2015, ജൂലൈ 26, ഞായറാഴ്‌ച

Chicken stew




ആവശ്യമുള്ള  സാധനങ്ങൾ :


കോഴി  എല്ലോടുകൂടിയത്                  : 1/4 കിലോ 
ഉരുളകിഴങ്ങ്                                    : 2 എണ്ണം 
വലിയ ഉള്ളി                                    : 1 
പച്ചമുളക്                                         : 3 എണ്ണം 
കുരുമുളക് തരുതരുപ്പായി പൊടിച്ചത് : 1/ ടീസ്പൂണ്‍ 
ഗ്രാമ്പൂ                                              : 2 എണ്ണം 
പട്ട                                                  : 1"കഷ്ണം 
വെളുത്തുള്ളി                                     : 2 അല്ലി
ഇഞ്ചി                                              : 1" കഷ്ണം 
ഉപ്പു്  ആവശ്യത്തിന് 
വെളിച്ചെണ്ണ                                     : 1 ടേബിൾസ്പൂണ്‍
തേങ്ങാപാൽ  നേർത്തത്
(thin coconut milk)                        : 1 cup
കട്ടിയുള്ള തേങ്ങാപാൽ                    
thick coconut milk)                        : 1/2 cup
കറിവേപ്പില                                     : 1 തണ്ട്


ചെയ്യുന്ന വിധം 


കോഴി ചെറിയ കഷ്ണങ്ങളാക്കി കഴുകി വെക്കുക. ഉരുളകിഴങ്ങ് ചെറിയ കഷ്ണങ്ങളായി മുറിച്ചുവെക്കുക.
ഉള്ളി ഘനമില്ലതെ  നീളത്തിൽ അരിഞ്ഞു വെക്കുക. പച്ചമുളക് രണ്ടായി നീളത്തിൽ കീറി വെക്കുക .
ഇഞ്ചിയും വെളുത്തുള്ളിയും നീളത്തിൽ അരിഞ്ഞു വെക്കുക.
ഒരു പ്രഷർ കുക്കർ ചൂടാക്കി അല്പം എണ്ണയൊഴിച്ച് പട്ടയും ഗ്രാമ്പൂവും ഇട്ടു ഒന്നു വറുത്ത ശേഷം അരിഞ്ഞു വെച്ച വെളുത്തുള്ളിയും ഉള്ളിയും പച്ചമുളകും ഇഞ്ചിയും ഒന്നു വഴറ്റുക. നിറം മാറും മുമ്പേ തന്നെ മുറിച്ചു വെച്ച ഉരുളകിഴങ്ങും കോഴി കഷ്ണങ്ങളും ഇട്ട് ഉപ്പും ചേർത്തി  നന്നായി ഇളക്കി നേർത്ത തേങ്ങാപാലും ഒഴിച്ച് കുക്കർ മൂടി ഒരു രണ്ടു വിസിൽ വരുന്നത് വരെ വേവിക്കുക.  കുക്കർ ആറിയ ശേഷം മൂടി തുറന്ന് ഇളക്കുക. വെള്ളം അധികമുണ്ടെങ്കിൽ തുറന്നു വെച്ച് തിളപ്പിച്ച്‌ കുറച്ചു വറ്റിക്കണം അല്ലെങ്കിൽ തീ കുറച്ച് കട്ടിയുള്ള തേങ്ങാപാൽ ചേർക്കുക, കുരുമുളക് പൊടിച്ചുവെച്ചതും തൂകി തീ കെടുത്തുക. മേലെ ഒരു സ്പൂണ്‍ പച്ച വെളിച്ചെണ്ണയും ഒഴിച്ച് കറിവേപ്പില ഇടുക. ഇടത്തരം അയവോടെയുള്ള കറിയാണിത് .  വിളമ്പുന്ന പാത്രത്തിലേക്കു  മാറ്റുക. ഇഡ്ഡലി ദോശ ചപ്പാത്തി പിന്നെ നെയ്ചോറിന്റെ കൂടെയും കഴിക്കാൻ നന്നായിരിക്കും.


2015, ജൂലൈ 22, ബുധനാഴ്‌ച

Chicken ularthiyathu


കോഴി  ഉലർത്തിയത്





ആവശ്യമുള്ള സാധനങ്ങൾ :

കോഴി                                          : 1/2 കിലോ
തൈര്                                         : 1 ടേബിൾസ്പൂണ്‍ 
വലിയ ഉള്ളി                                : 1 
കുടമുളക് (Green capsicum)        : 1
ഇഞ്ചി വെളുത്തുള്ളി അരച്ചത്‌         : 1 ടീസ്പൂണ്‍ 
ചെറിയ ഉള്ളി                              : 4 എണ്ണം 
മഞ്ഞപ്പൊടി                                : 1/8 ടീസ്പൂണ്‍
ഉപ്പു്   ആവശ്യത്തിന് 
എണ്ണ                                          :  2 ടേബിൾസ്പൂണ്‍


വറുത്ത്  അരക്കാൻ :

കുരുമുളക്                                      : 1 ടേബിൾസ്പൂണ്‍ 
ചുവന്ന മുളക്                                 : 4 എണ്ണം
ജീരകം                                         : 1/4 ടീസ്പൂണ്‍ 
മല്ലി                                             : 1 ടീസ്പൂണ്‍ 
ഗ്രാമ്പൂ                                          : 4 എണ്ണം 
പട്ട                                              : 1 " കഷ്ണം


ചെയ്യുന്ന വിധം :


കുരുമുളകും ചുവന്ന മുളകും  ജീരകവും മല്ലിയും ഗ്രാമ്പൂവും പട്ടയും എല്ലാം കൂടി എണ്ണയില്ലാതെ വറുക്കുക. ആറിയ ശേഷം ഉള്ളി ചേർത്തി  അരക്കുക. 
കോഴി കഴുകി ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വെക്കുക.
അരിഞ്ഞു വെച്ച കോഴിയിൽ ഉപ്പും മഞ്ഞപ്പൊടിയും ഇഞ്ചി വെളുത്തുള്ളി അരച്ചതും വറുത്തരച്ചു വെച്ച മസാലയും തൈരും ചേർത്തി നന്നായി മിക്സ്‌ ചെയ്ത്  ഒരു മണിക്കൂർ നേരത്തേക്ക് ഫ്രിഡ്ജിൽ വെക്കുക.
വലിയ ഉള്ളിയും കുടമുളകും ഘനമില്ലതെ ഒരിഞ്ചു നീളത്തിൽ അരിഞ്ഞു വെക്കുക.
ഒരു നോണ്‍ സ്റ്റിക് പാനിൽ ഒരു ടേബിൾ സ്പൂണ്‍ എണ്ണയൊഴിച്ചു  ചൂടാക്കിയ ശേഷം അരിഞ്ഞു വെച്ച ഉള്ളിയും  കുടമുളകും ഇട്ടു ഒരു മിനിട്ടു നേരത്തേക്കു മൂപ്പിച്ച ശേഷം പാനിൽ നിന്നും മാറ്റി വെക്കുക.




പാനിൽ ബാക്കി എണ്ണയൊഴിച്ചു  ചൂടാക്കി ഫ്രിഡ്ജിൽ നിന്നും എടുത്ത കോഴി ഇട്ടു  രണ്ടു മൂന്നു മിനിട്ടു മൂപ്പിക്കുക. 
എന്നിട്ടു പാൻ അടച്ചുവെക്കുക, വെള്ളം ചേർക്കണ്ട ആവശ്യമില്ല. 



മൂന്നു മിനിട്ടു  കഴിഞ്ഞു മൂടി തുറന്നു നോക്കി മൂപ്പിച്ചു വെച്ച ഉള്ളിയും കുടമുളകും ചേർത്തി ഇളക്കി ചെറിയ തീയിൽ വെച്ചു  ബ്രൌണ്‍ നിറം ആവുന്നതു വരെ മൂപ്പിക്കുക.  മല്ലിയില തൂവുക. 


 

2015, ജൂലൈ 16, വ്യാഴാഴ്‌ച

Cheeda


ചീഡ



ആവശ്യമുള്ള സാധനങ്ങൾ :


അരിപ്പൊടി                      : 2 കപ്പ്‌ 
ഉഴുന്നു  പൊടി                   : 1ടേബിൾസ്പൂണ്‍ 
തേങ്ങ ചിരവിയത്            : 2 ടേബിൾസ്പൂണ്‍ 
കുരുമുളക്                         : 1/2 ടീസ്പൂണ്‍ 
വെണ്ണ                             : 1/2 ടേബിൾസ്പൂണ്‍ 
ജീരകം                           : 1/2 ടീസ്പൂണ്‍ 
ഉപ്പു് ആവശ്യത്തിന് 
എണ്ണ വറുക്കാൻ ആവശ്യത്തിന് 

 ചെയ്യുന്ന വിധം 

തേങ്ങ ചിരവിയതും കുരുമുളകും ജീരകവും കൂടി അരക്കുക. വെള്ളം ചേർക്കാതെ കട്ടിയായി അരക്കണം, ഒരുപാടു അരയണമെന്നില്ല.
അരിപ്പൊടി ഒരു പാനിൽ ഇട്ട് എണ്ണയില്ലാതെ വറുക്കുക, ഒരു രണ്ടു മൂന്നു മിനിട്ട് വറുക്കണം, നിറം മാറാൻ പാടില്ല. ഞാൻ മാർക്കറ്റിൽ നിന്നു വാങ്ങിയ അരിപ്പൊടിയാണ്  ഉപയോഗിച്ചത്.  അരിപ്പൊടി രണ്ടു പ്രാവശ്യം ചലിക്കണം.
ഉഴുന്ന് ഒരു പാനിലിട്ടു നിറം മാറാതെ വറുത്ത്  പൊടിച്ചെടുക്കുക. മാർക്കറ്റിൽ നിന്നു വാങ്ങിയാലും മതി, അതും രണ്ടു പ്രാവശ്യം ചലിക്കണം.
ഒരു പരന്ന പാത്രത്തിൽ ചലിച്ചു വെച്ച അരിപ്പൊടിയും ഉഴുന്നുപൊടിയും അരച്ചു  വെച്ച  തേങ്ങയും വെണ്ണയും ഉപ്പും  ഇട്ട്  കൈ കൊണ്ട്  നന്നായി കലർത്തി ആവശ്യത്തിന്  വെള്ളം ചേർത്ത് കുഴച്ചു വെക്കുക.



അതിൽ നിന്നും കുറേശ്ശെ എടുത്തു ചെറിയ  ഉരുളകളാക്കി ഒരു പേപ്പറിൽ പരത്തിയിടുക. ഇതിലുള്ള ഈർപ്പം വലിയാനാണ്  ഇങ്ങിനെ  ചെയ്യുന്നത്.  ഒരു പത്തു മിനിട്ടു  കഴിഞ്ഞാൽ ചീനച്ചട്ടിയിൽ എണ്ണ  ചൂടാക്കി  കുറേശ്ശെ ഉരുളകൾ ചൂടായ എണ്ണയിലിട്ട് ഇളം ബ്രൌണ്‍ നിറത്തിൽ വറുത്തു കോരുക.


ആറിയ ശേഷം ഒരു വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചു വെക്കാം.

കുറിപ്പ് :
  • അരിപ്പൊടിയും അതുപോലെ തന്നെ ഉഴുന്നു പൊടിയും രണ്ടു പ്രാവശ്യം ചലിച്ചിരിക്കണം , ഇല്ലെങ്കിൽ ചീഡ വറുക്കുമ്പോൾ പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുണ്ട്.
  • അത് പോലെ തന്നെ ചീഡ ഉരുട്ടിയ ശേഷം ഈർപ്പം വലിയാൻ പേപ്പറിൽ പരത്തിയിടണം, ഇല്ലെങ്കിലും പൊട്ടാൻ സാദ്ധ്യതയുണ്ട്.  അതുകൊണ്ട് ചീഡ  വറുക്കുമ്പോൾ സൂക്ഷിക്കണം.

2015, ജൂലൈ 9, വ്യാഴാഴ്‌ച

Varutharacha mathi curry

വറുത്തരച്ച  മത്തി കറി 





ആവശ്യമുള്ള സാധനങ്ങൾ 


മത്തി                               : 1/2 കിലോ 
പുളി                                 : ഒരു നാരങ്ങ വലുപ്പത്തിൽ 
ഉപ്പു്   ആവശ്യത്തിന് 
മഞ്ഞപ്പൊടി                    : 1/4 ടീസ്പൂണ്‍ 
ചെറിയ ഉള്ളി                  : 5 എണ്ണം 
വെളിച്ചെണ്ണ                    : 2 ടേബിൾസ്പൂണ്‍ 
കറിവേപ്പില                    : 1 തണ്ട് 
ഇഞ്ചി                             : 1" കഷ്ണം 
വെളുത്തുള്ളി                    : 2 അല്ലി 
ചെറിയ ഉള്ളി                  : 4 എണ്ണം


വറുത്തരക്കാൻ   വേണ്ട സാധനങ്ങൾ :

ചുവന്ന മുളക്                  : 4 എണ്ണം 
മല്ലി                              : 2 ടേബിൾസ്പൂണ്‍ 
ഉലുവ                            : 1/4 ടീസ്പൂണ്‍ 
തേങ്ങ ചിരവിയത്        : 1/4 കപ്പ്‌ 
ചെറിയ ഉള്ളി               : 4 എണ്ണം  


ചെയ്യുന്ന വിധം

മത്തി നന്നായി കഴുകി വെക്കുക.  ഇതിൽ അല്പം മഞ്ഞപ്പൊടിയും ഉപ്പും നാരങ്ങനീരും പുരട്ടിവെച്ചാൽ കുറച്ചുകൂടി സ്വാദുണ്ടാവും.



     
മുളകും മല്ലിയും ഉലുവയും  ഒരു സ്പൂണ്‍ എണ്ണയിൽ നന്നായി വറുക്കുക, ഇതിൽ തേങ്ങ ചിരവിയതും ചേർത്തി ഒന്നു കൂടി വറുത്ത്  ആറിയ ശേഷം മിക്സിയിൽ അരക്കുക. പാതി അരഞ്ഞ ശേഷം അതിൽ  ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും  ചേർത്തി നന്നായി അരച്ച് വെക്കുക.
പുളി  ഒരു മുപ്പതു മിനിട്ട്  രണ്ടു കപ്പ്‌ വെള്ളത്തിലിട്ടു വെച്ച  ശേഷം പിഴിഞ്ഞെടുത്തു  മാറ്റി വെക്കുക.
ഒരു പാത്രത്തിൽ ഈ അരച്ച മസാലയും പുളിയും കൂടി തിളപ്പിക്കുക. ഇതിൽ ഉപ്പും മഞ്ഞപ്പൊടിയും ചേർത്തുക.  ഒരു അഞ്ചു മിനിട്ട് തിളപ്പിച്ച ശേഷം മത്തി ചേർത്തുക. മത്തി  ചേർത്ത  ശേഷം പതുക്കെ ഇളക്കുക, മീൻ  പൊടിഞ്ഞു പോകാതെ സൂക്ഷിക്കണം. രണ്ടു മിനിട്ടു കഴിഞ്ഞതും തീയിൽ നിന്നും മാറ്റുക, കറിവേപ്പില ചേർക്കുക.
ചെറിയ ഉള്ളി ചെറുതായരിഞ്ഞു  വെക്കുക.
ഒരു ചീനച്ചട്ടിയിൽ  ബാക്കി എണ്ണ  ചൂടാക്കി അതിൽ  അരിഞ്ഞ ഉള്ളിയിട്ട്  ഇളം ബ്രൌണ്‍ നിറത്തിൽ  വറുത്ത ശേഷം മീൻ കറിയിൽ ചേർക്കുക.  ചൂടു ചോറിന്റെ കൂടെ  കഴിക്കാൻ നന്നായിരിക്കും!




2015, ജൂലൈ 6, തിങ്കളാഴ്‌ച

Mutta Roast / Egg roast

മുട്ട റോസ്റ്റ്

ആവശ്യമുള്ള സാധനങ്ങൾ 


മുട്ട വേവിച്ചത്                          :  എണ്ണം 
വലിയ ഉള്ളി                           : 2 എണ്ണം 
പച്ചമുളക്                               : 1 
തക്കാളി                                 : 1 വലുത് 
വെളുത്തുള്ളി ഇഞ്ചി അരച്ചത്‌    : 1 ടീസ്പൂണ്‍ 
മുളകുപൊടി                            : 1 ടീസ്പൂണ്‍ 
മല്ലിപ്പൊടി                             : 1 ടീസ്പൂണ്‍ 
മഞ്ഞപ്പൊടി                          : 1/8 ടീസ്പൂണ്‍ 
ഉപ്പു് ആവശ്യത്തിന് 
ഗരം മസാല                           : ഒരു നുള്ള്
എണ്ണ                                    : 2 ടേബിൾസ്പൂണ്‍
എണ്ണ ആവശ്യത്തിന് 
മല്ലിയില അലങ്കരിക്കാൻ

ചെയ്യുന്ന വിധം 


മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞപ്പൊടിയും കൂടി ഒരു ടേബിൾസ്പൂണ്‍  എണ്ണയിൽ കലർത്തി  വെക്കുക. 
ഉള്ളി നീളത്തിൽ അരിഞ്ഞു വെക്കുക. പച്ചമുളക് കീറി വെക്കുക.
ഒരു ചീനച്ചട്ടിയിൽ ബാക്കി എണ്ണയൊഴിച്ച് ഉള്ളി അരിഞ്ഞതിട്ടു  വഴറ്റുക. ഇതിൽ ഇഞ്ചി വെളുത്തുള്ളി അരച്ചതും ചേർത്തി ഒന്ന് കൂടി വഴറ്റി പച്ചമുളകു കീറിയതും ചേർത്തുക. ഇതിൽ പൊടികൾ മിക്സ്‌ ചെയ്തു വെച്ചതും ചേർത്തി ചെറുതീയിൽ നന്നായി വഴറ്റിയ ശേഷം തക്കാളി അരിഞ്ഞതും  ഉപ്പും ചേർക്കുക. എണ്ണ തെളിഞ്ഞു വന്നാൽ വേവിച്ച മുട്ട തോലു കളഞ്ഞ ശേഷം ഇതിൽ ചേർക്കുക. മസാല മുട്ടയിൽ പൊതിഞ്ഞ പരുവത്തിൽ അടുപ്പിൽ നിന്നും വാങ്ങുക. വിളമ്പുന്ന പാത്രത്തിലേക്കു മാറ്റി മല്ലിയില തൂവുക.