2013, നവംബർ 22, വെള്ളിയാഴ്‌ച

Vazhakka mezhukkkupuratti

വാഴക്ക മെഴുക്കുപുരട്ടി  

ആവശ്യമുള്ള സാധനങ്ങൾ 

വാഴക്ക                                           : 2 
ചെറിയ ഉള്ളി                                 : 10  എണ്ണം 
പച്ചമുളക്                                       : 2-3 എണ്ണം 
വെളിച്ചെണ്ണ                                   : 2 ടേബിൾസ്പൂണ്‍
കറിവേപ്പില                                   : 1 തണ്ട് 
മഞ്ഞപ്പൊടി                                   : അരടീസ്പൂണ്‍ 
ഉപ്പു്                                                : ആവശ്യത്തിന് 


ചെയ്യുന്ന വിധം 

വാഴക്ക  ചെറിയ കഷ്ണങ്ങളായി മുറിച്ച്  അല്പം മഞ്ഞപൊടി ചേർത്ത വെള്ളത്തിലിട്ടു  വെക്കുക.
ചെറിയ ഉള്ളി നീളത്തിലരിഞ്ഞു വെക്കുക . പച്ചമുളകും നീളത്തിൽ രണ്ടായി മുറിക്കുക.
വാഴക്ക നന്നായി കഴുകി വാരി വെച്ച് ഒരു പാത്രത്തിൽ അല്പം വെള്ളം ചേർത്ത് വേവിക്കുക. അര വേവാകുമ്പോൾ ഉപ്പു ചേർക്കുക. വെന്ത ശേഷം തീയിൽ  നിന്നും മാറ്റി വെക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച്  ചൂടായ ശേഷം അരിഞ്ഞ ഉള്ളിയും പച്ചമുളകും ഒന്നു വഴറ്റിയ ശേഷം വേവിച്ചു വെച്ച വാഴക്ക ചേർത്തു  നന്നായി ഇളക്കി തീ കുറച്ചു വെക്കുക. ഇടക്കിടക്ക് ഇളക്കി കൊടുക്കുക. എണ്ണ പോരെങ്കിൽ അല്പം കൂടെ  ഒഴിക്കുക. അഞ്ചു മിനിട്ടോളം ഇങ്ങിനെചെയ്തു തീയിൽ നിന്നും മാറ്റി കറിവേപ്പില  ചേർക്കുക. 

2013, നവംബർ 20, ബുധനാഴ്‌ച

Arachukalakki

അരച്ചുകലക്കി 





തേങ്ങ                                  : 2 കപ്പ്‌ 
പച്ചമുളക്                              : 3 എണ്ണം 
മാങ്ങ                                   : 1/2 
ഉപ്പു്                                      :പാകത്തിന് 
െെതര്                                  : 1 ടേബിൾസ്പൂണ്‍  
എണ്ണ                                   : 1 ടേബിൾസ്പൂണ്‍
കടുക്                                   : 1/2 ടീസ്പൂണ്‍ 
ഉണക്കമുളക്                         : 1 രണ്ടായി പൊട്ടിച്ചത് 
കറിവേപ്പില                         : 1 തണ്ട് 


ചെയ്യുന്ന വിധം  


തേങ്ങയും, പച്ചമുളകും, മാങ്ങാകഷ്ണങ്ങളും ഉപ്പും ചേർത്ത് നന്നായി അരക്കുക. (നല്ല പുളിയുള്ള മാങ്ങയാണെങ്കിൽ കുറച്ചു ചേർത്താൽ മതി).
ഇതിൽ ഉടച്ച െെതരും ചേർത്തി പാകത്തിന് വെള്ളം ഒഴിച്ചു് കലക്കി വെക്കുക. ഇടത്തരം അയവോടെയിരിക്കണം ഈ കൂട്ടാൻ .  ചീനച്ചട്ടിയിൽ എണ്ണ  ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും ചേർക്കുക .
കുറിപ്പ് : മാങ്ങക്കു പകരം  പുളി ചേർത്താലും നന്നായിരിക്കും.  ഇതിൽ നെല്ലിക്ക ചേർത്തി  അരച്ചാൽ നെല്ലിക്ക അരച്ചുകലക്കിയായി .

Pulingari

പുളിങ്കറി 


പുളിങ്കറി തേങ്ങ ചേർത്തും ചേർക്കാതെയും  ഉണ്ടാക്കാം. മത്തൻ, ചിനഞ്ഞ പപ്പായ മുതലായ പച്ചക്കറികൾ തേങ്ങ ചേർക്കാതെ പുളിങ്കറി ഉണ്ടാക്കിയാൽ നന്നായിരിക്കും.



ആവശ്യമുള്ള സാധനങ്ങൾ :
തുവര പരുപ്പ്                    : 1 /2 കപ്പ്‌ 
മത്തൻ                             : അര കിലോ 
ചെറിയ ഉള്ളി                   : 10 എണ്ണം 
മുളകുപൊടി                      : 1 ടീസ്പൂണ്‍ 
മഞ്ഞപൊടി                     : 1/ 4 ടീസ്പൂണ്‍ 
ഉപ്പു്                                 : ആവശ്യത്തിന് 
പുളി                                : ഒരു ചെറുനാരങ്ങ വലുപ്പത്തിൽ 
കടുക്                               : 1/2  ടീസ്പൂണ്‍ 
ഉലുവ                               : ഒരു നുള്ള് 
കറിവേപ്പില                     : ഒരു തണ്ട് 
എണ്ണ                              : 2 ടേബിൾസ്പൂണ്‍ 


ചെയ്യുന്ന വിധം :

പരുപ്പ് വേവിച്ച് വെക്കുക.    മത്തൻ ഒരിഞ്ചു നീളത്തിലുള്ള ചെറിയ കഷ്ണങ്ങളാക്കി നുറുക്കി വെക്കുക.   പുളി ഒരു കപ്പ്‌ വെള്ളത്തിലിട്ടു മുപ്പതു മിനിട്ട് വെച്ച ശേഷം പിഴിഞ്ഞു വെക്കുക. മുളകുപൊടിയും 5 ചെറിയ ഉള്ളിയും ചേർത്ത് അരച്ചു വെക്കുക .

മത്തൻ മുളകരച്ചതും മഞ്ഞപൊടിയും ഉപ്പും ചേർത്തു വേവിക്കുക. വെന്ത ശേഷം പിഴിഞ്ഞു വെച്ച പുളി വെള്ളം ചേർത്ത് ഒന്ന് തിളപ്പിക്കുക. അതിനു ശേഷം വേവിച്ച പരുപ്പും ചേർത്ത് ഇളക്കി പാകത്തിന് വെള്ളം ചേർത്ത് ഒന്ന് തിളപ്പിച്ച  ശേഷം വാങ്ങി വെക്കുക. 

ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിയ ശേഷം ഉലുവ ചേർത്തു ബാക്കി ചെറിയ ഉള്ളി ചെറുതായരിഞ്ഞതും  ചേർത്തി നന്നായി വഴറ്റുക.   ഇതിൽ കറിവേപ്പിലയിട്ടു  കൂട്ടാനിൽ ഒഴിക്കുക.  ചൂട് ചോറിന്റെ കൂടെ കഴിക്കാം. 

 

  • തേങ്ങ ചേർക്കുകയാണെങ്കിൽ,  ഒരു കപ്പ് തേങ്ങ അരച്ചെടുത്തു പുളി തിളച്ച ശേഷം പരുപ്പ്  ചേർക്കുമ്പോൾ  തേങ്ങ അരച്ചതും ചേർത്ത് 2 മിനിട്ടു കൂടി വേവിക്കുക. അതിനു ശേഷം കടുകും ഉള്ളിയും വറുത്തിട്ടു  ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.

2013, നവംബർ 19, ചൊവ്വാഴ്ച

Varutharacha chammanthi

വറുത്തരച്ച ചമ്മന്തി 

ആവശ്യമുള്ള  സാധനങ്ങൾ  

ചുവന്ന മുളക്                   : 5 എണ്ണം 
കടല പരുപ്പ്                   : 1 ടേബിൾ സ്പൂണ്‍ 
ഉഴുന്നു പരുപ്പ്                  : 1 ടേബിൾ സ്പൂണ്‍ 
കൊത്തമല്ലി                   : അര ടീസ്പൂണ്‍ 
കായം                            : ഒരു ചെറിയ കഷ്ണം 
തേങ്ങ ചിരവിയത്           : ഒരു കപ്പ്‌ 
കറിവേപ്പില                   : 2 കൊത്ത് 
ഉപ്പ്                               : ആവശ്യത്തിന് 
എണ്ണ                            : 1 ടേബിൾ സ്പൂണ്‍ 


ചെയ്യുന്ന വിധം 

ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടായ ശേഷം എണ്ണയൊഴിച്ച്  അതിൽ കായം ഇടുക. കായം വറുത്ത ശേഷം അതിൽ മുളകിട്ട് ഇളക്കി അതിന്റെ കൂടെ മല്ലി, ഉഴുന്നുപരിപ്പ് , കടലപരിപ്പ്‌ എന്നിവ ഇട്ട്  നിറം മാറുന്നത് വരെ വറുക്കുക. എന്നിട്ട് തേങ്ങ ചിരവിയതും ചേർത്തി ഇളം ബ്രൌണ്‍ നിറമാവുന്നതു വരെ വറുത്തു കറിവേപ്പിലയും ചേർത്തി  തീയിൽ  നിന്നും മാറ്റി വെക്കുക. തണുത്ത ശേഷം മിക്സിയിൽ ഇട്ടു കരുകരുപ്പയി അരച്ചെടുക്കുക. ചൂട് ചോറിൽ നെയ്യും ഈ അരച്ച ചമ്മന്തിയും ചേർത്ത് കഴിക്കാം. അല്ലെങ്കിൽ െെതരു സാദത്തിന്റെ  കൂടെ കഴിക്കാനും നന്നായിരിക്കും.   



2013, നവംബർ 13, ബുധനാഴ്‌ച

Ulli chammanthi (onion chutney)

ഉള്ളി ചമ്മന്തി 



ചെറിയ ഉള്ളി                             : 10 എണ്ണം 
ചുവന്ന മുളക്‌                               : 4-5 
ഉപ്പ്                                            : ആവശ്യത്തിന് 
വെളിച്ചെണ്ണ                                : 1 ടേബിൾ സ്പൂണ്‍ 
 

ചെയ്യുന്ന വിധം 

ചെറിയ ഉള്ളിയും ചുവന്ന മുളകും ഉപ്പും ചേർത്ത്  നന്നായി അരച്ചുവെക്കുക. ഇതിൽ പച്ച വെളിച്ചെണ്ണ തൂകി ഉപയോഗിക്കുക. ഇഡ്ഡലി, ദോശ എന്നിവയുടെ കൂടെ കഴിക്കാൻ നന്നായിരിക്കും.
ഉള്ളിയും മുളകും എണ്ണ  ചേർത്തു  വഴറ്റി (ഇളം ബ്രൌണ്‍ നിറം വരുന്നത് വരെ ) ഇതുപോലെ അരച്ചതും  നന്നായിരിക്കും.





2013, നവംബർ 12, ചൊവ്വാഴ്ച

Mulaku varutha puli

മുളകു വറുത്ത പുളി 

മുളകുവറുത്ത  പുളി ഒരു പഴയ നാടൻ കൂട്ടാനാണ്. പണ്ടത്തെ തറവാടുകളിൽ കൂട്ടുകുടുംബം ഉള്ള കാലത്ത് സാധാരണ ഉണ്ടാക്കാറുള്ള കൂട്ടാനാണ്. ഇതു പാലക്കാട്‌ ഭാഗത്ത്‌ മാത്രമാണ് അധികം കണ്ടിട്ടുള്ളത്, അതുകൊണ്ടുതന്നെ ഇതിനു പാലക്കടാൻ തറവാട്ടു പുളി എന്നും പറയാറുണ്ട്‌.  മുളകു വറുത്ത പുളിയും നങ്കിമീൻ വറുത്തതും കൂട്ടി ഉണ്ണാൻ നല്ല സ്വാദുണ്ടാവും!!






വേണ്ട സാധനങ്ങൾ 

പുളി                            ... നാരങ്ങ വലുപ്പത്തിൽ 
ചെറിയ ഉള്ളി              ... 15 എണ്ണം 
പച്ചമുളക്                    ... 2 എണ്ണം 
ഉലുവ                         ... ഒരു നുള്ള് 
കടുക്                         ... അര ടീസ്പൂണ്‍ 
ഇഞ്ചി                        ... അര ഇഞ്ച്‌ കഷ്ണം 
ചുവന്ന മുളക്               ... 2 എണ്ണം 
വെളുത്തുള്ളി                ... 5 ഇല്ലി 
ഉപ്പ്                            ... ആവശ്യത്തിന്
വെളിച്ചെണ്ണ                ... ആവശ്യത്തിന്
കറിവേപ്പില               ... ഒരു തണ്ട് 
  
 

 

ചെയ്യുന്ന വിധം 

ഉള്ളി ചെറുതായരിഞ്ഞു വെക്കുക .
പുളി രണ്ടു  കപ്പ്‌ വെള്ളത്തിലിട്ടു 30 മിനിട്ടു വെക്കുക.
പച്ചമുളക് രണ്ടായി കീറി വെക്കുക.
ഒരു ചീനച്ചട്ടിയിൽ 2 ടേബിൾ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പോട്ടിയശേഷം കറിവേപ്പിലയും ചുവന്ന മുളക് രണ്ടായി പൊട്ടിച്ചതും  ചേർക്കുക . അതിനു ശേഷം വെളുത്തുള്ളി ചേർത്ത് വഴറ്റുക. നിറം മാറി വരുമ്പോൾ ചെറിയ ഉള്ളിയും പച്ചമുളക് നീളത്തിലരിഞ്ഞതും  ചേർത്തി വഴറ്റുക . ഇതിൽ പുളി പിഴിഞ്ഞതും ഉപ്പും ചേർത്തി തീ കുറച്ചു നന്നായി തിളപ്പിക്കുക.






 മുളകുവറുത്തപുളിയും കൊണ്ടാട്ടവും മീൻ  വറുത്തതും കൂട്ടി ഊണു കഴിച്ചാൽ   നല്ല സ്വാദുണ്ടാവും!



 

 

 

2013, നവംബർ 11, തിങ്കളാഴ്‌ച

Kaippathilay puli

കൈപ്പതിലായ്  പുളി  



കൈപ്പതിലായ് ചീര നാട്ടിൻപുറങ്ങളിൽ കുളത്തിന്റെ ഓരത്തും, പറമ്പിലും മറ്റുമാണ്  സാധാരണ കാണുന്നത് . എന്റെ മുത്തശ്ശി ഉള്ള കാലത്ത് കർക്കിടക മാസത്തിൽ  പത്തു ദിവസം ചീര കഴിക്കുക പതിവാണ്.  ഈ ചീര പൊതുവെ ചൂടാണ് എന്നാണ് പറയുന്നത്. അതുകൊണ്ടാണെന്നു തോന്നുന്നു മഴക്കാലത്ത്‌ ഈ ചീര കഴിക്കുന്നത്‌. വളരെ ചെറിയ ഇലകളുള്ള പടർന്നു കിടക്കുന്ന ചെറിയ ചെടിയാണ്  ഈ ചീര. ഇതിൽ ചെറിയ വെളുത്ത പൂക്കളുണ്ടാവും. പൂക്കളുണ്ടാവുന്നതിനു മുമ്പ് തന്നെ ഈ ചീര പറിക്കാറുണ്ട് .

ആവശ്യമുള്ള സാധനങ്ങൾ 

കൈപ്പതിലായ് ചീര   : ഒരു പിടി 
പുളി                          : ഒരു നാരങ്ങ  വലുപ്പം
മുളകു പൊടി              : 1 ടീ സ്പൂണ്‍ 
മല്ലി പൊടി               : 2 ടീ സ്പൂണ്‍ 
ഉലുവ                        : കുറച്ച് 
തേങ്ങ                      : 1 കപ്പ് 
ഉപ്പ്                          : ആവശ്യത്തിന് 
കടുക്                       : അര ടീ സ്പൂണ്‍ 
ചെറിയ ഉള്ളി           : 10  എണ്ണം 
കറി വേപ്പില            : ഒരു കൊത്ത് 

ചെയ്യുന്ന വിധം 

 കൈപ്പതിലായ് ചീര  നല്ല പോലെ കഴുകി  വെള്ളം വാലാൻ  വെക്കുക .
പുളി അര മണികൂർ  ഒരു കപ്പ്‌ വെള്ളത്തിലിട്ടു  വെക്കുക . 
ഒരു ചീന ചട്ടിയിൽ എണ്ണയില്ലാതെ ഉളലുവയിട്ടു നിറം മാറുമ്പോൾ തീ കുറച്ച ശേഷം മുളകു പൊടിയും മല്ലിപൊടിയും ചേർത്ത് നല്ല പോലെ ഇളക്കുക. പച്ച മണം  മാറുമ്പോൾ കൈപ്പതിലായ് ചീര ചേർത്ത് നന്നായി ഇളക്കി തീയിൽ  നിന്നും മാറ്റി വക്കുക .
ഈ വറുത്ത മസാല 6 ചെറിയ ഉള്ളി ചേർത്ത് നന്നായി അരക്കുക.
തേങ്ങ തനിയെ നന്നായി  അരച്ചുവെക്കുക.
പുളി നന്നായി പിഴിഞ്ഞെടുത്ത് അതിൽ ഈ അരച്ച മസാലയും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. 
അതിൽ അരച്ച തേങ്ങയും ചേർത്ത് വീണ്ടും ഒന്നു കൂടി തിളപ്പിച്ച ശേഷം വാങ്ങി വെക്കുക. കറി വേപ്പില ചേർക്കുക.
ഒരു ചീനച്ചട്ടിയിൽ ഒരു ടേബിൾ സ്പൂണ്‍ എണ്ണ  ഒഴിച്ച് ചൂടാക്കുക. ഇതിൽ  കടുകിട്ട് പൊട്ടിയ ശേഷം ചെറുതായരിഞ്ഞ ഉള്ളി ചേർത്ത് നിറം മാറുന്നത് വരെ വതക്കി ഈ കൂട്ടാനിൽ  ഒഴിക്കുക. 
ഈ പുളി കുറച്ചു കുറുകിയിരിക്കണം. അതനുസരിച്ച് വെള്ളം ചേർത്താൽ  മതി. 
കൈപ്പത്തിലായ്  പുളി  റെഡി !!