മസാല ദോശ
ആവശ്യമുള്ള സാധനങ്ങൾ :
പുഴുങ്ങലരി : 2 കപ്പ്
പച്ചരി : 1 കപ്പ്
ഉഴുന്ന് : 1/4 കപ്പ്
ഉലുവ : 2 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
നെയ്യ് : 3 ടേബിൾസ്പൂൺ
മസാലക്കു വേണ്ടത് :
ഉരുളക്കിഴങ്ങു് : 2 വലുത്
വലിയ ഉള്ളി : 1 വലുത്
പച്ചമുളക് : 2 എണ്ണം
ഇഞ്ചി : ഒരു ചെറിയ കഷ്ണം
ഉപ്പ് ആവശ്യത്തിന്
എണ്ണ : ഒരു ടേബിൾസ്പൂൺ
കറിവേപ്പില : ഒരു തണ്ട്
മല്ലിയില അരിഞ്ഞത് : ഒരു ടേബിൾസ്പൂൺ
ചെയ്യുന്ന വിധം:
ഉഴുന്നും ഉലുവയും കൂടി ഒന്നിച്ചു വെള്ളത്തിലിടുക. പച്ചരിയും പുഴുങ്ങലരിയും കൂടി ഒന്നിച്ചു വെള്ളത്തിലിടുക. ഒരു മൂന്നു മണിക്കൂർ കഴിഞ്ഞാൽ ഉഴുന്നും അതിനു ശേഷം അരിയും അരച്ച ശേഷം ഒന്നിച്ചു കലക്കി ഉപ്പും ചേർത്തി നന്നായി കലക്കി ആറു മണിക്കൂറെങ്കിലും പുളിക്കൻ വെക്കുക. തലേന്നു വൈകുന്നേരം അരച്ചു വെച്ചു രാവിലെ നന്നായി കലക്കിയ ശേഷം ദോശ ചുടാവുന്നതാണ്.
ഉരുളക്കിഴങ്ങു് പ്രഷർ കുക്കറിൽ അല്പം വെള്ളം ചേർത്തി വേവിക്കുക. മൂന്നു വിസിൽ വന്നാൽ തീ കെടുത്തി കുക്കർ ആറിയ ശേഷം തുറന്നു ഉരുളക്കിഴങ്ങിന്റെ തോലു കളഞ്ഞു വെക്കുക.
ഉള്ളിയും പച്ചമുളകും ഇഞ്ചിയും ഇടത്തരം കഷ്ണങ്ങളായി അരിഞ്ഞു വെക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ഉള്ളിയും പച്ചമുളകും ഇഞ്ചിയും ഒന്നു വഴറ്റിയ ശേഷം വേവിച്ച ഉരുളകിഴങ്ങു പൊടിച്ചിട്ട് അല്പം വെള്ളവും ഉപ്പും മഞ്ഞപ്പൊടിയും ചേർത്തി വേവിക്കുക. വെന്തു വെള്ളം വറ്റിയ ശേഷം വാങ്ങി വെച്ച് കറിവേപ്പിലയും മല്ലിയിലയും ചേർത്തി വെക്കുക.
ദോശ തവ ചൂടാക്കി ഒരു തവി മാവെടുത്തു നടുവിൽ ഒഴിച്ച് ഒപ്പം വട്ടത്തിൽ പരത്തി ഒരു ടീസ്പൂൺ നെയ്യൊഴിച് (ഇടത്തരം തീയിൽ) ഒന്നു വെന്ത ശേഷം രണ്ടു ടേബിൾസ്പൂൺ മസാലയെടുത്തു ഒരു ഭാഗത്തു പരത്തി വെച്ച ശേഷം ബാക്കി ഭാഗം ഒപ്പം മടക്കി ഇളം ബ്രൗൺ നിറം വന്നാൽ മെല്ലെ ദോശക്കല്ലിൽ നിന്നും എടുത്തു മാറ്റുക.
ഇതുപോലെ ബാക്കി മാവുകൊണ്ടും ദോശയുണ്ടാക്കി ചൂടോടെ വിളമ്പാം.
മസാല ദോശ റെഡിയായി! നല്ല തേങ്ങാ ചട്ണിയും കൂട്ടി ചൂടോടെ കഴിക്കാൻ സ്വാദുണ്ടാവും.