2015, ജനുവരി 19, തിങ്കളാഴ്‌ച

Gulab jamoon



ഗുലാബ് ജാമൂണ്‍




ഗുലാബ് ജാമൂണ്‍ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഗിറ്റ്സ്  റെഡി മെയിഡ് പാക്കറ്റ് പൊടി  വാങ്ങിയാണ് ഞാൻ ഉണ്ടാക്കിയത്. 
അല്ലാതെ ഖോയയും മൈദയും ബേകിങ്ങ് സോഡയും ചേർത്തിയും  ജാമൂണ്‍  ഉണ്ടാക്കാവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങൾ :


ഗുലാബ് ജാമൂണ്‍ മിക്സ്‌                    : 200 ഗ്രാം 
പഞ്ചസാര                                    : 3/4 കിലോ
പാല്                                           : കുറച്ച് 
ഏലക്ക                                       :10 എണ്ണം
എണ്ണ വറുക്കാൻ ആവശ്യത്തിന്



ചെയ്യുന്ന വിധം :



ഒരു പാനിൽ പഞ്ചസാരയും അല്പം വെള്ളവും ഒഴിച്ചു തിളപ്പിക്കുക. ഇതിൽ ഏലക്കായ പൊടിച്ചതും ചേർക്കുക. അഞ്ചു മിനിട്ട് തിളപ്പിച്ച ശേഷം സ്റ്റവ് ഓഫ്‌ ചെയ്തു വെക്കുക. 
ഗുലാബ് ജമൂണ്‍ മിക്സിൽ പാല് കുറേശ്ശെ ചേർത്തു മൃദുവായി കുഴച്ചു വെക്കുക. ഒരിഞ്ചു നീളത്തിൽ ചെറുതായി ഉരുളകളാക്കി വെക്കുക.




ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി നാലഞ്ചു ഉളുകൾ ഇട്ടു ഇളം ബ്രൌണ്‍ നിറത്തിൽ വറുത്തു കോരുക. ഇങ്ങിനെ മാവ് മുഴുവൻ ഉരുളകളാക്കി  വറുത്തു വെക്കുക.


വറുത്തു വെച്ച ഉരുളകൾ ഇളം ചൂടുള്ള പഞ്ചസാര പാനിയിൽ ഇട്ടു വെക്കുക.
ഒരു മണിക്കൂർ കഴിഞ്ഞാൽ ഉപയോഗിക്കാം. കൂടുതൽ സമയം പഞ്ചസാര ലായിനിയിൽ ഇട്ടു വെച്ചാൽ ഒന്നുകൂടി നന്നായിരിക്കും.
തണുപ്പിച്ചോ ചൂടോടെയോ കഴിക്കാം.


2015, ജനുവരി 7, ബുധനാഴ്‌ച

Muhroom biryani

കൂണ്‍ ബിരിയാണി




ആവശ്യമുള്ള സാധനങ്ങൾ 


ബസ്മതി അരി                   : 1 കപ്പ്‌ 
കൂണ്‍                                  : 8 എണ്ണം 
വലിയ ഉള്ളി                     : 1 
വെളുത്തുള്ളി                      : 2 അല്ലി 
ഇഞ്ചി                                : 1"കഷ്ണം 
മഞ്ഞപ്പൊടി                     : 1/4 ടീസ്പൂണ്‍
ബിരിയാണി മസാല         : 1/2 ടീസ്പൂണ്‍
മുളകുപൊടി                       : 1/2 ടീസ്പൂണ്‍
തേങ്ങാപാൽ                     : 1/2 കപ്പ്‌ 
തക്കാളി                            : 1 
പട്ട                                    : 1"കഷ്ണം 
ഗ്രാമ്പൂ                                 : 2 എണ്ണം 
വഴനയില( bayleaf)          : 1 
പച്ചമുളക്                          : 2 എണ്ണം
തൈര്                              : 1 ടീസ്പൂണ്‍
എണ്ണ/ നെയ്യ്                     : 3 ടേബിൾസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
വറുത്ത ഉള്ളി അലങ്കരിക്കാൻ 


ചെയ്യുന്ന വിധം


കൂണ്‍ കഴുകി നാലായി മുറിക്കുക. തൈരും ഉപ്പും മഞ്ഞപ്പൊടിയും അല്പം മുളകുപൊടിയും കൂടി കൂണിൽ  അരമണിക്കൂർ തിരുമ്പി വെക്കുക.
ഉള്ളി ഘനമില്ലാതെ അരിയുക. ഇഞ്ചിയും വെളുത്തുള്ളിയും കൂടി അരച്ചുവെക്കുക. തക്കാളി അരച്ചുവെക്കുക.
 തേങ്ങാപാലും അരച്ചുവെച്ച തക്കാളിയും വെള്ളവും കൂടി ഒന്നേമുക്കാൽ കപ്പ്‌ ആക്കിയ ശേഷം കഴുകിയ അരിയിൽ ഒഴിച്ച് , വറുത്ത ഗ്രാമ്പൂവും പട്ടയും വഴനയിലയും  ഉപ്പും മഞ്ഞപ്പൊടിയും   ചേർത്ത്  വേവിക്കുക.

ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ഉള്ളി അരിഞ്ഞത് ഇട്ടു വഴറ്റുക.  ഇതിൽ ഇഞ്ചിയും വെളുത്തുള്ളിയും അരച്ച പേസ്റ്റ് ചേർത്തി വഴറ്റുക.  ഇതിൽ തിരുമ്പി വെച്ച കൂണ്‍ ചേർത്തി നന്നായി വഴറ്റണം.
വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല, നന്നായി വതങ്ങിയ കൂണിൽ, ഉപ്പും, ബിരിയാണി മസാലയും പച്ചമുളകും ചേർത്തണം . 
 വേവിച്ച അരി ചേർത്തി നന്നായി ഇളക്കുക.  വറുത്ത ഉള്ളി മേലെ തൂവി ചൂടോടെ കഴിക്കുക.



2015, ജനുവരി 4, ഞായറാഴ്‌ച

Thiruvathira puzhukku

തിരുവാതിര പുഴുക്ക് 


തിരുവാതിര കാലത്ത് അതായത് ധനു മാസത്തിൽ പലതരം കിഴങ്ങുകളും പാകമായി കിളച്ചെടുക്കാറുണ്ട്. അതുകൊണ്ട് തന്നെ അതനുസരിച്ചുള്ള വിഭവങ്ങൾ ആ സമയത്ത് ഉണ്ടാക്കാറുണ്ട്.
ഗോതമ്പു കഞ്ഞിക്കു കൂട്ടാണ് പുഴുക്ക്. പലതരം കിഴങ്ങും വെള്ളപ്പയറോ ചെറുപയറോ  ചേർത്തിയാണ് പുഴുക്കുണ്ടാക്കുന്നത്.



ആവശ്യമുള്ള സാധനങ്ങൾ


വെള്ളപ്പയർ               : 1/2 കപ്പ്‌
ചേന                               : ഒരു ചെറിയ കഷ്ണം
കൂർക്ക                          : 1/ 4 കിലോ
മത്തൻ                           : 1/4 കിലോ 
തേങ്ങ ചിരവിയത്  : 1 കപ്പ്‌
ജീരകം                           : ഒരു നുള്ള് 
മുളകുപൊടി              : 1 ടീസ്പൂണ്‍ 
മഞ്ഞപ്പൊടി                : 1/4 ടീസ്പൂണ്‍
വെല്ലം                            : 1 അച്ച്
ഉപ്പു് ആവശ്യത്തിന്
കറിവേപ്പില  ഒരു തണ്ട് 


ചെയ്യുന്ന വിധം


വെള്ളപ്പയർ ആവശ്യത്തിനു വെള്ളം ചേർത്തി  പ്രഷർ കുക്കറിൽ മൂന്നോ നാലോ വിസിൽ വരുന്നതു വരെ വേവിക്കുക. കുക്കർ തണുത്താൽ  തുറന്നു നോക്കി, നല്ല മൃദുവായി വെന്തില്ലെങ്കിൽ ഒന്നുകൂടി വേവിക്കണം.
തേങ്ങയും ജീരകവും അരച്ചു വെക്കുക.
ചേനയും കൂർക്കയും മത്തനും എല്ലാം ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചു  കഴുകി വെക്കുക.
ചേനയും കൂർക്കയും ആദ്യം വേവിക്കനിടുക. ഒരുമാതിരി വെന്ത ശേഷം മത്തനും ചേർത്തി,  ഉപ്പും മഞ്ഞപ്പൊടിയും മുളകുപൊടിയും എല്ലാം ചേർത്തി നന്നായി വേവിക്കണം. വെന്താൽ അതിൽ വേവിച്ചു വെച്ച വെള്ളപ്പയറും ചേർത്തുക.  ഇതിൽ തേങ്ങയും ജീരകവും അരച്ചതും ചേർത്തുക. നന്നായി ഇളക്കിയ ശേഷം കറിവേപ്പില ചേർക്കുക . പുഴുക്കിൽ അധികം വെള്ളം പാടില്ല, കട്ടിയുള്ള കറിയാണ്.





Gothambu kanji

ഗോതമ്പു കഞ്ഞി

തിരുവാതിര ദിവസം ഉച്ചക്ക് ചോറിനു പകരം ഗോതമ്പു കഞ്ഞിയാണ് പതിവ്. ധനു മാസത്തിലാണ് തിരുവാതിര വരുന്നത്. ഈ മാസം ധാരാളം കിഴങ്ങു വർഗങ്ങൾ ഉണ്ടാവുന്ന കാലമാണ്. അതുകൊണ്ട് തന്നെ ചേന, കാവിത്ത, ചേമ്പ്, കൂർക്ക മുതലായ കിഴങ്ങുകൾ കൊണ്ട് പുഴുക്കും കഞ്ഞിയുടെകൂടെ കഴിക്കാറുണ്ട്.
ഗോതമ്പരി അല്ലെങ്കിൽ നുറുക്കു ഗോതമ്പ് (broken wheat) ചെറുപയറു ( തോലോടു കൂടിയുള്ള) ചേർത്തിയാണ്   കഞ്ഞി വെക്കുന്നത്.

ആവശ്യമുള്ള സാധനങ്ങൾ

ഗോതമ്പരി               : 1 കപ്പ്‌ 
ചെറുപയർ             : 1/2 കപ്പ്‌ 
തേങ്ങ ചിരവിയത്:1/2 കപ്പ്‌ 

ഗോതമ്പും ചെറുപയറും കൂടി ആവശ്യത്തിനു വെള്ളം ചേർത്തി ഒരു പ്രഷർ കുക്കറിൽ നാലോ അഞ്ചോ വിസിൽ വരുന്നതു വരെ വേവിക്കുക. ആറിയാൽ തുറന്നു നോക്കി വെള്ളം പോരെങ്കിൽ അല്പം കൂടി ഒഴിച്ച് വീണ്ടും തിളപ്പിക്കുക. കഞ്ഞി നല്ലപോലെ വേവണം, എന്നാലേ ചേർന്നിരിക്കുകയുള്ളു.
ഉപ്പിട്ട് ചെറിയ ചൂടോടെ  തന്നെ പുഴുക്കും ചേർത്തി കഴിക്കാം.






Koova payasam

കൂവ പായസം


ഇന്ന് തിരുവാതിരയാണ്.... തിരുവാതിര ദിവസം രാവിലെ ഇഡ്ഡലി ദോശ മുതലായ അരികൊണ്ടുള്ള വിഭവങ്ങൾ കഴിക്കാറില്ല. രാവിലെ കൂവ വിരകിയതും പപ്പടവും ആണ് കഴിക്കാറുള്ളത്.
കൂവ ഒരുതരം കിഴങ്ങാണ്‌. ഇത് ഡിസംബർ മാസത്തിൽ കിളച്ച് അരച്ച് കോറയും മറ്റും ചെയുന്ന പോലെ അരിച്ചു ഉണക്കിയാണ് പൊടിയുണ്ടാക്കുന്നത്. ഈ പൊടി കൊണ്ടാണ് തിരുവാതിര ദിവസം രാവിലെ പായസം ഉണ്ടാക്കുന്നത്.





ആവശ്യമുള്ള സാധനങ്ങൾ 

കൂവപ്പൊടി               : 4 ടേബിൾസ്പൂണ്‍ 
വെല്ലം                          : 6 അച്ച് 
തേങ്ങ ചിരവിയത് : 1 കപ്പ്‌ 
പൂവൻ പഴം             : 2 എണ്ണം  
വെള്ളം                        : 6 ഗ്ലാസ്‌

ചെയ്യുന്ന വിധം   

 

പഴം ചെറിയ ഘനമില്ലാത്ത ഒരു പാനിൽ വെള്ളം എടുത്ത് കൂവപ്പൊടിയും  വെല്ലവും തേങ്ങ ചിരവിയതും ചേർത്തി അടുപ്പത്തു വെച്ചു തിളപ്പിക്കുക.



ഇളക്കി കൊണ്ടിരിക്കണം അല്ലെങ്കിൽ ഒരുപോലെ വേവില്ല. കൂവ വേവുമ്പോൾ വെള്ള നിറം പോവും. കുറുകുകയും ചെയ്യും. പാകത്തിനു കുറുകുമ്പോൾ തീ കെടുത്തി വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക.  പപ്പടം കാച്ചിയതും കൂട്ടി കഴിക്കാൻ നന്നായിരിക്കും.
വെല്ലം മധുരത്തിനനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.


    

2015, ജനുവരി 1, വ്യാഴാഴ്‌ച

Beetroot upperi

ബീറ്റ്റൂട്ട്  ഉപ്പേരി 

ആവശ്യമുള്ള സാധനങ്ങൾ 


ബീറ്റ് റൂട്ട്                : 1 
ഉള്ളി                        : 1 
പച്ചമുളക്              : 1 
സാമ്പാർ പൊടി   : 1 ടീസ്പൂണ്‍ 
ഉപ്പു് ആവശ്യത്തിന് 
എണ്ണ                        : 1 ടേബിൾസ്പൂണ്‍

ചെയ്യുന്ന വിധം 


ബീറ്റ് റൂട്ട് ചെറുതായി അരിഞ്ഞുവെക്കുക. ഉള്ളിയും ചെറുതായി അരിയണം. പച്ചമുളക് നീളത്തിൽ കീറി വെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിയാൽ അല്പം ഉഴുന്നു പരിപ്പിട്ട് നിറം മാറിവരുമ്പോൾ ഉള്ളി അരിഞ്ഞതിടുക. ഒന്നു വഴറ്റിയ ശേഷം പച്ചമുളകും ചേർത്തി ബീറ്റ് റൂട്ട് അരിഞ്ഞതിട്ട് ഉപ്പും ചേർത്തി  അല്പം  വെള്ളം ഒഴിച്ച്  മൂടി വെക്കുക. വെള്ളം വറ്റുമ്പോൾ ഇളക്കി തീ കുറച്ച് സാമ്പാർ പൊടിയും ഇട്ട് ഒരു മിനിട്ടു നേരം കൂടി അടുപ്പിൽ വെച്ച് ഇളക്കിയ ശേഷം തീ കെടുത്തുക.  വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക.
ബീറ്റ് റൂട്ട് ഉപ്പേരി തയാറായി!