2015, നവംബർ 23, തിങ്കളാഴ്‌ച

Thuvara Masala curry


തുവര മസാല കറി 

തുവര  സാധാരണയായി ഒക്ടോബർ  മാസം തൊട്ടു ഡിസംബർ വരെയാണ്  കേരളത്തിൽ  കാണാറുള്ളത്‌.
ഈ തുവര ഉണക്കി അരങ്ങിയതാണ് തുവര പരുപ്പ്.  
പച്ച തുവര കൊണ്ട് മുളകുഷ്യം,  മസാല കറി, ഉപ്പേരി  എന്നിങ്ങനെ പല വിഭവങ്ങളും  ഉണ്ടാക്കാം.  
 


ആവശ്യമുള്ള സാധനങ്ങൾ : 


തുവര                               : 1/4 കിലോ 
ഉരുളകിഴങ്ങ്                    : 1 
മുളകുപൊടി                      : 1 ടീസ്പൂണ്‍ 
മല്ലിപ്പൊടി                       : ഒന്നര ടീസ്പൂണ്‍ 
മഞ്ഞപ്പൊടി                     : 1/8 ടീസ്പൂണ്‍ 
ഉപ്പു്  ആവശ്യത്തിന് 
ചെറിയ ഉള്ളി                   : 6 എണ്ണം 
തേങ്ങ ചിരവിയത്            : 1 കപ്പ്‌ 
മല്ലിയില  അരിഞ്ഞത്       : അല്പം


കടുകു വറുക്കാൻ:

വെളിച്ചെണ്ണ                     : 2 ടീസ്പൂണ്‍
കടുക്                               : 1 ടീസ്പൂണ്‍ 
ചെറിയ ഉള്ളി അരിഞ്ഞത് : 2 ടേബിൾസ്പൂണ്‍ 
കറിവേപ്പില                      : ഒരു തണ്ട് 


ചെയ്യുന്ന വിധം :

ഉരുളകിഴങ്ങ്  തോലു കളഞ്ഞ്   കഴുകി  ചെറുതായി അരിഞ്ഞുവെക്കുക.  തുവരയും ഉരുളകിഴങ്ങും കൂടി ഉപ്പും മഞ്ഞപ്പൊടിയും അല്പം വെള്ളം ചേർത്തി വേവിക്കാനിടുക. 
ചീനച്ചട്ടി എണ്ണയില്ലാതെ ചൂടാക്കി മുളകുപൊടിയും മല്ലിപ്പൊടിയും ഒന്നു ചൂടാക്കുക. പച്ചമണം പോയാൽ തീ കെടുത്തി ഉള്ളിയും ചേർത്തി അരച്ച്  തുവരയുടെ കൂടെ ചേർത്തി വേവിക്കുക.


 

തേങ്ങ നന്നായി അരച്ചതും ഇതിൽ ചേർത്തി ഒന്നുകൂടി തിളപ്പിച്ച ശേഷം അടുപ്പിൽ നിന്നും ഇറക്കി വെക്കുക.
വെളിച്ചെണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിയാൽ ഉള്ളി അരിഞ്ഞതു ചേർത്തി  നന്നായി വഴറ്റണം. ഇതിൽ കറിവേപ്പിലയും ചേർത്തി  മസാല കറിയിലേക്ക്  ഒഴിക്കുക.  അല്പം കുറുകിയ പരുവത്തിലായിരിക്കണം  ഈ കറി. ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.



2015, നവംബർ 22, ഞായറാഴ്‌ച

Vazhakka (raw banana) erisseri


വാഴക്ക  എരിശ്ശേരി




ആവശ്യമുള്ള സാധനങ്ങൾ :


വാഴക്ക                    : 1 (ഇടത്തരം )
തേങ്ങ ചിരവിയത്   : 1 കപ്പ്‌ 
കുരുമുളകു പൊടി       : 1/2 ടീസ്പൂണ്‍ 
ജീരകം                    : 1/8 ടീസ്പൂണ്‍ 
മുളകുപൊടി              : 1/2 ടീസ്പൂണ്‍ 
ഉപ്പു്  ആവശ്യത്തിന് 
മഞ്ഞപ്പൊടി            : 1/8 ടീസ്പൂണ്‍ 

കടുകു വറുക്കാൻ വേണ്ടത് :

കടുക്                     : 1ടീസ്പൂണ്‍ 
ചുവന്ന മുളക്           : 1, രണ്ടായി പൊട്ടിച്ചത്
എണ്ണ                    : 1 ടേബിൾസ്പൂണ്‍ 
കറിവേപ്പില          : ഒരു തണ്ട്

ചെയ്യുന്ന വിധം 


വഴക്ക ചെറിയ കഷ്ണങ്ങളായി മുറിച്ചു  വെള്ളത്തിലിട്ടു വെക്കുക. അല്പം മഞ്ഞപ്പൊടിയും ചേർത്തുക. 
ചിരവി വെച്ച തേങ്ങയിൽ നിന്നും രണ്ടു ടേബിൾസ്പൂണ്‍ തേങ്ങ മാറ്റിവെച്ച്  ബാക്കി തേങ്ങയും ജീരകവും കൂടി നന്നായി അരച്ചുവെക്കുക.
ഒരു പത്തു മിനിട്ടു  കഴിഞ്ഞു ഈ വെള്ളത്തിലിട്ടു വെച്ച വാഴക്ക  നന്നായി കഴുകി  അല്പം വെള്ളവും ഉപ്പും മഞ്ഞപ്പൊടിയും മുളകുപൊടിയും  കുരുമുളകുപൊടിയും ചേർത്തി വേവിക്കുക.
ഇതിൽ തേങ്ങ അരച്ചതു ചേർത്തി ഒന്നു കൂടി തിളപ്പിച്ചു  അടുപ്പിൽ നിന്നും വാങ്ങി വെക്കുക. 
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുകിട്ടു  പൊട്ടിയാൽ മുളകു രണ്ടായി പൊട്ടിച്ചതും കറിവേപ്പിലയും ചേർത്തുക  ഇതിൽ മാറ്റി വെച്ച തേങ്ങയും ചേർത്തി വറുക്കുക. തേങ്ങ ചെറുതായി നിറം മാറുമ്പോൾ കറി യിലേക്കു  ചേർത്തുക. ഈ കറി  ഇടത്തരം അയവോടെയായിരിക്കണം . 

 


2015, നവംബർ 17, ചൊവ്വാഴ്ച

Dosa


ദോശ 

ആവശ്യമുള്ള സാധനങ്ങൾ :


ഉഴുന്ന്                                     :  1/2 കപ്പ്‌ 
പുഴുങ്ങലരി / ഇഡ്ഡലി  അരി      : 2 കപ്പ്‌ 
പച്ചരി                                     : 1 കപ്പ്‌ 
ഉലുവ                                      : 2 ടേബിൾസ്പൂണ്‍ 
ഉപ്പു്   ആവശ്യത്തിന് 
എണ്ണ ആവശ്യത്തിന്


ചെയ്യുന്ന വിധം :


ഉഴുന്നും ഉലുവയും ഒന്നിച്ച് വെള്ളത്തിൽ  രണ്ടു മണിക്കൂർ കുതിർത്താനിടുക.
പച്ചരിയും ഇഡ്ഡലി അരിയും ഒന്നിച്ചു  രണ്ടു മണിക്കൂർ  കുതിർത്താനിടുക.  കുതിർന്ന  ശേഷം  ആദ്യം ഉഴുന്നും ഉലുവയും നന്നായി കഴുകി അരക്കുക. നന്നായി അരച്ച ശേഷം ഒരു പാത്രത്തിലേക്കു  മാറ്റിയ ശേഷം അരി കഴുകി അരക്കുക. അരച്ച ശേഷം ഉഴുന്നിൽ ചേർത്തി  നന്നായി കലർത്തി ആവശ്യത്തിന്  ഉപ്പും ചേർത്തി കൈ കൊണ്ട് കലക്കി വെക്കുക. ദോശക്കായതു കൊണ്ട് അല്പം വെള്ളം കൂടിയാലും കുഴപ്പമില്ല.
കുറഞ്ഞത് ഒരു ആറു  മണിക്കൂറെങ്കിലും  പുളിക്കാൻ വെക്കണം.  വൈകിട്ട് അരച്ചു രാത്രി പുളിക്കാൻ വെച്ച്  രാവിലെ ദോശ ചുട്ടാൽ നന്നായിരിക്കും.
ഈ മാവു കൊണ്ട് തന്നെ പലതരം  ദോശ ചുടാൻ സാധിക്കും. സാധാരണ ദോശ , മസാല ദോശ, നെയ്‌ റോസ്റ്റ്, പേപ്പർ റോസ്റ്റ്, ഊത്തപ്പം എന്നിങ്ങനെ പല വിധത്തിലുള്ള ദോശ ഉണ്ടാക്കാം.



ദോശ ചുടുന്നതിനു മുമ്പ് മാവു നന്നായി കലക്കണം.
ഒരു ദോശക്കല്ല്‌  ചൂടാക്കി  (നോണ്‍ സ്റ്റിക്  അല്ലെങ്കിൽ ഇരുമ്പു കല്ല്‌ ഏതായാലും മതി )  ഒരു കയിൽ മാവെടുത്ത്‌
ദോശക്കല്ലിനു  നടുവിൽ ഒഴിച്ച്  കയിൽ കൊണ്ടു തന്നെ നന്നായി വട്ടത്തിൽ പരത്തുക. ചുറ്റും ചെറുതായി എണ്ണ  തൂവുക. നിറം മാറി തുടങ്ങുമ്പോൾ തിരിച്ചിടുക. 


നന്നായി മൊരിഞ്ഞ ദോശ (റോസ്റ്റ്) വേണമെങ്കിലും ഉണ്ടാക്കാം. 


ചട്ണി, ചമ്മന്തി,  ഉരുളകിഴങ്ങ് സ്റ്റു  എതു വേണമെങ്കിലും  നമ്മുടെ രുചിക്കനുസരിച്ച് കൂട്ടി കഴിക്കാം.