pickle എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
pickle എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017 ജൂൺ 15, വ്യാഴാഴ്‌ച

Avakka manga /Avakka mango


ആവക്ക മാങ്ങ അച്ചാർ 







ആവശ്യമുള്ള സാധനങ്ങൾ :


പച്ച മാങ്ങ                                   : 3 എണ്ണം 
മുളകുപൊടി                              : 1 കപ്പ് 
കടുകു പൊടി                             : 1/4 കപ്പ് മുളക് 
ഉലുവപൊടി                               : 1/4 കപ്പ് 
നല്ലെണ്ണ                                      : ഒന്നേകാൽ കപ്പ് 
കല്ലുപ്പ്                                         : 3/4 കപ്പ് 
വെളുത്തുള്ളി                             : 1/2 കപ്പ് 


മാങ്ങ നന്നായി കഴുകി തുടച്ചെടുക്കണം.
മാങ്ങ മൂത്തതായിരിക്കണം, അണ്ടി അല്പം മൂത്തു തുടങ്ങിയിക്കണം. മുറിക്കുംബോൾ അണ്ടിയോടെ ഇടത്തരം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം. എന്നിട്ടു അണ്ടിയെടുത്തു മാറ്റുക.  ഇത് അൽപനേരം ഒരു തുണിയിൽ വെയിലത്തു വെക്കുക.

മുളകു ഉണക്കി പൊടിച്ചെടുത്തത് ഉപയോഗിക്കുന്നതാണു നല്ലത്.
ആവക്ക മാങ്ങ നല്ല എരിവുള്ളതാണ്, നല്ല ചുവപ്പു നിറമുള്ളതായിരിക്കണം. അതുകൊണ്ട് കാശ്മീരി മുളകും എരിവുള്ള ചുവപ്പു മുളകും  ചേർത്തിയാണ് ഞാൻ ഉണ്ടാക്കിയത്.
മുളകും ഉലുവയും കടുകും വേറെ വേറെ ഉണക്കി പൊടിക്കുക.
കല്ലുപ്പും പൊടിച്ചുവെക്കുക.
വെളുത്തുള്ളി തോലു കളഞ്ഞു വെക്കുക.

മുളകുപൊടിയും ഉലുവപൊടിയും കടുകുപൊടിയും ഉപ്പുപൊടിയും വെളുത്തുള്ളിയും  മുക്കാൽ കപ്പ് എണ്ണയും കൂടി ഒരു പാത്രത്തിൽ നന്നായി കലർത്തി വെക്കുക.
എല്ലാം കൂടി ഒരു ഭരണിയിൽ ഇട്ടു  ഒരു കാൽ കപ്പ് എണ്ണ മേലെ ഒഴിച്ചു ഒരു തുണി കൊണ്ടു മൂടി കെട്ടി വെക്കുക. 



ഒരു മൂന്നു ദിവസം ഇങ്ങിനെ തൊടാതെ വെക്കണം. നാലാം ദിവസം തുറന്നു ഒരു നല്ല ഉണങ്ങിയ സ്പൂൺ കൊണ്ടു  ഇളക്കുക.  ബാക്കി എണ്ണയും മേലെ ഒഴിച്ചു വീണ്ടും ഒരു നാലു ദിവസം 
കൂടി മൂടി വെക്കുക.
ഇപ്പോൾ അച്ചാർ ഉപയോഗിക്കാൻ തുടങ്ങാം.  ചോറിനും ചപ്പാത്തിക്കും എല്ലാം നന്നായിരിക്കും.






2015 ജൂൺ 3, ബുധനാഴ്‌ച

Veluthulli pickle / Garlic pickle

വെളുത്തുള്ളി അച്ചാർ





ആവശ്യമുള്ള സാധനങ്ങൾ :

വെളുത്തുള്ളി                 : 2 കുടം (ബൾബ്‌)
മുളകുപൊടി                  : 1ടേബിൾസ്പൂണ്‍ 
ഉലുവ                           : 1/4 ടീസ്പൂണ്‍ 
നല്ലെണ്ണ                       : 3 ടേബിൾസ്പൂണ്‍ 
പുളി പേസ്റ്റ്                   : 1/4 ടീസ്പൂണ്‍ 
ഉപ്പു്     ആവശ്യത്തിന്

ചെയ്യുന്ന വിധം :

ഉലുവ ചീനച്ചട്ടിയിലിട്ടു എണ്ണയില്ലാതെ വറുത്തു പൊടിക്കുക.
വെളുത്തുള്ളി അല്ലികളാക്കുക, വലിയ അല്ലിയാണെങ്കിൽ ഒന്നു നീളത്തിൽ അരിയുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് വെളുത്തുള്ളി ഇളം ബ്രൌണ്‍ നിറത്തിൽ വറുത്തെടുക്കുക. 








വെളുത്തുള്ളി എണ്ണയിൽ നിന്നും മാറ്റിയ ശേഷം അതിൽ മുളകുപൊടിയും ഉലുവാപ്പൊടിയും  കായവും ഇടുക. ഇതിൽ പുളി പേസ്റ്റും ഉപ്പും ചേർത്തി നന്നായി ഇളക്കിയ ശേഷം വറുത്ത വെളുത്തുള്ളി ചേർത്തി ഇളക്കുക. 
പുളിക്കു പകരം വിനിഗർ ചേർത്താലും മതി.
നന്നായി ആറിയ ശേഷം വെള്ളമില്ലാത്ത കുപ്പിയിലേക്കു മാറ്റുക.



2014 നവംബർ 9, ഞായറാഴ്‌ച

Irumbampuli pickle

ഇരുമ്പംപുളി  അച്ചാർ



ഇരുമ്പംപുളി  അരിനെല്ലിക്ക പോലെ തന്നെ മരത്തിൽ കുലകുലയായി കായ്ക്കും. പെട്ടെന്നു പഴുത്തു പോകും അതിനു മുമ്പേ ഉപയോഗിക്കണം.
മീൻ കറിയിൽ  പുളിക്കു  പകരം ഉപയോഗിക്കാറുണ്ട്. പിന്നെ തേങ്ങാപ്പാൽ ചേർത്ത് കറി ഉണ്ടാക്കാം അതുകൂടാതെ അച്ചാർ ഉണ്ടാക്കാം. അധിക ദിവസം ഇരിക്കില്ല. പെട്ടെന്നു കുഴഞ്ഞു പോകും. എന്നാലും ഫ്രിഡ്ജിൽ വെച്ചാൽ ഒരാഴ്ചയോളം ഉപയോഗിക്കാം. ഉപ്പും മുളകുപൊടിയും പുരട്ടി വെയിലത്തു വെച്ചു  വാട്ടിയ ശേഷവും അച്ചാറുണ്ടാക്കാം.


ആവശ്യമുള്ള സാധനങ്ങൾ

ഇരുമ്പംപുളി                     : 2 കപ്പ്‌
കാശ്മീരി മുളകുപൊടി: 1ടേബിൾ സ്പൂണ്‍
മുളകുപൊടി                     : 1 ടേബിൾ സ്പൂണ്‍
വെളുത്തുള്ളി                   : 8 എണ്ണം
ഉലുവപ്പൊടി                     : 1/4 ടീസ്പൂണ്‍
കായപ്പൊടി                        : 1/4 ടീസ്പൂണ്‍
ഉപ്പു്
നല്ലെണ്ണ                        : 2 ടേബിൾസ്പൂണ്‍

ചെയ്യുന്ന വിധം

ഇരുമ്പംപുളി  വലുതാണെങ്കിൽ നാലായി നീളത്തിൽ അരിഞ്ഞു വെക്കുക.
ചെറുതാണെങ്കിൽ  അങ്ങിനെതന്നെ ഉപയോഗിക്കാം.
അച്ചാറിനു നിറം കിട്ടാൻ വേണ്ടി ഞാൻ ഇവിടെ കാശ്മീരി മുളകുപൊടിയും ചേർത്തുന്നുണ്ട്‌.
മുളകുപൊടികളും ഉലുവപ്പൊടിയും   കായപ്പൊടിയും  ഉപ്പും  കൂടി കലർത്തി വെക്കുക.
ഒരു ചീനചട്ടിയിൽ നല്ലെണ്ണ ഒഴിച്ച്   ചൂടാവുമ്പോൾ ആദ്യം വെളുത്തുള്ളി വറുത്തു കോരുക. തീ കുറച്ച് കലർത്തി വെച്ച പൊടികൾ ചേർത്തി നന്നായി ഇളക്കുക. കരിയരുത്, പച്ചമണം മാറിയാൽ മതി. ഇതിൽ ഇരുമ്പംപുളി ചേർത്തി നന്നായി ഇളക്കി തീ കെടുത്തി വെക്കുക.വറുത്തു വെച്ച വെളുത്തുള്ളിയും ചേർത്തി ഒന്നിളക്കി വെക്കുക
ഒന്നാറി കഴിഞ്ഞാൽ ഒരു കുപ്പിയിൽ ആക്കി വെക്കാം. പിറ്റേ ദിവസം തന്നെ ഫ്രിഡ്ജിൽ വെക്കുക.
വെളുത്തുള്ളി ചേർക്കാതെയും ഈ അച്ചാർ ഉണ്ടാക്കാം.





2014 ഒക്‌ടോബർ 30, വ്യാഴാഴ്‌ച

pachakkari achaar

പച്ചക്കറി അച്ചാർ




ആവശ്യമുള്ള സാധനങ്ങൾ :

കാരറ്റ്                                      : 2
ബീൻസ്‌                                   : 10 എണ്ണം
നാരങ്ങ                                    : 1
പച്ചമാങ്ങ                              : 1
വെളുത്തുള്ളി                      : 10 എണ്ണം
പച്ചമുളക്                              : 4 എണ്ണം
മുളകുപൊടി                        :  3 ടേബിൾസ്പൂണ്‍
മഞ്ഞപ്പൊടി                          : 1/2 ടീസ്പൂണ്‍
കടുക്                                       : 1 ടീസ്പൂണ്‍
ഉലുവ                                      : 1/2 ടീസ്പൂണ്‍
നല്ലെണ്ണ                                    : 4 ടേബിൾസ്പൂണ്‍
ഉപ്പ്                                           : ഒന്നര  ടേബിൾസ്പൂണ്‍
വിനിഗർ                                 : 1 ടേബിൾസ്പൂണ്‍


ചെയ്യുന്ന വിധം

ഉലുവ ഒന്നു ചൂടാക്കി കടുകും ചേർത്തി പൊടിച്ചുവെക്കുക.
പച്ചക്കറികൾ കഴുകി നന്നായി തുടച്ച്‌ ഒരിഞ്ചു നീളത്തിൽ അരിഞ്ഞു വെക്കുക.
പച്ചമുളക് രണ്ടായി നീളത്തിൽ കീറിവെക്കുക.



ഒന്നിച്ചു കൂടുതൽ ഉണ്ടാക്കുകയാണെങ്കിൽ ഒന്നു വെയിലത്തു വെച്ചു ചെറുതായി ഉണക്കുന്നതും നല്ലതാണ്.
ഒരു ചീനച്ചട്ടിയിൽ   നല്ലെണ്ണ ചൂടാക്കി ചെറുതായി ആറുമ്പോൾ മുളകുപൊടിയും മഞ്ഞപ്പൊടിയും  ഉപ്പും ഇട്ടു   ഇളക്കി,  ഇതിൽ അരിഞ്ഞു വെച്ച പച്ചക്കറികൾ ചേർത്തുക.



കടുകും ഉലുവയും കൂടി പൊടിച്ചതും ചേർത്തി നന്നായി ഇളക്കി മേലെ വിനിഗർ തൂകി വെക്കുക.
ഒരു മൂന്നു ദിവസം കഴിഞ്ഞാൽ ഉപയോഗിക്കാം.



 


2014 മേയ് 3, ശനിയാഴ്‌ച

Dates Pickle

ഈന്തപ്പഴ അച്ചാർ



ആവശ്യമുള്ള സാധനങ്ങൾ

ഈന്തപ്പഴം                  : 15 എണ്ണം 
മുളകുപൊടി                 : 2 ടേബിൾസ്പൂണ്‍ 
കടുക്                          : അല്പം 
ഉലുവ                          : 1/4 ടീസ്പൂണ്‍
കായപ്പൊടി                : 1/4 ടീസ്പൂണ്‍ 
പച്ചമുളക്                    : 2 എണ്ണം
ഇഞ്ചി                         : 1/2" കഷ്ണം 
വിനിഗർ                     : 2 ടേബിൾ സ്പൂണ്‍ 
ഉപ്പു് ആവശ്യത്തിന് 
നല്ലെണ്ണ                      : 3ടേബിൾസ്പൂണ്‍

ചെയ്യുന്ന വിധം

ഈന്തപ്പഴം കുരുകളഞ്ഞ്  വിനിഗർ ചേർത്തി  അരക്കുക. മയത്തിൽ അരയേണ്ട ആവശ്യമില്ല.
ഉലുവ എണ്ണയില്ലാതെ വറുത്തെടുത്തു പൊടിച്ചു വെക്കുക.
ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞുവെക്കുക.
ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് ചൂടായ ശേഷം കടുകിട്ടു പൊട്ടുമ്പോൾ ഇഞ്ചിയും പച്ചമുളകും അരിഞ്ഞതു ചേർത്തി നന്നായി വഴറ്റുക. തീ കുറച്ച്  മുളകുപൊടി ചേർത്തു ഒന്ന് ഇളക്കിയ ശേഷം ഈന്തപ്പഴം അരച്ചതും ഉപ്പും ചേർത്തി ഇളക്കുക. ഒടുവിൽ ഉലുവാപ്പൊടിയും കായപ്പൊടിയും ചേർത്തി നന്നായി ഇളക്കി അടുപ്പിൽ നിന്നും വാങ്ങിവെക്കുക. ആറിയ ശേഷം കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഈ അച്ചാർ എല്ലാ ബിരിയാണിക്കും കൂട്ടി കഴിക്കാൻ നന്നായിരിക്കും.

2014 ഫെബ്രുവരി 22, ശനിയാഴ്‌ച

Naranga achaar

നാരങ്ങ അച്ചാർ 



ആവശ്യമുള്ള സാധനങ്ങൾ 

നാരങ്ങ                : 4 എണ്ണം
മുളകുപൊടി          : 1 ടേബിൾസ്പൂണ്‍
ഉലുവപ്പൊടി         : 1/4 ടീസ്പൂണ്‍
കായപ്പൊടി         : ഒരു നുള്ള്
ഉപ്പു്  ആവശ്യത്തിന്
നല്ലെണ്ണ              : 1 ടേബിൾസ്പൂണ്‍
കടുക്                  : 1 ടീസ്പൂണ്‍
കറിവേപ്പില        : 1 തണ്ട്

ചെയ്യുന്ന വിധം 


ഒരു ടീസ്പൂണ്‍ നല്ലെണ്ണ ചൂടാക്കി അതിൽ മുഴുവൻ നാരങ്ങയുമിട്ട്  നിറം മാറുന്നത് വരെ വതക്കുക.
അതിനു ശേഷം നന്നായി തുടച്ച്  എട്ടു കഷ്ണങ്ങളായി മുറിച്ച്  ഉപ്പിട്ട് അടച്ചു  രണ്ടു ദിവസം വെക്കുക.
ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ചൂടാക്കി  കടുകിട്ട് പൊട്ടിയ ശേഷം കറിവേപ്പിലയിട്ട് തീ കെടുത്തി മുളകുപൊടിയും ഉലുവാപ്പൊടിയും കായപ്പൊടിയും ചേർത്തി  നന്നായി ഇളക്കുക. ഇതിൽ ഉപ്പിട്ടു വെച്ച നാരങ്ങയും ഇട്ട് ഇളക്കി വെക്കുക. 

2014 ഫെബ്രുവരി 4, ചൊവ്വാഴ്ച

Thakkali pickle

തക്കാളി അച്ചാർ 



ആവശ്യമുള്ള സാധനങ്ങൾ 

തക്കാളി                        : 10എണ്ണം 
മുളകുപൊടി                   : 1ടേബിൾസ്പൂണ്‍
മഞ്ഞപ്പൊടി                 : 1/4 ടീസ്പൂണ്‍ 
ഉപ്പു് ആവശ്യത്തിന് 
കടുക്                           : 1 ടീസ്പൂണ്‍ 
ഉലുവപ്പൊടി                  : 1/4 ടീസ്പൂണ്‍ 
കായപ്പൊടി                  : 1/4 ടീസ്പൂണ്‍
പുളി പേസ്റ്റ്                   : 1 ടീസ്പൂണ്‍ 
നല്ലെണ്ണ                        : 2 ടേബിൾസ്പൂണ്‍ 
വെളുത്തുള്ളി                  : 10 അല്ലി 
വറ്റൽമുളക്                    : 2 എണ്ണം 

ചെയ്യുന്ന വിധം 

ഒരു അടി കട്ടിയുള്ള പാനിൽ നല്ലെണ്ണയൊഴിച്ചു ചൂടായശേഷം  കടുകിട്ട് പൊട്ടുമ്പോൾ  മുളകു പൊട്ടിച്ചതും വെളുത്തുള്ളിയും  ഇട്ടു വഴറ്റുക. ഇതിൽ തക്കാളി മുറിച്ചതും  ഉപ്പും മഞ്ഞപ്പൊടിയും ഇട്ട് നന്നായി വഴറ്റണം.  തക്കാളി നന്നായി ഉടഞ്ഞാൽ മുളകുപൊടിയും പുളിയുടെ പേസ്റ്റും ചേർത്തി  നന്നായി ഇളക്കണം.


 ചെറിയ തീയിൽ എണ്ണ  തെളിഞ്ഞു വരുന്നതുവരെ വഴറ്റി ഒടുവിൽ കായപ്പൊടിയും ഉലുവാപ്പൊടിയും ചേർത്തി ഇളക്കി അടുപ്പിൽ  നിന്നും വാങ്ങിവെക്കുക.