2013, ഡിസംബർ 7, ശനിയാഴ്‌ച

Sambhar


സാമ്പാർ 

 

 



സാമ്പാർ മിക്കവാറും ദിവസങ്ങളിൽ വീടുകളിൽ ഉണ്ടാക്കാറുള്ള ഒരു കൂട്ടാനാണ്. തേങ്ങ ചേർത്തും ചേർക്കാതെയും ഇതുണ്ടാക്കാറുണ്ട്.  ഞാൻ പൊതുവെ തേങ്ങ ചേർത്തിയാണ് ഉണ്ടാക്കാറുള്ളത്. ഇതു് പല പച്ചക്കറികളുപയോഗിച്ചും  ഉണ്ടാക്കാറുണ്ട്.  മത്തൻ, കുമ്പളങ്ങ, വെണ്ടയ്ക്ക, മുരിങ്ങക്കായ, ചെറിയ ഉള്ളി, മുള്ളങ്കി അങ്ങിനെ പലതും ഉപയോഗിക്കാറുണ്ട്.


ചെറിയ ഉള്ളി സാമ്പാറാണ് അധികവും ഇഡ്ഡലിക്കും. ദോശക്കും ഉണ്ടാക്കാറുള്ളത് .



ഉള്ളി സാമ്പാറിനു വേണ്ട സാധനങ്ങൾ 

ചെറിയ ഉള്ളി                           :  200ഗ്രാം 
തുവര പരുപ്പ്                             : 1 കപ്പ്‌
മഞ്ഞപ്പൊടി                             : 1/4 ടീസ്പൂണ്‍ 
ചുവന്ന മുളക്                             : 3-4
കൊത്തമല്ലി                             : 2 ടേബിൾസ്പൂണ്‍
ഉലുവ                                       : 1/8 ടീസ്പൂണ്‍ 
കടലപരുപ്പ്                              : 1 ടേബിൾസ്പൂണ്‍
കായം                                      : ഒരു ചെറിയ കഷ്ണം
തേങ്ങ ചുരണ്ടിയത്‌                    : 1 കപ്പ്‌
പുളി                                         : 1 നാരങ്ങ വലുപ്പത്തിൽ
ഉപ്പു്                                          : ആവശ്യത്തിന്
എണ്ണ                                       : ആവശ്യത്തിന് 

കടുകു വറക്കാൻ 

കടുക്                                      : 1/2 ടീ സ്പൂണ്‍
ചുവന്ന മുളക്                            : 2 രണ്ടായി പൊട്ടിച്ചത്
കറിവേപ്പില                            : 2 തണ്ട്
മല്ലിയില  അരിഞ്ഞത്             : 2 ടേബിൾസ്പൂണ്‍

ചെയ്യുന്ന വിധം 



ചെറിയ ഉള്ളി തോലു  കളഞ്ഞ് ഒരു ടേബിൾ സ്പൂണ്‍ എണ്ണ ചൂടാക്കിയതിൽ വഴറ്റുക.
പുളി ഒരു കപ്പ്‌ വെള്ളത്തിൽ 30 മിനിട്ട് നേരം കുതിരാൻ വെക്കുക. അതിനു ശേഷം പിഴിഞ്ഞെടുത്ത് ചണ്ടി കളയുക.
തുവര പരുപ്പ്  കഴുകി മഞ്ഞപ്പൊടിയും ചേർത്തു ഒരു പ്രഷർ കുക്കറിൽ വേവിക്കുക.
2 ടേബിൾസ്പൂണ്‍  എണ്ണ ഒരു ചീനച്ചട്ടിയിൽ ചൂടാക്കുക. ഇതിൽ കായം ഇട്ടു വറുത്ത ശേഷം മുളകും,മല്ലിയും, ഉലുവയും,കടലപരുപ്പും ചേർത്തു നിറം മാറുന്നതു വരെ വറുക്കുക. ഇതിൽ ചിരവിയ തേങ്ങ ചേർത്തി തേങ്ങയുടെ നിറം മാറി വരുമ്പോൾ കറിവേപ്പില ചേർത്തി തീയിൽ നിന്നും ഇറക്കി വെക്കുക. തണുത്ത ശേഷം മിക്സിയിൽ അരച്ചു വെക്കുക.
പ്രഷർ കുക്കർ തുറന്ന് ഇതിൽ വഴറ്റിയ ഉള്ളിയും ഉപ്പും കുറച്ചു വെള്ളവും ചേർത്തി നന്നായി തിളപ്പിക്കുക. ഉള്ളി ഒരുവിധം വെന്താൽ പിഴിഞ്ഞുവെച്ച  പുളി വെള്ളം ചേർത്തി നന്നായി തിളപ്പിക്കുക. ഇനി അരച്ച് വെച്ച മസാല ചേർക്കുക. സാമ്പാർ ഒരുപാടു വെള്ളത്തോടെയോ ഒരുപാടു  കുറുകിയിട്ടോ ആവാൻ പാടില്ല. പാകത്തിനു കൊഴുപ്പുണ്ടാവണം. മസാല അരച്ചതു ചേർക്കുമ്പോൾ പാകത്തിനു അതനുസരിച്ചു വെള്ളം ചേർക്കുക  ചേർത്തി രണ്ടു മൂന്ന് മിനിട്ടു തിളപ്പിച്ച ശേഷം സ്റ്റൗവിൽ നിന്നും ഇറക്കിവെക്കുക. 
ഒരു ചീനച്ചട്ടിയിൽ ഒരു ടീസ്പൂണ്‍ എണ്ണയൊഴിച്ച്  കടുകിട്ട് പൊട്ടുമ്പോൾ മുളകു രണ്ടായി പൊട്ടിച്ചതും ചേർക്കുക. ഇതിൽ കറിവേപ്പിലയും ചേർത്തി സാമ്പാറിലേക്ക് ഒഴിക്കുക.
അരിഞ്ഞു വെച്ച മല്ലിയില തൂകി വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റുക.
 ഈ സാമ്പാർ ഇഡ്ഡലിക്കും ദോശക്കും  ചോറിനും  എല്ലാം നന്നായിരിക്കും. ഇഡ്ഡലിക്കും ദോശക്കുമുള്ള സാമ്പാറിനു ചോറിന്റെതിനേക്കാൾ പുളി  അല്പം കുറക്കുന്നതു നല്ലതാണ്.


ഇതുപോലെ തന്നെ കുമ്പളങ്ങ, മത്തൻ, വെണ്ടയ്ക്ക, മുരിങ്ങക്കായ  എല്ലാം ചേർത്തിയും സാമ്പാർ  ഉണ്ടാക്കാം . വേണ്ടക്കയോ, മുള്ളങ്കിയോ ആണെങ്കിൽ എണ്ണയിൽ വഴറ്റണം. ബാക്കി എല്ലാം ഇതേ പോലെ തന്നെ ചെയ്യുക.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ