2020, ഏപ്രിൽ 28, ചൊവ്വാഴ്ച

Chama/Samai Idli


ചാമ ഇഡ്ഡലി




ആവശ്യമുള്ള സാധനങ്ങൾ :


  • ചാമ അരി                             : ഒരു കപ്പ് 
  • ഉഴുന്ന്                                   : 1/4  കപ്പ് 
  • അവിൽ (optional)               : 1/4 കപ്പ് 
  • ഉപ്പ് ആവശ്യത്തിന് 



ചെയ്യുന്ന വിധം :

  • ചാമ അരിയും  ഉഴുന്നും വേറെ വേറെ വെള്ളത്തിൽ  ഒരു മണിക്കൂർ കുതിരാനിടുക. 
  • കുതിർന്ന ശേഷം സാധാരണ അരിയുടെ ഇഡ്ഡലിക്കു അരക്കുന്നപോലെ തന്നെ അരച്ച് ഉപ്പും ചേർത്തി കലക്കി ആറു മണിക്കൂർ പൊങ്ങി വരുന്നത് വരെ വെക്കുക. രാത്രി അരച്ചുവെച്ചു രാവിലെ ഇഡ്ഡലി ഉണ്ടാക്കിയാൽ നന്നായിരിക്കും. 
  • അവിൽ അരമണിക്കൂർ കുതിർത്തി അരിയുടെ ചേർത്തി അരക്കാവുന്നതാണ് . ഇഡ്ഡലി soft ആവാനാണ് അവിൽ ചേർക്കുന്നത്. അവിൽ ചേർക്കാതെ അരച്ചാലും ഇഡ്ഡലി നന്നായിട്ടുണ്ട്.
  • രാവിലെ ഒന്നുകൂടി കലക്കിയ ശേഷം ഇഡ്ഡലിത്തട്ടിൽ ഒഴിച്ച് ഇഡ്ഡലിയുണ്ടാക്കുക.

തേങ്ങ ചട്ണിയും കൂട്ടി കഴിക്കാൻ നന്നായിരിക്കും. ചട്ണിയല്ലെങ്കിൽ സാമ്പാറോ സമ്മന്തിയോ ഏതു വേണമെങ്കിലും കൂട്ടി കഴിക്കാം. സാധാരണ ഇഡ്ഡലി പോലെ തന്നെ സ്വാദുള്ളതാണ്.


2020, ഏപ്രിൽ 21, ചൊവ്വാഴ്ച

Potato chana curry





ആവശ്യമുള്ള സാധനങ്ങൾ :


  • ഉരുളക്കിഴങ്ങു്                          : ഒരെണ്ണം 
  • വെള്ളക്കടല                           : ഒരു പിടി 
  • ഉള്ളി                                     : ഒരു വലുത് 
  • തക്കാളി                                 : ഒരെണ്ണം   
  • പച്ചമുളക്                               : ഒരെണ്ണം 
  • ഇഞ്ചി                                    : ഒരിഞ്ചു കഷ്ണം 
  • വെളുത്തുള്ളി                           : 2 അല്ലി 
  • മുളകുപൊടി                            : ഒരു ടീസ്പൂൺ 
  • മല്ലിപ്പൊടി                             : 2 ടീസ്പൂൺ 
  • മഞ്ഞപ്പൊടി                          : 1/8 ടീസ്പൂൺ 
  • ഉപ്പ്  ആവശ്യത്തിന് 
  • കസൂരി മേത്തി                       : ഒരല്പം 
  • എണ്ണ                                    : 2 ടേബിൾസ്പൂൺ 
  • മല്ലിയില അരിഞ്ഞത്             : ഒരു സ്പൂൺ

ചെയ്യുന്ന വിധം :


  • വെള്ളക്കടല തലേ ദിവസം രാത്രി വെള്ളത്തിൽ ഇട്ടു കുതിർത്ത ശേഷം വേവിച്ചു വെക്കുക. പാതി വെന്ത ശേഷം ഉപ്പ് ചേർത്തി വീണ്ടും മൃദുവായി വേവിച്ചു വെക്കുക.
  •  ഉരുളക്കിഴങ്ങു് വേവിച്ചു വെക്കുക.
  • ഉള്ളി ചെറുതായി അരിഞ്ഞു വെക്കുക.
  • ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചതച്ചു വെക്കുക.
  • ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചിവെളുത്തുള്ളി ചതച്ചതു ചേർത്തി ഒന്നു വഴറ്റി ഇതിൽ ഉള്ളി അരിഞ്ഞതു ചേർത്തി വഴറ്റിയ ശേഷം തീ കുറച്ചു മുളകുപൊടിയും മല്ലിപൊടിയും മഞ്ഞപ്പൊടിയും ചേർത്തിളക്കി പച്ചമണം മാറുമ്പോൾ തക്കാളി അരിഞ്ഞത് ചേർത്തി വഴറ്റുക. ഇതിൽ വേവിച്ചു വെച്ച കടലയും വേവിച്ച ഉരുളക്കിഴങ്ങു പുഴുങ്ങിയത് ഒന്നു ചെറുതായി ഉടച്ചു അതും ചേർത്തി ആവശ്യത്തിന് ഉപ്പും ഇട്ടു നന്നായി ഇളക്കുക. കറിക്കാവശ്യമുള്ളതനുസരിച്ചു അല്പം വെള്ളം ചേർത്തുകൊടുക്കാം. അൽപ നേരം കൂടി അടുപ്പിൽ വെച്ച് എല്ലാം ചേർന്ന പരുവത്തിൽ ഇറക്കി വെക്കുക. ഇറക്കും മുൻപ് അല്പം കസൂരി മേത്തി കൈകൊണ്ടു പൊടിച്ചു ചേർക്കുക.
  •  വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക. മേലെ ചെറുതായി മല്ലിയില അരിഞ്ഞു തൂവുക.
            ചപ്പാത്തിക്കു പറ്റിയ ഒരു കറിയാണിത് .!





Carrot Idli





ആവശ്യമുള്ള സാധനങ്ങൾ 


  • ഇഡ്ഡലി മാവ്                                  : 2 കപ്പ്
  • കാരറ്റ്                                            : ഒരെണ്ണം വലുത് 
  • പച്ചമുളക്                                       :  ഒരു ചെറുത് 
  • എണ്ണ  ഒരല്പം 


ചെയ്യുന്ന വിധം 


  • കാരറ്റ്  കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു  മിക്സിയിൽ അരച്ചുവെക്കുക.  
  • ഈ അരച്ച കാരറ്റ്  മാവിൽ ചേർത്തി നന്നായി കലർത്തി വെക്കുക.
  • ഇഡ്ഡലിത്തട്ടെടുത്തു  ഒരല്പം എണ്ണ  തടവി  വെക്കുക.
  • കാരറ്റ് ചെറിയ വട്ട കഷ്ണങ്ങളായി മുറിച്ചു വെക്കുക. തട്ടിൽ ആദ്യം ഓരോ കഷ്ണം കാരറ്റ്  വെക്കുക.
  • ഇനി ഓരോ കൈയിൽ മാവെടുത്തു തട്ടിലേക്ക് ഒഴിക്കുക.

  • ഇനി ഇത്  ഇഡ്ഡലി പാത്രത്തിൽ വേവാൻ വെക്കുക. 

  • വെന്ത ശേഷം ഇഡ്ഡലി തട്ടിൽ നിന്നും മാറ്റിയെടുത്തു  കിണ്ണത്തിൽ  വെക്കുക. 
  • നല്ല soft ആയ ഭംഗിയുള്ള കാരറ്റ് ഇഡ്ലി റെഡി!!
  •  ഇഷ്ടമുള്ള ചുട്ണിയോ  ചമ്മന്തിയോ ഏതെങ്കിലും  കൂട്ടി കഴിക്കാവുതാണ്.

2020, ഏപ്രിൽ 19, ഞായറാഴ്‌ച

Bread pokoda



ആവശ്യമുള്ള സാധനങ്ങൾ :


  • ബ്രെഡ്  കഷ്ണങ്ങൾ                    : 3 എണ്ണം 
  • വലിയ ഉള്ളി                            
  • പച്ചമുളക്                                  : ഒരെണ്ണം 
  • മല്ലിയില  അരിഞ്ഞത്               : കാൽ   കപ്പ് 
  •  എണ്ണ  വറുക്കാൻ ആവശ്യത്തിന് 

ചെയ്യുന്ന വിധം :

  • ബ്രെഡ് കഷ്ണങ്ങൾ കൈ കൊണ്ട് പൊടിച്ചുവെക്കുക.
  • ഉള്ളിയും പച്ചമുളകും മല്ലിയിലയും ചെറുതായി അരിഞ്ഞു ബ്രെഡിൽ നന്നായി കലർത്തി വെക്കുക.
  • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയ ശേഷം ഈ കലർത്തി വെച്ചതിൽ നിന്നും കുറേശ്ശേ എടുത്തു എണ്ണയിൽ ഇട്ട് ബ്രൗൺ നിറത്തിൽ വറുത്തു കോരുക. നല്ല ഒരു നാലുമണി പലഹാരമാണ്.



 

Paal Payasam in pressure cooker




ആവശ്യമുള്ള സാധനങ്ങൾ:

  • പൊടിയരി  (മട്ട)                   : ഒരു പിടി 
  • പാൽ                                   : ഒരു ലിറ്റർ 
  • വെള്ളം                                : 1/2  കപ്പ് 
  • പഞ്ചസാര                            : 1 കപ്പ് 
  • ഏലക്ക പൊടി                     : ഒരു നുള്ള് 

ചെയ്യുന്ന വിധം :


  • അരി നന്നായി കഴുകി വെക്കുക.  അരിയും പാലും. വെള്ളവും, പഞ്ചസാരയും എല്ലാം കൂടി ഒരു വലിയ പ്രഷർ കുക്കറിൽ ഇട്ടു ഇളക്കിയ ശേഷം സ്റ്റവ് കത്തിച്ചു ചെറുതീയിൽ 30 മിനിട്ടു വെച്ച ശേഷം തീ ഓഫ് ചെയ്യുക. കുക്കർ ആറിയ ശേഷം തുറന്ന് ഇളക്കി ഏലക്ക പൊടി ചേർത്തി വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക. നല്ല പാൽ പായസം റെഡി!


Kappa stew





ആവശ്യമുള്ള സാധനങ്ങൾ :


  • കപ്പ                             : 1/2 കിലോ 
  • വലിയ ഉള്ളി                : ഒരെണ്ണം 
  • പച്ചമുളക്                     : 2 എണ്ണം 
  • ഇഞ്ചി                         : ഒരിഞ്ചു നീളത്തിൽ  ഒരു കഷ്ണം 
  • തേങ്ങാപാൽ               : ഒരു കപ്പ് (രണ്ടാം പാൽ)
  • ഒന്നാം പാൽ               : 2 ടേബിൾസ്പൂൺ 
  • കറിവേപ്പില                : ഒരു തണ്ട് 
  • വെളിച്ചെണ്ണ                : ഒരു ടീസ്പൂൺ 
  • ഉപ്പ് ആവശ്യത്തിന്
 

ചെയ്യുന്ന വിധം :

  • കപ്പ തോല് കളഞ്ഞു നല്ലപോലെ കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വെക്കുക.
  • ഉള്ളിയും പച്ചമുളകും ഇഞ്ചിയും നീളത്തിൽ അരിഞ്ഞു വെക്കുക.
  • ഒരു മൂടി തേങ്ങ ചിരവി കൈ കൊണ്ട് തിരുമ്മി പിഴിഞ്ഞ് ഒന്നാം പാൽ എടുത്തു അരിച്ചു വെക്കുക.
  • പാലെടുത്ത ശേഷം ഒരു കപ്പ് ചെറു ചൂടുവെള്ളം ചേർത്ത് മിക്സിയിൽ അടിച്ചു പിഴിഞ്ഞ് രണ്ടാം പാൽ എടുത്തു അരിച്ചു വെക്കുക.
  • കപ്പ കുക്കറിൽ ഇട്ടു അല്പം വെള്ളം ചേർത്തി വേവിക്കുക. ചില കപ്പ വേവാൻ താമസമുണ്ടാവും അതനുസരിച്ചു കൂടുതൽ സമയം വേവിക്കണം.കൂടുതൽ വെള്ളമുണ്ടെങ്കിൽ കളഞ്ഞു രണ്ടാം പൽ ചേർത്തി, ഇതിൽ അരിഞ്ഞു വെച്ച ഉള്ളിയും പച്ചമുളകും ഇഞ്ചിയും ആവശ്യത്തിന് ഉപ്പും ചേർത്തി വേവിക്കുക.
  • വെന്ത ശേഷം എല്ലാം ചേർത്തിളക്കി ഒന്നാം പാലും ചേർത്തി തീ ഓഫ് ചെയ്യുക. കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തി അടച്ചു വെക്കുക. ഇടത്തരം അയവോടെ അല്പം കുറുകിയ പരുവത്തിലായിരിക്കണം ഈ കറി. ഇഡ്ഡലിക്കും ദോശക്കും എല്ലാം നന്നായിരിക്കും.


  • തേങ്ങാപാൽ പൌഡർ വേണമെങ്കിലും  ഉപയോഗിക്കാം. 25 ഗ്രാം തേങ്ങാപാൽ പൌഡർ ഒരു കപ്പ് ചെറുചൂടുവെള്ളത്തിൽ കലക്കി വെച്ച് രണ്ടാം പാലായി ഉപയോഗിക്കാം. ഒരു ടേബിൾസ്പൂൺ പൌഡർ അല്പം  ചെറു ചൂടു പാലിൽ കലർത്തി  വെച്ചാൽ ഒന്നാം പാലിനു പകരം ഉപയോഗിക്കാം.
  • കപ്പ വെന്ത ശേഷം ഒന്നുടച്ചാൽ സ്റ്റു കുറുകിയിരിക്കും.

2020, ഏപ്രിൽ 1, ബുധനാഴ്‌ച

Chicken Masala








Ingredients:


    • ചിക്കൻ                             :1/ 2 കിലോ 
    • ഗ്രാമ്പൂ                                : 3
    • പട്ട                                    : 1
    • വലിയ ഉള്ളി                      : 2എണ്ണം 
    • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്   : 1 ടീസ്പൂൺ 
    • മുളകുപൊടി                        : 1ടീസ്പൂൺ 
    • മല്ലിപ്പൊടി                         : 1ടീസ്പൂൺ 
    • മഞ്ഞപ്പൊടി                       : 1/4ടീസ്പൂൺ 
    • മീറ്റ് മസാല                        : 1ടീസ്പൂൺ 
    • തക്കാളി                              : 2എണ്ണം 
    • എണ്ണ                                  : 2ടീസ്പൂൺ 
    • ഉപ്പ് ആവശ്യത്തിന്
    • അണ്ടിപരിപ്പ്                       : 5 എണ്ണം        
    • മല്ലിയില  അരിഞ്ഞത്          : 1 ടേബിൾസ്പൂൺ 

    Method:


    • അണ്ടിപരിപ്പ് പത്തു മിനിട്ടു വെള്ളത്തിലിട്ട ശേഷം അരക്കുക, കൂടെ തക്കാളിയും ചേർത്തി അരച്ചുവെക്കുക
    • ചിക്കൻ നന്നായി കഴുകി ഉപ്പും മഞ്ഞപ്പൊടിയും മീറ്റ് മസാലയും ചേർത്തി കുക്കറിൽ വേവിക്കുക.
    • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി പട്ടയും ഗ്രാംപൂവും ഇട്ടു വറുത്തു ഇതിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉള്ളി അരിഞ്ഞതും ചേർത്തി നന്നായി വഴറ്റുക.   തീ കുറച്ചു മുളകുപൊടിയും മല്ലിപ്പൊടിയും ഇട്ടു തക്കാളി പേസ്റ്റും ചേർത്തി  വേവിച്ച കോഴി കഷ്ണങ്ങളും ചേർത്തി  ഗ്രേവി കോഴിയിൽ പൊതിഞ്ഞു  വരുന്ന സമയത്തു തീയിൽ നിന്നും മാറ്റുക. വിളമ്പുന്ന പാത്രത്തിലേക്കു മാറ്റി മല്ലിയില തൂവുക.