sweets എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
sweets എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, നവംബർ 20, വെള്ളിയാഴ്‌ച

Maida Burfi

മൈദ ബർഫി

                              


ആവശ്യമുള്ള സാധനങ്ങൾ :


മൈദ                          : ഒരു കപ്പ് 
പഞ്ചസാര                   : മുക്കാൽ കപ്പ് 
ഏലക്കായ                  : 3 എണ്ണം 
വാനില എസ്സെൻസ്    : 1/4 ടീസ്പൂൺ 
വെള്ളം                       : ഒന്നര കപ്പ് 
നെയ്യ്/എണ്ണ                : 1/2 കപ്പ് 
കളർ (optional)         : അല്പം 
 
 

ചെയ്യുന്ന വിധം:

ഒരു square പാത്രത്തിൽ നെയ്യ് തടവി വെക്കുക അല്ലെങ്കിൽ ഒരു പ്ലേറ്റിൽ നെയ് തടവിയാലും മതി.
നെയ്യ് ഒരു പാനിൽ ചൂടാക്കുക. ചൂടായ നെയ്യിൽ മൈദയിട്ടു നന്നായി ഇളക്കുക. പച്ചമണം മാറിയാൽ അടുപ്പിൽ നിന്നും മാറ്റിവെക്കുക.

 
 
ഒരു പാനിൽ പഞ്ചസാരയും വെള്ളവും കൂടി തിളപ്പിക്കാൻ  വെക്കുക. ഇളക്കി കൊടുക്കുക. ഒരു കമ്പി പരുവമാകുമ്പോൾ വാനില എസ്സെൻസും കളറും ചേർത്തി  തീ ഓഫ് ചെയ്യുക. 
ഇതിൽ മൈദാ ചേർത്തി  ഇളക്കിക്കൊണ്ടേയിരിക്കണം.  കാട്ടിയായിത്തുടങ്ങുമ്പോൾ  നെയ് തടവിയ പ്ലേറ്റിലേക്കു ഒഴിക്കുക. ഒരു പരന്ന സ്പൂൺ കൊണ്ട് ഒപ്പം ആക്കി അമർത്തി വെക്കുക.
ഒരു കത്തികൊണ്ട് നീളത്തിൽ വരയുക. cross ആയും വരയുക. square ആക്കിയോ diamond shape  ആയോ മുറിച്ചെടുക്കാൻ പാകത്തിൽ വരയുക.
  • മൈദാ ചേർത്തി ഇളക്കുമ്പോൾ പാത്രത്തിൽ നിന്നും ഒഴിക്കാൻ പാകത്തിലാവുമ്പോൾ തന്നെ പ്ലേറ്റിലേക്കു മാറ്റിയില്ലെങ്കിൽ കട്ടിയാവും  പിന്നെ shapil cut ചെയ്യാൻ കിട്ടില്ല. അതൊന്നു ശ്രദ്ധിക്കണം.
നല്ല സ്വാദുള്ള എളുപ്പമുള്ള ഒരു sweet  ആണിത്! 







2020, നവംബർ 10, ചൊവ്വാഴ്ച

Stuffed Kozhukkatta

 

                                                          



 ആവശ്യമുള്ള സാധനങ്ങൾ :


അരിപ്പൊടി                              : ഒരു കപ്പ് 
 
വെള്ളം                                    : ഒരു കപ്പ് 
 
ഉപ്പ്                                         : ഒരു നുള്ള് 
 
എണ്ണ                                      : ഒരു ടീസ്പൂൺ 
 
 

For Filling:

തേങ്ങ                                   : ഒരു കപ്പ് 

വെല്ലപൊടി                           : ഒരു കപ്പ് 

നെയ്യ്                                    : ഒരു ടീസ്പൂൺ 

ഏലക്കായ                            : 3 എണ്ണം 


ചെയ്യുന്ന വിധം :

ഒരു പാനിൽ വെല്ലം ഇട്ടു ഒരു കാൽ കപ്പ് വെള്ളം ചേർത്തു അടുപ്പിൽ വെച്ച് തിളപ്പിക്കുക. വെല്ലം അലിഞ്ഞാൽ അരിച്ചെടുക്കുക. വെല്ലത്തിലെ അഴുക്കു കളയാനാണിത്. പാൻ കഴുകി വീണ്ടും വെല്ലം അടുപ്പിൽ വെച്ച് തിളപ്പിച്ച് ഉരുക്കിയെടുക്കുക.  ഒരല്പം വെള്ളം ഒരു ചെറിയ കിണ്ണത്തിലെടുത്തു ഉരുക്കിയ ശർക്കര ഒരു തുള്ളി ഒറ്റിച്ചാൽ ഉരുണ്ടു വീഴും, വെള്ളത്തിൽ നിന്ന് ഉരുട്ടിയെടുക്കാൻ പറ്റും. ഇതാണ് പാവിന്റെ പാകം. ഇതിൽ ചിരവിയ തേങ്ങ ഇട്ട് നന്നയി ഇളക്കുക. വെള്ളം വറ്റി ഉരുണ്ടുവരുമ്പോൾ ഏലക്കായ പൊടിച്ചതും നെയ്യും ചേർത്തി  ഇളക്കി  ചെറിയ ഉരുളകളാക്കി വെക്കുക.
 



ഒരു പാനിൽ വെള്ളം, അല്പം ഉപ്പും ചേർത്തി തിളപ്പിച്ച ശേഷം കുറേശ്ശേയായി അരിപ്പൊടിയിൽ ചേർത്തി സ്പൂൺ കൊണ്ട് നന്നായി mix ചെയ്യുക.  ചൂട് സഹിക്കാനാവുമ്പോൾ കൈ കൊണ്ട് നന്നായി കുഴക്കുക.
 



ഓരോ ചെറിയ ഉരുളകളെടുത്തു  കൈ കൊണ്ടു  ചെറുതായി പരത്തി  തേങ്ങകൂട്ട് ഒരു ചെറിയ നെല്ലിക്കയോളം എടുത്തു നടുവിൽ വെച്ച് മാവ് വീണ്ടും ഉരുട്ടി ball ആകൃതിയിൽ ആക്കി വെക്കുക. ബാക്കി മാവും ഇതുപോലെ ഉരുട്ടിയെടുക്കുക.
ഇത് സ്റ്റീമറിൽ വെച്ച്  ഒരു പത്തുമിനിറ്റ്  വേവിച്ചെടുക്കുക.



 

2020, മേയ് 8, വെള്ളിയാഴ്‌ച

Then mittai / Honey candy






aavsyamulla സാധനങ്ങൾ 


  • അരി                                 : 1 കപ്പ് 
  • ഉഴുന്ന്  തോലില്ലാത്തത്      : 1/4 കപ്പ് 
  • ഓറഞ്ച് കളർ                     : 1/8 ടീസ്പൂൺ
  • ബേക്കിംഗ് സോഡാ          : ഒരു നുള്ള് 
  • വറുക്കാൻ വേണ്ട എണ്ണ  
  • പഞ്ചസാര

ചെയ്യുന്ന വിധം 


  • ഉഴുന്നും അരിയും ഒരുമിച്ചു വെള്ളത്തിലിട്ടു 2 മണിക്കൂർ കുതിർത്തിയ ശേഷം അരക്കുക.
  • ഒരുപാടു വെള്ളം ചേർക്കണ്ട, ഇടത്തരം അയവു മതി. ഒരല്പം ഉപ്പു വേണമെങ്കിൽ  ചേർത്തി നന്നായി ഇളക്കണം.
  • പഞ്ചസാര അല്പം വെള്ളം ചേർത്തി  ഒരു രണ്ടു മിനിട്ടു തിളപ്പിക്കുക.  പാവാക്കണ്ട ആവശ്യമില്ല, പക്ഷെ സിറപ്പ് ആവണം.
  • എണ്ണ ഒരു പാനിൽ ചൂടാക്കാൻ വെക്കുക.  മിതമായി   ചൂടായാൽ കൈ വെള്ളത്തിൽ നനച്ചു   കുറേശ്ശേ മാവെടുത്തു ഓരോ ചെറിയ ഉരുളകളാക്കി  എണ്ണയിൽ ഇട്ടു  വറുക്കുക. വറുത്ത ഉരുളകൾ സിറുപ്പിൽ ഇട്ടു ഒരു പത്തുമിനിറ്റ് ഇട്ടുവെക്കുക. ഒന്നിളക്കി കൊടുക്കണം. സിറപ്പ് ഇളം ചൂടുണ്ടാവണം.
  •  സിറപ്പിൽ നിന്നും കോരിയെടുത്തു അല്പം പഞ്ചസാര മേലെ തൂവുക.
  • നല്ല സ്വാദുള്ള തേൻ മിട്ടായി റെഡി ആയി! 

2020, ഏപ്രിൽ 19, ഞായറാഴ്‌ച

Paal Payasam in pressure cooker




ആവശ്യമുള്ള സാധനങ്ങൾ:

  • പൊടിയരി  (മട്ട)                   : ഒരു പിടി 
  • പാൽ                                   : ഒരു ലിറ്റർ 
  • വെള്ളം                                : 1/2  കപ്പ് 
  • പഞ്ചസാര                            : 1 കപ്പ് 
  • ഏലക്ക പൊടി                     : ഒരു നുള്ള് 

ചെയ്യുന്ന വിധം :


  • അരി നന്നായി കഴുകി വെക്കുക.  അരിയും പാലും. വെള്ളവും, പഞ്ചസാരയും എല്ലാം കൂടി ഒരു വലിയ പ്രഷർ കുക്കറിൽ ഇട്ടു ഇളക്കിയ ശേഷം സ്റ്റവ് കത്തിച്ചു ചെറുതീയിൽ 30 മിനിട്ടു വെച്ച ശേഷം തീ ഓഫ് ചെയ്യുക. കുക്കർ ആറിയ ശേഷം തുറന്ന് ഇളക്കി ഏലക്ക പൊടി ചേർത്തി വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക. നല്ല പാൽ പായസം റെഡി!


2018, ജൂലൈ 23, തിങ്കളാഴ്‌ച

Unnakkaya

ഉന്നക്കായ 




ആവശ്യമുള്ള സാധനങ്ങൾ 


നേന്ത്രപ്പഴം                      : ഒരെണ്ണം വലുത് 
തേങ്ങ ചിരവിയത്           : 2 ടേബിൾസ്പൂൺ 
വെല്ലം പൊടിച്ചത്           : 2 ടേബിൾസ്പൂൺ 
അണ്ടിപരുപ്പ്                  : 6 എണ്ണം 
മുന്തിരിങ്ങ                       : 6 എണ്ണം 
അവിൽ                          : 2 ടീസ്പൂൺ 
ഏലക്കാപ്പൊടി               : 1/2 ടീസ്പൂൺ 
നെയ്യ്                            : 1 ടീസ്പൂൺ
എണ്ണ   വറുക്കാൻ ആവശ്യത്തിന് 


ചെയ്യുന്ന വിധം 


നേന്ത്രപ്പഴം മൂന്നായി മുറിച്ചു ആവിയിൽ വേവാൻ വെക്കുക.
അവിൽ കഴുകി വെക്കുക.  
ഒരു ഫ്രൈ പാനിൽ നെയ്യൊഴിച്ചു ചൂടാകുമ്പോൾ അണ്ടിപരുപ്പ് രണ്ടായി പൊട്ടിച്ചത്  ചേർത്തി ഒന്ന് വറുക്കുക.
ഇതിൽ മുന്തിരിങ്ങയും തേങ്ങയും ചേർത്തി ഇളക്കുക. ഒരു മിനിട്ടിനു ശേഷം വെല്ലപൊടിയും കഴുകി വെച്ച അവിലും ഏലക്കായ പൊടിയും ചേർത്തി ഇളക്കി അടുപ്പിൽ നിന്നും മാറ്റി വെക്കുക.
നേന്ത്രപ്പഴം വേവിച്ചത് നന്നായി ഉടക്കുക. അല്പം നെയ്യ് കൈയിൽ തടവി ഉടച്ച പഴം  കുഴച്ചുവെക്കുക.
ഇത് നാല് ഉരുളകളാക്കി വെക്കുക. ഓരോ ഉരുളയും കൈ കൊണ്ടു പരത്തി ഒരു സ്പൂൺ തേങ്ങാക്കൂട്ട് ഇതിൽ  വെച്ച്  അതു പതുക്കെ മൂടി അല്പം നീളത്തിൽ ഉരുട്ടി വെക്കുക.

 


ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഈ ഉരുളകൾ മെല്ലെ അതിൽ ഇട്ടു ബ്രൗൺ നിറത്തിൽ വറുത്തു കോരുക.




വറുത്ത ഉരുളകൾ അധികമുള്ള എണ്ണ വലിച്ചെടുക്കാനായി ഒരു പേപ്പർ ടവ്വലിൽ വെക്കുക. അല്പം ആറിയ ശേഷം കഴിക്കാൻ നന്നായിരിക്കും. 





  • വെല്ലത്തിനു പകരം പഞ്ചസാര ചേർത്തിയും ഇതു തയ്യാറാക്കാവുന്നതാണ് .



2016, ഏപ്രിൽ 10, ഞായറാഴ്‌ച

Nei payasam

 നെയ്‌ പായസം 

 നെയ്‌ പായസം സാധാരണ അമ്പലങ്ങളിലും മറ്റും നേദിച്ചു പ്രസാദമായി കിട്ടാറുണ്ട്. നല്ല മധുരമുണ്ടാവും. അതുകൊണ്ട് തന്നെ അധികം കഴിക്കാൻ പ്രയാസമാണ്.
നമ്മുടെ രുചിക്കനുസരിച്ച് മുധുരം കൂടുകയോ കുറയ്ക്കുകയോ ചെയ്യാം.




ആവശ്യമുള്ള സാധനങ്ങൾ :


പച്ചരി                              :1/2 കപ്പ്‌ 
വെല്ലം                              : 1/2 കിലോ 
നെയ്യ്                              : 1/4 കപ്പ്‌ 
അണ്ടിപരുപ്പ്                   : 10 എണ്ണം 


ചെയ്യുന്ന വിധം :


അരി ഒരു കപ്പ്‌ വെള്ളം ചേർത്തി പ്രഷർ കുക്കറിൽ മൂന്ന് വിസിൽ വരുന്നതുവരെ ഇടത്തരം തീയിൽ വേവിക്കുക.
രണ്ടായി മുറിഞ്ഞ പൊടിയരിയും  ഉപയോഗിക്കാം.
വെല്ലം അല്പം വെള്ളത്തിൽ ഉരുക്കാൻ അടുപ്പിൽ വെക്കുക. വെല്ലം അലിഞ്ഞാൽ അടുപ്പിൽ നിന്നും മാറ്റി  അരിച്ചെടുക്കുക.  അരിച്ചെടുത്ത വെല്ലം വേവിച്ച അരിയിലേക്കൊഴിക്കുക. 

 

നന്നായി ഇളക്കി ചെറിയ തീയിൽ വേവിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി ക്കൊടുക്കണം, കുറേശ്ശെ നെയ്യും ഒഴിച്ച് കൊടുക്കണം.  ഏലക്കാപ്പൊടി ചേർത്തി നന്നായി ഇളക്കണം.
പായസം കട്ടിയായി തുടങ്ങുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക. ഒരു ടേബിൾ സ്പൂൺ  നെയ്യിൽ അണ്ടിപരുപ്പ് പൊട്ടിച്ചിട്ട് ഇളം ബ്രൌൺ നിറം ആവുന്നതു വരെ വറുക്കുക.  നെയ്യോടുകൂടി പായസത്തിൽ ഒഴിക്കുക. ആറുമ്പോൾ ഒന്നുകൂടി കട്ടിയാവും.




Carrot burfi


കാരറ്റ് ബർഫി




ആവശ്യമുള്ള സാധനങ്ങൾ :


കാരറ്റ്                            : 3 എണ്ണം 
പാൽ പൊടി                  : 1/2 കപ്പ്‌ 
പഞ്ചസാര                      : 1/2 കപ്പ്‌ 
നെയ്യ്                             : 2 ടേബിൾസ്പൂൺ 
ബദാം                            : 10 എണ്ണം 
ഏലക്കപൊടി                : 1/4 ടീസ്പൂൺ


ചെയ്യുന്ന വിധം 


കാരറ്റ് കഴുകി  ചീകി വെക്കുക.
ഒരു നോൺ സ്റ്റിക്  പാനിൽ നെയ്യൊഴിച്ച് ചൂടാക്കി ചീകിയ കാരറ്റ് ചേർത്തി ഒരു എട്ടോ പത്തോ മിനിട്ടു നേരം ഇടത്തരം തീയിൽ വഴറ്റുക. 
ഇനി പാൽ പൊടി ചേർത്തി നന്നായി ഇളക്കുക. 




ഒരു മിനിട്ടിനു ശേഷം പഞ്ചസാരയും എലാക്കാപ്പൊടിയും  ചേർത്തി നന്നായി ഇളക്കണം. ചെറിയ തീയിൽ പാത്രത്തിൽ നിന്നു വിട്ടു വരുന്നതു വരെ ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കണം.



ഒരു പരന്ന പാത്രത്തിൽ അല്പം നെയ്യ്‌ തടവി ഈ മിശ്രിതം അതിൽ ഒപ്പം പരത്തുക. ബദാം നീളത്തിൽ അരിഞ്ഞതും മേലെ തൂകി അമർത്തുക.



 അൽപ നേരം കഴിഞ്ഞു തണുത്തു തുടങ്ങുമ്പോൾ ഒരു കത്തി കൊണ്ട് ചതുര കഷ്ണങ്ങളായി മുറിച്ചെടുക്കുക.
ഞാൻ ഒരു പരന്ന പാത്രത്തിൽ aluminium foil വെച്ച് അതിൽ നെയ്യു തടവി അതിലാണ് കാരറ്റ് മിശ്രിതം പരത്തിയത്. ആറിയ ശേഷം മുറിച്ചു ഒരു കിണ്ണത്തിലേക്കു കമഴ്ത്തി എടുത്തു.





 ആറിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.


2016, മാർച്ച് 11, വെള്ളിയാഴ്‌ച

Paruppu pradhaman


പരുപ്പു പ്രഥമൻ






ആവശ്യമുള്ള സാധനങ്ങൾ :


ചെറുപയർ പരുപ്പ്                      :  1 കപ്പ്‌ 
വെല്ലം                                       : 1/2 കിലോ 
അരിപ്പൊടി                               : 2 ടേബിൾസ്പൂൺ 
തേങ്ങാപാൽ (ഒന്നാംപാൽ)       : 1 കപ്പ്‌ 
രണ്ടാംപാൽ                              : 3 കുപ്പ് 
ചുക്കുപ്പൊടി                               : 1/4 ടീസ്പൂൺ 
തേങ്ങകഷ്ണം                              : 1 ടേബിൾസ്പൂൺ
നെയ്യ്                                       : 1 ടേബിൾസ്പൂൺ

ചെയ്യുന്ന വിധം :


ചെറുപരുപ്പ്  പ്രഷർ കുക്കറിൽ അല്പം വെള്ളം ചേർത്തി നന്നായി വേവിക്കുക.
തേങ്ങ ചെറിയ പല്ല് പോലെ അരിഞ്ഞു വെക്കുക.
ഒരു അടി കട്ടിയുള്ള പരന്ന പാത്രത്തിൽ വെല്ലം ഒരു കപ്പ് വെള്ളം ചേർത്തി അടുപ്പിൽ വെച്ചു തിളപ്പിക്കുക. വെല്ലം ഉരുകിയാൽ അടുപ്പിൽ നിന്നും മാറ്റി അരിച്ചെടുക്കുക.  അരിച്ചെടുത്ത ശേഷം വീണ്ടും അടുപ്പിൽ വെച്ച് , വെന്ത ചെറുപരുപ്പ്  ഒന്നുടച്ച ശേഷം ഇതിൽ ചേർത്തുക. നന്നായി തിളച്ച ശേഷം തേങ്ങാപ്പാലിൽ  (രണ്ടാം പാൽ ) അരിപ്പൊടി ചേർത്തി കലക്കിയ ശേഷം ഇതിൽ ഒഴിക്കുക. തീ കുറച്ച് അൽപ സമയം തിളപ്പിക്കുക. ഇടത്തരം അയവോടെയയിരിക്കണം. ഇതിൽ ചുക്കുപ്പൊടിയും ചേർത്തുക.
ഇനി ഇതിൽ ഒന്നാം പാൽ ചേർക്കാം, നന്നായി ഇളക്കുക, തിളപ്പിക്കരുത്  അതിനു മുമ്പേ സ്റ്റൗവിൽ നിന്നും ഇറക്കിവെക്കുക. 
ഒരു ചെറിയ പാത്രത്തിൽ നെയ്‌ ചൂടാക്കി അരിഞ്ഞു വെച്ച തേങ്ങകഷ്ണങ്ങൾ ചേർത്തി ഇളം ബ്രൌൺ നിറത്തിൽ വറുത്തു കോരി പായസത്തിലേക്ക്  ഒഴിക്കുക.  
സ്വാദുള്ള പരുപ്പു പ്രഥമൻ റെഡി!!

2015, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

Diamond cuts





ആവശ്യമുള്ള സാധനങ്ങൾ:

മൈദ                          : 2 കപ്പ്‌ 
എണ്ണ   വറുക്കാൻ ആവശ്യത്തിന് 
ഉപ്പു്    ഒരു നുള്ള് 
പഞ്ചസാര പൊടിച്ചത്   : 2 ടേബിൾസ്പൂണ്‍ 


പഞ്ചസാര പാനിക്കു വേണ്ടത് 

പഞ്ചസാര                : 1 കപ്പ്‌ 
വെള്ളം                    : 4 ടീസ്പൂണ്‍ 
ഏലക്കാപ്പൊടി        : 1/4 ടീസ്പൂണ്‍

ചെയ്യുന്ന വിധം :


മൈദ  ഒരു നുള്ളു ഉപ്പും ചേർത്തി  ആവശ്യത്തിനു വെള്ളം കുറേശ്ശെ ഒഴിച്ച് നനന്നായി കുഴച്ച്  ഒരു നനഞ്ഞ തുണി കൊണ്ട് മൂടിവെക്കുക. ഒരു പത്തു മിനിട്ടു മൂടി വെക്കണം.
ഇതിൽ നിന്ന് ഓരോ നാരങ്ങ വലുപ്പത്തിൽ ഉരുളകളാക്കി എടുത്തു ചപ്പാത്തി പരത്തുന്ന പോലെ പരത്തുക .
ഒരു കത്തി കൊണ്ട് നെടുകെയും കുറുകെയും ഒരേ വലുപ്പത്തിൽ വരയുക. 

ഒരു ചീനച്ചട്ടിയിൽ വറുക്കാൻ ആവശ്യത്തിനുള്ള  എണ്ണ  ചൂടാക്കി ഈ കഷ്ണങ്ങൾ വറുത്തു കോരി വെക്കുക.

ഒരു പാനിൽ പഞ്ചാരയും അല്പം വെള്ളവും ഒഴിച്ചു തിളപ്പിച്ചു ഒരു നൂൽ പരുവമാവുമ്പോൾ എലക്കപ്പൊടി ചേർത്തി
തീ കെടുത്തി വറുത്തു വെച്ച മൈദ കഷ്ണങ്ങൾ ചേർത്തി നന്നായി ഇളക്കുക. മേലെ പഞ്ചസാരപ്പൊടി തൂവി  വെക്കുക. 

പഞ്ചസാര പാനി ഉണ്ടാക്കാതെയും ഇതുണ്ടാക്കം.  പഞ്ചസാര പൊടിച്ചു വെച്ച് വറുത്ത കഷ്ണങ്ങൾക്കു മേലെ ചൂടോടെ തന്നെ തൂവി ഇളക്കി വെക്കാം. ഇങ്ങിനെ ചെയ്യുമ്പോൾ മാവു കുഴക്കുമ്പോൾ തന്നെ അല്പം നെയ്യും പഞ്ചസാര പൊടിച്ചതും ചേർത്തി കുഴച്ചാൽ ഒന്ന് കൂടി നന്നായിരിക്കും!



2015, ജൂൺ 9, ചൊവ്വാഴ്ച

Semiya Halwa

സേമിയ ഹൽവ 




സേമിയ                   : 1 കപ്പ്‌ 
പഞ്ചസാര               : 3/4 കപ്പ്‌ 
നെയ്യ്                      : 2 ടേബിൾസ്പൂണ്‍ 
അണ്ടിപരുപ്പ്           : 10 എണ്ണം 
ഏലക്കായ              : 4 എണ്ണം 


ചെയ്യുന്ന വിധം

ഒരു പാൻ ചൂടാക്കി സേമിയ അതിലിട്ടു  ഇളം ബ്രൌണ്‍ നിറം വരുന്നതു വരെ വറുത്തു  വെക്കുക.




 നെയ്യ്  ചൂടാക്കി അണ്ടിപരുപ്പു  വറുക്കുക. വറുത്ത അണ്ടിപരുപ്പു നെയ്യിൽ നിന്നും മാറ്റിയ ശേഷം അതിൽ 3 കപ്പ്‌ വെള്ളം ഒഴിച്ചു തിളക്കുമ്പോൾ വറുത്ത സേമിയ ചേർത്തി വേവിക്കുക. വെന്ത ശേഷം പഞ്ചസാര ചേർത്തി നന്നായി ഇളക്കുക.




പഞ്ചസാര അലിഞ്ഞ ശേഷം ചെറിയ തീയിൽ രണ്ടു  മിനിട്ട് ഇളക്കിയ ശേഷം തീയിൽ നിന്നും മാറ്റുക.
നല്ല നിറം വേണമെങ്കിൽ രണ്ടു തുള്ളി കളർ ചേർത്താം.
വറുത്ത അണ്ടിപരുപ്പു കൊണ്ടലങ്കരിക്കുക. സേമിയ ഹൽവ  റെഡി!!


 

2015, ജനുവരി 19, തിങ്കളാഴ്‌ച

Gulab jamoon



ഗുലാബ് ജാമൂണ്‍




ഗുലാബ് ജാമൂണ്‍ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഗിറ്റ്സ്  റെഡി മെയിഡ് പാക്കറ്റ് പൊടി  വാങ്ങിയാണ് ഞാൻ ഉണ്ടാക്കിയത്. 
അല്ലാതെ ഖോയയും മൈദയും ബേകിങ്ങ് സോഡയും ചേർത്തിയും  ജാമൂണ്‍  ഉണ്ടാക്കാവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങൾ :


ഗുലാബ് ജാമൂണ്‍ മിക്സ്‌                    : 200 ഗ്രാം 
പഞ്ചസാര                                    : 3/4 കിലോ
പാല്                                           : കുറച്ച് 
ഏലക്ക                                       :10 എണ്ണം
എണ്ണ വറുക്കാൻ ആവശ്യത്തിന്



ചെയ്യുന്ന വിധം :



ഒരു പാനിൽ പഞ്ചസാരയും അല്പം വെള്ളവും ഒഴിച്ചു തിളപ്പിക്കുക. ഇതിൽ ഏലക്കായ പൊടിച്ചതും ചേർക്കുക. അഞ്ചു മിനിട്ട് തിളപ്പിച്ച ശേഷം സ്റ്റവ് ഓഫ്‌ ചെയ്തു വെക്കുക. 
ഗുലാബ് ജമൂണ്‍ മിക്സിൽ പാല് കുറേശ്ശെ ചേർത്തു മൃദുവായി കുഴച്ചു വെക്കുക. ഒരിഞ്ചു നീളത്തിൽ ചെറുതായി ഉരുളകളാക്കി വെക്കുക.




ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി നാലഞ്ചു ഉളുകൾ ഇട്ടു ഇളം ബ്രൌണ്‍ നിറത്തിൽ വറുത്തു കോരുക. ഇങ്ങിനെ മാവ് മുഴുവൻ ഉരുളകളാക്കി  വറുത്തു വെക്കുക.


വറുത്തു വെച്ച ഉരുളകൾ ഇളം ചൂടുള്ള പഞ്ചസാര പാനിയിൽ ഇട്ടു വെക്കുക.
ഒരു മണിക്കൂർ കഴിഞ്ഞാൽ ഉപയോഗിക്കാം. കൂടുതൽ സമയം പഞ്ചസാര ലായിനിയിൽ ഇട്ടു വെച്ചാൽ ഒന്നുകൂടി നന്നായിരിക്കും.
തണുപ്പിച്ചോ ചൂടോടെയോ കഴിക്കാം.


2015, ജനുവരി 4, ഞായറാഴ്‌ച

Koova payasam

കൂവ പായസം


ഇന്ന് തിരുവാതിരയാണ്.... തിരുവാതിര ദിവസം രാവിലെ ഇഡ്ഡലി ദോശ മുതലായ അരികൊണ്ടുള്ള വിഭവങ്ങൾ കഴിക്കാറില്ല. രാവിലെ കൂവ വിരകിയതും പപ്പടവും ആണ് കഴിക്കാറുള്ളത്.
കൂവ ഒരുതരം കിഴങ്ങാണ്‌. ഇത് ഡിസംബർ മാസത്തിൽ കിളച്ച് അരച്ച് കോറയും മറ്റും ചെയുന്ന പോലെ അരിച്ചു ഉണക്കിയാണ് പൊടിയുണ്ടാക്കുന്നത്. ഈ പൊടി കൊണ്ടാണ് തിരുവാതിര ദിവസം രാവിലെ പായസം ഉണ്ടാക്കുന്നത്.





ആവശ്യമുള്ള സാധനങ്ങൾ 

കൂവപ്പൊടി               : 4 ടേബിൾസ്പൂണ്‍ 
വെല്ലം                          : 6 അച്ച് 
തേങ്ങ ചിരവിയത് : 1 കപ്പ്‌ 
പൂവൻ പഴം             : 2 എണ്ണം  
വെള്ളം                        : 6 ഗ്ലാസ്‌

ചെയ്യുന്ന വിധം   

 

പഴം ചെറിയ ഘനമില്ലാത്ത ഒരു പാനിൽ വെള്ളം എടുത്ത് കൂവപ്പൊടിയും  വെല്ലവും തേങ്ങ ചിരവിയതും ചേർത്തി അടുപ്പത്തു വെച്ചു തിളപ്പിക്കുക.



ഇളക്കി കൊണ്ടിരിക്കണം അല്ലെങ്കിൽ ഒരുപോലെ വേവില്ല. കൂവ വേവുമ്പോൾ വെള്ള നിറം പോവും. കുറുകുകയും ചെയ്യും. പാകത്തിനു കുറുകുമ്പോൾ തീ കെടുത്തി വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക.  പപ്പടം കാച്ചിയതും കൂട്ടി കഴിക്കാൻ നന്നായിരിക്കും.
വെല്ലം മധുരത്തിനനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.


    

2014, ഡിസംബർ 10, ബുധനാഴ്‌ച

Maladu/pottukkadala urunda

മാലാഡു



മാലാഡു  അഥവാ പൊട്ടുക്കടല ഉരുണ്ട ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. പാവു കാച്ചുന്ന പണിയൊന്നും ഇല്ല. തിന്നാൻ സ്വാദും ഉണ്ടാവും. ഏകദേശം ബേസൻ ലഡ്ഡു (കടലമാവു കൊണ്ടുണ്ടാക്കുന്ന ഒരു ലഡ്ഡു) പോലെയുണ്ടാവും.



ആവശ്യമുള്ള സാധനങ്ങൾ

പൊട്ടുക്കടല                     : 1കപ്പ്‌
പഞ്ചസാര                          : 1 കപ്പ്‌
എലക്കപ്പൊടി                  : 1/4 ടീസ്പൂണ്‍
നെയ്യ്                                    : 1 കപ്പ്‌
വറുത്ത അണ്ടിപരുപ്പ്  : 5-6

ചെയ്യുന്ന വിധം

പൊട്ടുക്കടലയും പഞ്ചസാരയും കൂടി പൊടിക്കുക.
കട്ടകളുണ്ടെന്നു തോന്നുന്നെങ്കിൽ ഒന്നു ചലിച്ചെടുക്കാം. ഇതിൽ എലക്കപ്പൊടിയും വറുത്ത അണ്ടിപരുപ്പും കലർത്തി ഒരു പരന്ന പാത്രത്തിലോ കിണ്ണത്തിലോ വെക്കുക.



 നെയ്യ് ഒന്നു ചൂടാക്കി കുറച്ചു പൊടിയിൽ കുറേശ്ശെ നെയ്യൊഴിച്ച് ഉരുണ്ട പിടിക്കുക. നെയ്യ് പാകത്തിനൊഴിക്കണം, കുറഞ്ഞാൽ പെട്ടെന്നു പൊടിഞ്ഞു പോകും, കൂടിപ്പോയാലും നന്നായിരിക്കില്ല. ബാക്കി പൊടിയും ഇതുപോലെ ലഡ്ഡു ഉണ്ടാക്കി വെക്കുക. ആറിയ ശേഷം ഒരു ടിന്നിൽ സൂക്ഷിക്കാം.



2014, ഡിസംബർ 1, തിങ്കളാഴ്‌ച

Madhura seva

മധുര സേവ



മധുര സേവ ഒരു നാലുമണി പലഹാരമാണ്. ഉണ്ടാക്കാൻ എളുപ്പവുമാണ്.



ആവശ്യമുള്ള സാധനങ്ങൾ

കടലമാവ്          : 1/2 കപ്പ്‌ 
അരിപ്പൊടി       : 1/2 കപ്പ്‌ 
 പഞ്ചസാര         : 1/2 കപ്പ്‌
എണ്ണ  വറുക്കാൻ ആവശ്യത്തിന് 


ചെയ്യുന്ന വിധം


കടലമാവും അരിപ്പൊടിയും അല്പം വെള്ളം ചേർത്തി നൂൽപുട്ടിനു (ഇടിയപ്പം)കുഴക്കുന്നതുപോലെ അല്പം കട്ടിയായി കുഴക്കുക.
എണ്ണ ചീനച്ചട്ടിയിൽ ചൂടാവാൻ വെക്കുക.  സേവനാഴിയിൽ സേവക്കു ഉപയോഗിക്കുന്ന ചില്ലിനേക്കാൾ വലിയ തുളയുള്ള ചില്ലുണ്ട്. അതുപയോഗിച്ചു സേവ പിഴിയുന്നത് പോലെ ചൂടായ എണ്ണയിലേക്കു പിഴിയുക.  ഇളം ബ്രൌണ്‍ നിറം വന്നാൽ വറുത്തു കോരുക.
കുറേശ്ശെയായി, പല പ്രാവശ്യമായി   ഇങ്ങിനെ മാവു മുഴുവൻ വറുത്തു വെക്കണം.
ഒരു പാനിൽ പഞ്ചസാരയും അല്പം വെള്ളവും (വളരെ കുറച്ചു മതി) ചൂടാക്കാൻ വെക്കുക. പഞ്ചസാര ഉരുകി നൂൽ പരുവമാകുമ്പോൾ ഇറക്കി വെച്ച് വറുത്തു വെച്ച മധുരസേവ പൊട്ടിച്ചിട്ട് ഇളക്കുക. പാവ് എല്ലായിടത്തും ഒരുപോലെ പിടിക്കണം. ഒട്ടലുണ്ടെങ്കിൽ അല്പം പഞ്ചസാര തൂവുക.
നന്നായി ആറിയാൽ വായു കടക്കാത്ത ടിന്നിൽ സൂക്ഷിച്ചു വെക്കാവുന്നതാണ്.




2014, നവംബർ 23, ഞായറാഴ്‌ച

Seven cups cake

സെവൻ കപ്പ്‌ കേക്ക്





പേരു പോലെ തന്നെ ഏഴു കപ്പ്‌ സാധനങ്ങൾ കൊണ്ടാണിതുണ്ടാക്കുന്നത്.
ഉണ്ടാക്കുവാൻ വളരെ എളുപ്പവുമാണ്. കഴിക്കാനും നല്ല സ്വാദുണ്ടാവും.

ആവശ്യമുള്ള സാധനങ്ങൾ 

കടലമാവ്                    : 1 കപ്പ്‌
നെയ്യ്                              : 1 കപ്പ്‌
പഞ്ചസാര                   : 3 കപ്പ്‌
തേങ്ങ ചിരവിയത്  : 1 കപ്പ്‌
പാൽ                              : 1 കപ്പ്‌



ചെയ്യുന്ന വിധം

ഒരു  പരന്ന കിണ്ണത്തിൽ അല്ലെങ്കിൽ ട്രേയിൽ   നെയ്യു  തടവി വെക്കുക
ഒരു പാൻ  ചൂടാക്കി കടലമാവിട്ട് ഇളക്കി വറുത്ത മണം വരുന്നതു  വരെ വറുക്കുക.

തീയിൽ  നിന്നും മാറ്റി തേങ്ങ ചിരവിയതും പഞ്ചസാരയും പാലും ചേർത്തി  ഇളക്കുക, എന്നിട്ട് നെയ്യൊഴിക്കുക.

 വീണ്ടും അടുപ്പിൽ വെച്ച് നന്നായി ഇളക്കിക്കൊണ്ടിരിക്കുക. പതഞ്ഞു വരാൻ തുടങ്ങി പാത്രത്തിൽ നിന്നും ഒട്ടാതെ വരുന്ന പരുവത്തിൽ നെയ്യു തടവിയ ട്രേയിലേക്കു   ഒഴിക്കുക.









ഒരു പരന്ന സ്പൂണ്‍ കൊണ്ട് ഒപ്പം നിരത്തുക.
കുറച്ചു സമയം തണുക്കാൻ അനുവദിക്കുക. എന്നിട്ട് ചതുരത്തിൽ മുറിക്കുക.
നന്നായി തണുത്ത ശേഷം വായു കടക്കാത്ത ടിന്നിൽ സൂക്ഷിച്ചു വെക്കാം. 

2014, നവംബർ 16, ഞായറാഴ്‌ച

Chakka pradhaman

ചക്ക പ്രഥമൻ




ചക്ക പ്രഥമൻ ചക്കച്ചുള കൊണ്ടും ചക്ക വരട്ടിയതു കൊണ്ടും  ഉണ്ടാക്കാവുന്നതാണ്. ചക്കയുടെ കാലം കഴിയുമ്പോൾ വരട്ടിവെച്ച ചക്ക കൊണ്ടുണ്ടാക്കാം.  ചക്ക ഒന്നിച്ചു പഴുക്കുമ്പോൾ വരട്ടി വെച്ചാൽ ഒരു കൊല്ലത്തോളം കേടുകൂടാതെയിരിക്കും. ഈ വരട്ടിവെച്ച ചക്ക കൊണ്ട് പായസം, അട എന്നിവ ഉണ്ടാക്കാം.

ആവശ്യമുള്ള  സാധനങ്ങൾ

ചക്കച്ചുള          : 20-30
വെല്ലം                : 1/2 കിലോ
നെയ്യ്                  : 1/2 കപ്പ്‌
തേങ്ങാപാൽ     }
ഒന്നാം പാൽ      } 1 കപ്പ്‌    
രണ്ടാംപാൽ      }2 കപ്പ്‌                           
തേങ്ങാകൊത്ത്‌ : 2 ടേബിൾസ്പൂണ്‍
ചുക്കുപ്പൊടി     : 1/4 ടീസ്പൂണ്‍
ഏലക്കാപ്പൊടി : 1/4 ടീസ്പൂണ്‍

ചെയ്യുന്ന വിധം

ചക്കച്ചുള പ്രഷർ കുക്കറിൽ അല്പം വെള്ളം ഒഴിച്ചു വേവിക്കുക. ആറിയ ശേഷം ഒരു കയിൽ കൊണ്ടു നന്നായി ഉടക്കുക. മിക്സിയിൽ ഒന്നടിച്ചാലും മതി.
വെല്ലം ഒരു ഉരുളിയിൽ അല്പം വെള്ളം ചേർത്ത് ഉരുക്കുക. ഉരുക്കിയ വെല്ലം അരിച്ചെടുക്കണം, അല്ലെങ്കിൽ കല്ലോ പൊടിയോ ഉണ്ടാവും.
അരിച്ചുവെച്ച വെല്ലത്തിൽ ഉടച്ചുവെച്ച ചക്ക ചേർത്തി നന്നായി യോജിപ്പിക്കുക. ഇനി വീണ്ടും അടുപ്പത്തു വെച്ച് നന്നായി തിളപ്പിക്കണം. കുറുകി വരുമ്പോൾ നെയ്യ് ചേർത്തി നന്നായി ഇളക്കണം. ഉരുളിയിൽ ഒട്ടാത്ത പരുവത്തിൽ അടുപ്പിൽ നിന്നും മാറിയാൽ ചക്ക വരട്ടിയതു തയാറായി.

തേങ്ങാപാൽ 
രണ്ടു തേങ്ങയിൽ ഉടച്ചു ചിരകി അല്പം ചെറുചൂടു വെള്ളം ഒഴിച്ച് പിഴിഞ്ഞെടുത്താൽ ഒന്നാം പാലായി.  അതേ തേങ്ങ ഒരു കപ്പ്‌ വെള്ളം ചേർത്തി ഒന്നു മിക്സിയിൽ അടിച്ച് അരിച്ചെടുത്താൽ രണ്ടാം പാലും റെഡി!
ഇല്ലെങ്കിൽ തേങ്ങാപാൽ ടിന്നിൽ വാങ്ങാൻ കിട്ടും. 400മില്ലി ടിന്നു വാങ്ങി പകുതി എടുത്ത് വെള്ളം ചേർത്തിയാൽ രണ്ടാം പാലും ബാക്കി ഒന്നാം പാലും ആയി ഉപയോഗിക്കാം.
ഇതുമല്ലെങ്കിൽ പൊടിയായും (coconut milk powder) വാങ്ങാൻ കിട്ടും.25 ഗ്രാം പൊടിയിൽ 100 മില്ലി ചെരുചൂടുവെള്ളം ചേർത്താൽ ഒന്നാം പാലായി. 200 മില്ലി വെള്ളം ചേർത്താൽ രണ്ടാം പാലായി.
പക്ഷെ തേങ്ങയിൽ നിന്നും ചിരകി അപ്പൊതന്നെ പാലെടുത്ത് ഉപയോഗിക്കുന്നതു പോലെ സ്വാദ് മറ്റൊന്നിനും വരില്ല.

വരട്ടി വെച്ച ചക്ക ഉപയോഗിച്ചു പായസം വെക്കുമ്പോൾ അല്പം കൂടി മധുരം വേണ്ടി വന്നേക്കും. അതുകൊണ്ട് ഒരു കാൽ കിലോ വെല്ലം കൂടി (മധുരം കുറവ് മതി എന്നുള്ളവർ  അതനുസരിച്ച് ചേർത്താൽ മതി) ചേർക്കണം.

  ഒരു ഉരുളിയിൽ അല്ലെങ്കിൽ അടി കട്ടിയുള്ള ഏതെങ്കിലും പരന്ന പാത്രത്തിൽ വെല്ലം   ഇട്ടു [അല്പം വെള്ളം ചേർത്ത് വെല്ലം ഉരുകുമ്പോൾ അരിച്ചെടുത്ത് വീണ്ടും ഉരുളിയിലേക്ക് ഒഴിച്ച്, ചക്ക വരട്ടിയതും ചേർത്തി നന്നായി ഇളക്കി അടുപ്പിൽ വെച്ച് തിളപ്പിക്കുക. ചില ചക്കകളിൽ നാരുണ്ടാവും. കലക്കുമ്പോൾ തടയുകയാണെങ്കിൽ എടുത്തു മാറ്റണം, അല്ലെങ്കിൽ പായസത്തിൽ നാരു പോലെ കിടക്കും.
നന്നായി തിളക്കുമ്പോൾ രണ്ടാം പാൽ  ചേർക്കുക.

 എന്നിട്ടു കുറച്ചു കൂടി തിളച്ച ശേഷം (കൊഴുപ്പ് കൂടുതലായാൽ അല്പം പാൽ ചേർക്കാം) വല്ലാതെ വെള്ളം കൂടിയാൽ ഒരു സ്പൂണ്‍ അരിപ്പൊടി അല്പം പാലിൽ കലർത്തി ചേർക്കാം. ഒരു ഇടത്തരം അയവാണ് നല്ലത്. ആറുമ്പോൾ ഒന്നുകൂടി കൊഴുക്കും.

ഇനി അവസാനമായി ഒന്നാം പാൽ ചേർക്കുക. ചേർത്തിയാൽ തിളക്കാനനുവദിക്കരുത്, അതിനു മുമ്പേ വാങ്ങി വെക്കാം.
ഇനി അല്പം നെയ്യിൽ തേങ്ങ അരിഞ്ഞുവെച്ചതിട്ടു ബ്രൌണ്‍ നിറത്തിൽ  വറക്കുക. ഇത് നെയ്യോടുകൂടി പായസത്തിലേക്ക് ഒഴിക്കുക. ഒന്നാറിയാൽ കഴിക്കാൻ നല്ല സ്വാദുണ്ടാവും.
ചക്ക വരട്ടിവെച്ചതുണ്ടെങ്കിൽ പെട്ടെന്നുണ്ടാക്കാം!!