തേങ്ങ ചട്ണി
തേങ്ങ അഥവാ നാളികേര ചട്ണി മിക്കവാറും എല്ലാ പലഹാരങ്ങളുടെയും കൂടെ കഴിക്കാൻ പറ്റിയതാണ്. ഇഡ്ഡലി, ദോശ, വട, പൊങ്കൽ, ഊത്തപ്പം, ഇടിയപ്പം, ആപ്പം എന്നിങ്ങനെ എല്ലാറ്റിനും ചേരുന്ന ഒരു വിഭവമാണ്.
ആവശ്യമുള്ള സാധനങ്ങൾ
തേങ്ങ ചിരവിയത് : 1 കപ്പ്
പച്ചമുളക് : 3 എണ്ണം
പൊട്ടുക്കടല : 1 ടേബിൾസ്പൂണ്‍
ഇഞ്ചി : ഒരു ചെറിയ കഷ്ണം
കടുക് : 1/2 ടീസ്പൂണ്‍
ഉഴുന്നുപരുപ്പ് : 1/4 ടീസ്പൂണ്‍
എണ്ണ : 1 ടീസ്പൂണ്‍
ചുവന്ന മുളക് : 1 രണ്ടായി പൊട്ടിച്ചത്
ഉപ്പു് ആവശ്യത്തിന്
കറിവേപ്പില : ഒരു തണ്ട്
ചെയ്യുന്ന വിധം
തേങ്ങയും പച്ചമുളകും ഇഞ്ചിയും പൊട്ടുക്കടലയും ഉപ്പും ചേർത്തു മിക്സിയിൽ അല്പം വെള്ളം ചേർത്ത് നന്നായരക്കുക.
പച്ചമുളക് എരിവനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുകിട്ടു പൊട്ടുമ്പോൾ ഉഴുന്നുപരുപ്പും മുളകു പൊട്ടിച്ചതും ഇടുക. ഉഴുന്ന് പരുപ്പ് നിറം മാറിയാൽ കറിവേപ്പിലയിട്ടു അരച്ചുവെച്ച ചട്ണിയിലേക്ക് ഒഴിക്കുക. വെള്ളം പോരെങ്കിൽ അല്പം ഒഴിക്കാം. ഇടത്തരം അയവോടെയുണ്ടാവണം.
ഇതുതന്നെ വെള്ളമില്ലാതെ അരച്ച് കട്ടിയായി ഉപയോഗിക്കാം, അതിൽ കടുകു വറുത്തിടണ്ട ആവശ്യമില്ല. ബജ്ജിക്കും മറ്റും അത്തരം ചട്ണിയാണ് പതിവ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ