേർത്തി മസാല പൊതിഞ്ഞ പരുവത്തിൽ അടുപ്പിൽ നിന്നും ഇറക്കി വെക്കുക. മല്ലിയില അരിഞ്ഞതും മേലെ തൂവി ചോറിന്റെയോ ചപ്പാത്തിയുടെയോ കൂടെ കഴിക്കാം.

2018, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

Cheera kadala curry






ആവശ്യമുള്ള സാധനങ്ങൾ :


പാലക് ചീര                            : 10 ഇലകൾ 
വേവിച്ച പച്ചക്കടല                  : 1/4 കപ്പ് 
ഉള്ളി  അരിഞ്ഞത്                  : 1/4 കപ്പ് 
വെളുത്തുള്ളി                           : 2 അല്ലി നീളത്തിൽ അരിഞ്ഞത്
തക്കാളി                                 : ഒരെണ്ണം ചെറുത് 
കുഴമ്പു ചില്ലി പൌഡർ            : 1 ടീസ്പൂൺ 
എണ്ണ                                    : ഒരു ടേബിൾസ്പൂൺ 
ജീരകം                                 : ഒരു നുള്ള് 
ഉപ്പ് ആവശ്യത്തിന്


ചെയ്യുന്ന വിധം :

ചീര കഴുകി അരിഞ്ഞു വെക്കുക.  ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം ഇട്ടു പൊട്ടുമ്പോൾ ഉള്ളി അരിഞ്ഞതിട്ടു വഴറ്റുക. വെളുത്തുള്ളി അരിഞ്ഞതും ചേർത്തി വഴറ്റി കുഴമ്പു ചില്ലി പൌഡർ ചേർക്കുക.  ഇതിൽ അരിഞ്ഞ തക്കാളിയും ചേർത്തിയ ശേഷം വേവിച്ച കടലയും ചീര അരിഞ്ഞതും അല്പം വെള്ളവും ഉപ്പും ചേർത്തി 3 മിനിട്ടു വേവിക്കുക.  വെള്ളം വറ്റുമ്പോൾ അടുപ്പിൽ നിന്നും എടുത്തു  വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക. ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.
 Note: കുഴമ്പു ചില്ലി പൌഡർ മാർകെറ്റിൽ നിന്നും വാങ്ങാൻ കിട്ടും. ഞാൻ ആച്ചി ബ്രാൻഡ് പൌഡർ ആണ് ഉപയോഗിച്ചരിക്കുന്നത് .