മൈസൂർ പാക് കല്യാണത്തിനും മറ്റും തലേന്നു തന്നെ വെപ്പുകാർ വീട്ടിൽ വന്നു ചെയ്തു കണ്ട പരിചയമുണ്ടെങ്കിലും സ്വന്തമായി ചെയ്യാൻ പറ്റും എന്നു തോന്നിയിരുന്നില്ല. എന്നാലും ഒന്നു ശ്രമിച്ചു നോക്കിയപ്പോൾ ബർഫി പോലെ യാണ് തോന്നിയത്. തൽകാലം വേണ്ടെന്നുവെച്ചു, പക്ഷെ വീണ്ടും ഒന്നു ശ്രമിച്ചേക്കാം തോന്നി.... ഫലമുണ്ടായി, ഒരു മൈസൂർ പാക് പോലെ തന്നെ സ്വാദു തോന്നി, അതുകൊണ്ട് ബ്ലോഗിലിടാം എന്ന് വെച്ചു !!
ആവശ്യമുള്ള സാധനങ്ങൾ
കടലമാവ് : 1/2 കപ്പ്
പഞ്ചസാര : ഒന്നര കപ്പ്
നെയ്യ് : മുക്കാൽ കപ്പ്
എണ്ണ :1/4 കപ്പ്
ചെയ്യുന്ന വിധം
ആദ്യം തന്നെ കടലമാവ് ഒരു പരന്ന പാത്രത്തിൽ എടുക്കുക. അല്പം (ഒന്ന് രണ്ടു സ്പൂണ്‍) ചൂടായ എണ്ണ ഇതിൽ ഒഴിച്ചു നന്നായി കലർത്തുക. എന്നിട്ട് ഒരു അരിപ്പയിൽ കൂടി അരിച്ചെടുക്കുക.
ഒരു ട്രേ എടുത്ത് അതിൽ നെയ്യു തടവി വെക്കുക.
ഒരു പാത്രത്തിൽ പഞ്ചസാരയും അല്പം വെള്ളവും, അതു നനയാനുള്ള വെള്ളം മതി, ഒഴിച്ചു തിളപ്പിക്കുക.
പാവാകുമ്പോൾ (കമ്പി പാകം) അരിച്ചുവെച്ച കടലമാവ് കുറേശ്ശെ പാവിലേക്കിടുക. ഇളക്കി കൊണ്ടിരിക്കണം.
മറ്റൊരു പാനിൽ നെയ്യും എണ്ണയും കൂടി ചൂടാക്കുക. ഈ ചൂടായ നെയ്യ് ഓരോ കയിലായി കുറേശ്ശെ ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ഒഴിക്കുമ്പോൾ പതഞ്ഞു വരും.
ഇതുപോലെ നെയ്യു മുഴുവൻ ഒഴിച്ചാൽ ഈ കൂട്ട് ഒട്ടാതെ പാത്രത്തിൽ നിന്നും വിട്ടു വരും . ഈ പാകത്തിൽ അടുപ്പിൽ നിന്നും വാങ്ങി നെയ്യു തടവിയ ട്രേയിലക്ക് പതുക്കെ ഒഴിക്കുക.
ഒന്നു ചൂടാറിയാൽ മെല്ലെ ചതുര കഷ്ണങ്ങളാക്കി വരഞ്ഞു വെക്കുക.
ഒന്നു കൂടി തണുത്താൽ വരഞ്ഞതിൽ കൂടി മുറിച്ചെടുക്കുക. നന്നായി തണുത്ത ശേഷം ടിന്നിലാക്കി വെക്കാം. സ്വാദുള്ള മൈസൂർ പാക് തയ്യാർ!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ