2017, ഫെബ്രുവരി 28, ചൊവ്വാഴ്ച

Thakkali Curry /Chettinad style


തക്കാളി കറി





ആവശ്യമുള്ള സാധനങ്ങൾ:


തക്കാളി                            :3 എണ്ണം 
വെളുത്തുള്ളി                      : 3 അല്ലി 
ഉപ്പ്  ആവശ്യത്തിന് 
മഞ്ഞപ്പൊടി                    : 1/8 ടീസ്പൂൺ 
പട്ട                                 : ഒരിഞ്ചു നീളത്തിൽ 
ജീരകം                           : ഒരു നുള്ള് 
എണ്ണ                              : 1 ടേബിൾസ്പൂൺ 
കറിവേപ്പില                    : ഒരു തണ്ട് 
മല്ലിയില അരിഞ്ഞത്       : ഒരു ടീസ്പൂൺ

അരക്കാൻ :

ചിരവിയ തേങ്ങ               : 1/2 കപ്പ് 
പെരുംജീരകം                  : 1/4 ടീസ്പൂൺ 
അണ്ടിപരുപ്പ്                   : 5 എണ്ണം 
മല്ലിപ്പൊടി                       : 1 ടീസ്പൂൺ 
മുളകുപൊടി                     : 1/2 ടീസ്പൂൺ 

വഴറ്റി അരക്കാൻ:

എണ്ണ                             : 1 ടീസ്പൂൺ  
ചെറിയ ഉള്ളി                 : 12- 15 എണ്ണം 


ചെയ്യുന്ന വിധം :

തേങ്ങയും പെരുംജീരകവും അണ്ടിപരിപ്പും മല്ലിപ്പൊടിയും മുളകുപൊടിയും  കൂടി മിക്സിയിൻ ഇട്ടു നന്നായി അരച്ചുവെക്കുക.
ഒരു സ്പൂൺ എണ്ണയിൽ ചെറിയ ഉള്ളി ഇട്ട്  ചെറുതായി നിറം മാറുമ്പോൾ തീയിൽ നിന്നും മാറ്റി ആറാൻ വെക്കുക. ആറിയ ശേഷം അരച്ചുവെക്കുക.
ഒരു പാനിൽ എണ്ണയൊഴിച്ചു  ചൂടായ ശേഷം പട്ടയും ജീരകവും ഇട്ടു ഒന്നു വറുത്ത ശേഷം വെളുത്തുള്ളി അരിഞ്ഞതു ചേർത്തി ഇളം ബ്രൗൺ നിറം വരുന്നതുവരെ വഴറ്റുക.  ഇതിൽ അരച്ചുവെച്ച തേങ്ങ മിശ്രിതം ഇട്ട് ഒരു മൂന്നു മിനിറ്റോളം വഴറ്റുക. 



 അതിനു ശേഷം അരച്ചു  വെച്ച ഉള്ളിയും ചേർത്ത്  ഒരു രണ്ടു മിനിട്ടു നേരം വഴറ്റിയ ശേഷം തക്കാളി അരിഞ്ഞതു ചേർക്കുക.  ഉപ്പും മഞ്ഞപ്പൊടിയും ചേർത്തി തക്കാളി കുഴയുന്നതുവരെ വഴറ്റി അര കപ്പു വെള്ളവും ചേർത്തി നന്നായി വേവിക്കുക. ഒന്നു കുറുകി വരുമ്പോൾ മല്ലിയില അരിഞ്ഞതും കറിവേപ്പിലയും ചേർത്തുക. 
ചോറിനും ചപ്പാത്തിക്കും എല്ലാം ചേരുന്ന കറിയാണിത്.  


 


2017, ഫെബ്രുവരി 23, വ്യാഴാഴ്‌ച

Ragi Dosa/Kora Dosa

കോറ ദോശ





ആവശ്യമുള്ള സാധനങ്ങൾ :

റാഗി                                : 2 കപ്പ് 
ഉഴുന്ന്                               : 1/4  കപ്പ് 
ഉപ്പ്‌ ആവശ്യത്തിന് 
എണ്ണ ആവശ്യത്തിന് 


ചെയ്യുന്ന വിധം:

റാഗി  അല്ലെങ്കിൽ കോറ മുളപ്പിച്ച ശേഷമാണ് ഈ ദോശ ഉണ്ടാക്കുന്നത്. 
കോറ ഒരു ദിവസം മുഴുവൻ വെള്ളത്തിലിട്ടു വെക്കുക. എന്നിട്ടു വെള്ളത്തിൽ നിന്നും വാരിയെടുത്ത ശേഷം ഒരു നനുത്ത തുണിയിൽ കെട്ടി വെക്കുക.  എല്ലാ 5 മണിക്കൂർ കൂടുമ്പോഴും അല്പം വെള്ളം തളിച്ചു കൊടുക്കുക. 24 മണിക്കൂർ കഴിഞ്ഞാൽ ചെറുതായി മുളച്ചു  വരുന്നതു കാണാം. ഇനിയും സമയം വെച്ചാൽ കൂടുതൽ നീളത്തിലുള്ള മുള വരും.



ഉഴുന്ന് ഒരു മണിക്കൂർ വെള്ളത്തിലിട്ടു വെക്കുക.  ഉഴുന്നും റാഗിയും വെവ്വേറെ അരക്കുക. എന്നിട്ടു ഉപ്പും ചേർത്തി ഒന്നിച്ചു കലക്കി  ഒരു രാത്രി മുഴുവൻ പുളിക്കാൻ വെക്കുക.
അടുത്ത ദിവസം രാവിലെ മാവ്  ഒന്നുകൂടി കലക്കുക.  ഒരു ദോശ തവയെടുത്തു ചൂടാക്കി  അതിൽ ഒരു കയിൽ മാവെടുത്തു  തവയുടെ നടുവിൽ ഒഴിച്ച്  ഘനമില്ലാതെ പരത്തി അല്പം എണ്ണ ചുറ്റും തൂവുക.



ഒരു ഭാഗം മൊരിഞ്ഞ ശേഷം തിരിച്ചിടുക. രണ്ടുഭാഗവും വെന്ത ശേഷം കല്ലിൽ നിന്നും വാങ്ങിവെക്കുക.
തീരെ ഘനമില്ലാതെ പരത്തുകയാണെങ്കിൽ തിരിച്ചിടേണ്ട ആവശ്യമില്ല, മൊരിഞ്ഞതും മടക്കി കല്ലിൽ നിന്നും വാങ്ങുക. ഇങ്ങനെ ബാക്കി മാവും ദോശ ചുടുക.  പിന്നെ  തേങ്ങാ ചട്ണിയോ  ഉള്ളി ചട്ണിയോ ഏതെങ്കിലും കൂട്ടി കഴിക്കാം.





2017, ഫെബ്രുവരി 19, ഞായറാഴ്‌ച

Cauliflower Bajji


കോളിഫ്ലവർ ബജ്ജി




ആവശ്യമുള്ള സാധനങ്ങൾ:

കോളിഫ്ലവർ                          : 1 ചെറുത് 
കടലമാവ്                              : 1 കപ്പ് 
അരിപ്പൊടി                           : 2 ടേബിൾസ്പൂൺ 
മുളകുപൊടി                           : 1/2 ടീസ്പൂൺ 
മഞ്ഞപ്പൊടി                          : ഒരു നുള്ള് 
കായപ്പൊടി                          : ഒരു നുള്ള്
ഉപ്പ്‌ ആവശ്യത്തിന് 
ആപ്പസോഡ                         : ഒരു നുള്ള് 


ചെയ്യുന്ന വിധം :

കോളിഫ്ലവർ അല്ലികളാക്കി അടർത്തിയടുക്കുക.  ഒരു പാത്രത്തിൽ വെള്ളം അല്പം മഞ്ഞപ്പൊടി ചേർത്തി തിളപ്പിച്ച് അതിൽ കോളിഫ്ലവർ  അല്ലികൾ ഇട്ട്  രണ്ടുമിനിട്ടു തിളപ്പിക്കുക. വെള്ളത്തിൽ നിന്നും  മാറ്റി വെക്കുക.




 കടലമാവും ഉപ്പും മുളകുപൊടിയും കായപ്പൊടിയും  സോഡാപ്പൊടിയും  എല്ലാം കൂടി അല്പം വെള്ളം ചേർത്തി ഇടത്തരം അയവോടെ കലക്കി വെക്കുക. 
ഒരു ചീനച്ചട്ടിയിൽ എണ്ണ  ചൂടാക്കി  ഓരോ കോളിഫ്ലവർ അല്ലികളും ഈ മാവിൽ മുക്കി ഇളം ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക .  ചൂടോടെ തക്കാളി സോസും കൂട്ടി കഴിക്കാൻ നന്നായിരിക്കും. ഒരു നാലുമണി പലഹാരമാണിത്. 





  • കടലമാവിൽ മുക്കിയ ശേഷം റൊട്ടിപ്പൊടിയിൽ ഇട്ടു ഉരുട്ടിയെടുത്തു എണ്ണയിൽ പൊരിച്ചെടുത്തൽ ഇനിയും ഒന്നുകൂടി സ്വാദുണ്ടാവും.


Bread vada


ബ്രെഡ് വട



ആവശ്യമുള്ള സാധനങ്ങൾ :


ബ്രെഡ്                                     :  3 സ്ലൈസ് 
റവ                                           :  2 ടേബിൾസ്പൂൺ 
അരിപ്പൊടി                              : 1 ടേബിൾസ്പൂൺ 
തൈര്                                      : 3 ടേബിൾസ്പൂൺ 
വലിയ ഉള്ളി                             : 1 
പച്ചമുളക്                                  : 2 എണ്ണം 
ഇഞ്ചി                                       : 1" കഷ്ണം 
മല്ലിയില അരിഞ്ഞത്                : ഒരു ടേബിൾസ്പൂൺ 
ഉപ്പ്‌ ആവശ്യത്തിന് 
എണ്ണ വറുക്കാൻ ആവശ്യത്തിന് 


ചെയ്യുന്ന വിധം :

ഉള്ളിയും പച്ചമുളകും ഇഞ്ചിയും ചെറുതായരിഞ്ഞു വെക്കുക.
ബ്രെഡ്  മിക്സിയിൽ ഇട്ടു ചെറുതായി  ഒന്നു അടിച്ചു,  പൊടിച്ചു വെക്കുക.
ഇത് ഒരു പരന്ന കിണ്ണത്തിലിട്ടു,  റവയും, അരിപ്പൊടിയും, ഉള്ളി അരിഞ്ഞതും പച്ചമുളകും ഇഞ്ചിയും അരിഞ്ഞതും മല്ലിയില അരിഞ്ഞതും ഉപ്പും  തൈരും എല്ലാം ഇതിൽ ഇട്ടു കൈകൊണ്ടു നന്നായി കലർത്തി കുഴച്ചു  വെക്കുക.

 
ഒരു വലിയ നാരങ്ങയോളം വലുപ്പത്തിൽ ഇതിൽ നിന്നും എടുത്തു്  അല്പം വട്ടത്തിൽ കൈകൊണ്ടു പരത്തി നടുവിൽ വിരൽ കൊണ്ടു ഒരു തുളയിട്ടു  വെക്കുക. ഇതുപോലെ ബാക്കി മുഴുവൻ മാവു കൊണ്ടും വട ഉണ്ടാക്കി വെക്കുക.
ഒരു ഫ്രൈയിങ് പാനിൽ വറുക്കാൻ പാകത്തിന് എണ്ണ ചൂടാക്കുക. ഇതിൽ രണ്ടോ മൂന്നോ  വീതം വടയിട്ട്  ഇടത്തരം തീയിൽ ഇളം ബ്രൗൺ നിറത്തിൽ വറുത്തു കോരുക.

  • വട വറുക്കുമ്പോൾ ഇടത്തരം തീയിൽ വറുക്കാൻ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ വടയുടെ ഉൾഭാഗം വേവില്ല.
  • വെള്ള ബ്രെഡ് അല്ലെങ്കിൽ ബ്രൗൺ ബ്രെഡ് ഏതുതരം ബ്രെഡ് വേണമെങ്കിലും ഉപയോഗിക്കാം.

2017, ഫെബ്രുവരി 8, ബുധനാഴ്‌ച

Mutton masala

മട്ടൺ മസാല 




ആവശ്യമുള്ള സാധനങ്ങൾ :


ആട്ടിറച്ചി (Mutton)                  : 1/4 കിലോ 
വലിയ ഉള്ളി                            : 2 എണ്ണം 
തക്കാളി                                  : 2 എണ്ണം 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്       : 1 ടേബിൾസ്പൂൺ 
മുളകുപൊടി                             : 1 ടേബിൾസ്പൂൺ 
മല്ലിപ്പൊടി                              : 1 ടേബിൾസ്പൂൺ 
മഞ്ഞപ്പൊടി                           : 1/4 ടീസ്പൂൺ
പെരുംജീരകപ്പൊടി                : 1/4 ടീസ്പൂൺ  
മട്ടൺ മസാലപ്പൊടി               : 1 ടീസ്പൂൺ 
തൈര്                                    : 1/4 കപ്പ് 
എണ്ണ                                     : 3 ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
മല്ലിയില അരിഞ്ഞത്             : ഒരു ടേബിൾസ്പൂൺ 



ചെയ്യുന്ന വിധം :


മട്ടൺ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു കഴുകി വെക്കുക.
ഉള്ളി ഘനമില്ലാതെ അരിഞ്ഞു വെക്കുക. തക്കാളിയും അരിഞ്ഞു വെക്കുക.
മുളകുപൊടി, മല്ലിപ്പൊടി,മഞ്ഞപ്പൊടി, പെരുംജീരകപ്പൊടി, മട്ടൺ മസാലപ്പൊടി എന്നിവയെല്ലാം അല്പം വെള്ളം ചേർത്തു പേസ്റ്റ് ആക്കി വെക്കുക.
ഒരു പ്രഷർ കുക്കറിൽ എണ്ണയൊഴിച്ചു ഉള്ളിയിട്ടു ബ്രൗൺ നിറം വരുന്നതു വരെ വഴറ്റുക. ഇതിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു ഒന്നുകൂടി വഴറ്റി തീ കുറച്ചു മസാലപ്പൊടി പേസ്റ്റും ചേർത്തി നന്നായി വഴറ്റി തക്കാളി അരിഞ്ഞതു ചേർത്തി വഴറ്റുക. ഇതിൽ മട്ടൺ  കഷ്ണങ്ങളും തൈരും ചേർത്തി വഴറ്റണം. മട്ടൺ നിറം മാറിയാൽ അര  കപ്പു ചൂടുവെള്ളവും ഉപ്പും  ചേർത്തി നന്നായി ഇളക്കി കുക്കർ അടച്ചു വേവിക്കുക. ഒരു വിസിൽ വന്നാൽ തീ കുറച്ചു ആറോ ഏഴോ വിസിൽ വരുന്നതു വരെ വേവിക്കുക.
തീ കെടുത്തി പ്രഷർ പോയ ശേഷം കുക്കർ തുറന്നു ഇളക്കുക. വെള്ളം കൂടുതലാണെങ്കിൽ ഒന്നു കൂടി അടുപ്പിൽ വെച്ചു അല്പം കുറുകുന്നതുവരെ തിളപ്പിക്കുക,  ഇടക്ക്‌ ഇളക്കി കൊടുക്കണം അല്ലെങ്കിൽ അടിയിൽ പിടിച്ചേക്കാം.  ഇടത്തരം അയവോടെയായിരിക്കണം ഈ കറി. 
വിളമ്പുന്ന പാത്രത്തിലേക്കു മാറ്റി മേലെ മല്ലിയില തൂവുക. 
ചോറിനും ചപ്പാത്തിക്കും എല്ലാം ചേരുന്ന കറിയാണിത്.