2015, ജൂലൈ 16, വ്യാഴാഴ്‌ച

Cheeda


ചീഡ



ആവശ്യമുള്ള സാധനങ്ങൾ :


അരിപ്പൊടി                      : 2 കപ്പ്‌ 
ഉഴുന്നു  പൊടി                   : 1ടേബിൾസ്പൂണ്‍ 
തേങ്ങ ചിരവിയത്            : 2 ടേബിൾസ്പൂണ്‍ 
കുരുമുളക്                         : 1/2 ടീസ്പൂണ്‍ 
വെണ്ണ                             : 1/2 ടേബിൾസ്പൂണ്‍ 
ജീരകം                           : 1/2 ടീസ്പൂണ്‍ 
ഉപ്പു് ആവശ്യത്തിന് 
എണ്ണ വറുക്കാൻ ആവശ്യത്തിന് 

 ചെയ്യുന്ന വിധം 

തേങ്ങ ചിരവിയതും കുരുമുളകും ജീരകവും കൂടി അരക്കുക. വെള്ളം ചേർക്കാതെ കട്ടിയായി അരക്കണം, ഒരുപാടു അരയണമെന്നില്ല.
അരിപ്പൊടി ഒരു പാനിൽ ഇട്ട് എണ്ണയില്ലാതെ വറുക്കുക, ഒരു രണ്ടു മൂന്നു മിനിട്ട് വറുക്കണം, നിറം മാറാൻ പാടില്ല. ഞാൻ മാർക്കറ്റിൽ നിന്നു വാങ്ങിയ അരിപ്പൊടിയാണ്  ഉപയോഗിച്ചത്.  അരിപ്പൊടി രണ്ടു പ്രാവശ്യം ചലിക്കണം.
ഉഴുന്ന് ഒരു പാനിലിട്ടു നിറം മാറാതെ വറുത്ത്  പൊടിച്ചെടുക്കുക. മാർക്കറ്റിൽ നിന്നു വാങ്ങിയാലും മതി, അതും രണ്ടു പ്രാവശ്യം ചലിക്കണം.
ഒരു പരന്ന പാത്രത്തിൽ ചലിച്ചു വെച്ച അരിപ്പൊടിയും ഉഴുന്നുപൊടിയും അരച്ചു  വെച്ച  തേങ്ങയും വെണ്ണയും ഉപ്പും  ഇട്ട്  കൈ കൊണ്ട്  നന്നായി കലർത്തി ആവശ്യത്തിന്  വെള്ളം ചേർത്ത് കുഴച്ചു വെക്കുക.



അതിൽ നിന്നും കുറേശ്ശെ എടുത്തു ചെറിയ  ഉരുളകളാക്കി ഒരു പേപ്പറിൽ പരത്തിയിടുക. ഇതിലുള്ള ഈർപ്പം വലിയാനാണ്  ഇങ്ങിനെ  ചെയ്യുന്നത്.  ഒരു പത്തു മിനിട്ടു  കഴിഞ്ഞാൽ ചീനച്ചട്ടിയിൽ എണ്ണ  ചൂടാക്കി  കുറേശ്ശെ ഉരുളകൾ ചൂടായ എണ്ണയിലിട്ട് ഇളം ബ്രൌണ്‍ നിറത്തിൽ വറുത്തു കോരുക.


ആറിയ ശേഷം ഒരു വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചു വെക്കാം.

കുറിപ്പ് :
  • അരിപ്പൊടിയും അതുപോലെ തന്നെ ഉഴുന്നു പൊടിയും രണ്ടു പ്രാവശ്യം ചലിച്ചിരിക്കണം , ഇല്ലെങ്കിൽ ചീഡ വറുക്കുമ്പോൾ പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുണ്ട്.
  • അത് പോലെ തന്നെ ചീഡ ഉരുട്ടിയ ശേഷം ഈർപ്പം വലിയാൻ പേപ്പറിൽ പരത്തിയിടണം, ഇല്ലെങ്കിലും പൊട്ടാൻ സാദ്ധ്യതയുണ്ട്.  അതുകൊണ്ട് ചീഡ  വറുക്കുമ്പോൾ സൂക്ഷിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ