2013 ഡിസംബർ 10, ചൊവ്വാഴ്ച

Drumsticks(muringakkaaya) upperi

മുരിങ്ങക്കായ  ഉപ്പേരി 



ആവശ്യമുള്ള സാധനങ്ങൾ 
മുരിങ്ങക്കായ                  : 4 എണ്ണം 
മുളകുപൊടി                   : 1 ടീസ്പൂണ്‍
മഞ്ഞപ്പൊടി                  : 1/4 ടീസ്പൂണ്‍
ചെറിയ ഉള്ളി                : 8 എണ്ണം 
ഉപ്പ്                              : ആവശ്യത്തിന് 
എണ്ണ                           : ആവശ്യത്തിന് 


ചെയ്യുന്ന വിധം    

മുരിങ്ങക്കായ രണ്ടിഞ്ചു നീളത്തിൽ അരിഞ്ഞു വെക്കുക.  മുളകുപൊടിയും ചെറിയ ഉള്ളിയും ചേർത്തി മിക്സിയിൽ ഒന്നു ചതച്ചെടുക്കുക.
ഒരു നോണ്‍ സ്റ്റിക്  പാനെടുത്ത് അതിൽ മുരിങ്ങക്കായ  കുറച്ചു വെള്ളം ചേർത്ത് വേവാനിടുക. പാതി വെന്തു കഴിഞ്ഞാൽ മഞ്ഞപ്പൊടിയും ഉപ്പും, അരച്ച മസാലയും  ചേർത്ത് നന്നായി ഇളക്കുക.



 വെള്ളം വറ്റി ത്തുടങ്ങുമ്പോൾ കുറേശ്ശെ എണ്ണയോഴിച്ചു കൊടുക്കുക. മുരിങ്ങക്കായ ഉടഞ്ഞുപോകാതെ ഇടയ്ക്കിടയ്ക്ക് ഇളക്കുക.
മസാല ഉപ്പേരിയിൽ പോതിഞ്ഞിരിക്കുമ്പോൾ സ്റ്റൗവിൽ നിന്നും ഇറക്കി വെക്കുക.

2013 ഡിസംബർ 7, ശനിയാഴ്‌ച

Beans Upperi

ബീൻസ്‌ ഉപ്പേരി 

 






ആവശ്യമുള്ള സാധനങ്ങൾ 


ബീൻസ്‌                               : 100 ഗ്രാം 
ചെറുപരുപ്പ്                           : 2 ടേബിൾസ്പൂണ്‍
മഞ്ഞപ്പൊടി                         : ഒരു നുള്ള് 
തേങ്ങ ചിരകിയത്                : 2 ടേബിൾസ്പൂണ്‍
ഉപ്പു്                                      : ആവശ്യത്തിന് 
കടുക്                                   : 1 ടീസ്പൂണ്‍ 
മുളക് രണ്ടായിപൊട്ടിച്ചത്      : 2 എണ്ണം 
എണ്ണ                                   : 2ടേബിൾസ്പൂണ്‍ 






ചെയ്യുന്ന വിധം  

ബീൻസ്‌ കഴുകി ചെറുതായി നുറുക്കി വെക്കുക.
ഒരു ചീനച്ചട്ടിയിൽ  എണ്ണ ചൂടായ ശേഷം കടുകിട്ട് പൊട്ടിക്കുക.  ഇതിൽ മുളകു പൊട്ടിച്ചതു ചേർക്കുക. ഇതിൽ കഴുകിയ ചെറുപരുപ്പ്‌ ചേർത്തു അല്പം വെള്ളവും ചേർത്തു വേവിക്കുക. പരുപ്പ് പാതി വെന്താൽ അരിഞ്ഞു വെച്ച ബീൻസ്‌ ചേർക്കുക. ഉപ്പും മഞ്ഞപ്പൊടിയും ചേർത്തു വേവിക്കുക. വെള്ളം വറ്റിയതും തേങ്ങ ചിരകിയതു ചേർക്കുക. 

Potato Stew

ഉരുളക്കിഴങ്ങ് സ്റ്റു 









ഉരുളകിഴങ്ങ്                            : 2 എണ്ണം 
വലിയ ഉള്ളി                            : 1 വലുത് 
പച്ചമുളക്                                 : 2 എണ്ണം 
ഇഞ്ചി                                      : 1/2" നീളത്തിൽ 
തേങ്ങാപാൽ (ഒന്നാം പാൽ )    : 1/2 കപ്പ്‌ 
തേങ്ങാപാൽ (രണ്ടാം പാൽ )    : 1 കപ്പ്‌ 
ഉപ്പ്                                         : ആവശ്യത്തിന് 
കറിവേപ്പില                             : 1 തണ്ട് 
വെളിച്ചെണ്ണ                             : 1 ടേബിൾസ്പൂണ്‍ 








 ചെയ്യുന്ന വിധം 


ഉരുളകിഴങ്ങു  വേവിച്ച് തോല് കളഞ്ഞു വെക്കുക. 
ഉള്ളിയും  ഇഞ്ചിയും നീളത്തിലരിഞ്ഞു വെക്കുക. പച്ചമുളക് നീളത്തിൽ കീറി വെക്കുക.

ഉള്ളിയും, പച്ചമുളകും ഇഞ്ചിയും രണ്ടാം പാലിൽ വേവിക്കുക.  വേവിച്ച ഉരുളകിഴങ്ങ് പൊടിച്ചു ഇതിൽ ചേർക്കുക. വെള്ളം പോരെങ്കിൽ അല്പം ഒഴിക്കണം. ഉപ്പും  ചേർത്ത് തിളപ്പിക്കുക.  ഏറ്റവും ഒടുവിൽ ഒന്നാം പാൽ  ചേർത്തതും അടുപ്പിൽ നിന്നു വാങ്ങിവെക്കുക. വെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കുക.  ഇഡ്ഡലിക്കും ദോശക്കും നൂൽപുട്ടിനും എല്ലാം ചേരുന്ന ഒരു കറിയാണ് ഇതു്.




Sambhar


സാമ്പാർ 

 

 



സാമ്പാർ മിക്കവാറും ദിവസങ്ങളിൽ വീടുകളിൽ ഉണ്ടാക്കാറുള്ള ഒരു കൂട്ടാനാണ്. തേങ്ങ ചേർത്തും ചേർക്കാതെയും ഇതുണ്ടാക്കാറുണ്ട്.  ഞാൻ പൊതുവെ തേങ്ങ ചേർത്തിയാണ് ഉണ്ടാക്കാറുള്ളത്. ഇതു് പല പച്ചക്കറികളുപയോഗിച്ചും  ഉണ്ടാക്കാറുണ്ട്.  മത്തൻ, കുമ്പളങ്ങ, വെണ്ടയ്ക്ക, മുരിങ്ങക്കായ, ചെറിയ ഉള്ളി, മുള്ളങ്കി അങ്ങിനെ പലതും ഉപയോഗിക്കാറുണ്ട്.


ചെറിയ ഉള്ളി സാമ്പാറാണ് അധികവും ഇഡ്ഡലിക്കും. ദോശക്കും ഉണ്ടാക്കാറുള്ളത് .



ഉള്ളി സാമ്പാറിനു വേണ്ട സാധനങ്ങൾ 

ചെറിയ ഉള്ളി                           :  200ഗ്രാം 
തുവര പരുപ്പ്                             : 1 കപ്പ്‌
മഞ്ഞപ്പൊടി                             : 1/4 ടീസ്പൂണ്‍ 
ചുവന്ന മുളക്                             : 3-4
കൊത്തമല്ലി                             : 2 ടേബിൾസ്പൂണ്‍
ഉലുവ                                       : 1/8 ടീസ്പൂണ്‍ 
കടലപരുപ്പ്                              : 1 ടേബിൾസ്പൂണ്‍
കായം                                      : ഒരു ചെറിയ കഷ്ണം
തേങ്ങ ചുരണ്ടിയത്‌                    : 1 കപ്പ്‌
പുളി                                         : 1 നാരങ്ങ വലുപ്പത്തിൽ
ഉപ്പു്                                          : ആവശ്യത്തിന്
എണ്ണ                                       : ആവശ്യത്തിന് 

കടുകു വറക്കാൻ 

കടുക്                                      : 1/2 ടീ സ്പൂണ്‍
ചുവന്ന മുളക്                            : 2 രണ്ടായി പൊട്ടിച്ചത്
കറിവേപ്പില                            : 2 തണ്ട്
മല്ലിയില  അരിഞ്ഞത്             : 2 ടേബിൾസ്പൂണ്‍

ചെയ്യുന്ന വിധം 



ചെറിയ ഉള്ളി തോലു  കളഞ്ഞ് ഒരു ടേബിൾ സ്പൂണ്‍ എണ്ണ ചൂടാക്കിയതിൽ വഴറ്റുക.
പുളി ഒരു കപ്പ്‌ വെള്ളത്തിൽ 30 മിനിട്ട് നേരം കുതിരാൻ വെക്കുക. അതിനു ശേഷം പിഴിഞ്ഞെടുത്ത് ചണ്ടി കളയുക.
തുവര പരുപ്പ്  കഴുകി മഞ്ഞപ്പൊടിയും ചേർത്തു ഒരു പ്രഷർ കുക്കറിൽ വേവിക്കുക.
2 ടേബിൾസ്പൂണ്‍  എണ്ണ ഒരു ചീനച്ചട്ടിയിൽ ചൂടാക്കുക. ഇതിൽ കായം ഇട്ടു വറുത്ത ശേഷം മുളകും,മല്ലിയും, ഉലുവയും,കടലപരുപ്പും ചേർത്തു നിറം മാറുന്നതു വരെ വറുക്കുക. ഇതിൽ ചിരവിയ തേങ്ങ ചേർത്തി തേങ്ങയുടെ നിറം മാറി വരുമ്പോൾ കറിവേപ്പില ചേർത്തി തീയിൽ നിന്നും ഇറക്കി വെക്കുക. തണുത്ത ശേഷം മിക്സിയിൽ അരച്ചു വെക്കുക.
പ്രഷർ കുക്കർ തുറന്ന് ഇതിൽ വഴറ്റിയ ഉള്ളിയും ഉപ്പും കുറച്ചു വെള്ളവും ചേർത്തി നന്നായി തിളപ്പിക്കുക. ഉള്ളി ഒരുവിധം വെന്താൽ പിഴിഞ്ഞുവെച്ച  പുളി വെള്ളം ചേർത്തി നന്നായി തിളപ്പിക്കുക. ഇനി അരച്ച് വെച്ച മസാല ചേർക്കുക. സാമ്പാർ ഒരുപാടു വെള്ളത്തോടെയോ ഒരുപാടു  കുറുകിയിട്ടോ ആവാൻ പാടില്ല. പാകത്തിനു കൊഴുപ്പുണ്ടാവണം. മസാല അരച്ചതു ചേർക്കുമ്പോൾ പാകത്തിനു അതനുസരിച്ചു വെള്ളം ചേർക്കുക  ചേർത്തി രണ്ടു മൂന്ന് മിനിട്ടു തിളപ്പിച്ച ശേഷം സ്റ്റൗവിൽ നിന്നും ഇറക്കിവെക്കുക. 
ഒരു ചീനച്ചട്ടിയിൽ ഒരു ടീസ്പൂണ്‍ എണ്ണയൊഴിച്ച്  കടുകിട്ട് പൊട്ടുമ്പോൾ മുളകു രണ്ടായി പൊട്ടിച്ചതും ചേർക്കുക. ഇതിൽ കറിവേപ്പിലയും ചേർത്തി സാമ്പാറിലേക്ക് ഒഴിക്കുക.
അരിഞ്ഞു വെച്ച മല്ലിയില തൂകി വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റുക.
 ഈ സാമ്പാർ ഇഡ്ഡലിക്കും ദോശക്കും  ചോറിനും  എല്ലാം നന്നായിരിക്കും. ഇഡ്ഡലിക്കും ദോശക്കുമുള്ള സാമ്പാറിനു ചോറിന്റെതിനേക്കാൾ പുളി  അല്പം കുറക്കുന്നതു നല്ലതാണ്.


ഇതുപോലെ തന്നെ കുമ്പളങ്ങ, മത്തൻ, വെണ്ടയ്ക്ക, മുരിങ്ങക്കായ  എല്ലാം ചേർത്തിയും സാമ്പാർ  ഉണ്ടാക്കാം . വേണ്ടക്കയോ, മുള്ളങ്കിയോ ആണെങ്കിൽ എണ്ണയിൽ വഴറ്റണം. ബാക്കി എല്ലാം ഇതേ പോലെ തന്നെ ചെയ്യുക.




2013 ഡിസംബർ 1, ഞായറാഴ്‌ച

Chicken varattiyathu

കോഴി വരട്ടിയത് 


ആവശ്യമുള്ള സാധനങ്ങൾ 

കോഴി                                    : 1 കിലോ 
ചെറിയ ഉള്ളി                         : 10 എണ്ണം
മുളകുപൊടി                            : 1 ടേബിൾസ്പൂണ്‍ 
മല്ലിപൊടി                             : 2 ടേബിൾസ്പൂണ്‍
മഞ്ഞപ്പൊടി                           : 1/4 ടീസ്പൂണ്‍ 
കുരുമുളക്                               : 1 ടേബിൾസ്പൂണ്‍ 
ഇഞ്ചി                                    : 1 ഇഞ്ചു നീളത്തിൽ 
പച്ചമുളക്                               : 2 എണ്ണം
വെളുത്തുള്ളി                           : 4 അല്ലി 
വലിയ ഉള്ളി                          : 3 എണ്ണം
തക്കാളി                                : 2 എണ്ണം 
 എണ്ണ                                   : 3 ടേബിൾസ്പൂണ്‍ 
ഉപ്പു്                                       : ആവശ്യത്തിന് 
കറിവേപ്പില                           : 2 തണ്ട് 
മല്ലിയില                                : അലങ്കരിക്കാൻ 

 ചെയ്യുന്ന വിധം 

ഒരു ചീനച്ചട്ടിയിൽ കുരുമുളകിട്ട് ചൂടായ ശേഷം തീ കുറച്ച് മുളകുപൊടിയും, മല്ലിപൊടിയും ചേർത്ത്‌ നിറം മാറി തുടങ്ങുമ്പോൾ  തീയിൽ നിന്നും മാറ്റി ഇഞ്ചിയും, വെളുത്തുള്ളിയും, ചെറിയ ഉള്ളിയും ചേർത്ത് മയത്തിൽ അരയ്ക്കുക.  
വലിയ ഉള്ളി നീളത്തിൽ ഘനമില്ലതെ അരിഞ്ഞു വെക്കുക.
കോഴി ഇടത്തരം ചെറിയ കഷ്ണങ്ങളാക്കി നന്നായി കഴുകി വെള്ളമില്ലാതെ ഒരു സ്പൂണ്‍ ഈ അരച്ചതും ചേർത്ത് ഒരു പ്രഷർ കുക്കറിൽ വേവിക്കുക, ഒരു വിസിൽ വന്നാൽ സ്വിച്ച് ഓഫ്‌ ചെയ്ത്‌ മാറ്റി വെക്കുക.
ഒരു നോണ്‍സ്റ്റിക് പാനിൽ എണ്ണയൊഴിച്ച്  അരിഞ്ഞു വെച്ച ഉള്ളി ഇളം ബ്രൌണ്‍ നിറമാകുന്ന വരെ നന്നായി വഴറ്റുക. ഇതിൽ അരച്ച ബാക്കി മസാല ചേർത്തു വീണ്ടും വഴറ്റുക. തക്കാളി അരിഞ്ഞതും ചേർത്തി വീണ്ടും വഴറ്റണം. എണ്ണ  പോരെങ്കിൽ കുറച്ചു കൂടി ഒഴിക്കണം . തക്കാളി ഉടഞ്ഞ് മസാലയോട് ചേർന്നാൽ വെന്ത കോഴിയും ചേർത്തി നന്നായി ഇളക്കി ചെറുതീയിൽ വരട്ടണം. കറിവേപ്പില ചേർത്തു ഇളക്കി തീ ഓഫ്‌ ചെയ്യുക.
മല്ലിയില ചെരുതായരിഞ്ഞ് അലങ്കരിക്കുക.



 

 




Meen Biryani

മീൻ ബിരിയാണി 

ആവശ്യമുള്ള സാധനങ്ങൾ :

മീൻ (നെയ്മീൻ,ഐക്കോറ അല്ലെങ്കിൽ 
ഏതെങ്കിലും ദശ കട്ടിയുള്ള മീൻ )           : 1 കിലോ
ബാസ് മതി   അരി                               : ഒന്നര കപ്പ്‌ 
വലിയ ഉള്ളി                                        : 2 വലുത് 
പച്ചമുളക്                                              
(നീളത്തിൽ കീറിയത് )                       : 2 എണ്ണം 
പട്ട                                                      : 1 " നീളത്തിൽ 
ഗ്രാമ്പൂ                                                  : 4 എണ്ണം 
വഴനയില (bay leaf)                           : 1 വലുത് 
ഏലക്കായ                                          : 4 എണ്ണം 
നെയ്യ്                                                 : 2 സ്പൂണ്‍ 
തക്കാളി                                             : 2 എണ്ണം 
തേങ്ങാപാൽ                                      : 2 കപ്പ്‌ 
ഉപ്പ്                                                   : ആവശ്യത്തിന് 
ഇഞ്ചി                                                : 1 ചെറിയ കഷ്ണം 
വെളുത്തുള്ളി                                       : 4 അല്ലി 
നാരങ്ങ നീര്                                      : 1 ടീ സ്പൂണ്‍ 
മുളക് പൊടി                                      : 1 ടീസ്പൂണ്‍ 
മഞ്ഞപ്പൊടി                                      : ഒരു നുള്ള് 
എണ്ണ ആവശ്യത്തിന് 
മല്ലിത്തല    കുറച്ച് 
ഉള്ളി നീളത്തിലരിഞ്ഞ്  വറുത്തത്  കുറച്ച് 


ചെയ്യുന്ന വിധം  

മീൻ  ഒരിഞ്ചു വീതിയിൽ ചെറിയ കഷണങ്ങളാക്കി മുറിച്ചു നന്നായി കഴുകി വെക്കുക. 
മുളകു പൊടിയും ആവശ്യത്തിനു ഉപ്പും മഞ്ഞപ്പൊടിയും നാരങ്ങനീരും ചേർത്തു കുഴച്ചു മീനിൽ പുരട്ടി 20 മിനിറ്റ് വെക്കുക . 
ഉള്ളി ചെറുതായരിഞ്ഞു വെക്കുക. പച്ചമുളക് നീളത്തിൽ കീറി വെക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തരച്ചു വെക്കുക.
അരി 10 മിനിട്ട് വെള്ളത്തിലിട്ടു വെക്കുക.
തക്കാളി അരച്ചുവെക്കുക. തേങ്ങാപാൽ 2 കപ്പ്‌ എടുത്തു വെക്കുക. തക്കാളി അരച്ചതും തേങ്ങാപാലും ചേർന്ന് ഏകദേശം 3  കപ്പോളം ഉണ്ടാവണം. 
ഒരു ചീനച്ചട്ടിയിൽ 2 സ്പൂണ്‍ നെയ്യൊഴിച്ച് ചൂടാക്കി പട്ട, ഗ്രാമ്പൂ, വഴനയില, ഏലക്കായ എന്നിവയിട്ട് വറുത്തു വെക്കുക.  റൈസ് കുക്കറിൽ തക്കാളി അരച്ചതും തേങ്ങാപാലും ചേർത്തതിൽ അരി കഴുകിയിട്ട് ആവശ്യത്തിനു ഉപ്പും,  വറുത്തു വെച്ച പട്ട ഗ്രാമ്പൂ എന്നിവയുംചേർത്തു  വേവിക്കുക. റൈസ് കുക്കറില്ലെങ്കിൽ പ്രഷർ കുക്കറായാലും മതി.  ഒരു വിസിൽ  വന്നതും തീയിൽ  നിന്നും  മാറ്റി വെക്കുക.
ഒരു പരന്ന നോണ്‍സ്റ്റിക് പാനിൽ കുറച്ച്‌ എണ്ണയൊഴിച്ച് ചൂടായ ശേഷം മീൻ  അതിലിട്ട് വറുത്തു കോരുക . ഒരുപാടു മൊരിയാതെ ഒരു പതത്തിൽ വേണം വറക്കാൻ. 
അതേ പാനിൽ കുറച്ചു കൂടി എണ്ണയൊഴിച്ച് ചൂടായ ശേഷം ചെറുതായരിഞ്ഞ ഉള്ളി ചേർത്തു നന്നായി വഴറ്റുക. അതിൽ അരച്ച വെളുത്തുള്ളിയും, ഇഞ്ചിയും ചേർത്ത് പച്ചമണം പോകുന്നതു വരെ വഴറ്റുക. ഇതിൽ നീളത്തിലരിഞ്ഞ പച്ചമുളകും ചേർത്തു  വഴറ്റിയ ശേഷം വേവിച്ചു വെച്ച അരി ചേർത്തിളക്കുക . ഇതിൽ വറുത്തു വെച്ച മീൻ  ചേർത്തി  പൊടിഞ്ഞു പോകാതെ ഇളക്കുക. മല്ലിയില അരിഞ്ഞതും വറുത്തു വെച്ച ഉള്ളിയും കൊണ്ട് അലങ്കരിക്കുക.




2013 നവംബർ 22, വെള്ളിയാഴ്‌ച

Vazhakka mezhukkkupuratti

വാഴക്ക മെഴുക്കുപുരട്ടി  

ആവശ്യമുള്ള സാധനങ്ങൾ 

വാഴക്ക                                           : 2 
ചെറിയ ഉള്ളി                                 : 10  എണ്ണം 
പച്ചമുളക്                                       : 2-3 എണ്ണം 
വെളിച്ചെണ്ണ                                   : 2 ടേബിൾസ്പൂണ്‍
കറിവേപ്പില                                   : 1 തണ്ട് 
മഞ്ഞപ്പൊടി                                   : അരടീസ്പൂണ്‍ 
ഉപ്പു്                                                : ആവശ്യത്തിന് 


ചെയ്യുന്ന വിധം 

വാഴക്ക  ചെറിയ കഷ്ണങ്ങളായി മുറിച്ച്  അല്പം മഞ്ഞപൊടി ചേർത്ത വെള്ളത്തിലിട്ടു  വെക്കുക.
ചെറിയ ഉള്ളി നീളത്തിലരിഞ്ഞു വെക്കുക . പച്ചമുളകും നീളത്തിൽ രണ്ടായി മുറിക്കുക.
വാഴക്ക നന്നായി കഴുകി വാരി വെച്ച് ഒരു പാത്രത്തിൽ അല്പം വെള്ളം ചേർത്ത് വേവിക്കുക. അര വേവാകുമ്പോൾ ഉപ്പു ചേർക്കുക. വെന്ത ശേഷം തീയിൽ  നിന്നും മാറ്റി വെക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച്  ചൂടായ ശേഷം അരിഞ്ഞ ഉള്ളിയും പച്ചമുളകും ഒന്നു വഴറ്റിയ ശേഷം വേവിച്ചു വെച്ച വാഴക്ക ചേർത്തു  നന്നായി ഇളക്കി തീ കുറച്ചു വെക്കുക. ഇടക്കിടക്ക് ഇളക്കി കൊടുക്കുക. എണ്ണ പോരെങ്കിൽ അല്പം കൂടെ  ഒഴിക്കുക. അഞ്ചു മിനിട്ടോളം ഇങ്ങിനെചെയ്തു തീയിൽ നിന്നും മാറ്റി കറിവേപ്പില  ചേർക്കുക.