2016 ഏപ്രിൽ 10, ഞായറാഴ്‌ച

Carrot burfi


കാരറ്റ് ബർഫി




ആവശ്യമുള്ള സാധനങ്ങൾ :


കാരറ്റ്                            : 3 എണ്ണം 
പാൽ പൊടി                  : 1/2 കപ്പ്‌ 
പഞ്ചസാര                      : 1/2 കപ്പ്‌ 
നെയ്യ്                             : 2 ടേബിൾസ്പൂൺ 
ബദാം                            : 10 എണ്ണം 
ഏലക്കപൊടി                : 1/4 ടീസ്പൂൺ


ചെയ്യുന്ന വിധം 


കാരറ്റ് കഴുകി  ചീകി വെക്കുക.
ഒരു നോൺ സ്റ്റിക്  പാനിൽ നെയ്യൊഴിച്ച് ചൂടാക്കി ചീകിയ കാരറ്റ് ചേർത്തി ഒരു എട്ടോ പത്തോ മിനിട്ടു നേരം ഇടത്തരം തീയിൽ വഴറ്റുക. 
ഇനി പാൽ പൊടി ചേർത്തി നന്നായി ഇളക്കുക. 




ഒരു മിനിട്ടിനു ശേഷം പഞ്ചസാരയും എലാക്കാപ്പൊടിയും  ചേർത്തി നന്നായി ഇളക്കണം. ചെറിയ തീയിൽ പാത്രത്തിൽ നിന്നു വിട്ടു വരുന്നതു വരെ ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കണം.



ഒരു പരന്ന പാത്രത്തിൽ അല്പം നെയ്യ്‌ തടവി ഈ മിശ്രിതം അതിൽ ഒപ്പം പരത്തുക. ബദാം നീളത്തിൽ അരിഞ്ഞതും മേലെ തൂകി അമർത്തുക.



 അൽപ നേരം കഴിഞ്ഞു തണുത്തു തുടങ്ങുമ്പോൾ ഒരു കത്തി കൊണ്ട് ചതുര കഷ്ണങ്ങളായി മുറിച്ചെടുക്കുക.
ഞാൻ ഒരു പരന്ന പാത്രത്തിൽ aluminium foil വെച്ച് അതിൽ നെയ്യു തടവി അതിലാണ് കാരറ്റ് മിശ്രിതം പരത്തിയത്. ആറിയ ശേഷം മുറിച്ചു ഒരു കിണ്ണത്തിലേക്കു കമഴ്ത്തി എടുത്തു.





 ആറിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.


2016 ഏപ്രിൽ 7, വ്യാഴാഴ്‌ച

Egg curry in coconut milk


മുട്ടക്കറി




ആവശ്യമുള്ള സാധനങ്ങൾ 


മുട്ട                                         : 3 എണ്ണം 
വലിയ ഉള്ളി                          : 1 
ഇഞ്ചി                                    : 1/2 " കഷ്ണം 
വെളുത്തുള്ളി                           : 3 അല്ലി 
പച്ചമുളക്                               : 2 എണ്ണം 
തക്കാളി                                : 1 
മുളകുപൊടി                           : 1/2 ടീസ്പൂൺ 
മല്ലിപ്പൊടി                            : 1 ടീസ്പൂൺ 
മഞ്ഞപ്പൊടി                         : 1/8 ടീസ്പൂൺ 
ഉപ്പു്  ആവശ്യത്തിന് 
തേങ്ങാപാൽ                       : 1 കപ്പ്‌ 
എണ്ണ                                  : 2 ടേബിൾസ്പൂൺ 
മല്ലിയില അല്പം
 


ചെയ്യുന്ന വിധം 

മുട്ട വേവിച്ചു തോലു കളഞ്ഞു വെക്കുക.
ഉള്ളി ചെറുതായരിഞ്ഞു  വെക്കുക. ഇഞ്ചി, പച്ചമുളക് , വെളുത്തുള്ളി എല്ലാം ചെറുതായരിഞ്ഞു വെക്കണം. തക്കാളിയും അരിഞ്ഞുവെക്കുക.
ഒരു  നോൺ സ്റ്റിക് പാനിൽ എണ്ണയൊഴിച്ച്  ചൂടാക്കിയ ശേഷം അരിഞ്ഞു വെച്ച ഉള്ളിയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും എല്ലാം ഇട്ടു നന്നായി വഴറ്റുക. 
തീ ചെറുതാക്കിയ ശേഷം മുളകുപൊടി മല്ലിപ്പൊടി മഞ്ഞപ്പൊടി എന്നിവ ചേർത്തി നന്നായി ഇളക്കണം. പച്ചമണം മാറിയ ശേഷം തക്കാളി അരിഞ്ഞതും ഉപ്പും ചേർത്തി നന്നായി വഴറ്റുക.
തക്കാളി കുഴഞ്ഞ പരുവത്തിൽ  മുട്ട കുറുകെ രണ്ടായി അരിഞ്ഞതും  ചേർത്തുക . ഇനി തേങ്ങാപാലും ചേർത്തി രണ്ടു മിനിറ്റു ചെറുതീയിൽ വെച്ച ശേഷം  അടുപ്പിൽ നിന്നും മാറ്റി വെക്കുക.
വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക. മല്ലിയില മേലെ തൂവുക. 
  • ചോറിനും ചപ്പാത്തിക്കും ചേരുന്ന കറിയാണിത് . കുറുകിയ പരുവത്തിലായിരിക്കണം ഈ കറി.


2016 മാർച്ച് 30, ബുധനാഴ്‌ച

Egg Dum Biryani





ആവശ്യമുള്ള സാധനങ്ങൾ  

ചോറിനു വേണ്ട സാധനങ്ങൾ :

ബാസ്മതി  അരി                         : 2 കപ്പ്‌ 
പട്ട                                              : ഒരിഞ്ചു നീളത്തിൽ 
ഗ്രാംപൂ                                       : 4 എണ്ണം 
ഏലക്കായ                                 : 5 എണ്ണം  
വഴനയില (bay leaf )                 : 1 
എണ്ണ                                         : 1 ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 

ചെയ്യുന്ന വിധം:

ബാസ്മതി അരി കഴുകി  പതിനഞ്ചു മിനിട്ടു വെള്ളത്തിൽ കുതിരാൻ വെക്കുക.

ഒരു അടി കട്ടിയുള്ള പാത്രത്തിൽ (പ്രഷർ  പാൻ ആയാലും മതി ) എണ്ണയൊഴിച്ച് ചൂടായാൽ തീ ചെറുതാക്കി പട്ടയും ഗ്രാംപുവും വഴനയിലയും എലക്കായയും എല്ലാം ഒരു പത്തു സെക്കന്റ്‌ വറുത്തു അതിൽ വെള്ളം ഒഴിച്ച് (വെള്ളം അഞ്ചു കപ്പോളം ഒഴിക്കാം, കൂടുതലായാലും കുഴപ്പമില്ല) തിളക്കുമ്പോൾ  അരി വാരി തിളക്കുന്ന വെള്ളത്തിൽ ഇടുക. ഉപ്പു ചേർക്കുക.
അരി പകുതി വെന്ത പാകത്തിൽ വെള്ളത്തിൽ നിന്നും കോരിയെടുത്തു ഒരു കിണ്ണത്തിൽ അല്ലെങ്കിൽ ഒരു പരന്ന പാത്രത്തിൽ നിരത്തിയിടുക.



മസാലക്ക് ആവശ്യമുള്ള സാധനങ്ങൾ :


മുട്ട                                            : 4 എണ്ണം 
വലിയ ഉള്ളി                             : 2 വലുത് 
ഇഞ്ചി                                       : ഒരിഞ്ചു നീളത്തിൽ 
വെളുത്തുള്ളി                              : 5 എണ്ണം 
പച്ചമുളക്                                  : 2 എണ്ണം 
മുളകുപൊടി                               : 1 ടീസ്പൂൺ 
മല്ലിപ്പൊടി                                : 1 ടീസ്പൂൺ 
മഞ്ഞപ്പൊടി                              : 1/4 ടീസ്പൂൺ 
തൈര്                                      : 1 ടേബിൾസ്പൂൺ 
തക്കാളി                                    : 2 എണ്ണം 
ഗരം മസാല                              : 1 ടീസ്പൂൺ 
എണ്ണ                                        : 3 ടേബിൾസ്പൂൺ 

മുട്ട  വെള്ളത്തിൽ വേവിക്കാനിടുക. 
ഉള്ളി നീളത്തിൽ ഘനമില്ലാതെ അരിഞ്ഞു വെക്കുക.
ഇഞ്ചിയും വെളുത്തുള്ളിയും കൂടി അരച്ചു വെക്കുക.
പച്ചമുളക് നീളത്തിൽ കീറിവെക്കുക.
ഒരു നോൺസ്റ്റിക് പാനിൽ എണ്ണയൊഴിച്ച് ചൂടായാൽ ഉള്ളി അരിഞ്ഞതിട്ടു നന്നായി വഴറ്റുക. 
ഇളം ബ്രൌൺ നിറം വരുന്നതു വരെ വഴറ്റണം. അല്പം എടുത്തു മാറ്റി വെക്കുക(അലങ്കരിക്കാൻ ഉപയോഗിക്കാം). ഇതിൽ അരച്ചു വെച്ച ഇഞ്ചി,വെളുത്തുള്ളി ചേർത്തി ഒന്നുകൂടി പച്ചമണം പോവുന്നതുവരെ വഴറ്റണം. തീ കുറച്ച ശേഷം മുളകുപൊടിയും മഞ്ഞപ്പൊടിയും മല്ലിപ്പൊടിയും  ചേർത്തി  നന്നായി ഇളക്കിയ ശേഷം തക്കാളി അരി ഞ്ഞതും  പച്ചമുളകു കീറിയതും ചേർത്തി, തക്കാളി കുഴഞ്ഞു പോവുന്നത് വരെ വഴറ്റണം.


ഇതിൽ മുട്ട വേവിച്ചതും ചേർത്തി ഇളക്കി അടുപ്പിൽ നിന്നും മാറ്റി വെക്കുക.

ഒരു അടി  കട്ടിയുള്ള പാത്രത്തിൽ  (biryani pot ആയാലും മതി) അല്പം നെയ്യൊഴിച്ച് പകുതി ചോറെടുത്ത് നിരത്തുക. അതിനു മേലെ മുട്ടയുടെ മസാല നിരത്തി വീണ്ടും മേലെ ചോറ് നിരത്തുക.


അതിന്റെ മേലെ ഉള്ളി വറുത്തതും നിരത്തി ഒരു aluminium foil കൊണ്ട് മൂടിയ ശേഷം മൂടിവെച്ച്, വായു കടക്കാത്ത വിധത്തിൽ  മൂടുന്നതു നന്നായിരിക്കും.
ഒരു ദോശക്കല്ല് അടുപ്പിൽ വെച്ചു ചൂടാക്കി അതിനു മുകളിൽ ഈ പാത്രം കയറ്റി വെച്ച് അൽപ നേരം ( ഒരു പത്തോ പതിനഞ്ചോ മിനിട്ട്) കുറഞ്ഞ ചൂടിൽ വെച്ചു ചൂടാക്കുക. 10 മിനിട്ടിനു ശേഷം തുറന്ന ശേഷം വിളംബാവുന്നതാണ്.




2016 മാർച്ച് 11, വെള്ളിയാഴ്‌ച

Paruppu pradhaman


പരുപ്പു പ്രഥമൻ






ആവശ്യമുള്ള സാധനങ്ങൾ :


ചെറുപയർ പരുപ്പ്                      :  1 കപ്പ്‌ 
വെല്ലം                                       : 1/2 കിലോ 
അരിപ്പൊടി                               : 2 ടേബിൾസ്പൂൺ 
തേങ്ങാപാൽ (ഒന്നാംപാൽ)       : 1 കപ്പ്‌ 
രണ്ടാംപാൽ                              : 3 കുപ്പ് 
ചുക്കുപ്പൊടി                               : 1/4 ടീസ്പൂൺ 
തേങ്ങകഷ്ണം                              : 1 ടേബിൾസ്പൂൺ
നെയ്യ്                                       : 1 ടേബിൾസ്പൂൺ

ചെയ്യുന്ന വിധം :


ചെറുപരുപ്പ്  പ്രഷർ കുക്കറിൽ അല്പം വെള്ളം ചേർത്തി നന്നായി വേവിക്കുക.
തേങ്ങ ചെറിയ പല്ല് പോലെ അരിഞ്ഞു വെക്കുക.
ഒരു അടി കട്ടിയുള്ള പരന്ന പാത്രത്തിൽ വെല്ലം ഒരു കപ്പ് വെള്ളം ചേർത്തി അടുപ്പിൽ വെച്ചു തിളപ്പിക്കുക. വെല്ലം ഉരുകിയാൽ അടുപ്പിൽ നിന്നും മാറ്റി അരിച്ചെടുക്കുക.  അരിച്ചെടുത്ത ശേഷം വീണ്ടും അടുപ്പിൽ വെച്ച് , വെന്ത ചെറുപരുപ്പ്  ഒന്നുടച്ച ശേഷം ഇതിൽ ചേർത്തുക. നന്നായി തിളച്ച ശേഷം തേങ്ങാപ്പാലിൽ  (രണ്ടാം പാൽ ) അരിപ്പൊടി ചേർത്തി കലക്കിയ ശേഷം ഇതിൽ ഒഴിക്കുക. തീ കുറച്ച് അൽപ സമയം തിളപ്പിക്കുക. ഇടത്തരം അയവോടെയയിരിക്കണം. ഇതിൽ ചുക്കുപ്പൊടിയും ചേർത്തുക.
ഇനി ഇതിൽ ഒന്നാം പാൽ ചേർക്കാം, നന്നായി ഇളക്കുക, തിളപ്പിക്കരുത്  അതിനു മുമ്പേ സ്റ്റൗവിൽ നിന്നും ഇറക്കിവെക്കുക. 
ഒരു ചെറിയ പാത്രത്തിൽ നെയ്‌ ചൂടാക്കി അരിഞ്ഞു വെച്ച തേങ്ങകഷ്ണങ്ങൾ ചേർത്തി ഇളം ബ്രൌൺ നിറത്തിൽ വറുത്തു കോരി പായസത്തിലേക്ക്  ഒഴിക്കുക.  
സ്വാദുള്ള പരുപ്പു പ്രഥമൻ റെഡി!!

2016 മാർച്ച് 10, വ്യാഴാഴ്‌ച

Sambhar podi


സാമ്പാർ പൊടി 





ആവശ്യമുള്ള സാധനങ്ങൾ 


ചുവന്ന മുളക്                        : 10 എണ്ണം 
കൊത്തമല്ലി                        : 1/2 കപ്പ്‌ 
കടല പരുപ്പ്                        : 1 ടേബിൾസ്പൂൺ 
ഉലുവ                                  : 1 ടീസ്പൂൺ 
കായം                                : ചെറിയ കഷ്ണം 
എണ്ണ                                 : 1 ടീസ്പൂൺ 


ചെയ്യുന്ന വിധം 


ഒരു ചീനച്ചട്ടി ചൂടാക്കി ആദ്യം മുളകിട്ട് വറുക്കുക. കരിയാതെ നോക്കണം .
ഒരു പരന്ന കിണ്ണത്തിലേക്ക്  മാറ്റുക. അതെ ചീനച്ചട്ടിയിലേക്ക്‌ മല്ലി ഇട്ടു വറുക്കുക. കൂടെ തന്നെ കടല പരുപ്പും ഉലുവയും ഇടാം. വറുത്ത ശേഷം മുളകിട്ട കിണ്ണത്തിൽ തന്നെ പരത്തി ഇടുക. 
ഇനി ചെന്നച്ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടായ  ശേഷം കയം ഇട്ട്  അതും നന്നായി വറുത്തെടുക്കുക. കായത്തിനു പകരം കായപ്പൊടി ചേര്ത്താലും മതി, അപ്പോൾ വറുത്തെടുക്കേണ്ട  ആവശ്യമില്ല. 
ആറിയ ശേഷം എല്ലാം കൂടി മിക്സിയിൽ ഇട്ടു നന്നായി പൊടിചെടുക്കാം. ഒന്ന് ആറിയ ശേഷം വായു കടക്കാത്ത ടിന്നിൽ ഇട്ടു വെക്കാം. സാമ്പാർ വെക്കുമ്പോൾ ആവശ്യത്തിനെടുത്തു  ഉപയോഗിക്കാവുന്നതാണ്.

2016 ഫെബ്രുവരി 21, ഞായറാഴ്‌ച

Kumbalanga kaalan


കുമ്പളങ്ങ കാളൻ

 



ആവശ്യമുള്ള സാധനങ്ങൾ 


കുമ്പളങ്ങ                    : 1/2   കിലോ 
തേങ്ങ ചിരവിയത്      : 2  കപ്പ്‌ 
പച്ചമുളക്                   : 4 
ജീരകം                      : രണ്ടു നുള്ള് 
കുരുമുളക പൊടി        : 1/4 ടീസ്പൂൺ 
മഞ്ഞപ്പൊടി              : 1/4 ടീസ്പൂൺ 
തൈര്                       : 1 കപ്പ്‌ 
ഉപ്പു്  ആവശ്യത്തിന്

വറുത്തിടാൻ    

വെളിച്ചെണ്ണ                : 1 ടേബിൾസ്പൂൺ 
കടുക്                         : 1 ടീസ്പൂൺ 
ചുവന്ന മുളക്               : 2 എണ്ണം 
ഉലുവ                         : ഒരു നുള്ള് 
കറിവേപ്പില               : ഒരു തണ്ട് 


ചെയ്യുന്ന വിധം 


കുമ്പളങ്ങ തോലു കളഞ്ഞ്‌  ഇടത്തരം ചതുര കഷ്ണങ്ങളായി മുറിച്ച് കഴുകി വെക്കുക.
തേങ്ങ പച്ചമുളകും ജീരകവും ചേർത്തി  നന്നായി അരച്ച് വെക്കുക.
കുമ്പളങ്ങ കഷ്ണങ്ങൾ ഉപ്പും മഞ്ഞപ്പൊടിയും കുരുമുളകുപൊടിയും ചേർത്തി  ഒരു കപ്പു വെള്ളം ചേർത്തു  വേവിക്കുക.  വെന്ത ശേഷം അരച്ച തേങ്ങ ചേർത്തി  ഒന്നു കൂടി തിളപ്പിക്കുക. ഇതിൽ തൈര് നന്നായി ഉടച്ചു ചേർക്കുക. തൈരു ചേർത്താൽ തിളക്കാൻ അനുവദിക്കരുത്, തിളച്ചാൽ പിരിഞ്ഞു പോകും അതുകൊണ്ട് തിള വരും മുമ്പ് തന്നെ  അടുപ്പിൽ നിന്നും വാങ്ങി വെക്കുക.
ഒരു  ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടായാൽ കടുകിട്ട് പൊട്ടുമ്പോൾ മുളക് രണ്ടായി പൊട്ടിച്ചതും ഉലുവയും ചേർക്കുക .  കറിവേപ്പിലയും ചേർത്തിയ ശേഷം  കാളനിലേക്ക്  ഒഴിക്കുക.  സ്വാദുള്ള കാളൻ തയ്യാർ !!

  • കുമ്പളങ്ങക്കു പകരം ചേന അല്ലെങ്കിൽ വാഴക്ക എന്നിവയും ഉപയോഗിക്കാം , 




2016 ജനുവരി 18, തിങ്കളാഴ്‌ച

Uzhunnu vada

ഉഴുന്നു വട



ആവശ്യമുള്ള സാധനങ്ങൾ 

ഉഴുന്നു പരുപ്പ്                       : 2 കപ്പ്‌ 
ഉപ്പു്  ആവശ്യത്തിന് 
കുരുമുളക്  ചതച്ചത്             : 1/4ടീസ്പൂൺ 
പച്ചമുളക്                           : 1 ചെറുതായി അരിഞ്ഞത് 
തേങ്ങ അരിഞ്ഞത്             : 2 ടേബിൾസ്പൂൺ 
എണ്ണ  വറുക്കാൻ ആവശ്യത്തിന് 


ചെയ്യുന്ന വിധം 


ഉഴുന്നു പരുപ്പ് രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തുക. 
കുതിർന്ന ശേഷം മിക്സിയിൽ നന്നായി  അരച്ചെടുക്കുക. വെള്ളം ചേർക്കരുത്,  അരയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വളരെ കുറച്ചു വെള്ളം തളിച്ച് അരക്കണം 
ഈ അരച്ച മാവിൽ ഉപ്പും, പച്ചമുളക് അരിഞ്ഞതും, തേങ്ങ പല്ല് പോലെ ചെറുതായി അരിഞ്ഞതും, കുരുമുളക് ചതച്ചതും എല്ലാം ചേർത്തി നല്ലപോലെ കലർത്തി വെക്കുക.
ഒരു ചീനച്ചട്ടിയിൽ വറുക്കാൻ ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കുക. കൈ വെള്ളയിൽ അല്പം വെള്ളം തടവി ഒരു ചെറിയ ഉരുള മാവെടുത്ത്‌ കൈയിൽ  വെച്ച് ഒന്ന് അമർത്തി  നടുവിൽ വിരൽ  കൊണ്ട് ഒരു തുള ഉണ്ടാക്കി
ചൂടായ എണ്ണയിലേക്ക് മെല്ലെ ഇടുക. 


ചെറിയ തീയിൽ ഇളം ബ്രൌൺ നിറം വരുന്നതു വരെ വറുത്ത  ശേഷം എണ്ണയിൽ നിന്നും കോരിയെടുത്തു ഒരു പേപ്പർ ടവലിൽ എണ്ണ വാലാൻ വെക്കുക. 



ഒരു പ്രാവശ്യം മൂന്നോ നാലോ വടകൾ ഒന്നിച്ചു വറുത്തെടുക്കാം. ബാക്കി മാവു മുഴുവൻ ഇതുപോലെ വട ഉണ്ടാക്കിയെടുക്കുക. തേങ്ങ ചട്ണി കൂട്ടി ചൂടോടെ കഴിക്കാം!