side dish എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
side dish എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020 ജൂൺ 17, ബുധനാഴ്‌ച

Meen curry without fish



മീനില്ലാത്ത മീൻ കറി





ആവശ്യമുള്ള സാധനങ്ങൾ 


ചേന                            : 1/2 കിലോ 
ചെറിയ ഉള്ളി                : 6 എണ്ണം 
വലിയ ഉള്ളി                 : 1 ഇടത്തരം 
പച്ചമുളക്                      : 2 എണ്ണം 
തക്കാളി                       : 1 
തേങ്ങ ചിരകിയത്        : 1 കപ്പ് 
മുളകുപൊടി                  : 2 ടീസ്പൂൺ 
മല്ലിപൊടി                   : 1 ടീസ്പൂൺ 
ഉലുവ                           : 1 ടീസ്പൂൺ( അരസ്പൂൺ പൊടിച്ചു വെക്കുക)
ഉപ്പ് ആവശ്യത്തിന് 
കുടംപുളി                     : 2 എണ്ണം 
വെളിച്ചെണ്ണ                : 1 ടേബിൾസ്പൂൺ 
കറിവേപ്പില                : ഒരു തണ്ട്


ചെയ്യുന്ന വിധം :

ചേന  തോല് കളഞ്ഞു ഒരിഞ്ചു നീളത്തിൽ ഘനമില്ലാതെ  ചതുരകഷ്ണങ്ങളായി മുറിച്ചു നന്നായി കഴുകി അല്പം വെള്ളം ചേർത്തി വേവിച്ചു വെക്കുക. പാതി വേവാകുമ്പോൾ അല്പം ഉപ്പും ചേർത്തി മുക്കാൽ വേവായാൽ തീ ഓഫ് ചെയ്യുക.
ചെറിയ ഉള്ളിയും വലിയ ഉള്ളിയും നീളത്തിൽ അരിഞ്ഞു വെക്കുക. തക്കാളിയും അരിഞ്ഞു വെക്കുക. 
കുടംപുളി കഴുകി അല്പം വെള്ളത്തിൽ ഇട്ടുവെക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞു വെക്കുക.
തേങ്ങയും മല്ലിപൊടിയും മുളകുപൊടിയും കൂടി നന്നായി അരച്ച് വെക്കുക.


ഒരു ചട്ടിയിൽ  എണ്ണ ചൂടാക്കി ഉലുവ ഇട്ടു മൂപ്പിച്ചശേഷം ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു മൂപ്പിക്കുക. ഇതിൽ അരിഞ്ഞു വെച്ച ചെറിയ ഉള്ളിയും വലിയ ഉള്ളിയും ഇട്ടു വഴറ്റണം. ബ്രൗൺ നിറമൊന്നും ആവണ്ട കാര്യമില്ല, ഉള്ളി നിറം മാറിത്തുടങ്ങുമ്പോൾ തക്കാളി ചേർക്കുക. അൽപ നേരം വഴറ്റിയിട്ട്‌ പച്ചമുളക് രണ്ടായി പിളർന്നതും ഇട്ട് ഇതിൽ അരച്ചുവെച്ച തേങ്ങയും ചേർത്തി നന്നായി വഴറ്റുക.  അതിനു ശേഷം ഒരു കപ്പ് വെള്ളം ഒഴിച്ച് കുടംപുളി വെള്ളത്തോടെ തന്നെ ചേർത്തി, മഞ്ഞപ്പൊടിയും ഇട്ട് നന്നായി തിളപ്പിക്കുക. 




തിളച്ച ശേഷം വേവിച്ച ചേനയും ചേർത്തി ഒന്നുകൂടി തിളപ്പിക്കുക. ഒടുവിൽ പൊടിച്ച ഉലുവ മേലെത്തൂവി ഇടത്തരം അയവോടെ കറിവേപ്പിലയും ചേർത്തി വാങ്ങിവെക്കുക.


മീൻ ഇല്ലാതെ തന്നെ മീൻ രുചിയോടെ ചോറിന്റെ കൂടെ കഴിക്കാവുന്നതാണ്.

  • ചേനക്കു പകരം കായയോ അല്ലെങ്കിൽ കോവക്കയോ ഇട്ടും ഇങ്ങിനെ കറി വെക്കാം.
  • മുളകുപൊടി ചേർക്കുമ്പോൾ ഒരു സ്പൂൺ എരിവുള്ള പൊടിയും ഒരു സ്പൂൺ കാശ്മീരി മുളകുപൊടി ചേർത്തി അരച്ചാൽ കറിക്കു നല്ല നിറം കിട്ടും.

2020 ഏപ്രിൽ 21, ചൊവ്വാഴ്ച

Potato chana curry





ആവശ്യമുള്ള സാധനങ്ങൾ :


  • ഉരുളക്കിഴങ്ങു്                          : ഒരെണ്ണം 
  • വെള്ളക്കടല                           : ഒരു പിടി 
  • ഉള്ളി                                     : ഒരു വലുത് 
  • തക്കാളി                                 : ഒരെണ്ണം   
  • പച്ചമുളക്                               : ഒരെണ്ണം 
  • ഇഞ്ചി                                    : ഒരിഞ്ചു കഷ്ണം 
  • വെളുത്തുള്ളി                           : 2 അല്ലി 
  • മുളകുപൊടി                            : ഒരു ടീസ്പൂൺ 
  • മല്ലിപ്പൊടി                             : 2 ടീസ്പൂൺ 
  • മഞ്ഞപ്പൊടി                          : 1/8 ടീസ്പൂൺ 
  • ഉപ്പ്  ആവശ്യത്തിന് 
  • കസൂരി മേത്തി                       : ഒരല്പം 
  • എണ്ണ                                    : 2 ടേബിൾസ്പൂൺ 
  • മല്ലിയില അരിഞ്ഞത്             : ഒരു സ്പൂൺ

ചെയ്യുന്ന വിധം :


  • വെള്ളക്കടല തലേ ദിവസം രാത്രി വെള്ളത്തിൽ ഇട്ടു കുതിർത്ത ശേഷം വേവിച്ചു വെക്കുക. പാതി വെന്ത ശേഷം ഉപ്പ് ചേർത്തി വീണ്ടും മൃദുവായി വേവിച്ചു വെക്കുക.
  •  ഉരുളക്കിഴങ്ങു് വേവിച്ചു വെക്കുക.
  • ഉള്ളി ചെറുതായി അരിഞ്ഞു വെക്കുക.
  • ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചതച്ചു വെക്കുക.
  • ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചിവെളുത്തുള്ളി ചതച്ചതു ചേർത്തി ഒന്നു വഴറ്റി ഇതിൽ ഉള്ളി അരിഞ്ഞതു ചേർത്തി വഴറ്റിയ ശേഷം തീ കുറച്ചു മുളകുപൊടിയും മല്ലിപൊടിയും മഞ്ഞപ്പൊടിയും ചേർത്തിളക്കി പച്ചമണം മാറുമ്പോൾ തക്കാളി അരിഞ്ഞത് ചേർത്തി വഴറ്റുക. ഇതിൽ വേവിച്ചു വെച്ച കടലയും വേവിച്ച ഉരുളക്കിഴങ്ങു പുഴുങ്ങിയത് ഒന്നു ചെറുതായി ഉടച്ചു അതും ചേർത്തി ആവശ്യത്തിന് ഉപ്പും ഇട്ടു നന്നായി ഇളക്കുക. കറിക്കാവശ്യമുള്ളതനുസരിച്ചു അല്പം വെള്ളം ചേർത്തുകൊടുക്കാം. അൽപ നേരം കൂടി അടുപ്പിൽ വെച്ച് എല്ലാം ചേർന്ന പരുവത്തിൽ ഇറക്കി വെക്കുക. ഇറക്കും മുൻപ് അല്പം കസൂരി മേത്തി കൈകൊണ്ടു പൊടിച്ചു ചേർക്കുക.
  •  വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക. മേലെ ചെറുതായി മല്ലിയില അരിഞ്ഞു തൂവുക.
            ചപ്പാത്തിക്കു പറ്റിയ ഒരു കറിയാണിത് .!





2020 ഏപ്രിൽ 19, ഞായറാഴ്‌ച

Kappa stew





ആവശ്യമുള്ള സാധനങ്ങൾ :


  • കപ്പ                             : 1/2 കിലോ 
  • വലിയ ഉള്ളി                : ഒരെണ്ണം 
  • പച്ചമുളക്                     : 2 എണ്ണം 
  • ഇഞ്ചി                         : ഒരിഞ്ചു നീളത്തിൽ  ഒരു കഷ്ണം 
  • തേങ്ങാപാൽ               : ഒരു കപ്പ് (രണ്ടാം പാൽ)
  • ഒന്നാം പാൽ               : 2 ടേബിൾസ്പൂൺ 
  • കറിവേപ്പില                : ഒരു തണ്ട് 
  • വെളിച്ചെണ്ണ                : ഒരു ടീസ്പൂൺ 
  • ഉപ്പ് ആവശ്യത്തിന്
 

ചെയ്യുന്ന വിധം :

  • കപ്പ തോല് കളഞ്ഞു നല്ലപോലെ കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വെക്കുക.
  • ഉള്ളിയും പച്ചമുളകും ഇഞ്ചിയും നീളത്തിൽ അരിഞ്ഞു വെക്കുക.
  • ഒരു മൂടി തേങ്ങ ചിരവി കൈ കൊണ്ട് തിരുമ്മി പിഴിഞ്ഞ് ഒന്നാം പാൽ എടുത്തു അരിച്ചു വെക്കുക.
  • പാലെടുത്ത ശേഷം ഒരു കപ്പ് ചെറു ചൂടുവെള്ളം ചേർത്ത് മിക്സിയിൽ അടിച്ചു പിഴിഞ്ഞ് രണ്ടാം പാൽ എടുത്തു അരിച്ചു വെക്കുക.
  • കപ്പ കുക്കറിൽ ഇട്ടു അല്പം വെള്ളം ചേർത്തി വേവിക്കുക. ചില കപ്പ വേവാൻ താമസമുണ്ടാവും അതനുസരിച്ചു കൂടുതൽ സമയം വേവിക്കണം.കൂടുതൽ വെള്ളമുണ്ടെങ്കിൽ കളഞ്ഞു രണ്ടാം പൽ ചേർത്തി, ഇതിൽ അരിഞ്ഞു വെച്ച ഉള്ളിയും പച്ചമുളകും ഇഞ്ചിയും ആവശ്യത്തിന് ഉപ്പും ചേർത്തി വേവിക്കുക.
  • വെന്ത ശേഷം എല്ലാം ചേർത്തിളക്കി ഒന്നാം പാലും ചേർത്തി തീ ഓഫ് ചെയ്യുക. കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തി അടച്ചു വെക്കുക. ഇടത്തരം അയവോടെ അല്പം കുറുകിയ പരുവത്തിലായിരിക്കണം ഈ കറി. ഇഡ്ഡലിക്കും ദോശക്കും എല്ലാം നന്നായിരിക്കും.


  • തേങ്ങാപാൽ പൌഡർ വേണമെങ്കിലും  ഉപയോഗിക്കാം. 25 ഗ്രാം തേങ്ങാപാൽ പൌഡർ ഒരു കപ്പ് ചെറുചൂടുവെള്ളത്തിൽ കലക്കി വെച്ച് രണ്ടാം പാലായി ഉപയോഗിക്കാം. ഒരു ടേബിൾസ്പൂൺ പൌഡർ അല്പം  ചെറു ചൂടു പാലിൽ കലർത്തി  വെച്ചാൽ ഒന്നാം പാലിനു പകരം ഉപയോഗിക്കാം.
  • കപ്പ വെന്ത ശേഷം ഒന്നുടച്ചാൽ സ്റ്റു കുറുകിയിരിക്കും.

2019 മാർച്ച് 3, ഞായറാഴ്‌ച

Mushroom masala





ആവശ്യമുള്ള സാധനങ്ങൾ :

         കൂൺ (Button mushroom)                            : 200 ഗ്രാം  
         വലിയ ഉള്ളി                                               : 1 
         തക്കാളി                                                     : 1 
         ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്                       : 1 ടീസ്പൂൺ  
         എണ്ണ                                                         : 2 ടേബിൾസ്പൂൺ                                           
         ജീരകം                                                       : ഒരു നുള്ള് 
         മുളകുപൊടി                                                : 3/4 ടീസ്പൂൺ
         മഞ്ഞപ്പൊടി                                              : 1/8 ടീസ്പൂൺ  
         മീറ്റ് മസാല                                               : 1 ടീസ്പൂൺ
         ഉപ്പ്  ആവശ്യത്തിന്

ചെയ്യുന്ന വിധം:

കൂൺ ഘനമില്ലാതെ അരിഞ്ഞു വെക്കുക.
ഉള്ളി ചെറുതായി മുറിച്ചു  വെക്കുക. പച്ചമുളക് നീളത്തിൽ കീറി വെക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം ഇട്ടു പൊട്ടിച്ചു ചെറുതായി അരിഞ്ഞ ഉള്ളി ഇട്ടു വഴറ്റുക. ഇതിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റു ചേർത്തി വീണ്ടും വഴറ്റുക. മുളകുപൊടിയും മഞ്ഞപ്പൊടിയും ചേർത്തി പച്ചമണം പോവുമ്പോൾ ഇതിൽ തക്കാളി അരിഞ്ഞതും ചേർത്തി വഴറ്റിയ ശേഷം അരിഞ്ഞ കൂൺ ചേർത്തി വഴറ്റണം. ഇതിൽ ഉപ്പും മീറ്റ് മസാലയും ചാർത്തി നന്നായി ഇളക്കി രണ്ടു മിനിട്ടിനു ശേഷം അടുപ്പിൽ നിന്നും മാറ്റിവെക്കുക.
ചോറിനും ചപ്പാത്തിക്കും ചേരുന്ന വിഭവമാണ് ഇത്.

2018 നവംബർ 19, തിങ്കളാഴ്‌ച

Kadai Vegetables





ആവശ്യമുള്ള സാധനങ്ങൾ :

കാരറ്റ്                                 : ഒരെണ്ണം 
ബീൻസ്                             : 5 എണ്ണം 
ഉരുളക്കിഴങ്ങു്                      : ഒരെണ്ണം ചെറുത് 
ക്യാപ്സിക്കം                         : 1/4 ഭാഗം 
പച്ചപട്ടാണി                       : 1/4 കപ്പ് 
എണ്ണ                                 : 3 ടീസ്പൂൺ 
ഉള്ളി                                  : ഒരെണ്ണം 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്    : 1 ടീസ്പൂൺ 
ജീരകം                               : ഒരു നുള്ള് 
മഞ്ഞപ്പൊടി                       : 1/8 ടീസ്പൂൺ 
കാശ്മീരി മുളകുപൊടി           : 1/4 ടീസ്പൂൺ 
ഉപ്പ്   ആവശ്യത്തിന് 
കസൂരി മേത്തി                    : 1ടീസ്പൂൺ 
തക്കാളി അരച്ചത്               : 1/4 കപ്പ്
 

മസാലക്കു വേണ്ടത് :

കൊത്തമല്ലി                          : 1 ടീസ്പൂൺ 
ചുവന്ന മുളക്                         : 2 എണ്ണം 
കുരുമുളക്                              : 1/4 ടീസ്പൂൺ 
ജീരകം                                 : 1/4 ടീസ്പൂൺ


ചെയ്യുന്ന വിധം:

മസാലക്കു വേണ്ട സാധനങ്ങൾ എണ്ണയില്ലാതെ വറുത്തെടുത്തു പൊടിച്ചു വെക്കുക.
പച്ചക്കറികൾ കഴുകി ചെറിയ കഷ്ണങ്ങളായി മുറിച്ചു വെക്കുക.  ഒരു ഫ്രൈപാനിൽ എണ്ണ ചൂടാക്കി ജീരകം ഇട്ടു പൊട്ടിച്ച ശേഷം കസൂരി മേത്തി ഇടുക. ഇതിൽ അരിഞ്ഞ ഉള്ളിയും ചേർത്തി  വഴറ്റുക. ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് ഒന്നുകൂടി വഴറ്റി തീ കുറച്ച ശേഷം മുളകുപൊടിയും മഞ്ഞപ്പൊടിയും ചേർക്കുക. 



നന്നായി ഇളക്കി തക്കാളി അരച്ചതു ചേർത്തി  വഴറ്റിയ  ശേഷം  പൊടിച്ചു വെച്ച മസാല ചേർത്തുക. ഇതിൽ പച്ചക്കറികളും ഉപ്പും  അരകപ്പ് വെള്ളവും ചേർത്തി മൂടിവെച്ചു വേവിക്കുക. 
വെള്ളം അധികം ഇല്ലാത്ത കറിയാണിത്.  ചപ്പാത്തി, റൊട്ടി, ചോറ് എല്ലാറ്റിനും ചേരുന്ന കറിയാണിത് .


2018 ഒക്‌ടോബർ 9, ചൊവ്വാഴ്ച

Bhindi Masala / Vendakka masala





ആവശ്യമുള്ള സാധനങ്ങൾ:

 

വെണ്ടയ്ക്ക                             : 200 ഗ്രാം 
വലിയ ഉള്ളി                       : ഒരെണ്ണം 
തക്കാളി                              : ഒരെണ്ണം 
പച്ചമുളക്                            : ഒരെണ്ണം 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്    : ഒരു ടീസ്പൂൺ 
മുളകുപൊടി                         : അര ടീസ്പൂൺ 
മല്ലിപ്പൊടി                          : ഒരു ടീസ്പൂൺ 
ഗരം മസാല                       : 1/4 ടീസ്പൂൺ 
ആംച്ചൂർ പൌഡർ              : 1/4 ടീസ്പൂൺ 
കസൂരി മേത്തി                   : 1/4 ടീസ്പൂൺ 
എണ്ണ                                : 2 ടേബിൾസ്പൂൺ
ഉപ്പ്   ആവശ്യത്തിന് 
മല്ലിയില അരിഞ്ഞത്         : 1 ടീസ്പൂൺ 


ചെയ്യുന്ന വിധം :


വെണ്ടയ്ക്ക കഴുകി തുടച്ചു ഒരിഞ്ചു നീളത്തിൽ അരിഞ്ഞു വെക്കുക.
ഉള്ളിയും തക്കാളിയും ചെറുതായി അരിഞ്ഞു വെക്കുക.
ഒരു ഫ്രൈപാനിൽ ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കി  വെണ്ടയ്ക്ക  ബ്രൗൺ നിറം വരും വരെ വഴറ്റുക.
പാനിൽ നിന്നു മാറ്റി ബാക്കി എണ്ണയും ഒഴിച്ച് ഉള്ളി അരിഞ്ഞതിട്ടു വഴറ്റുക. ഇതിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഇട്ടു വഴറ്റുക, തക്കാളി അരിഞ്ഞതും ചേർത്തി ഒന്നുകൂടി വഴറ്റി മസാലപ്പൊടികൾ ചേർക്കുക. നന്നായി ഇളക്കി 
അല്പം വെള്ളം ചേർത്തി 3 മിനിട്ടു നേരം ചെറിയ തീയിൽ വേവിക്കുക. ഇതിൽ വെണ്ടയ്ക്കയും ഉപ്പും ചേർത്തി രണ്ടു മിനിറ്റും കൂടി വേവിച്ചു  ആംച്ചൂർ പൗഡറും കസൂരി മേത്തിയും ചേർത്തി മസാല പൊതിഞ്ഞ പരുവത്തിൽ അടുപ്പിൽ നിന്നും ഇറക്കി വെക്കുക. മല്ലിയില അരിഞ്ഞതും മേലെ തൂവി ചോറിന്റെയോ ചപ്പാത്തിയുടെയോ കൂടെ കഴിക്കാം.

2018 ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

Cheera kadala curry






ആവശ്യമുള്ള സാധനങ്ങൾ :


പാലക് ചീര                            : 10 ഇലകൾ 
വേവിച്ച പച്ചക്കടല                  : 1/4 കപ്പ് 
ഉള്ളി  അരിഞ്ഞത്                  : 1/4 കപ്പ് 
വെളുത്തുള്ളി                           : 2 അല്ലി നീളത്തിൽ അരിഞ്ഞത്
തക്കാളി                                 : ഒരെണ്ണം ചെറുത് 
കുഴമ്പു ചില്ലി പൌഡർ            : 1 ടീസ്പൂൺ 
എണ്ണ                                    : ഒരു ടേബിൾസ്പൂൺ 
ജീരകം                                 : ഒരു നുള്ള് 
ഉപ്പ് ആവശ്യത്തിന്


ചെയ്യുന്ന വിധം :

ചീര കഴുകി അരിഞ്ഞു വെക്കുക.  ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം ഇട്ടു പൊട്ടുമ്പോൾ ഉള്ളി അരിഞ്ഞതിട്ടു വഴറ്റുക. വെളുത്തുള്ളി അരിഞ്ഞതും ചേർത്തി വഴറ്റി കുഴമ്പു ചില്ലി പൌഡർ ചേർക്കുക.  ഇതിൽ അരിഞ്ഞ തക്കാളിയും ചേർത്തിയ ശേഷം വേവിച്ച കടലയും ചീര അരിഞ്ഞതും അല്പം വെള്ളവും ഉപ്പും ചേർത്തി 3 മിനിട്ടു വേവിക്കുക.  വെള്ളം വറ്റുമ്പോൾ അടുപ്പിൽ നിന്നും എടുത്തു  വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക. ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.
 Note: കുഴമ്പു ചില്ലി പൌഡർ മാർകെറ്റിൽ നിന്നും വാങ്ങാൻ കിട്ടും. ഞാൻ ആച്ചി ബ്രാൻഡ് പൌഡർ ആണ് ഉപയോഗിച്ചരിക്കുന്നത് .
 





2018 ജൂലൈ 14, ശനിയാഴ്‌ച

Potato Kofta Curry


ഉരുളക്കിഴങ്ങു കോഫ്ത  കറി 


ആവശ്യമുള്ള സാധനങ്ങൾ :

ഉരുളക്കിഴങ്ങു്                      :  3  എണ്ണം ഇടത്തരം 
ചോളമാവ്‌ (corn flour)       : ഒന്നര ടേബിൾസ്പൂൺ
തക്കാളി                             :  1 വലുത് 
വലിയ ഉള്ളി                       :  1 വലുത് 
പച്ചമുളക്                            :  ഒരെണ്ണം ചെറുതായി 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്   : 2 ടീസ്പൂൺ 
മുളകുപൊടി                        : 1 ടീസ്പൂൺ 
മല്ലിപ്പൊടി                         : 1 ടീസ്പൂൺ 
മഞ്ഞപ്പൊടി                       : 1/8 ടീസ്പൂൺ 
അണ്ടിപരുപ്പ്                     : 10 എണ്ണം
ക്രീം                                   : 2 ടേബിൾ സ്പൂൺ 
എണ്ണ  വറുക്കാൻ ആവശ്യത്തിന് 
ഉപ്പ് ആവശ്യത്തിന് 
മല്ലിയില അലങ്കരിക്കാൻ 

ചെയ്യുന്ന വിധം :

കോഫ്ത്ത ഉണ്ടാക്കുന്ന വിധം

ഉരുളക്കിഴങ്ങു   തോലോടുകൂടി കഴുകി വേവിക്കാൻ വെക്കുക.   നന്നായി വെന്ത ശേഷം ആറാൻ വെച്ച് തോലു  കളയുക. അതിനു  ശേഷം നന്നായി കൈകൊണ്ട് ഉടച്ചു വെക്കുക.
പച്ചമുളക് ചെറുതായി അരിഞ്ഞു വെക്കുക.
പച്ചമുളക് അരിഞ്ഞതും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും അല്പം ഉപ്പും ചോളമാവും ഉടച്ചു വെച്ച ഉരുളക്കിഴങ്ങിൽ ചേർത്തി നന്നായി ചേർത്തി കുഴച്ചു വെക്കുക. 
ഇത് ഓരോ ചെറുനാരങ്ങ വലുപ്പത്തിൽ ഉരുട്ടി വെക്കുക.


ഒരു ചീനച്ചട്ടിയിൽ വറുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു ചൂടാക്കുക.  ഈ ഉരുട്ടി വെച്ച ഉരുളകൾ കുറേശ്ശേയായി ചൂടായ എണ്ണയിലിട്ടു ഇളം ബ്രൗൺ നിറമാവുന്നതു വരെ വറുത്തു കോരിയെടുക്കുക.  കോരിയെടുത്ത കോഫ്തകൾ 
ഒരു പേപ്പർ ടവലിൽ  വെക്കുക.

കറി ഉണ്ടാക്കുന്ന വിധം 

ഉള്ളി ചെറുതായരിഞ്ഞു വെക്കുക.  തക്കാളി മിക്സിയിലിട്ട് അടിച്ചുവെക്കുക. 
അണ്ടിപരിപ്പ്  30 മിനിട്ടു വെള്ളത്തിൽ കുതിർത്തു വെച്ച് അരച്ചെടുത്തു വെക്കുക.
കോഫ്തകൾ വറുത്തു വെച്ച എണ്ണയിൽ നിന്നു മൂന്നു  ടേബിൾ സ്പൂൺ എടുത്തു ചൂടായ ശേഷം  ചെറുതായരിഞ്ഞ ഉള്ളി ചേർത്തി വഴറ്റുക. നിറം മാറുമ്പോൾ ബാക്കി ഇഞ്ചി വെളുത്തുള്ളി  പേസ്റ്റ് ഇതിൽ ചേർത്തി ഒന്നുകൂടി വഴറ്റിയ  ശേഷം തീ കുറച്ചു മുളകപൊടിയും മല്ലിപ്പൊടിയും മഞ്ഞപ്പൊടിയും ചേർത്തി നന്നായി ഇളക്കിയ  ശേഷം അരച്ചുവെച്ച   തക്കാളി ചേർത്തി വഴറ്റുക.


 ഇതിൽ   ഒരു ഒന്നര കുപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്തുക.  ഇടത്തരം തീയിൽ മൂന്നോ നാലോ മിനിട്ടു തിളപ്പിക്കുക. ഇതിൽ അരച്ചുവെച്ച അണ്ടിപരിപ്പും ചേർത്തി നന്നായി ഇളക്കി ഒന്നുകൂടി തിളപ്പിച്ച ശേഷം ക്രീം ചേർത്തി ഇളക്കി ഒരു മിനിട്ടിനു ശേഷം അടുപ്പിൽ നിന്നും വാങ്ങി വെക്കുക.



 വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക. വിളമ്പുന്ന കുറച്ചു സമയത്തിന് അല്പം മുമ്പ് മാത്രം വറുത്തുവെച്ച ഉരുളകൾ ചേർത്തുക, ഇല്ലെങ്കിൽ ഇളക്കുമ്പോൾ കോഫ്തകൾ ഉടഞ്ഞുപോകാൻ സാധ്യതയുണ്ട്.  അരിഞ്ഞുവെച്ച മല്ലിയില  മേലെ തൂവി അലങ്കരിക്കാം.
ചപ്പാത്തി, നാൻ എന്നിവ ഈ കറി ചേർത്തി കഴിക്കാൻ നന്നായിരിക്കും.

  • ഉള്ളിയും തക്കാളിയും അണ്ടിപ്പരിപ്പും കൂടി രണ്ടു മിനിട്ടു തിളപ്പിച്ച് ആറിയ ശേഷം അരച്ച്  എണ്ണയിൽ വഴറ്റിയും ഈ കറി തയാറാക്കാം.
  • അതുപോലെ ഗരം മസാല കസൂരി മേത്തി എന്നിവ ആവശ്യമെങ്കിൽ ചേർത്താവുന്നതാണ്.



2018 ജൂലൈ 7, ശനിയാഴ്‌ച

chundanga vathakuzhambu


ചുണ്ടങ്ങ വറ്റൽ കുഴമ്പ്  തമിഴ്‌നാടിന്റെ കറിയാണ്.  ചോറിന്റെ കൂടെ കഴിക്കാൻ ഈ കറി നല്ല സ്വാദുണ്ടാവും.






ആവശ്യമുള്ള സാധനങ്ങൾ :

പൊടിക്കാൻ :

ചുവന്ന മുളക്                    : 4 എണ്ണം 
മല്ലി                                 : ഒരു ടേബിൾസ്പൂൺ 
തുവര പരുപ്പ്                    : ഒരു ടീസ്പൂൺ 
ഉഴുന്നു പരുപ്പ്                   : ഒരു ടീസ്പൂൺ 
കുരുമുളക്                        : 1 ടീസ്പൂൺ 
ജീരകം                           : 1/2 ടീസ്പൂൺ 
ഉലുവ                              : 1/4 ടീസ്പൂൺ



ചുണ്ടങ്ങ കൊണ്ടാട്ടം        : 1/2 കപ്പ് 
എണ്ണ 
പുളി                               : ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ 
കടുക്                             : അര ടീസ്പൂൺ
കറിവേപ്പില                   : ഒരു തണ്ട്
നല്ലെണ്ണ                         : 1/4
ജീരകം                          : ഒരു നുള്ള് 


ചെയ്യുന്ന വിധം :


"പൊടിക്കാൻ" എന്ന കീഴിലുള്ള എല്ലാ സാധനങ്ങളും എണ്ണയില്ലാതെ ചീനച്ചട്ടി ചൂടാക്കി വറുക്കുക. ഒന്ന് ആറിയ ശേഷം മിക്സിയിലിട്ടു പൊടിച്ചു വെക്കുക.
പുളി 20 മിനിട്ടു  വെള്ളത്തിലിട്ടു വെച്ചു  അതിനു ശേഷം  പിഴിഞ്ഞെടുത്തു പുളിവെള്ളം എടുത്തുവെക്കുക.
ഒരു ചട്ടി അല്ലെങ്കിൽ ചീനച്ചട്ടി ചൂടാക്കി നല്ലെണ്ണയൊഴിച്ചു ചുണ്ടങ്ങ വറുത്തു കോരി വെക്കുക. ബാക്കി എണ്ണയിൽ കടുകും ജീരകവും ഇട്ടു പൊട്ടിയ ശേഷം കറിവേപ്പില ചേർത്തു  ഇതിൽ വറുത്തു പൊടിച്ചു വെച്ച പൊടി ചേർത്തി നന്നായി ഇളക്കുക.  ഇതിൽ പിഴിഞ്ഞു വെച്ച പുളിവെള്ളം ചേർത്തി മഞ്ഞപ്പൊടിയും ഉപ്പും (ഉപ്പു ചേർക്കുമ്പോൾ സൂക്ഷിക്കണം, കാരണം കൊണ്ടാട്ടത്തിലും ഉപ്പുണ്ടാവും) ചേർത്തി നന്നായി തിളപ്പിക്കുക.




ഇതിൽ വറുത്തുവെച്ച ചുണ്ടങ്ങയും  ചേർത്തി ഒന്നുക്കൂടി തിളച്ചു കറി കുറുകി വരുമ്പോൾ വാങ്ങി വെക്കുക.
 ചൂടു ചോറിന്റെ കൂടെ കഴിക്കാം!




2017 ജൂൺ 13, ചൊവ്വാഴ്ച

Ulli parukku


ഉള്ളി പരുക്ക് 





ആവശ്യമുള്ള സാധനങ്ങൾ :


ചെറിയ ഉള്ളി                     : 10  എണ്ണം 
കട്ടി തൈര്                        : 1/4 കപ്പ്, ഉടച്ചുവെക്കുക 
ചുവന്ന മുളക്                  : 2 എണ്ണം 
കടുക്                                : 1/2  ടീസ്പൂൺ 
ഉപ്പ്  ആവശ്യത്തിന് 
എണ്ണ                                 : 1 ടീസ്പൂൺ 
കറിവേപ്പില                        : ഒരു തണ്ട് 


അരക്കാൻ  :

തേങ്ങ  ചിരവിയത്          : 1/2  കപ്പ് 
പച്ചമുളക്                         ; 2 എണ്ണം 
കടുക്                               : 1/4 ടീസ്പൂൺ 


ചെയ്യുന്ന വിധം :


ഉള്ളി ചെറുതായി അരിഞ്ഞു വെക്കുക.
തേങ്ങയും പച്ചമുളകും നന്നായി അരച്ചുവെക്കുക. കടുക് ചെറുതായി ഒന്ന് ചതച്ചെടുക്കുക .
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിൽ മുളകു പൊട്ടിച്ചതും കറിവേപ്പിലയും ചേർത്തി ഇളക്കുക. ഇതിൽ അരിഞ്ഞ ഉള്ളിയും ഉപ്പും ചേർത്തി വഴറ്റുക.
നിറം മാറുമ്പോൾ    അരച്ചുവെച്ച തേങ്ങയും ചതച്ച കടുകും ഉടച്ച തൈരും ഇതിൽ ചേർത്തുക. 
തിളക്കും മുമ്പ്  അടുപ്പിൽ നിന്നും വാങ്ങിവെക്കുക. ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.  


2017 ഫെബ്രുവരി 28, ചൊവ്വാഴ്ച

Thakkali Curry /Chettinad style


തക്കാളി കറി





ആവശ്യമുള്ള സാധനങ്ങൾ:


തക്കാളി                            :3 എണ്ണം 
വെളുത്തുള്ളി                      : 3 അല്ലി 
ഉപ്പ്  ആവശ്യത്തിന് 
മഞ്ഞപ്പൊടി                    : 1/8 ടീസ്പൂൺ 
പട്ട                                 : ഒരിഞ്ചു നീളത്തിൽ 
ജീരകം                           : ഒരു നുള്ള് 
എണ്ണ                              : 1 ടേബിൾസ്പൂൺ 
കറിവേപ്പില                    : ഒരു തണ്ട് 
മല്ലിയില അരിഞ്ഞത്       : ഒരു ടീസ്പൂൺ

അരക്കാൻ :

ചിരവിയ തേങ്ങ               : 1/2 കപ്പ് 
പെരുംജീരകം                  : 1/4 ടീസ്പൂൺ 
അണ്ടിപരുപ്പ്                   : 5 എണ്ണം 
മല്ലിപ്പൊടി                       : 1 ടീസ്പൂൺ 
മുളകുപൊടി                     : 1/2 ടീസ്പൂൺ 

വഴറ്റി അരക്കാൻ:

എണ്ണ                             : 1 ടീസ്പൂൺ  
ചെറിയ ഉള്ളി                 : 12- 15 എണ്ണം 


ചെയ്യുന്ന വിധം :

തേങ്ങയും പെരുംജീരകവും അണ്ടിപരിപ്പും മല്ലിപ്പൊടിയും മുളകുപൊടിയും  കൂടി മിക്സിയിൻ ഇട്ടു നന്നായി അരച്ചുവെക്കുക.
ഒരു സ്പൂൺ എണ്ണയിൽ ചെറിയ ഉള്ളി ഇട്ട്  ചെറുതായി നിറം മാറുമ്പോൾ തീയിൽ നിന്നും മാറ്റി ആറാൻ വെക്കുക. ആറിയ ശേഷം അരച്ചുവെക്കുക.
ഒരു പാനിൽ എണ്ണയൊഴിച്ചു  ചൂടായ ശേഷം പട്ടയും ജീരകവും ഇട്ടു ഒന്നു വറുത്ത ശേഷം വെളുത്തുള്ളി അരിഞ്ഞതു ചേർത്തി ഇളം ബ്രൗൺ നിറം വരുന്നതുവരെ വഴറ്റുക.  ഇതിൽ അരച്ചുവെച്ച തേങ്ങ മിശ്രിതം ഇട്ട് ഒരു മൂന്നു മിനിറ്റോളം വഴറ്റുക. 



 അതിനു ശേഷം അരച്ചു  വെച്ച ഉള്ളിയും ചേർത്ത്  ഒരു രണ്ടു മിനിട്ടു നേരം വഴറ്റിയ ശേഷം തക്കാളി അരിഞ്ഞതു ചേർക്കുക.  ഉപ്പും മഞ്ഞപ്പൊടിയും ചേർത്തി തക്കാളി കുഴയുന്നതുവരെ വഴറ്റി അര കപ്പു വെള്ളവും ചേർത്തി നന്നായി വേവിക്കുക. ഒന്നു കുറുകി വരുമ്പോൾ മല്ലിയില അരിഞ്ഞതും കറിവേപ്പിലയും ചേർത്തുക. 
ചോറിനും ചപ്പാത്തിക്കും എല്ലാം ചേരുന്ന കറിയാണിത്.  


 


2017 ജനുവരി 4, ബുധനാഴ്‌ച

Pachamathan olan





ആവശ്യമുള്ള സാധനങ്ങൾ :


പച്ചമത്തൻ                               : 1/2 കിലോ 
പച്ചമുളക്                                  : 3 എണ്ണം 
തേങ്ങാപാൽ                            : 1/4 കപ്പ് 
ഉപ്പ് ആവശ്യത്തിന് 
കറിവേപ്പില                             : ഒരു തണ്ട് 
വെളിച്ചെണ്ണ                             : 1 ടേബിൾസ്പൂൺ


ചെയ്യുന്ന വിധം:

മത്തൻ  ചെറിയ ചതുരത്തിൽ ഘനമില്ലാതെ മുറിച്ചു വെക്കുക.




ഇതിൽ പച്ചമുളകു നീളത്തിൽ കീറിയതും ഉപ്പും അല്പം വെള്ളവും (വളരെ കുറച്ചു വെള്ളം മതി) ചേർത്തി വേവിക്കുക. മത്തൻ ഉടഞ്ഞു പോവരുത്  പക്ഷെ വെന്തിരിക്കണം.
ഇതിൽ തേങ്ങാപാൽ ചേർത്തി ഒന്ന് കൂടി വേവിക്കുക. മേലെ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും ചേർത്തുക. 
ഓലൻ റെഡി!!
 




2016 സെപ്റ്റംബർ 1, വ്യാഴാഴ്‌ച

Kaaya cherupayar erisseri


കായ എരിശ്ശേരി



ആവശ്യമുള്ള സാധനങ്ങൾ :

കായ                                      : 4 എണ്ണം 
ചെറുപയർ                              : 1/2  കപ്പ്
തേങ്ങ                                    : 1 കപ്പ് 
ജീരകം                                  : ഒരു നുള്ള് 
ചെറിയ ഉള്ളി                         : 3 എണ്ണം 
മുളകുപൊടി                            : ഒന്നര ടീസ്പൂൺ 
മഞ്ഞപ്പൊടി                           : 1/8 ടീസ്പൂൺ

കടുക വറുക്കാൻ 
കടുക്                                     : 1/2 ടീസ്പൂൺ 
ചുവന്ന മുളക്                           : 1 രണ്ടായി പൊട്ടിച്ചത് 
കറിവേപ്പില                           : 1 തണ്ട് 
എണ്ണ                                     : 1 ടേബിൾസ്പൂൺ 
ചെറിയ ഉള്ളി                         : 2 എണ്ണം 

ചെയ്യുന്ന വിധം

കായ തോലു കളഞ്ഞു അല്പം മഞ്ഞപ്പൊടി ചേർത്ത വെള്ളത്തിൽ 5 മിനിട്ടു ഇട്ടുവെക്കുക. അതിനു ശേഷം നന്നായി കഴുകി വെക്കുക.
തേങ്ങയും അര സ്പൂൺ മുളകുപൊടിയും ജീരകകവും 3 ചെറിയ ഉള്ളിയും കൂടി അരച്ച് വെക്കുക.
ചെറുപയറും കായയും മഞ്ഞപ്പൊടിയും ഒരു സ്പൂൺ മുളകുപൊടിയും ഉപ്പും കൂടി പ്രഷർ കുക്കറിൽ ഒരു വിസിൽ വരുന്നത് വരെ വെക്കുക. അതിനു ശേഷം തീ കുറച്ചു  5 മിനിട്ടു കൂടി  വെച്ച ശേഷം തീ ഓഫ് ചെയ്യുക.
കുക്കർ ആറിയ ശേഷം തുറന്നു തേങ്ങ അരച്ചതും ചേർത്തി നന്നായി ഇളക്കുക. ഒന്നു കൂടി തിളപ്പിച്ച ശേഷം തീയിൽ നിന്നും മാറ്റുക. വെള്ളം പാകത്തിന് ചേർക്കണം, ഒരു കുറുകിയ കറിയാണിത്. 
ഒരു ചീനച്ചട്ടിയിൽ അല്പം എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുകും മുളക് പൊടിച്ചതും ചേർക്കുക. കടുകു പൊട്ടിയ ശേഷം കറിവേപ്പിലയും  ഉള്ളി ചെറുതായരിഞ്ഞതും ചേർത്തി, ഉള്ളി ഒന്ന് നന്നായി വഴറ്റിയ ശേഷം കുറിയിലേക്കൊഴിക്കുക.  ചോറിന്റെ കൂടെ കഴിക്കാൻ നല്ലതായിരിക്കും.

 



 
 






2016 ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

Pachamathan Olan


പച്ച മത്തൻ ഓലൻ






ആവശ്യമുള്ള സാധനങ്ങൾ:


പച്ച മത്തൻ                       : 1/2  കിലോ 
പച്ചമുളക്                           : 3 എണ്ണം 
തേങ്ങാപാൽ                     : 1/2  കപ്പ് 
ഉപ്പ് ആവശ്യത്തിന് 
വെളിച്ചെണ്ണ                       : 1 ടീസ്പൂൺ 
കറിവേപ്പില                       : 1 തണ്ട് 


ചെയ്യുന്ന വിധം :

മത്തൻ  ഇടത്തരം  വലുപ്പത്തിലുള്ള ഘനമില്ലാത്ത ചതുര കഷ്ണങ്ങളാക്കി മുറിച്ചു വെക്കുക.





ഈ കഷ്ണങ്ങൾ ഉപ്പും നീളത്തിൽ കീറിയ പച്ചമുളകും അല്പം വെള്ളമൊഴിച്ചു വേവിക്കുക.  




 കഷ്ണം വെന്ത ശേഷം തേങ്ങാപാൽ ചേർത്തി  ഇളക്കുക. തിളയ്ക്കും  മുമ്പേ തീ കെടുത്തി കറിവേപ്പിലയും വെളിച്ചെണ്ണയും ചേർക്കുക. ഓലൻ തയാറായി!







2016 ജൂലൈ 8, വെള്ളിയാഴ്‌ച

Cherupayar vazhakka erisseri

ചെറുപയർ വാഴക്ക എരിശ്ശേരി :



ആവശ്യമുള്ള സാധനങ്ങൾ :


വാഴക്ക                      : 1 
ചെറുപയർ                 : 1/2 കപ്പ് 
തേങ്ങാ ചിരവിയത്   : 1/2 കപ്പ് 
ജീരകം                     : 1/4 ടീസ്പൂൺ 
മുളകുപൊടി               : 1/2 ടീസ്പൂൺ
മഞ്ഞപ്പൊടി              : 1/4 ടീസ്പൂൺ
കുരുമുളകുപൊടി         : 1/4 ടീസ്പൂൺ
കടുക്                        : 1 ടീസ്പൂൺ 
ചുവന്ന മുളക്              : 1 രണ്ടായി പൊട്ടിച്ചത് 
കറിവേപ്പില               : ഒരു തണ്ട് 
എണ്ണ                        : ഒരു ടേബിൾ സ്പൂൺ

 ചെയ്യുന്ന വിധം :

ചെറുപയർ പ്രെഷർ കുക്കറിൽ  വേവിച്ചു  വെക്കുക.
വാഴക്ക ചെറിയ കഷ്ണങ്ങളായി മുറിച്ചു  വെള്ളത്തിൽ ഇട്ടു വെക്കുക. അല്പം മഞ്ഞപ്പൊടി ഇതിൽ ചേർക്കുക.
തേങ്ങയും ജീരകവും കൂടി നന്നായി അരച്ചു വെക്കുക.
വാഴക്ക മഞ്ഞപ്പൊടി ഇട്ട വെള്ളത്തിൽ നിന്നും എടുത്തു കഴുകി ചെറുപയറിന്റെ  കൂടെ ചേർത്തി അതിൽ മഞ്ഞപ്പൊടിയും മുളകുപൊടിയും കുരുമുളകുപൊടിയും ഉപ്പും ചേർത്തി വേവിക്കുക.  വെന്ത ശേഷം ചെറുതായി ഉടക്കുക.  ഇതിൽ അരച്ചുവെച്ച  തേങ്ങ ചേർത്തി രണ്ടു മിനിട്ടു തിളപ്പിക്കുക.
 അടുപ്പിൽ നിന്നും മാറ്റിവെച്ച  ശേഷം  ചീനച്ചട്ടിയിൽ  ഒരു ടേബിൾ സ്പൂൺ എണ്ണയൊഴിച്ചു  ചൂടാകുമ്പോൾ കടുകിട്ടു പൊട്ടിയാലുടൻ മുളകു പൊട്ടിച്ചതും കറിവേപ്പിലയും ചേർത്തി ഒന്നു വറുത്ത ശേഷം കൂട്ടനിലേക്ക്  ഒഴിക്കുക. കുറുകിയ പരുവത്തിലായിരിക്കണം ഈ കറി. ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.




 


 


 



2016 ജൂൺ 29, ബുധനാഴ്‌ച

Pavakka erisseri






ആവശ്യമുള്ള സാധനങ്ങൾ : 


തുവര പെരുപ്പ്                       : 1/2  കപ്പ്
പാവക്ക (കയ്പക്ക)                  : 1 ചെറുത്‌ 
എണ്ണ                                    : 1 ടീസ്പൂൺ
തേങ്ങ                                  : അര മൂടി 
മുളകുപൊടി                          : 1/2  ടീസ്പൂൺ 
മഞ്ഞപ്പൊടി                         : 1/8  ടീസ്പൂൺ 
ജീരകം                                : ഒരു നുള്ള് 
ഉപ്പ്  ആവശ്യത്തിന് 

വറുത്തിടാൻ :

കടുക്                                    : 1  ടീസ്പൂൺ 
എണ്ണ                                    : 1 ടേബിൾസ്പൂൺ
ചുവന്ന മുളക്                          : 1 രണ്ടായി പൊട്ടിച്ചത് 
കറിവേപ്പില                          : 1 തണ്ട് 
തേങ്ങ ചിരവിയത്                 : 2 ടേബിൾസ്പൂൺ


ചെയ്യുന്ന വിധം:

തേങ്ങ ചിരവി വെക്കുക. കയ്പക്ക കുരു കളഞ്ഞു ചെറിയ കഷ്ണങ്ങളായി മുറിച്ചു വെക്കുക.
 പരുപ്പ് ആവശ്യത്തിനു വെള്ളം ചേർത്തി പ്രഷർ കുക്കറിൽ വേവിച്ചു വെക്കുക.
തേങ്ങ ജീരകം ചേർത്തി നന്നായി അരച്ചു വെക്കുക.
ഒരു ടീസ്പൂൺ എണ്ണയൊഴിച്ചു അരിഞ്ഞ കയ്പക്ക ബ്രൗൺ നിറം വരുന്ന വരെ മൂപ്പിക്കുക.
കയ്പക്ക ഉപ്പും മഞ്ഞപ്പൊടിയും മുളകുപൊടിയും അല്പം വെള്ളം ചേർത്തി വേവിക്കുക. ഇതിൽ വേവിച്ച പരുപ്പ് ഉടച്ചതും  തേങ്ങാ അരച്ചതും ചേർത്തി  ഇളക്കുക. വെള്ളം പാകത്തിന് ഒഴിക്കണം.





 ഇടത്തരം കുറുകിയ കറിയാണിത് . 
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു  ചൂടായതും കടുകു ചേർത്തി പൊട്ടിയതും കറിവേപ്പിലയും രണ്ടായി പൊട്ടിച്ച മുളകും തേങ്ങയും ചേർത്തി  തേങ്ങ ബ്രൗൺ നിറം വരുന്നതു വരെ വറുത്തു കറിയിലേക്കൊഴിക്കുക.  
ചൂടു ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.

2015 നവംബർ 23, തിങ്കളാഴ്‌ച

Thuvara Masala curry


തുവര മസാല കറി 

തുവര  സാധാരണയായി ഒക്ടോബർ  മാസം തൊട്ടു ഡിസംബർ വരെയാണ്  കേരളത്തിൽ  കാണാറുള്ളത്‌.
ഈ തുവര ഉണക്കി അരങ്ങിയതാണ് തുവര പരുപ്പ്.  
പച്ച തുവര കൊണ്ട് മുളകുഷ്യം,  മസാല കറി, ഉപ്പേരി  എന്നിങ്ങനെ പല വിഭവങ്ങളും  ഉണ്ടാക്കാം.  
 


ആവശ്യമുള്ള സാധനങ്ങൾ : 


തുവര                               : 1/4 കിലോ 
ഉരുളകിഴങ്ങ്                    : 1 
മുളകുപൊടി                      : 1 ടീസ്പൂണ്‍ 
മല്ലിപ്പൊടി                       : ഒന്നര ടീസ്പൂണ്‍ 
മഞ്ഞപ്പൊടി                     : 1/8 ടീസ്പൂണ്‍ 
ഉപ്പു്  ആവശ്യത്തിന് 
ചെറിയ ഉള്ളി                   : 6 എണ്ണം 
തേങ്ങ ചിരവിയത്            : 1 കപ്പ്‌ 
മല്ലിയില  അരിഞ്ഞത്       : അല്പം


കടുകു വറുക്കാൻ:

വെളിച്ചെണ്ണ                     : 2 ടീസ്പൂണ്‍
കടുക്                               : 1 ടീസ്പൂണ്‍ 
ചെറിയ ഉള്ളി അരിഞ്ഞത് : 2 ടേബിൾസ്പൂണ്‍ 
കറിവേപ്പില                      : ഒരു തണ്ട് 


ചെയ്യുന്ന വിധം :

ഉരുളകിഴങ്ങ്  തോലു കളഞ്ഞ്   കഴുകി  ചെറുതായി അരിഞ്ഞുവെക്കുക.  തുവരയും ഉരുളകിഴങ്ങും കൂടി ഉപ്പും മഞ്ഞപ്പൊടിയും അല്പം വെള്ളം ചേർത്തി വേവിക്കാനിടുക. 
ചീനച്ചട്ടി എണ്ണയില്ലാതെ ചൂടാക്കി മുളകുപൊടിയും മല്ലിപ്പൊടിയും ഒന്നു ചൂടാക്കുക. പച്ചമണം പോയാൽ തീ കെടുത്തി ഉള്ളിയും ചേർത്തി അരച്ച്  തുവരയുടെ കൂടെ ചേർത്തി വേവിക്കുക.


 

തേങ്ങ നന്നായി അരച്ചതും ഇതിൽ ചേർത്തി ഒന്നുകൂടി തിളപ്പിച്ച ശേഷം അടുപ്പിൽ നിന്നും ഇറക്കി വെക്കുക.
വെളിച്ചെണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിയാൽ ഉള്ളി അരിഞ്ഞതു ചേർത്തി  നന്നായി വഴറ്റണം. ഇതിൽ കറിവേപ്പിലയും ചേർത്തി  മസാല കറിയിലേക്ക്  ഒഴിക്കുക.  അല്പം കുറുകിയ പരുവത്തിലായിരിക്കണം  ഈ കറി. ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.



2015 നവംബർ 22, ഞായറാഴ്‌ച

Vazhakka (raw banana) erisseri


വാഴക്ക  എരിശ്ശേരി




ആവശ്യമുള്ള സാധനങ്ങൾ :


വാഴക്ക                    : 1 (ഇടത്തരം )
തേങ്ങ ചിരവിയത്   : 1 കപ്പ്‌ 
കുരുമുളകു പൊടി       : 1/2 ടീസ്പൂണ്‍ 
ജീരകം                    : 1/8 ടീസ്പൂണ്‍ 
മുളകുപൊടി              : 1/2 ടീസ്പൂണ്‍ 
ഉപ്പു്  ആവശ്യത്തിന് 
മഞ്ഞപ്പൊടി            : 1/8 ടീസ്പൂണ്‍ 

കടുകു വറുക്കാൻ വേണ്ടത് :

കടുക്                     : 1ടീസ്പൂണ്‍ 
ചുവന്ന മുളക്           : 1, രണ്ടായി പൊട്ടിച്ചത്
എണ്ണ                    : 1 ടേബിൾസ്പൂണ്‍ 
കറിവേപ്പില          : ഒരു തണ്ട്

ചെയ്യുന്ന വിധം 


വഴക്ക ചെറിയ കഷ്ണങ്ങളായി മുറിച്ചു  വെള്ളത്തിലിട്ടു വെക്കുക. അല്പം മഞ്ഞപ്പൊടിയും ചേർത്തുക. 
ചിരവി വെച്ച തേങ്ങയിൽ നിന്നും രണ്ടു ടേബിൾസ്പൂണ്‍ തേങ്ങ മാറ്റിവെച്ച്  ബാക്കി തേങ്ങയും ജീരകവും കൂടി നന്നായി അരച്ചുവെക്കുക.
ഒരു പത്തു മിനിട്ടു  കഴിഞ്ഞു ഈ വെള്ളത്തിലിട്ടു വെച്ച വാഴക്ക  നന്നായി കഴുകി  അല്പം വെള്ളവും ഉപ്പും മഞ്ഞപ്പൊടിയും മുളകുപൊടിയും  കുരുമുളകുപൊടിയും ചേർത്തി വേവിക്കുക.
ഇതിൽ തേങ്ങ അരച്ചതു ചേർത്തി ഒന്നു കൂടി തിളപ്പിച്ചു  അടുപ്പിൽ നിന്നും വാങ്ങി വെക്കുക. 
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുകിട്ടു  പൊട്ടിയാൽ മുളകു രണ്ടായി പൊട്ടിച്ചതും കറിവേപ്പിലയും ചേർത്തുക  ഇതിൽ മാറ്റി വെച്ച തേങ്ങയും ചേർത്തി വറുക്കുക. തേങ്ങ ചെറുതായി നിറം മാറുമ്പോൾ കറി യിലേക്കു  ചേർത്തുക. ഈ കറി  ഇടത്തരം അയവോടെയായിരിക്കണം . 

 


2015 ജൂലൈ 26, ഞായറാഴ്‌ച

Chicken stew




ആവശ്യമുള്ള  സാധനങ്ങൾ :


കോഴി  എല്ലോടുകൂടിയത്                  : 1/4 കിലോ 
ഉരുളകിഴങ്ങ്                                    : 2 എണ്ണം 
വലിയ ഉള്ളി                                    : 1 
പച്ചമുളക്                                         : 3 എണ്ണം 
കുരുമുളക് തരുതരുപ്പായി പൊടിച്ചത് : 1/ ടീസ്പൂണ്‍ 
ഗ്രാമ്പൂ                                              : 2 എണ്ണം 
പട്ട                                                  : 1"കഷ്ണം 
വെളുത്തുള്ളി                                     : 2 അല്ലി
ഇഞ്ചി                                              : 1" കഷ്ണം 
ഉപ്പു്  ആവശ്യത്തിന് 
വെളിച്ചെണ്ണ                                     : 1 ടേബിൾസ്പൂണ്‍
തേങ്ങാപാൽ  നേർത്തത്
(thin coconut milk)                        : 1 cup
കട്ടിയുള്ള തേങ്ങാപാൽ                    
thick coconut milk)                        : 1/2 cup
കറിവേപ്പില                                     : 1 തണ്ട്


ചെയ്യുന്ന വിധം 


കോഴി ചെറിയ കഷ്ണങ്ങളാക്കി കഴുകി വെക്കുക. ഉരുളകിഴങ്ങ് ചെറിയ കഷ്ണങ്ങളായി മുറിച്ചുവെക്കുക.
ഉള്ളി ഘനമില്ലതെ  നീളത്തിൽ അരിഞ്ഞു വെക്കുക. പച്ചമുളക് രണ്ടായി നീളത്തിൽ കീറി വെക്കുക .
ഇഞ്ചിയും വെളുത്തുള്ളിയും നീളത്തിൽ അരിഞ്ഞു വെക്കുക.
ഒരു പ്രഷർ കുക്കർ ചൂടാക്കി അല്പം എണ്ണയൊഴിച്ച് പട്ടയും ഗ്രാമ്പൂവും ഇട്ടു ഒന്നു വറുത്ത ശേഷം അരിഞ്ഞു വെച്ച വെളുത്തുള്ളിയും ഉള്ളിയും പച്ചമുളകും ഇഞ്ചിയും ഒന്നു വഴറ്റുക. നിറം മാറും മുമ്പേ തന്നെ മുറിച്ചു വെച്ച ഉരുളകിഴങ്ങും കോഴി കഷ്ണങ്ങളും ഇട്ട് ഉപ്പും ചേർത്തി  നന്നായി ഇളക്കി നേർത്ത തേങ്ങാപാലും ഒഴിച്ച് കുക്കർ മൂടി ഒരു രണ്ടു വിസിൽ വരുന്നത് വരെ വേവിക്കുക.  കുക്കർ ആറിയ ശേഷം മൂടി തുറന്ന് ഇളക്കുക. വെള്ളം അധികമുണ്ടെങ്കിൽ തുറന്നു വെച്ച് തിളപ്പിച്ച്‌ കുറച്ചു വറ്റിക്കണം അല്ലെങ്കിൽ തീ കുറച്ച് കട്ടിയുള്ള തേങ്ങാപാൽ ചേർക്കുക, കുരുമുളക് പൊടിച്ചുവെച്ചതും തൂകി തീ കെടുത്തുക. മേലെ ഒരു സ്പൂണ്‍ പച്ച വെളിച്ചെണ്ണയും ഒഴിച്ച് കറിവേപ്പില ഇടുക. ഇടത്തരം അയവോടെയുള്ള കറിയാണിത് .  വിളമ്പുന്ന പാത്രത്തിലേക്കു  മാറ്റുക. ഇഡ്ഡലി ദോശ ചപ്പാത്തി പിന്നെ നെയ്ചോറിന്റെ കൂടെയും കഴിക്കാൻ നന്നായിരിക്കും.


2015 ജൂൺ 12, വെള്ളിയാഴ്‌ച

Kumbalanga ( White pumpkin) mulagushyam


കുമ്പളങ്ങ മുളകുഷ്യം 




ആവശ്യമുള്ള സാധനങ്ങൾ :


കുമ്പളങ്ങ                   : 1/2   കിലോ
തുവര പരുപ്പ്              : 1/2 കപ്പ്‌ 
തേങ്ങ ചിരവിയത്     : 1 കപ്പ്‌ 
ജീരകം                     : 1/4  ടീസ്പൂണ്‍ 
ഉപ്പു് ആവശ്യത്തിന് 
മഞ്ഞപ്പൊടി             : 1/8 ടീസ്പൂണ്‍ 
മുളകുപൊടി              : 1 ടീസ്പൂണ്‍ 
കറിവേപ്പില             : ഒരു തണ്ട് 
കടുക്                      : 1/2 ടീസ്പൂണ്‍ 
ചുവന്ന മുളക്            : 2 എണ്ണം
എണ്ണ                      : 1 ടീസ്പൂണ്‍


ചെയ്യുന്ന വിധം

കുമ്പളങ്ങ ചെറിയ ചതുര കഷ്ണങ്ങളാക്കി നുറുക്കി വെക്കുക.
തേങ്ങയും ജീരകവും ഒന്നിച്ചു മയത്തിൽ അരച്ച് വെക്കുക.
തുവരപരുപ്പ് ആവശ്യത്തിനു വെള്ളം ചേർത്തി മയത്തിൽ വേവിക്കുക.  ഇതിൽ കുമ്പളങ്ങ അരിഞ്ഞതും ഉപ്പും മുളകുപൊടിയും മഞ്ഞപ്പൊടിയും ചേർത്തി  വേവിക്കുക.   ഇതിൽ അരച്ച തേങ്ങയും ചേർത്തി നന്നായി ഇളക്കുക. 
ഇതൊരു കുറുകിയ കറിയാണ് , അതനുസരിച്ചു  പാകത്തിൽ വെള്ളം ചേർത്തി നന്നായി ഇളക്കി തിളപ്പിക്കുക.
ഒരു ചീനചട്ടിയിൽ എണ്ണ  ചൂടാക്കി കടുകിട്ടു പൊട്ടുമ്പോൾ മുളകു രണ്ടായി പൊട്ടിച്ചതും കറിവേപ്പിലയും ചേർത്തി ഈ കറിയിൽ ഒഴിക്കുക.  മുളകുഷ്യം തയാർ!