2014 നവംബർ 23, ഞായറാഴ്‌ച

Seven cups cake

സെവൻ കപ്പ്‌ കേക്ക്





പേരു പോലെ തന്നെ ഏഴു കപ്പ്‌ സാധനങ്ങൾ കൊണ്ടാണിതുണ്ടാക്കുന്നത്.
ഉണ്ടാക്കുവാൻ വളരെ എളുപ്പവുമാണ്. കഴിക്കാനും നല്ല സ്വാദുണ്ടാവും.

ആവശ്യമുള്ള സാധനങ്ങൾ 

കടലമാവ്                    : 1 കപ്പ്‌
നെയ്യ്                              : 1 കപ്പ്‌
പഞ്ചസാര                   : 3 കപ്പ്‌
തേങ്ങ ചിരവിയത്  : 1 കപ്പ്‌
പാൽ                              : 1 കപ്പ്‌



ചെയ്യുന്ന വിധം

ഒരു  പരന്ന കിണ്ണത്തിൽ അല്ലെങ്കിൽ ട്രേയിൽ   നെയ്യു  തടവി വെക്കുക
ഒരു പാൻ  ചൂടാക്കി കടലമാവിട്ട് ഇളക്കി വറുത്ത മണം വരുന്നതു  വരെ വറുക്കുക.

തീയിൽ  നിന്നും മാറ്റി തേങ്ങ ചിരവിയതും പഞ്ചസാരയും പാലും ചേർത്തി  ഇളക്കുക, എന്നിട്ട് നെയ്യൊഴിക്കുക.

 വീണ്ടും അടുപ്പിൽ വെച്ച് നന്നായി ഇളക്കിക്കൊണ്ടിരിക്കുക. പതഞ്ഞു വരാൻ തുടങ്ങി പാത്രത്തിൽ നിന്നും ഒട്ടാതെ വരുന്ന പരുവത്തിൽ നെയ്യു തടവിയ ട്രേയിലേക്കു   ഒഴിക്കുക.









ഒരു പരന്ന സ്പൂണ്‍ കൊണ്ട് ഒപ്പം നിരത്തുക.
കുറച്ചു സമയം തണുക്കാൻ അനുവദിക്കുക. എന്നിട്ട് ചതുരത്തിൽ മുറിക്കുക.
നന്നായി തണുത്ത ശേഷം വായു കടക്കാത്ത ടിന്നിൽ സൂക്ഷിച്ചു വെക്കാം. 

2014 നവംബർ 16, ഞായറാഴ്‌ച

Chicken curry (kozhi curry)

കോഴി കറി

കോഴി കഷ്ണങ്ങൾ    : 1/2 കിലോ
വലിയ ഉള്ളി                 : 2എണ്ണം
ചെറിയ ഉള്ളി               : 10 എണ്ണം
വെളുത്തുള്ളി               : 3 എണ്ണം
ഇഞ്ചി                               : ഒരിഞ്ചു കഷ്ണം
കുരുമുളക്                     : 1ടീസ്പൂണ്‍
മുളകുപൊടി                 : 1 ടേബിൾസ്പൂണ്‍
മല്ലിപ്പൊടി                      : 2 ടേബിൾസ്പൂണ്‍
മഞ്ഞപ്പൊടി                   : 1/2 ടീസ്പൂണ്‍
തക്കാളി                            : 2 എണ്ണം
തേങ്ങാപാൽ                  : 1/2 കപ്പ്‌
ഉപ്പു് ആവശ്യത്തിന്
എണ്ണ                                 :3 ടേബിൾസ്പൂണ്‍

ചെയ്യുന്ന വിധം

ഉള്ളി ഘനമില്ലാതെ നീളത്തിൽ അരിഞ്ഞു വെക്കുക.
ഒരു ചീനച്ചട്ടിയിൽ കുരുമുളകിട്ടു പൊട്ടുമ്പോൾ തീ കുറച്ചു മുളകുപൊടിയും മല്ലിപൊടിയും ഇടുക. പച്ചമണം മാറുമ്പോൾ തീ കെടുത്തി ചെറിയ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും  ഇട്ടു നന്നായരക്കുക.

കോഴി കഷ്ണങ്ങൾ നന്നായി കഴുകി ഉപ്പും മഞ്ഞപ്പൊടിയും ഒരു ടേബിൾസ്പൂണ്‍ അരച്ച മസാലയും ചേർത്തി വേവിക്കുക.

ഒരു നോണ്‍സ്റ്റിക് പാനിൽ രണ്ടു ടേബിൾ സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോൾ   ഉള്ളി അരിഞ്ഞതിട്ടു വഴറ്റുക. നന്നായി വഴറ്റിയ ശേഷം അരച്ചുവെച്ച ബാക്കി മസാലയും ഇതിലിട്ട് വഴറ്റി (എണ്ണപോരെങ്കിൽ കുറച്ചുകൂടി ചേർക്കാം) തക്കാളി അരിഞ്ഞിടുക.





 തക്കാളി കുഴഞ്ഞ പരുവമായാൽ വെന്ത കോഴി വെള്ളത്തോടെ ഇതിലേക്ക് ഒഴിക്കുക. ചെറിയ തീയിൽ വെള്ളം കുറച്ചു വറ്റി മസാല കുറുകി വരുമ്പോൾതേങ്ങാപാൽ ചേർത്തി ഇളക്കി ഒരു മിനിട്ട് കഴിഞ്ഞ ശേഷം വാങ്ങിവെക്കുക. മല്ലിയില തൂവി വിളമ്പാം. നൂൽപുട്ടിനും, ദോശക്കും, ആപ്പത്തിനും എല്ലാം പറ്റിയ കറിയാണിത്.




Ari pathiri

അരി പത്തിരി

പത്തിരി കേരളത്തിലെ,  പ്രത്യേകിച്ച് മുസ്ലിം വീടുകളിലെ ഒരു വിഭവമാണ്. പത്തിരി കോഴിക്കറി കൂട്ടിയാണ് പൊതുവേ കഴിക്കാറുള്ളത്.

ആവശ്യമുള്ള സാധനങ്ങൾ

  
അരിപ്പൊടി                     : 1 കപ്പ്‌
ഉപ്പു്   ആവശ്യത്തിന്
എണ്ണ                                   : 1 ടീസ്പൂണ്‍
വെള്ളം (ഏകദേശം ഒരു കപ്പ്‌ )

ചെയ്യുന്ന വിധം

അരിപ്പൊടി മാർക്കറ്റിൽ നിന്നു വാങ്ങാൻ കിട്ടും. നിറപറ, ഡബിൾ ഹോർസ്  എന്നീ ബ്രാൻഡുകൾ കിട്ടും.
ഒരു ചീനചട്ടിയിൽ വെള്ളം ഒരു സ്പൂണ്‍ എണ്ണയും ഉപ്പും  ചേർത്തി തിളപ്പിക്കുക.
തീ കുറച്ച്‌ ഇതിൽ അരിപ്പൊടി കുറേശ്ശെയായി ഇട്ട് ഇളക്കികൊണ്ടിരിക്കണം.

അടിയിൽ പിടിക്കാതെ ശ്രദ്ധിക്കണം. വെള്ളം വറ്റി മാവ് കട്ടിയായാൽ തീ കെടുത്തി സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കി അല്പം വെളിച്ചെണ്ണ കൈയിൽ തടവി നന്നായി കുഴക്കണം. നല്ല മൃദുവായ്രിക്കണം.
ഇതിൽ നിന്ന് കുറേശ്ശെ എടുത്തു ചെറിയ ഉരുളകളാക്കണം.


ഓരോ ഉരുളയും എടുത്ത്‌ പൂരിക്കല്ലിൽ മാവു തൂവി വട്ടത്തിൽ പരത്തിയെടുക്കുക.

ഒരു ദോശക്കല്ലു ചൂടാക്കി  പത്തിരി തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കുക. ബ്രൌണ്‍ നിറം ആവും മുമ്പേ ദോശക്കല്ലിൽ നിന്ന് മാറ്റണം.അടുത്ത പത്തിരി ഇടും മുമ്പേ ദോശക്കല്ല് നന്നായി തുടക്കണം.


നല്ല കോഴിക്കറിയോ മട്ടണ്‍കറിയോ കൂട്ടി കഴിക്കാം.





Chakka pradhaman

ചക്ക പ്രഥമൻ




ചക്ക പ്രഥമൻ ചക്കച്ചുള കൊണ്ടും ചക്ക വരട്ടിയതു കൊണ്ടും  ഉണ്ടാക്കാവുന്നതാണ്. ചക്കയുടെ കാലം കഴിയുമ്പോൾ വരട്ടിവെച്ച ചക്ക കൊണ്ടുണ്ടാക്കാം.  ചക്ക ഒന്നിച്ചു പഴുക്കുമ്പോൾ വരട്ടി വെച്ചാൽ ഒരു കൊല്ലത്തോളം കേടുകൂടാതെയിരിക്കും. ഈ വരട്ടിവെച്ച ചക്ക കൊണ്ട് പായസം, അട എന്നിവ ഉണ്ടാക്കാം.

ആവശ്യമുള്ള  സാധനങ്ങൾ

ചക്കച്ചുള          : 20-30
വെല്ലം                : 1/2 കിലോ
നെയ്യ്                  : 1/2 കപ്പ്‌
തേങ്ങാപാൽ     }
ഒന്നാം പാൽ      } 1 കപ്പ്‌    
രണ്ടാംപാൽ      }2 കപ്പ്‌                           
തേങ്ങാകൊത്ത്‌ : 2 ടേബിൾസ്പൂണ്‍
ചുക്കുപ്പൊടി     : 1/4 ടീസ്പൂണ്‍
ഏലക്കാപ്പൊടി : 1/4 ടീസ്പൂണ്‍

ചെയ്യുന്ന വിധം

ചക്കച്ചുള പ്രഷർ കുക്കറിൽ അല്പം വെള്ളം ഒഴിച്ചു വേവിക്കുക. ആറിയ ശേഷം ഒരു കയിൽ കൊണ്ടു നന്നായി ഉടക്കുക. മിക്സിയിൽ ഒന്നടിച്ചാലും മതി.
വെല്ലം ഒരു ഉരുളിയിൽ അല്പം വെള്ളം ചേർത്ത് ഉരുക്കുക. ഉരുക്കിയ വെല്ലം അരിച്ചെടുക്കണം, അല്ലെങ്കിൽ കല്ലോ പൊടിയോ ഉണ്ടാവും.
അരിച്ചുവെച്ച വെല്ലത്തിൽ ഉടച്ചുവെച്ച ചക്ക ചേർത്തി നന്നായി യോജിപ്പിക്കുക. ഇനി വീണ്ടും അടുപ്പത്തു വെച്ച് നന്നായി തിളപ്പിക്കണം. കുറുകി വരുമ്പോൾ നെയ്യ് ചേർത്തി നന്നായി ഇളക്കണം. ഉരുളിയിൽ ഒട്ടാത്ത പരുവത്തിൽ അടുപ്പിൽ നിന്നും മാറിയാൽ ചക്ക വരട്ടിയതു തയാറായി.

തേങ്ങാപാൽ 
രണ്ടു തേങ്ങയിൽ ഉടച്ചു ചിരകി അല്പം ചെറുചൂടു വെള്ളം ഒഴിച്ച് പിഴിഞ്ഞെടുത്താൽ ഒന്നാം പാലായി.  അതേ തേങ്ങ ഒരു കപ്പ്‌ വെള്ളം ചേർത്തി ഒന്നു മിക്സിയിൽ അടിച്ച് അരിച്ചെടുത്താൽ രണ്ടാം പാലും റെഡി!
ഇല്ലെങ്കിൽ തേങ്ങാപാൽ ടിന്നിൽ വാങ്ങാൻ കിട്ടും. 400മില്ലി ടിന്നു വാങ്ങി പകുതി എടുത്ത് വെള്ളം ചേർത്തിയാൽ രണ്ടാം പാലും ബാക്കി ഒന്നാം പാലും ആയി ഉപയോഗിക്കാം.
ഇതുമല്ലെങ്കിൽ പൊടിയായും (coconut milk powder) വാങ്ങാൻ കിട്ടും.25 ഗ്രാം പൊടിയിൽ 100 മില്ലി ചെരുചൂടുവെള്ളം ചേർത്താൽ ഒന്നാം പാലായി. 200 മില്ലി വെള്ളം ചേർത്താൽ രണ്ടാം പാലായി.
പക്ഷെ തേങ്ങയിൽ നിന്നും ചിരകി അപ്പൊതന്നെ പാലെടുത്ത് ഉപയോഗിക്കുന്നതു പോലെ സ്വാദ് മറ്റൊന്നിനും വരില്ല.

വരട്ടി വെച്ച ചക്ക ഉപയോഗിച്ചു പായസം വെക്കുമ്പോൾ അല്പം കൂടി മധുരം വേണ്ടി വന്നേക്കും. അതുകൊണ്ട് ഒരു കാൽ കിലോ വെല്ലം കൂടി (മധുരം കുറവ് മതി എന്നുള്ളവർ  അതനുസരിച്ച് ചേർത്താൽ മതി) ചേർക്കണം.

  ഒരു ഉരുളിയിൽ അല്ലെങ്കിൽ അടി കട്ടിയുള്ള ഏതെങ്കിലും പരന്ന പാത്രത്തിൽ വെല്ലം   ഇട്ടു [അല്പം വെള്ളം ചേർത്ത് വെല്ലം ഉരുകുമ്പോൾ അരിച്ചെടുത്ത് വീണ്ടും ഉരുളിയിലേക്ക് ഒഴിച്ച്, ചക്ക വരട്ടിയതും ചേർത്തി നന്നായി ഇളക്കി അടുപ്പിൽ വെച്ച് തിളപ്പിക്കുക. ചില ചക്കകളിൽ നാരുണ്ടാവും. കലക്കുമ്പോൾ തടയുകയാണെങ്കിൽ എടുത്തു മാറ്റണം, അല്ലെങ്കിൽ പായസത്തിൽ നാരു പോലെ കിടക്കും.
നന്നായി തിളക്കുമ്പോൾ രണ്ടാം പാൽ  ചേർക്കുക.

 എന്നിട്ടു കുറച്ചു കൂടി തിളച്ച ശേഷം (കൊഴുപ്പ് കൂടുതലായാൽ അല്പം പാൽ ചേർക്കാം) വല്ലാതെ വെള്ളം കൂടിയാൽ ഒരു സ്പൂണ്‍ അരിപ്പൊടി അല്പം പാലിൽ കലർത്തി ചേർക്കാം. ഒരു ഇടത്തരം അയവാണ് നല്ലത്. ആറുമ്പോൾ ഒന്നുകൂടി കൊഴുക്കും.

ഇനി അവസാനമായി ഒന്നാം പാൽ ചേർക്കുക. ചേർത്തിയാൽ തിളക്കാനനുവദിക്കരുത്, അതിനു മുമ്പേ വാങ്ങി വെക്കാം.
ഇനി അല്പം നെയ്യിൽ തേങ്ങ അരിഞ്ഞുവെച്ചതിട്ടു ബ്രൌണ്‍ നിറത്തിൽ  വറക്കുക. ഇത് നെയ്യോടുകൂടി പായസത്തിലേക്ക് ഒഴിക്കുക. ഒന്നാറിയാൽ കഴിക്കാൻ നല്ല സ്വാദുണ്ടാവും.
ചക്ക വരട്ടിവെച്ചതുണ്ടെങ്കിൽ പെട്ടെന്നുണ്ടാക്കാം!!






2014 നവംബർ 13, വ്യാഴാഴ്‌ച

Mysore pak

മൈസൂർ പാക്‌

മൈസൂർ പാക്‌ കല്യാണത്തിനും മറ്റും തലേന്നു തന്നെ വെപ്പുകാർ വീട്ടിൽ വന്നു ചെയ്തു കണ്ട പരിചയമുണ്ടെങ്കിലും സ്വന്തമായി ചെയ്യാൻ പറ്റും എന്നു തോന്നിയിരുന്നില്ല. എന്നാലും ഒന്നു ശ്രമിച്ചു നോക്കിയപ്പോൾ ബർഫി പോലെ യാണ് തോന്നിയത്. തൽകാലം വേണ്ടെന്നുവെച്ചു, പക്ഷെ വീണ്ടും ഒന്നു ശ്രമിച്ചേക്കാം തോന്നി.... ഫലമുണ്ടായി, ഒരു മൈസൂർ പാക്‌ പോലെ തന്നെ സ്വാദു തോന്നി, അതുകൊണ്ട് ബ്ലോഗിലിടാം എന്ന് വെച്ചു !!




ആവശ്യമുള്ള സാധനങ്ങൾ

കടലമാവ്                   : 1/2 കപ്പ്‌
പഞ്ചസാര                  : ഒന്നര കപ്പ്
നെയ്യ്                             : മുക്കാൽ കപ്പ്‌
എണ്ണ                             :1/4 കപ്പ്‌

ചെയ്യുന്ന വിധം

ആദ്യം തന്നെ കടലമാവ് ഒരു പരന്ന പാത്രത്തിൽ എടുക്കുക. അല്പം (ഒന്ന് രണ്ടു സ്പൂണ്‍) ചൂടായ എണ്ണ ഇതിൽ ഒഴിച്ചു നന്നായി കലർത്തുക. എന്നിട്ട് ഒരു അരിപ്പയിൽ കൂടി അരിച്ചെടുക്കുക.
ഒരു ട്രേ എടുത്ത് അതിൽ നെയ്യു തടവി വെക്കുക.




ഒരു പാത്രത്തിൽ പഞ്ചസാരയും അല്പം വെള്ളവും, അതു നനയാനുള്ള വെള്ളം മതി, ഒഴിച്ചു തിളപ്പിക്കുക.




 പാവാകുമ്പോൾ (കമ്പി പാകം) അരിച്ചുവെച്ച കടലമാവ് കുറേശ്ശെ പാവിലേക്കിടുക. ഇളക്കി കൊണ്ടിരിക്കണം.


 മറ്റൊരു പാനിൽ നെയ്യും എണ്ണയും കൂടി ചൂടാക്കുക. ഈ ചൂടായ നെയ്യ് ഓരോ കയിലായി  കുറേശ്ശെ ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ഒഴിക്കുമ്പോൾ പതഞ്ഞു വരും.



 ഇതുപോലെ നെയ്യു മുഴുവൻ ഒഴിച്ചാൽ ഈ കൂട്ട് ഒട്ടാതെ  പാത്രത്തിൽ നിന്നും വിട്ടു വരും . ഈ പാകത്തിൽ അടുപ്പിൽ നിന്നും വാങ്ങി നെയ്യു തടവിയ ട്രേയിലക്ക് പതുക്കെ ഒഴിക്കുക.

ഒന്നു ചൂടാറിയാൽ മെല്ലെ ചതുര കഷ്ണങ്ങളാക്കി വരഞ്ഞു വെക്കുക.

 ഒന്നു കൂടി തണുത്താൽ വരഞ്ഞതിൽ കൂടി മുറിച്ചെടുക്കുക. നന്നായി തണുത്ത ശേഷം ടിന്നിലാക്കി വെക്കാം. സ്വാദുള്ള മൈസൂർ പാക്‌ തയ്യാർ!!







2014 നവംബർ 12, ബുധനാഴ്‌ച

Paruppu Rasam

പരുപ്പു രസം



ആവശ്യമുള്ള സാധനങ്ങൾ

തുവരപരുപ്പു
 വേവിച്ചത്      : 2 ടേബിൾസ്പൂണ്‍
പുളി                   : ഒരു നാരങ്ങയോളം
രസപ്പൊടി        : 1 ടീസ്പൂണ്‍
തക്കാളി             : 1
മഞ്ഞപ്പൊടി    : 1/4 ടീസ്പൂണ്‍
കടുക്                 : 1ടീസ്പൂണ്‍
ജീരകം               : ഒരു നുള്ള്
മുളക്                 : 1
നെയ്യ്                  : 1ടീസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
മല്ലിയില അല്പം

ചെയ്യുന്ന വിധം

സാമ്പാറിനു  പരുപ്പു വേവിക്കുമ്പോൾ ഉടച്ചതിൽ നിന്ന് 2 സ്പൂണ്‍ മാറ്റിവെച്ചാൽ മതി.
പുളി രണ്ടു കപ്പ്‌ വെള്ളത്തിൽ ഒരു 20 മിനിട്ടു ഇട്ടു വെച്ച ശേഷം പിഴിഞ്ഞെടുത്തു  വെക്കുക.
പുളിയും ഉപ്പും മഞ്ഞപ്പൊടിയും രസപ്പൊടിയും തക്കാളി മുറിച്ചതും ചേർത്തി നന്നായി തിളപ്പിക്കുക. പുളിയുടെ പച്ചമണം മാറിയാൽ പരിപ്പുടച്ചതും ചേർത്തുക. ഒന്നുകൂടി തിളക്കുമ്പോൾ മേലെ പതഞ്ഞു  വരും. ഈ സമയത്ത് അടുപ്പിൽ നിന്നും ഇറക്കി വയ്ക്കുക.






ഒരു ചീനചട്ടിയിൽ നെയ്യൊഴിച്ച്(എണ്ണയായാലും മതി) കടുകിട്ടു പൊട്ടുമ്പോൾ മുളക് രണ്ടായി പൊട്ടിച്ചതും ജീരകവും ചേർത്തി ഒന്നിളക്കി രസത്തിൽ ഒഴിക്കുക. മല്ലിയില മേലെ തൂവുക. ചൂടോടെ ചോറിനൊപ്പം കഴിക്കാവുന്നതാണ്.

Rasappodi

രസപ്പൊടി

രസം വെക്കുമ്പോൾ രസപ്പൊടിയുണ്ടെങ്കിൽ ഒന്നുകൂടി എളുപ്പമാവും.
കുറച്ചു പൊടിച്ചു ഒരു പ്ലാസ്റ്റിക്‌ പാത്രത്തിൽ അടച്ചുവെച്ചാൽ ഇടക്കെടുത്തു ഉപയോഗിക്കാൻ എളുപ്പമാണ്.





ആവശ്യമുള്ള സാധനങ്ങൾ 

ചുവന്ന മുളക്                      : 20 എണ്ണം
കൊത്തമല്ലി                           : 1/2 കപ്പ്‌
കടലപരുപ്പ്                           : 1/4 കപ്പ്‌
തുവരപരുപ്പ്‌                        : 1/4 കപ്പ്‌
കുരുമുളക്                             : 14 കപ്പ്‌
ജീരകം                                      : 1/4 കപ്പ്‌
കായം                                       :1/2 "കഷ്ണം

എരിവു അധികം വേണ്ടെങ്കിൽ മുളകോ കുരുമുളകോ അല്പം കുറച്ചാൽ മതി.

ചെയ്യുന്ന വിധം

മുളകും പരുപ്പുകളും മല്ലിയും ഒരു ചീനച്ചട്ടിയിൽ എണ്ണയില്ലാതെ വറക്കുക. മല്ലി മൂത്ത മണം വന്നു് പരുപ്പുകൾ നിറം മാറിതുടങ്ങുമ്പോൾ കുരുമുളകും ജീരകവും ചേർക്കുക. ഒന്നും കൂടി വറുത്ത ശേഷം ഒരു പരന്ന കിണ്ണത്തിൽ ആറാൻ വക്കുക .


ചീനച്ചട്ടിയിൽ അര സ്പൂണ്‍ എണ്ണയൊഴിച്ചു ചൂടായാൽ കായം ഇട്ടു വറുത്തു അതും ചേർത്തി എല്ലാം കൂടെ മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.
കായത്തിനു പകരം കായപ്പൊടി ചേർത്താലും മതി, അപ്പോൾ വറക്കേണ്ട രസപ്പൊടിയിൽ കലർത്തി വെച്ചാൽ മതി.