ഉലുവ ചപ്പാത്തി
ആവശ്യമുള്ള സാധനങ്ങൾ :
ഉലുവ മുളപ്പിച്ചത് : 1 കപ്പ്
ഗോതമ്പു മാവ് : 2 കപ്പ്
മുളകുപൊടി :1/4 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ജീരകം : ഒരു നുള്ള്
എണ്ണ ആവശ്യത്തിന്
ചെയ്യുന്ന വിധം :
ഉലുവ ഒരു ദിവസം മുമ്പു തന്നെ വെള്ളത്തിലിട്ടു വെക്കുക. അടുത്ത ദിവസം വെള്ളത്തിൽ നിന്നും വാരി ഒരു ഓട്ടയുള്ള പാത്രത്തിലിട്ടു വെച്ചാൽ പിറ്റേ ദിവസത്തേക്ക് മുള വന്നു തുടങ്ങും.
ഈ മുളച്ച ഉലുവ മിക്സിയിലിട്ടു നന്നായി അരക്കുക. അല്പം വെള്ളം ചേർത്ത് അരക്കാം . ഒരു പരന്ന പാത്രത്തിൽ ഗോതമ്പു മാവെടുത്തു ഈ അരച്ച ഉലുവയും ചേർത്ത് അല്പം ഉപ്പും മുളകുപൊടിയും ജീരകവും ഇട്ട് നന്നായി കലർത്തുക, വെള്ളം കുറേശ്ശേ ആവശ്യത്തിന് ചേർത്തി മൃദുവായി കുഴച്ചുവെക്കുക. അല്പം എണ്ണ കൈയിൽ തടവി ഒന്നുകൂടി കുഴച്ചു ഒരു ഇരുപതു മിനിട്ടു മൂടി വെക്കുക.
അതിനുശേഷം കുഴച്ച ഈ മാവെടുത്തു ഒരു വലിയ നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകളാക്കി വെക്കുക.
ഓരോ ഉരുളയും ചപ്പാത്തി കല്ലിൽ അല്പം മാവു തടവിയ ശേഷം പരത്തുക.
പരത്തിയ ചപ്പാത്തി ചൂടാക്കിയ തവയിലിട്ടു ചുട്ടെടുക്കുക. അല്പം എണ്ണ തൂവിക്കൊടുക്കാം . ബാക്കി മാവും ഇതുപോലെ ചുട്ടെടുക്കുക. ചൂടോടെ ഇഷ്ടമുള്ള ഏതെങ്കിലും കറി ചേർത്തി കഴിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ