കൈപ്പതിലായ് പുളി
കൈപ്പതിലായ് ചീര നാട്ടിൻപുറങ്ങളിൽ കുളത്തിന്റെ ഓരത്തും, പറമ്പിലും മറ്റുമാണ് സാധാരണ കാണുന്നത് . എന്റെ മുത്തശ്ശി ഉള്ള കാലത്ത് കർക്കിടക മാസത്തിൽ പത്തു ദിവസം ചീര കഴിക്കുക പതിവാണ്. ഈ ചീര പൊതുവെ ചൂടാണ് എന്നാണ് പറയുന്നത്. അതുകൊണ്ടാണെന്നു തോന്നുന്നു മഴക്കാലത്ത് ഈ ചീര കഴിക്കുന്നത്. വളരെ ചെറിയ ഇലകളുള്ള പടർന്നു കിടക്കുന്ന ചെറിയ ചെടിയാണ് ഈ ചീര. ഇതിൽ ചെറിയ വെളുത്ത പൂക്കളുണ്ടാവും. പൂക്കളുണ്ടാവുന്നതിനു മുമ്പ് തന്നെ ഈ ചീര പറിക്കാറുണ്ട് .
ആവശ്യമുള്ള സാധനങ്ങൾ
കൈപ്പതിലായ് ചീര : ഒരു പിടി
പുളി : ഒരു നാരങ്ങ വലുപ്പം
മുളകു പൊടി : 1 ടീ സ്പൂണ്‍
മല്ലി പൊടി : 2 ടീ സ്പൂണ്‍
ഉലുവ : കുറച്ച്
തേങ്ങ : 1 കപ്പ്
ഉപ്പ് : ആവശ്യത്തിന്
കടുക് : അര ടീ സ്പൂണ്‍
ചെറിയ ഉള്ളി : 10 എണ്ണം
കറി വേപ്പില : ഒരു കൊത്ത്
ചെയ്യുന്ന വിധം
കൈപ്പതിലായ് ചീര നല്ല പോലെ കഴുകി വെള്ളം വാലാൻ വെക്കുക .
പുളി അര മണികൂർ ഒരു കപ്പ് വെള്ളത്തിലിട്ടു വെക്കുക .
ഒരു ചീന ചട്ടിയിൽ എണ്ണയില്ലാതെ ഉളലുവയിട്ടു നിറം മാറുമ്പോൾ തീ കുറച്ച ശേഷം മുളകു പൊടിയും മല്ലിപൊടിയും ചേർത്ത് നല്ല പോലെ ഇളക്കുക. പച്ച മണം മാറുമ്പോൾ കൈപ്പതിലായ് ചീര ചേർത്ത് നന്നായി ഇളക്കി തീയിൽ നിന്നും മാറ്റി വക്കുക .
ഈ വറുത്ത മസാല 6 ചെറിയ ഉള്ളി ചേർത്ത് നന്നായി അരക്കുക.
തേങ്ങ തനിയെ നന്നായി അരച്ചുവെക്കുക.
പുളി നന്നായി പിഴിഞ്ഞെടുത്ത് അതിൽ ഈ അരച്ച മസാലയും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക.
അതിൽ അരച്ച തേങ്ങയും ചേർത്ത് വീണ്ടും ഒന്നു കൂടി തിളപ്പിച്ച ശേഷം വാങ്ങി വെക്കുക. കറി വേപ്പില ചേർക്കുക.
ഒരു ചീനച്ചട്ടിയിൽ ഒരു ടേബിൾ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിൽ കടുകിട്ട് പൊട്ടിയ ശേഷം ചെറുതായരിഞ്ഞ ഉള്ളി ചേർത്ത് നിറം മാറുന്നത് വരെ വതക്കി ഈ കൂട്ടാനിൽ ഒഴിക്കുക.
ഈ പുളി കുറച്ചു കുറുകിയിരിക്കണം. അതനുസരിച്ച് വെള്ളം ചേർത്താൽ മതി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ