2017 ജനുവരി 4, ബുധനാഴ്‌ച

Pachamathan olan





ആവശ്യമുള്ള സാധനങ്ങൾ :


പച്ചമത്തൻ                               : 1/2 കിലോ 
പച്ചമുളക്                                  : 3 എണ്ണം 
തേങ്ങാപാൽ                            : 1/4 കപ്പ് 
ഉപ്പ് ആവശ്യത്തിന് 
കറിവേപ്പില                             : ഒരു തണ്ട് 
വെളിച്ചെണ്ണ                             : 1 ടേബിൾസ്പൂൺ


ചെയ്യുന്ന വിധം:

മത്തൻ  ചെറിയ ചതുരത്തിൽ ഘനമില്ലാതെ മുറിച്ചു വെക്കുക.




ഇതിൽ പച്ചമുളകു നീളത്തിൽ കീറിയതും ഉപ്പും അല്പം വെള്ളവും (വളരെ കുറച്ചു വെള്ളം മതി) ചേർത്തി വേവിക്കുക. മത്തൻ ഉടഞ്ഞു പോവരുത്  പക്ഷെ വെന്തിരിക്കണം.
ഇതിൽ തേങ്ങാപാൽ ചേർത്തി ഒന്ന് കൂടി വേവിക്കുക. മേലെ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും ചേർത്തുക. 
ഓലൻ റെഡി!!
 




2016 ഡിസംബർ 15, വ്യാഴാഴ്‌ച

Prawn Biryani


ചെമ്മീൻ ബിരിയാണി 





ആവശ്യമുള്ള സാധനങ്ങൾ :


ബാസ്മതി  അരി                                  : 1  കപ്പ് 
ചെമ്മീൻ                                              : 10 -12 എണ്ണം 
ഇഞ്ചി വെളുത്തുള്ളി അരച്ചത്         : ഒരു ടീസ്പൂൺ 
മുളകുപൊടി                                      : 1/2 ടീസ്പൂൺ 
മല്ലിപ്പൊടി                                           : 1ടീസ്പൂൺ 
വലിയ ഉള്ളി                                        : 2  എണ്ണം 
തക്കാളി                                              : 1 എണ്ണം 
ഗരം മസാല പൊടി                            : 1/2 ടീസ്പൂൺ 
തൈര്                                                 : 1 ടേബിൾസ്പൂൺ 
ഉപ്പ്‌  ആവശ്യത്തിന് 
മല്ലിയില പുതിനയില അരിഞ്ഞത്   : 2 ടേബിൾസ്പൂൺ
നെയ്യ്                                                 : 2 ടേബിൾസ്പൂൺ
 എണ്ണ                                                 : 2 ടേബിൾസ്പൂൺ
പാല്                                                    : 2 ടേബിൾസ്പൂൺ
കുംകുമപ്പൂവ്‌                                      : ഒരു നുള്ള്


തിരുമ്മിവെക്കാൻ :

മുളകുപൊടി                                     : അര ടീസ്പൂൺ
മഞ്ഞപ്പൊടി                                      : ഒരു നുള്ള്
ഉപ്പ്‌  അല്പം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്          : 1/2 ടീസ്പൂൺ
നാരങ്ങാനീര്                                    :1 ടീസ്പൂൺ

ചെയ്യുന്ന വിധം  :


തിരുമ്മിവെക്കാനുള്ള  എല്ലാം ഒന്നിച്ചു ചേർത്തി ചെമ്മീനിൽ നന്നായി കലർത്തി വെക്കുക.




അരി 20 മിനിട്ടു  വെള്ളത്തിലിട്ടു വെച്ച ശേഷം വെള്ളം വാലാൻ വെക്കുക.
ഒരു  നാലു കപ്പു വെള്ളം ചൂടാക്കുക, 



ഇതിൽ അല്പം ഉപ്പും ചേർത്തി വെട്ടിത്തിളക്കുമ്ബോൾ അരി ഇതിൽ ചേർത്തി ഏഴോ എട്ടോ മിനിട്ടു നന്നായി തിളച്ചാൽ (അരി മുക്കാൽ വേവായാൽ) അടുപ്പിൽ നിന്നും മാറ്റി വാർത്തു വെക്കുക.


ഉള്ളി ഘനമില്ലാതെ അരിഞ്ഞു വെക്കുക. പച്ചമുളക് രണ്ടായി കീറിവെക്കുക. തക്കാളി അരിഞ്ഞുവെക്കുക.



എണ്ണയും നെയ്യും കൂടി ഒരു പാനിൽ ചൂടാക്കുക.  തിരുമ്മിവെച്ച ചെമ്മീൻ നല്ല ചൂടിൽ 2 മിനിട്ടു നേരം വറുത്തെടുത്തു  എണ്ണയിൽ നിന്നും മാറ്റി വെക്കുക.



വറുത്ത എണ്ണയിൽ ഉള്ളിയിട്ടു വഴറ്റുക.  ബ്രൗൺ നിറം വന്നാൽ കീറിവെച്ച പച്ചമുളകും ചേർത്തുക. (അല്പം ഉള്ളിയെടുത്തു അലങ്കരിക്കാൻ മാറ്റിവെക്കുക.)



 വഴറ്റിയ ഉള്ളിയിൽ ഇഞ്ചി വെളുത്തുള്ളി അരച്ചതും ചേർത്തി ഒന്നുകൂടി വഴറ്റുക. തീ കുറച്ചു മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്തുക. പച്ചമണം മാറിയാൽ തക്കാളി അരിഞ്ഞതും ചേർത്തി ഇളക്കുക. തക്കാളി ഉടഞ്ഞ പരുവമായാൽ അല്പം ഉപ്പും തൈരും കുറച്ചു മല്ലിയിലയും പുതിനയും അരിഞ്ഞതും ചേർത്തി നന്നായി ഇളക്കുക.  ഇതിൽ ചെമ്മീൻ വറുത്തതും ചേർത്ത്  2 മിനിട്ടു ഇളക്കുക. തീ കെടുത്തി വെക്കുക.




ഇളം ചൂടുള്ള പാലിൽ കുംകുമപ്പൂ ഇട്ടുവെക്കുക.
ഒരു പാത്രത്തിൽ ഈ ചെമ്മീൻ മസാല നിരത്തി  മേലെ വാർത്തു വെച്ച ചോറും നിരത്തി അതിനു മേലെ വറുത്തു വെച്ച ഉള്ളിയും മല്ലിയിലയും പുതിനയിലയും അരിഞ്ഞതും ചേർത്തി കുംകുമപ്പൂവിട്ടു വെച്ച പാൽ അൽപാപ്പമായി മേലെ തൂവുക.

അടുപ്പിൽ ഒരു പരന്ന പാനിൽ അല്പം വെള്ളം തിളപ്പിച്ച് അതിനു മേലെ ഈ പാത്രം വെച്ച് അമർത്തി അടച്ചുവെച്ചു  ഒരു പത്തുമിനിട്ടു വെക്കുക. പത്തുമിനിട്ടിനു ശേഷം തീ കെടുത്തുക. 





ഒരു ഫോർക്കു കൊണ്ട് മെല്ലെ ഇളക്കി നോക്കുക. പാകത്തിനു വെന്ത ബിരിയാണി റെഡി !!





2016 നവംബർ 24, വ്യാഴാഴ്‌ച

Kovakka Theeyal


കോവക്ക തീയൽ 




ആവശ്യമുള്ള സാധനങ്ങൾ :

കോവക്ക                              : 10 എണ്ണം 
തേങ്ങ                                   : 1/2  മൂടി 
ചുവന്ന മുളക്                      : 7 എണ്ണം 
മല്ലി                                        : 2 ടേബിൾസ്പൂൺ 
ചെറിയ ഉള്ളി                        : 6 എണ്ണം 
പുളി                                      : ഒരു നാരങ്ങാ വലുപ്പത്തിൽ 
മഞ്ഞപ്പൊടി                        : 1/4 ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
എണ്ണ                                    : 2 ടേബിൾസ്പൂൺ 


വറുത്തിടാൻ: 

കടുക്                                    : 1ടീസ്പൂൺ
കറിവേപ്പില                           : ഒരു തണ്ട് 
ചെറിയ ഉള്ളി അരിഞ്ഞത്  : 2 ടേബിൾസ്പൂൺ 
എണ്ണ                                    : 1ടേബിൾസ്പൂൺ 


ചെയ്യുന്ന വിധം  :


കോവക്ക കഴുകിയ ശേഷം ഘനമില്ലാതെ വട്ടത്തിൽ അരിഞ്ഞു വെക്കുക.


പുളി ഒരു മുപ്പതു മിനിട്ടു 2 കപ്പു വെള്ളത്തിലിട്ട ശേഷം പിഴിഞ്ഞു  വെക്കുക.
ഒരു ചീനിനച്ചട്ടിയിൽ  ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കി അരിഞ്ഞ കോവക്ക നിറം മാറുന്നതു വരെ വഴറ്റുക.

തേങ്ങ ചിരവി വെക്കുക. ഒരു ചീനച്ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടായ ശേഷം മുളകും മല്ലിയും ഇട്ടു മൂപ്പിക്കുക. മല്ലി മൂത്ത മണം  വരൂമ്പോൾ തേങ്ങ ചിരവിയതും ചേർത്ത് ചുവക്കുന്നതു വരെ വറുക്കുക.  ഇതിൽ ചെറിയ ഉള്ളിയും ചേർത്തി നന്നായി അരച്ച് വെക്കുക.
ഇനി പുളി പിഴിഞ്ഞെടുത്ത വെള്ളത്തിൽ അരച്ചുവെച്ച മസാലയും വഴറ്റിയ കോവക്കയും ചേർത്തി നന്നായി കലക്കി ഉപ്പും മഞ്ഞപ്പൊടിയും ചേർത്തി നന്നായി തിളപ്പിക്കുക.


ഒരു നാലു മിനിട്ടു തിളച്ച ശേഷം ചെറുതായി കൊഴുത്തു തുടങ്ങുമ്പോൾ വാങ്ങിവെക്കുക.

ഇനി ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാവുമ്പോൾ കടുകിട്ടു പൊട്ടിയ ശേഷം കറിവേപ്പിലയും ഉള്ളി അരിഞ്ഞതും ചേർത്തി ഉള്ളി മൂക്കുമ്പോൾ കൂട്ടാനിലേക്കു ഒഴിക്കുക.
സ്വാദുള്ള ഈ കറി ചൂടുള്ള ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും!

2016 ഒക്‌ടോബർ 22, ശനിയാഴ്‌ച

Kappa upperi


കപ്പ ഉപ്പേരി




ആവശ്യമുള്ള സാധനങ്ങൾ :


കപ്പ                          : 1 ഇടത്തരം 
ചുവന്ന മുളക്              : 4 എണ്ണം 
ചെറിയ ഉള്ളി            : 8 എണ്ണം 
ഉപ്പ്   ആവശ്യത്തിന് 
വെളിച്ചെണ്ണ              : 2 ടേബിൾസ്പൂൺ 
കറിവേപ്പില             : ഒരു തണ്ട് 


ചെയ്യുന്ന വിധം :


കപ്പ തോലു കളഞ്ഞു നന്നായി കഴുകി ചെറിയ കഷ്ണങ്ങളായി മുറിച്ചു വെക്കുക.




കപ്പ അല്പം വെള്ളവും  ഉപ്പും മഞ്ഞപ്പൊടിയും ചേർത്തി വേവിക്കുക. 


വെന്തശേഷം മുളകും ഉള്ളിയും ചതച്ചതു ചേർത്തി ഇളക്കുക. 




വെളിച്ചെണ്ണയും ഇടയ്ക്കു ഒഴിച്ചുകൊടുത്തു ഇളക്കണം.  ചെറിയ തീയിൽ അല്പം മൊരിയുന്നതു വരെ വെക്കുക. കറിവേപ്പില മേലെ ഇടുക.
സ്വാദുള്ള കപ്പ ഉപ്പേരി തയാർ!

 



 

2016 ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

Kappa Dosa


കപ്പ ദോശ 



ആവശ്യമുള്ള സാധനങ്ങൾ :


കപ്പ                                   : 200 ഗ്രാം 
പച്ചരി                               : 1  കപ്പ് 
ചിരവിയ തേങ്ങ              : 1/2 കപ്പ് 
ഉപ്പ് ആവശ്യത്തിന് 
വെളിച്ചെണ്ണ                     : 1/4  കപ്പ് 


ചെയ്യുന്ന വിധം :


പച്ചരി അരമണിക്കൂർ വെള്ളത്തിൽ കുതിരാനിടുക. 
കപ്പ തോലു കളഞ്ഞു നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വെക്കുക.




പച്ചരിയും തേങ്ങയും കപ്പയും കൂടി മിക്സിയിൽ നന്നായി അരച്ചുവെക്കുക. ഉപ്പു ചേർത്തി കലക്കി ദോശമാവിനേക്കാൾ അല്പം കൂടി വെള്ളത്തോടെയുള്ള മാവായിരിക്കണം. 





ഒരു ദോശ തവ ചൂടാക്കി നടുവിൽ ഒരു കരണ്ടി മാവൊഴിച്ചു ദോശക്കല്ലു ഒന്നു ചുറ്റിച്ചു മാവു പരത്തുക. 



അല്പം വെളിച്ചെണ്ണ ചുറ്റും തൂവിക്കൊടുക്കണം. ഒരു ഭാഗം വെന്ത ശേഷം തിരിച്ചിടുക. 




രണ്ടുഭാഗവും വെന്താൽ അടുപ്പിൽ നിന്നും മാറ്റുക. നല്ല സ്വാദുള്ള കപ്പ ദോശ തയാർ! ഉള്ളി ചമ്മന്തി കൂട്ടി കഴിക്കാം.


2016 സെപ്റ്റംബർ 17, ശനിയാഴ്‌ച

Chundanga puli


ചുണ്ടങ്ങ പുളി 




ആവശ്യമുള്ള സാധനങ്ങൾ :



ചുണ്ടങ്ങ                       : 1 കപ്പ് 
തേങ്ങ                           : 1 കപ്പ് 
ചെറിയ ഉള്ളി                : 6 എണ്ണം
കടുക്                            : 1 ടീസ്പൂൺ
എണ്ണ                             : 2 ടേബിൾസ്പൂൺ 
മഞ്ഞപ്പൊടി                 : 1/4 ടീസ്പൂൺ 
പുളി                              : ഒരു നാരങ്ങാവലുപ്പത്തിൽ 
ഉപ്പ് ആവശ്യത്തിന്   

വറുത്തരക്കാൻ ആവശ്യമായത് :

മുളകുപൊടി                : 1 ടീസ്പൂൺ 
മല്ലിപ്പൊടി                     : 2 ടീസ്പൂൺ 
ഉലുവ                           : ഒരു നുള്ള് 
ചെറിയ ഉള്ളി               : 5 എണ്ണം 
എണ്ണ                           : 1 ടീസ്പൂൺ


ചെയ്യുന്ന വിധം :


ചുണ്ടങ്ങ ഒന്നു ചെറുതായി ചതച്ചു വെള്ളത്തിലിടുക.
ഒരു ചീനച്ചട്ടിയിൽ ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കി അതിൽ ഉലുവയിട്ടു നിറം മാറിത്തുടങ്ങുമ്പോൾ  തീ ചെറുതാക്കി മുളകുപൊടിയും മല്ലിപ്പൊടിയും ചേർക്കുക. പച്ചമണം മാറിയതും അടുപ്പിൽ നിന്നും മാറ്റി ചെറിയ ഉള്ളി ചേർത്തി  അരച്ചുവെക്കണം.
തേങ്ങ നന്നായി അരച്ചുവെക്കണം.

പുളി അരമണിക്കൂർ വെള്ളത്തിലിട്ടു വെച്ച ശേഷം നന്നായി പിഴിഞ്ഞെടുത്തു അരിച്ചു വെക്കുക.
ചതച്ചു വെച്ചു വെള്ളത്തിലിട്ടു വെച്ച ചുണ്ടങ്ങ രണ്ടു പ്രാവശ്യം കഴുകി എടുത്തു വെക്കുക.
ഒരു ചീനച്ചട്ടിയിൽ അല്പം എണ്ണ ചൂടാക്കി ചുണ്ടങ്ങ വതക്കുക. 
ഒരു ചട്ടിയിൽ അല്ലെങ്കിൽ ഏതെങ്കിലും പാത്രത്തിൽ പുളി വെള്ളവും അതിൽ അരച്ചുവെച്ച മസാലയും  മഞ്ഞപ്പൊടിയും  ഉപ്പും ചേർത്തി തിളപ്പിക്കുക. ഇതിൽ വതക്കി വെച്ച ചുണ്ടങ്ങയും ചേർത്തി നല്ലപോലെ ഒരു മൂന്നു മിനിട്ടു തിളപ്പിക്കുക. ഇതിൽ തേങ്ങ അരച്ചതും ചേർത്തി ഒന്നു കൂടി തിളപ്പിച്ച് അടുപ്പിൽ നിന്നും വാങ്ങി വെക്കുക.
ഒരു സ്പൂൺ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടിയാൽ ഉള്ളി ചെറുതായി അരിഞ്ഞതും ചേർത്തി നന്നായി വഴറ്റി കറിവേപ്പിലയും ചേർത്തി കറിയിലേക്കൊഴിക്കുക.  ചുണ്ടങ്ങ പുളി റെഡി!
ചൂടുള്ള ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.




 

2016 സെപ്റ്റംബർ 1, വ്യാഴാഴ്‌ച

Kaaya cherupayar erisseri


കായ എരിശ്ശേരി



ആവശ്യമുള്ള സാധനങ്ങൾ :

കായ                                      : 4 എണ്ണം 
ചെറുപയർ                              : 1/2  കപ്പ്
തേങ്ങ                                    : 1 കപ്പ് 
ജീരകം                                  : ഒരു നുള്ള് 
ചെറിയ ഉള്ളി                         : 3 എണ്ണം 
മുളകുപൊടി                            : ഒന്നര ടീസ്പൂൺ 
മഞ്ഞപ്പൊടി                           : 1/8 ടീസ്പൂൺ

കടുക വറുക്കാൻ 
കടുക്                                     : 1/2 ടീസ്പൂൺ 
ചുവന്ന മുളക്                           : 1 രണ്ടായി പൊട്ടിച്ചത് 
കറിവേപ്പില                           : 1 തണ്ട് 
എണ്ണ                                     : 1 ടേബിൾസ്പൂൺ 
ചെറിയ ഉള്ളി                         : 2 എണ്ണം 

ചെയ്യുന്ന വിധം

കായ തോലു കളഞ്ഞു അല്പം മഞ്ഞപ്പൊടി ചേർത്ത വെള്ളത്തിൽ 5 മിനിട്ടു ഇട്ടുവെക്കുക. അതിനു ശേഷം നന്നായി കഴുകി വെക്കുക.
തേങ്ങയും അര സ്പൂൺ മുളകുപൊടിയും ജീരകകവും 3 ചെറിയ ഉള്ളിയും കൂടി അരച്ച് വെക്കുക.
ചെറുപയറും കായയും മഞ്ഞപ്പൊടിയും ഒരു സ്പൂൺ മുളകുപൊടിയും ഉപ്പും കൂടി പ്രഷർ കുക്കറിൽ ഒരു വിസിൽ വരുന്നത് വരെ വെക്കുക. അതിനു ശേഷം തീ കുറച്ചു  5 മിനിട്ടു കൂടി  വെച്ച ശേഷം തീ ഓഫ് ചെയ്യുക.
കുക്കർ ആറിയ ശേഷം തുറന്നു തേങ്ങ അരച്ചതും ചേർത്തി നന്നായി ഇളക്കുക. ഒന്നു കൂടി തിളപ്പിച്ച ശേഷം തീയിൽ നിന്നും മാറ്റുക. വെള്ളം പാകത്തിന് ചേർക്കണം, ഒരു കുറുകിയ കറിയാണിത്. 
ഒരു ചീനച്ചട്ടിയിൽ അല്പം എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുകും മുളക് പൊടിച്ചതും ചേർക്കുക. കടുകു പൊട്ടിയ ശേഷം കറിവേപ്പിലയും  ഉള്ളി ചെറുതായരിഞ്ഞതും ചേർത്തി, ഉള്ളി ഒന്ന് നന്നായി വഴറ്റിയ ശേഷം കുറിയിലേക്കൊഴിക്കുക.  ചോറിന്റെ കൂടെ കഴിക്കാൻ നല്ലതായിരിക്കും.