2014, ജൂൺ 28, ശനിയാഴ്‌ച

Semiya Payasam

സേമിയ പായസം :



ആവശ്യമുള്ള സാധനങ്ങൾ :

സേമിയ                           : 200ഗ്രാം 
പാൽ                               : 2ലിറ്റർ 
മില്ക്ക് മെയിഡ്        : 1/2 ടിൻ 
പഞ്ചസാര                     : അര കപ്പ്‌ 
നെയ്യ്                               :2 ടേബിൾ സ്പൂണ്‍
ഏലക്കായ                    : 4 എണ്ണം 
അണ്ടിപരുപ്പ്              : 10എണ്ണം 
മുന്തിരി                        : 10 എണ്ണം 



ചെയ്യുന്ന വിധം :

ഒരു ഉരുളിയിൽ അല്ലെങ്കിൽ അടി കട്ടിയുള്ള പത്രത്തിൽ ഒരു  ടേബിൾ സ്പൂണ്‍ നെയ്യൊഴിച്ച് ചൂടായ ശേഷം സേമിയ ഇട്ട് നന്നായി വറുക്കുക. ഇളക്കിക്കൊണ്ടിരിക്കണം അല്ലെങ്കിൽ എല്ലാം ഒരുപോലെ ബ്രൗണ്‍
 നിറമാവില്ല. 
തീ കുറച്ച്,  ഇതിൽ പാലൊഴിച്ച്  നന്നായി ഇളക്കണം. ചെറിയ തീയിൽ ഇടക്കിളക്കി തിളപ്പിക്കുക.  നന്നായി തിളച്ച് സേമിയ വെന്ത ശേഷം മില്ക്ക് മെയിഡ് അല്പം വെള്ളത്തിൽ കലക്കി ഇതിൽ ഒഴിച്ച് പഞ്ചസാരയും ചേർത്തു  തിളപ്പിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കണം.  പാകത്തിനു കുറുകി വരുമ്പോൾ തീയിൽ നിന്നും മാറ്റി വെക്കുക.
ഒരു പാനിൽബാക്കി നെയ്യൊഴിച്ച് ചൂടായ ശേഷം അണ്ടിപരുപ്പും മുന്തിരിയും വറുത്തു കോരി പായസത്തിൽ ചേർക്കുക. ഏലക്കായ പൊടിച്ച്  അതും ഇതിൽ ചേർത്തി  ചൂടോടെയോ തണുപ്പിച്ചോ കഴിക്കുക. 

മില്ക്ക്മെയിഡ് ചേർത്താൽ പായസം കൂടുതൽ കൊഴുക്കും, അതുകൊണ്ട് വാങ്ങുമ്പോൾ അല്പം അയവോടെ വാങ്ങി വെച്ചാൽ തണുക്കുമ്പോൾ പാകത്തിനു കൊഴുക്കും. അതുപോലെ മധുരം കുറവു വേണമെങ്കിൽ പഞ്ചസാര കുറയ്ക്കാം.



Inji puli

ഇഞ്ചിപുളി :




ആവശ്യമുള്ള സാധനങ്ങൾ :

ഇഞ്ചി അരിഞ്ഞത്            : 2 ടേബിൾസ്പൂണ്‍ 
പച്ചമുളക്                         : 2 എണ്ണം
പുളി                                : ഒരു നാരങ്ങ വലുപ്പത്തിൽ
ഉപ്പു് ആവശ്യത്തിന്
മഞ്ഞപ്പൊടി                    : ഒരു നുള്ള്
വെല്ലം                             : ഒരു അച്ച്
കടുക്                              : 1ടീസ്പൂണ്‍
ഉലുവപ്പൊടി                    : ഒരു നുള്ള്
എണ്ണ                             : 1ടേബിൾസ്പൂണ്‍
കറിവേപ്പില                    : ഒരു തണ്ട്


ചെയ്യുന്ന വിധം :

പുളി ഒരു കപ്പ്‌  വെള്ളത്തിൽ അര മണിക്കൂർ  ഇട്ടു വെച്ച ശേഷം പിഴിഞ്ഞെടുത്തു വെക്കുക.
പച്ചമുളകും ഇഞ്ചിയും ചെറുതായരിഞ്ഞു വെക്കുക.
ഒരു  ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടായ ശേഷം കടുകിട്ട് പൊട്ടുമ്പോൾ കറിവേപ്പിലയും അരിഞ്ഞു വെച്ച ഇഞ്ചിയും പച്ചമുളകും ചേർത്തി വഴറ്റുക. ഇതിൽ പുളി വെള്ളം ഒഴിച്ച് ഉപ്പും മഞ്ഞപ്പൊടിയും ചേർത്തി തിളപ്പിക്കുക. വെല്ലം ഇടുക.  ഒന്നു കുറുകി വരുമ്പോൾ ഉലുവപ്പൊടി വിതറി ഇളക്കി അടുപ്പിൽ നിന്നും ഇറക്കുക.
ഇഞ്ചിപുളി  സദ്യക്ക് നിർബന്ധമായ ഒരു കറിയാണ്.

2014, ജൂൺ 27, വെള്ളിയാഴ്‌ച

Egg Biryani

മുട്ട ബിരിയാണി :



ആവശ്യമുള്ള സാധനങ്ങൾ :

ചോറ്                         : 2 കപ്പ് 
വേവിച്ച മുട്ട                 : 3 എണ്ണം 
വലിയ ഉള്ളി               : 2 എണ്ണം 
പച്ചമുളക്                    : ഒരെണ്ണം
ഇഞ്ചി                         : ഒരിഞ്ചു കഷ്ണം 
വെളുത്തുള്ളി                : 2 അല്ലി 
തക്കാളി                      : ഒരെണ്ണം
തൈര്                        : അര കുപ്പ് 
ഉപ്പു് ആവശ്യത്തിന് 
മുളകുപൊടി                : 1 ടേബിൾസ്പൂണ്‍
മല്ലിപ്പൊടി                 : 2 ടീസ്പൂണ്‍ 
മഞ്ഞപ്പൊടി               : 1/4 ടീസ്പൂണ്‍ 
എണ്ണ                         : 3 ടേബിൾസ്പൂണ്‍
പട്ട                            : ഒരിഞ്ചു കഷ്ണം 
ഗ്രാമ്പൂ                        : 4 എണ്ണം 
അണ്ടിപരുപ്പ്             : 6  എണ്ണം
മല്ലിയില                   : കുറച്ച് 

ചെയ്യുന്ന വിധം

മുട്ട വേവിച്ചു തോല് കളഞ്ഞു വെക്കുക.
ഒരു നോണ്‍ സ്റ്റിക് ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച്  ചൂടായ ശേഷം പട്ടയും ഗ്രാമ്പുവും ഇട്ടു വറുത്ത് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതു ചേർത്തി വഴറ്റുക. ഇതിൽ ഘനമില്ലാതെ അരിഞ്ഞ ഉള്ളി ചേർത്തു നന്നായി വഴറ്റിയ ശേഷം തീ കുറച്ച് മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞപ്പൊടിയും ചേർത്തുക. നന്നായി ഇളക്കിയ ശേഷം തക്കാളി അരിഞ്ഞതും   ചേർത്തി തക്കാളി കുഴയുന്നതു വരെ വഴറ്റുക. 



ഇതിൽ തൈരും ഉപ്പും ചേർത്തി ഇളക്കി ഇതിൽ മുട്ട രണ്ടായി മുറിച്ചു ചേർത്ത് പൊടിഞ്ഞു പോകാതെ മെല്ലെ ഇളക്കുക.  ഇനി ചോറു  ചേർത്തി ഒപ്പം ഇളക്കുക.  വറുത്ത അണ്ടിപരുപ്പും മല്ലിയിലയും കൊണ്ട് അലങ്കരിച്ചു വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക.
ചൂടോടെ വിളമ്പുക !! ഉള്ളിയും തക്കാളിയും അരിഞ്ഞു തൈരിലിട്ടതും കൂട്ടി കഴിക്കുക.





2014, ജൂൺ 15, ഞായറാഴ്‌ച

Soya biryani

സോയ ബിരിയാണി :

 



ആവശ്യമുള്ള സാധനങ്ങൾ :

ബാസ്മതി അരി               :  1 കപ്പ്‌ 
സോയ                           : 10 എണ്ണം (ചെറുത്‌)
മുട്ടക്കോസ്                      : ഒരു ചെറിയ കഷ്ണം          തക്കാളി                         : 1 ചെറുത്‌ 
ഇഞ്ചി അരച്ചത്‌               : 1/4 ടീസ്പൂണ്‍
മുളകുപൊടി                    : 1/2 ടീസ്പൂണ്‍ 
മല്ലിപ്പൊടി                     : 1/2 ടീസ്പൂണ്‍ 
മഞ്ഞപ്പൊടി                   : 1/4 ടീസ്പൂണ്‍ 
പച്ചമുളക്                        : 1 
എണ്ണ                             : 2 ടേബിൾസ്പൂണ്‍
തൈര്                            ; 1 ടേബിൾസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
പട്ട                                 : 1 കഷ്ണം
ഗ്രാമ്പൂ                             : 3 എണ്ണം
വഴനയില                       : 1
നെയ്യ്                             : 1 ടീസ്പൂണ്‍

ചെയ്യുന്ന വിധം :

സോയ തിളച്ച വെള്ളത്തിൽ പത്തു മിനിറ്റ് ഇട്ടു വെക്കുക. അതിനു ശേഷം അതു പിഴിഞ്ഞെടുത്ത്  തണുത്ത വെള്ളത്തിൽ നന്നായി കഴുകി വെക്കുക. ചെറിയ സോയയാണ്‌ ഞാൻ ഉപയോഗിച്ചത്‌.
മുട്ടക്കോസ് വളരെ ചെറിയ കഷ്ണം മതി, അതു നല്ല പോലെ ഘനമില്ലാതെ അരിഞ്ഞുവെക്കുക.
ഒരു പാനിൽ നെയ്യ് ചൂടാക്കി അതിൽ പട്ട ഗ്രാമ്പൂ വഴനയില എന്നിവ ഇട്ട് ഒന്നു വഴറ്റി വെക്കുക.

അരി കഴുകി വാരി റൈസ് കുക്കറിൽ ഇട്ട് വഴറ്റി വെച്ച പട്ട ഗ്രാമ്പൂ എന്നിവ നെയ്യോടെ അരിയിൽ ചേർത്തി ഒന്നേ  മുക്കാൽ കപ്പ്‌ വെള്ളം ചേർത്തി  ഉപ്പും മഞ്ഞപ്പൊടിയും ചേർത്തു വേവാൻ വെക്കുക.

ഒരു നോണ്‍ സ്റ്റിക് പാനിൽ എണ്ണയൊഴിച്ച് അരിഞ്ഞു വെച്ച മുട്ടക്കോസ് ചേർത്തി  ഒന്ന് വഴറ്റുക. ഇതിൽ അരച്ച ഇഞ്ചിയും പച്ചമുളക് നീളത്തിൽ കീറിയതും ചേർത്തി ഒന്നു കൂടി വഴറ്റി തീ കുറച്ചു മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്തു പച്ചമണം പോയാൽ തക്കാളി അരിഞ്ഞതു ചേർത്തി വഴറ്റുക.

 തക്കാളി കുഴഞ്ഞാൽ തൈരും സോയയും ചേർത്തി അല്പം ഉപ്പും ചേർത്തി ഇളക്കി ഇതിൽ വേവിച്ചു വെച്ച ചോറും ചേർത്ത് കുഴയാതെ ഇളക്കുക.  മല്ലിയില തൂകി അലങ്കരിക്കുക.



തൈരിൽ ഇളം വെള്ളരിക്ക, തക്കാളി എന്നിവ അരിഞ്ഞിട്ടതും കൂട്ടി കഴിക്കാവുന്നതാണ്.






2014, ജൂൺ 4, ബുധനാഴ്‌ച

Kadalaparippu pradhaman

കടല പരുപ്പു പ്രഥമൻ:



ആവശ്യമുള്ള സാധനങ്ങൾ:

കടലപരുപ്പ്                   : 1/2 കപ്പ്‌
വെല്ലം                           : 1/4 കിലോ 
തേങ്ങാപാൽ
(ഒന്നാം പാൽ )             : 1 കപ്പ്‌ 
രണ്ടാം പാൽ                 : 2 കപ്പ്‌ 
തേങ്ങ നുറുക്കിയത്        : 2 ടേബിൾസ്പൂണ്‍ 
നെയ്യ്                           : 1 ടേബിൾസ്പൂണ്‍ 
ഏലക്കപ്പൊടി               :1/4 ടീസ്പൂണ്‍ 



ചെയ്യുന്ന വിധം :



തേങ്ങ  പല്ല് പോലെ ചെറിയ കഷ്ണങ്ങളായി നുറുക്കി വെക്കുക.
കടലപരുപ്പ് ഒരു കപ്പ്‌ വെള്ളം ചേർത്തു പ്രഷർ കുക്കറിൽ നന്നായി വേവിച്ചു വെക്കുക. കുക്കർ  തണുത്ത ശേഷം തുറന്ന് ഒരു മത്തു കൊണ്ടൊ അല്ലെങ്കിൽ കൈലു കൊണ്ടോ ചെറുതായി ഒന്നുടച്ചു  വെക്കുക.
തേങ്ങാപാൽ നല്ല പച്ച തേങ്ങയിൽ നിന്നു പിഴിഞ്ഞെടുക്കാം അല്ലെങ്കിൽ മാർക്കറ്റിൽ നിന്നും വാങ്ങാൻ കിട്ടും.  പൊടിയാണെങ്കിൽ 25 ഗ്രാം പൊടിയിൽ 200 മില്ലി വെള്ളം ചേർത്താൽ രണ്ടാം പാലായി. 25 ഗ്രാമിൽ 100 മില്ലി വെള്ളം ചേർത്താൽ ഒന്നാം പാലായി. ഇനിയും കട്ടി വേണമെങ്കിൽ വെള്ളത്തിന്‌ പകരം പാല് ചേർത്താൽ മതി, ഒന്നാം പാല് കിട്ടും.
ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ വെള്ളം ഇട്ട് അല്പം വെള്ളം ചേർത്ത് ഒന്നു തിളപ്പിച്ച്‌ വെല്ലം അലിഞ്ഞാൽ തീയിൽ  നിന്നും മാറ്റി അരിച്ചെടുക്കുക. ഇത് വീണ്ടും അടുപ്പിൽ വെച്ച് ഉടച്ച കടലപരുപ്പും ഒന്നാം പാലും ചേർത്തി നന്നായി തിളപ്പിക്കുക., ഇടയ്ക്കു ഇളക്കി കൊണ്ടിരിക്കണം. ഒന്നു കുറുകി തുടങ്ങുമ്പോൾ തീ ചെറുതാക്കി ഒന്നാം പാലൊഴിക്കുക. തിളക്കും മുമ്പേ വാങ്ങിവെക്കുക.
ഒരു പാനിൽ നെയ്യ് ചൂടാക്കി തേങ്ങ അരിഞ്ഞതു ഇട്ട് ഇളം ബ്രൌണ്‍ നിറമാവുമ്പോൾ പായസത്തിലേക്ക് ചേർക്കുക, എലക്കപ്പോടിയും ചേർത്തി ഇളക്കി വെക്കുക. ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം.

2014, ജൂൺ 2, തിങ്കളാഴ്‌ച

Butter Murukku

ബട്ടർ മുറുക്ക് :



ആവശ്യമുള്ള സാധനങ്ങൾ :

അരിപ്പൊടി                      : 1 കപ്പ്‌ 
പൊട്ടുകടലപ്പൊടി             : 1 കപ്പ്‌ 
എള്ള്                               : 1/4 ടീസ്പൂണ്‍ 
ജീരകം                             : 1/4ടീസ്പൂണ്‍ 
വെണ്ണ                               : 1 ടേബിൾസ്പൂണ്‍
ഉപ്പു് ആവശ്യത്തിന് 
എണ്ണ വറുക്കാൻ വേണ്ടത് 



ചെയ്യുന്ന വിധം :


പൊട്ടുക്കടല പൊടിച്ചു വെക്കുക.
അരിപ്പൊടിയും പൊട്ടുകടലപ്പൊടിയും വെണ്ണയും ഉപ്പും ജീരകവും എള്ളും നന്നായി കൈ കൊണ്ടു കലർത്തി ആവശ്യത്തിനു വെള്ളവും ചേർത്തി നന്നായി കുഴച്ചു വെക്കുക. സേവയുടെ മാവ് പോലെ കട്ടിയായി കുഴക്കണം.



   സേവഴാനാഴിയെടുത്തു മുറുക്കു ചില്ലിട്ട് അതിൽ ഈ മാവു  നിറച്ചു വെക്കുക.





 എണ്ണ  ചീനച്ചട്ടിയിൽ ഒഴിച്ച് അടുപ്പത്തു വെച്ച് ചൂടാക്കുക. നന്നായി ചൂടായ ശേഷം എണ്ണയിലേക്ക് മാവു നേരിട്ടു പിഴിയുക.  കുറേശ്ശയായി പിഴിഞ്ഞാൽ മതി അല്ലെങ്കിൽ നന്നായി എല്ലാ ഭാഗവും മൊരിയില്ല. ഇടക്കിളക്കി ഒപ്പം എല്ലാ ഭാഗവും മൊരിഞ്ഞാൽ എണ്ണയിൽ നിന്നും കോരിയെടുക്കുക. ഒരു പേപ്പർ ടവലിൽ  കോരിയിട്ട് തണുത്ത ശേഷം ഒരു വായു കടക്കാത്ത ടിന്നിൽ ഇട്ടു വെക്കുക. കുറെ നാളത്തേക്ക് ഉപയോഗിക്കാം.