പുളിങ്കറി
പുളിങ്കറി
തേങ്ങ ചേർത്തും ചേർക്കാതെയും ഉണ്ടാക്കാം. മത്തൻ, ചിനഞ്ഞ പപ്പായ മുതലായ
പച്ചക്കറികൾ തേങ്ങ ചേർക്കാതെ പുളിങ്കറി ഉണ്ടാക്കിയാൽ നന്നായിരിക്കും.
തുവര പരുപ്പ് : 1 /2 കപ്പ്
മത്തൻ : അര കിലോ
ചെറിയ ഉള്ളി : 10 എണ്ണം
മുളകുപൊടി : 1 ടീസ്പൂണ്‍
മഞ്ഞപൊടി : 1/ 4 ടീസ്പൂണ്‍
ഉപ്പു് : ആവശ്യത്തിന്
പുളി : ഒരു ചെറുനാരങ്ങ വലുപ്പത്തിൽ
കടുക് : 1/2 ടീസ്പൂണ്‍
ഉലുവ : ഒരു നുള്ള്
കറിവേപ്പില : ഒരു തണ്ട്
എണ്ണ : 2 ടേബിൾസ്പൂണ്‍
ചെയ്യുന്ന വിധം :
പരുപ്പ് വേവിച്ച് വെക്കുക. മത്തൻ ഒരിഞ്ചു നീളത്തിലുള്ള ചെറിയ കഷ്ണങ്ങളാക്കി നുറുക്കി വെക്കുക. പുളി ഒരു കപ്പ് വെള്ളത്തിലിട്ടു മുപ്പതു മിനിട്ട് വെച്ച ശേഷം പിഴിഞ്ഞു വെക്കുക. മുളകുപൊടിയും 5 ചെറിയ ഉള്ളിയും ചേർത്ത് അരച്ചു വെക്കുക .
മത്തൻ മുളകരച്ചതും മഞ്ഞപൊടിയും ഉപ്പും ചേർത്തു വേവിക്കുക. വെന്ത ശേഷം പിഴിഞ്ഞു വെച്ച പുളി വെള്ളം ചേർത്ത് ഒന്ന് തിളപ്പിക്കുക. അതിനു ശേഷം വേവിച്ച പരുപ്പും ചേർത്ത് ഇളക്കി പാകത്തിന് വെള്ളം ചേർത്ത് ഒന്ന് തിളപ്പിച്ച ശേഷം വാങ്ങി വെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിയ ശേഷം ഉലുവ ചേർത്തു ബാക്കി ചെറിയ ഉള്ളി ചെറുതായരിഞ്ഞതും ചേർത്തി നന്നായി വഴറ്റുക. ഇതിൽ കറിവേപ്പിലയിട്ടു കൂട്ടാനിൽ ഒഴിക്കുക. ചൂട് ചോറിന്റെ കൂടെ കഴിക്കാം.
തേങ്ങ ചേർക്കുകയാണെങ്കിൽ, ഒരു കപ്പ് തേങ്ങ അരച്ചെടുത്തു പുളി തിളച്ച ശേഷം പരുപ്പ് ചേർക്കുമ്പോൾ തേങ്ങ അരച്ചതും ചേർത്ത് 2 മിനിട്ടു കൂടി വേവിക്കുക. അതിനു ശേഷം കടുകും ഉള്ളിയും വറുത്തിട്ടു ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ