2014, മേയ് 28, ബുധനാഴ്‌ച

Pokkavada

പൊക്കവട:



ആവശ്യമുള്ള സാധനങ്ങൾ:

കടലമാവ്                        : 2 കപ്പ്‌ 
അരിപ്പൊടി                     : 1 കപ്പ്‌ 
മുളകുപൊടി                     : 1 ടേബിൾസ്പൂണ്‍ 
കായപ്പൊടി                    : 1 ടീസ്പൂണ്‍ 
ഉപ്പു് പാകത്തിന് 
എണ്ണ പൊരിക്കാൻ വേണ്ടത് 

ചെയ്യുന്ന വിധം :


കടലമാവും, അരിപ്പൊടിയും, ഉപ്പും, മുളകുപൊടിയും കായപ്പൊടിയും നന്നായി കലർത്തി ആവശ്യത്തിനു വെള്ളമൊഴിച്ച് കട്ടിയായി കുഴച്ചു വെക്കുക.



 ഒരു ചീനച്ചട്ടിയിൽ വറുക്കാൻ ആവശ്യമുള്ള എണ്ണ ചൂടാക്കുക.
സേവനാഴിയിൽ  പൊക്കവട ചില്ലിട്ട് കുറേശ്ശെ മാവെടുത്ത്‌ നിറക്കുക, എന്നിട്ട് നല്ലപോലെ ചൂടായ എണ്ണയിലേക്കു പിഴിയുക. രണ്ടു ഭാഗവും ഒപ്പം ഇളം ബ്രൌണ്‍ നിറത്തിൽ മൊരിയിപ്പെച്ചെടുക്കുക.




മാവു  മുഴുവൻ ഇതുപോലെ വറുത്തെടുക്കുക. ആറിയ ശേഷം വായു കടക്കാത്ത കുപ്പിയിൽ സൂക്ഷിക്കാം.




2014, മേയ് 23, വെള്ളിയാഴ്‌ച

Aviyal

അവിയൽ 





ആവശ്യമുള്ള സാധനങ്ങൾ 


മുരിങ്ങക്കായ            :  3 എണ്ണം 
ചേന                             : 200ഗ്രാം 
കുമ്പളങ്ങ                   : 1/4 കിലോ 
വാഴക്ക                       : 1 
കാരറ്റ്                          : 2 എണ്ണം 
ബീൻസ്‌                       : 5 എണ്ണം 
കൊത്തവരക്ക          : 6 എണ്ണം 
തേങ്ങ ചിരവിയത്   : 2 കപ്പ്‌
പച്ചമുളക്                 : 4-5 എണ്ണം
ജീരകം                       : ഒരു നുള്ള് 
തൈര്                        : 1 കപ്പ്‌
വെളിച്ചെണ്ണ           : 1ടേബിൾസ്പൂണ്‍
ഉപ്പു്  ആവശ്യത്തിന്
കറിവേപ്പില                : ഒരു തണ്ട്

ചെയ്യുന്ന വിധം


എല്ലാ പച്ചക്കറികളും രണ്ടിഞ്ചു നീളത്തിൽ മുറിച്ചു വെക്കുക. ചേന മുറിച്ച്  തനിയെ വെള്ളത്തിലിട്ടു വെക്കുക.
പച്ചമുളകും തേങ്ങയും ജീരകവും ചേർത്ത്  അധികം അരയാതെ തരുതരുപ്പായി അരച്ച് വെക്കുക.
ഒരു കപ്പ്‌ അല്പം പുളിയുള്ള തൈര്  ഒന്നുടച്ചു വെക്കുക.
അരിഞ്ഞു വെച്ച പച്ചക്കറികൾ അല്പം ഉപ്പു ചേർത്തു വേവിക്കുക. അധികം ഉടയാതെ വേവിക്കണം അതുകൊണ്ട് പ്രഷർ കുക്കറിൽ വേവിക്കതിരിക്കുകയാണ് നല്ലതു്. ചേന ആദ്യം വേവാനിട്ട് കുറച്ചു കഴിഞ്ഞു മറ്റു കഷ്ണങ്ങൾ ഇടുന്നതായിരിക്കും നല്ലതു്. കാരണം ചേനക്കു ചിലപ്പോൾ  അല്പം വേവു കൂടുതലായിരിക്കും.
വെന്ത ശേഷം തേങ്ങ അരച്ചതു ചേർത്തി ഒന്നു തിളപ്പിക്കുക. എന്നിട്ട് തൈരും ചേർത്തി  നന്നായി ഇളക്കിയ ശേഷം തിളക്കും മുമ്പേ വാങ്ങി വെച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കുക.





2014, മേയ് 21, ബുധനാഴ്‌ച

Cherupayar olan

ചെറുപയർ ഓലൻ :

 





ആവശ്യമുള്ള സാധനങ്ങൾ

ചെറുപയർ           : 1 കപ്പ്‌ 
മഞ്ഞപ്പൊടി        : 1/4 ടീസ്പൂണ്‍
ചെറിയ ഉള്ളി      : 5 എണ്ണം 
പച്ചമുളക്            : 2 എണ്ണം 
വെളിച്ചെണ്ണ        : 1 ടേബിൾസ്പൂണ്‍ 
ഉപ്പു്  ആവശ്യത്തിന് 
കറിവേപ്പില        : ഒരു തണ്ട്




ചെയ്യുന്ന വിധം :

ചെറുപയർ ഒരു പ്രഷർ കുക്കറിൽ അല്പം വെള്ളം ചേർത്തു വേവിക്കുക.
വെന്ത പയറിൽ ഉപ്പും, മഞ്ഞപ്പൊടിയും, പച്ചമുളക് രണ്ടായി കീറിയതും ഉള്ളി നീളത്തിലരിഞ്ഞതും ചേർത്തി  ഒന്നു കൂടി വേവിച്ച്  അടുപ്പിൽ നിന്നും ഇറക്കി വെക്കുക.  കറിവേപ്പിലയും വെളിച്ചണ്ണയും ചേർത്തി വിളമ്പുക. 
ഇത് ഒരു കുറുകിയ കറിയാണ്.

Koorka upperi

കൂർക്ക  ഉപ്പേരി :






കൂർക്ക  ഒരു കിഴങ്ങാണ്‌. കേരളത്തിൽ ഒക്ടോബർ മുതൽ ജനുവരി വരെ സുലഭമായി കിട്ടാറുള്ള കിഴങ്ങാണ്‌ കൂർക്കകിഴങ്ങ്. ഇതു വൃത്തിയാക്കാൻ അല്പം ബുദ്ധിമുട്ടാണെങ്കിലും നല്ല സ്വാദുള്ള ഒരു കിഴങ്ങാണ്‌.
നല്ല വാടാത്ത കിഴങ്ങ് ഒരു ചാക്കിൽ ഇട്ടു നിലത്തടിച്ചാൽ ഒരു മാതിരി തോലൊക്കെ പോകും. പിന്നെ ബാക്കിയുള്ളത് കത്തി കൊണ്ടു കളയാൻ എളുപ്പമാണ്.



അല്ലെങ്കിൽ ഒരു മണിക്കൂർ വെള്ളത്തിലിട്ടു വെച്ച് കത്തി കൊണ്ടു ചുരണ്ടിയാലും മതി, തോലു പോകും.
ഇത് നന്നായി കഴുകണം, അല്ലെങ്കിൽ മണ്ണു കടിക്കാൻ സാദ്ധ്യതയുണ്ട്. മുളകുഷ്യം, ഉപ്പേരി, മസാലക്കറി എന്നിങ്ങനെ പല വിഭവങ്ങൾ ഇതു കൊണ്ട് ഉണ്ടാക്കാൻ പറ്റും.


ഉപ്പേരിക്കു വേണ്ട സാധനങ്ങൾ


കൂർക്കകിഴങ്ങ്          : 1/2 കിലോ
മഞ്ഞപ്പൊടി            :1/4 ടീസ്പൂണ്‍
ചുവന്ന മുളക്            : 4എണ്ണം 
ചെറിയ ഉള്ളി          : 6 എണ്ണം 
വെളിച്ചെണ്ണ             : 3 ടേബിൾസ്പൂണ്‍
ഉപ്പു്   ആവശ്യത്തിന് 
കറിവേപ്പില            : ഒരു തണ്ട് 





ചെയ്യുന്ന വിധം :

കൂർക്ക ചെറുതായി മുറിച്ച് വെള്ളത്തിലിട്ടു വെക്കുക.
മുളകും ഉള്ളിയും ഒന്നു ചതച്ചു വെക്കുക.
കൂർക്ക നന്നായി കഴുകി അല്പം വെള്ളവും ഉപ്പും മഞ്ഞപ്പൊടിയും ചേർത്തു വേവിക്കുക.  വെന്ത ശേഷം വെള്ളം അധികമുണ്ടെങ്കിൽ  ഊറ്റി കളഞ്ഞ്  ചതച്ച മുളകും ഉള്ളിയും ചേർത്തി നന്നായി ഇളക്കി വെളിച്ചെണ്ണ ഒഴിച്ച് മൊരിയിപ്പിച്ചെടുക്കുക . നല്ല സ്വാദുള്ള ഒരു ഉപ്പേരിയണിത്.
 
  • എണ്ണ ഒരുപാടു ഉപയോഗിക്കേണ്ട എന്നുണ്ടെങ്കിൽ ഒരു നോൺ സ്റ്റിക് ദോശ തവയിൽ നിരത്തി വെച്ച് ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുക. നന്നായി മൊരിയും. 

 




2014, മേയ് 18, ഞായറാഴ്‌ച

Mathan pachadi

മത്തൻ പച്ചടി :



ആവശ്യമുള്ള സാധനങ്ങൾ :

മത്തൻ                            : 1/2 കിലോ 
പച്ചമുളക്                         : 3 എണ്ണം 
തേങ്ങ                             : 1 കപ്പ്‌ 
കടുക്                              : 1 ടേബിൾസ്പൂണ്‍ 
െെതര്                             : 1 കപ്പ്‌ 
ചുവന്ന മുളക്                    : 1 എണ്ണം 
കറിവേപ്പില                    : ഒരു തണ്ട് 
എണ്ണ                              : 1 ടേബിൾസ്പൂണ്‍
ഉപ്പ്   ആവശ്യത്തിന്



ചെയ്യുന്ന വിധം :

മത്തൻ ചെറിയ ഘനമില്ലാത്ത  ചതുര കഷ്ണങ്ങളാക്കി  മുറിക്കുക.


തേങ്ങയും പച്ചമുളകും അരക്കുക. അരയാറാവുമ്പോൾ ഒരു ടീ സ്പൂണ്‍ കടുകും ചേർത്തി അരച്ച് മാറ്റിവെക്കുക.
മത്തൻ അല്പം വെള്ളമൊഴിച്ച് ഉപ്പും ചേർത്തു വേവിക്കുക. വെന്ത ശേഷം തേങ്ങ അരച്ചതും ചേർത്തി ഒന്നു  തിളപ്പിക്കുക. ഒടുവിൽ തൈര് ഉടച്ച്‌ അതും ചേർത്ത് തിളക്കുന്നതിനു മുമ്പ് അടുപ്പിൽ നിന്നും വാങ്ങി വെക്കുക. 

ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടുമ്പോൾ ചുവന്ന മുളക് പൊട്ടിച്ചതും കറിവേപ്പിലയും ചേർത്ത്  കറിയിൽ ചേർക്കുക.  




2014, മേയ് 17, ശനിയാഴ്‌ച

Laddu

ലഡ്ഡു



ആവശ്യമുള്ള സാധനങ്ങൾ

കടലമാവ്                        : 2 കപ്പ്‌ 
പഞ്ചസാര                       : മൂന്നര കപ്പ്‌ 
അണ്ടിപരുപ്പ്                   : 3 ടേബിൾസ്പൂണ്‍
മുന്തിരിങ്ങ                        : 15 എണ്ണം
ഏലക്കാപ്പൊടി                : 1 ടീസ്പൂണ്‍ 
കൽക്കണ്ട്                       : 1 ടേബിൾസ്പൂണ്‍
നെയ്യ്                               : 1 ടേബിൾസ്പൂണ്‍ 
എണ്ണ വറുക്കാൻ ആവശ്യത്തിന് 
മഞ്ഞ കളർ                       : 1 ടീസ്പൂണ്‍
പച്ചകർപൂരം                      : ഒരു നുള്ള്



ചെയ്യുന്ന വിധം

കടലമാവ്  വെള്ളമൊഴിച്ച് കുറച്ചു മഞ്ഞ കളറും ചേർത്തി അല്പം അയവോടെ കലക്കി വെക്കുക.
ഒരു പരന്ന പാത്രം ചൂടാക്കി പഞ്ചസാരയിട്ട്  അല്പം വെള്ളമൊഴിച്ച് ഇളക്കി ഒരു നൂൽ പരുവത്തിൽ പാവുകാച്ചുക.  
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടായ ശേഷം കലക്കി വെച്ച കടലമാവ് ഒരു കയിൽ എടുത്ത് ജാർണിയിൽ കൂടി മെല്ലെ ചൂടായ എണ്ണയുടെ മേലെ പിടിച്ച് ഒഴിക്കുക. ചെറിയ മണികളായി എണ്ണയിൽ മൊരിഞ്ഞു വരും. 
വെള്ളം കുറഞ്ഞാൽ ചെറിയ വാല് പോലെ വിഴും  കൂടിയാൽ മണികൾ ഉരുണ്ടു വരില്ല.  അതുകൊണ്ട് കുറച്ച് ഒഴിച്ചാൽ ശരിയായ പാകം അറിയാം. 

                   ഒരുപാടു മൊരിയുന്നതിനു മുമ്പ് ഒരു പതത്തിൽ  കോരിയെടുക്കണം.


     
       കോരിയെടുത്തു പാവിൽ ഇട്ടു വെക്കുക. ഇതുപോലെ മാവു മുഴുവൻ വറുത്തു കോരണം.  ഓരോ പ്രാവശ്യം ബൂന്ദി വറുത്തു കോരി പാവിൽ ഇടുമ്പോഴും ഇളക്കുക.
നെയ്യു ചൂടാക്കി അണ്ടിപരുപ്പും മുന്തിരിങ്ങയും വറുത്തു  ബൂന്ദിയിൽ ഇട്ട്, കൽക്കണ്ടും പച്ചകർപ്പൂരവും ഏലക്കാപ്പൊടിയും ചേർത്തി നന്നായി ഇളക്കുക. ഇതിൽ നിന്നും കുറച്ചു എടുത്തു കൈയിൽ  വെച്ച് നന്നായി മറ്റേ കൈ കൊണ്ട് അമർത്തി  ഉരുട്ടുക. പാവ് കട്ടിയായി തുടങ്ങിയാൽ ഒന്ന് അടുപ്പിൽ വെച്ച് ചെറുതായി ചൂടാക്കണം.




2014, മേയ് 15, വ്യാഴാഴ്‌ച

Rajma masala

രാജ്മ മസാല :




ആവശ്യമുള്ള സാധനങ്ങൾ :

രാജ്മ                         : 1 കപ്പ്‌ 
വലിയ ഉള്ളി               : 1 എണ്ണം 
പച്ചമുളക്                    : 1 
വെളുത്തുള്ളി                : 2 എണ്ണം 
ഇഞ്ചി                         : അര ഇഞ്ചു കഷ്ണം 
മല്ലിപ്പൊടി                  : 2 ടീസ്പൂണ്‍ 
മുളകുപൊടി                 : 1ടീസ്പൂണ്‍ 
മഞ്ഞപ്പൊടി                : 1/4 ടീസ്പൂണ്‍ 
തക്കാളി                      : 1 ചെറുത്‌ 
എണ്ണ                          : 2 ടേബിൾസ്പൂണ്‍




ചെയ്യുന്ന വിധം

രാജ്മ തലേന്നു രാത്രി തന്നെ വെള്ളത്തിലിട്ടു വെക്കുക.  കുറഞ്ഞ പക്ഷം മൂന്നു മണിക്കൂറെങ്കിലും വെള്ളത്തിലിട്ടു  വെക്കുക. 
ഈ രാജ്മ  പ്രഷർ കുക്കറിൽ വേവിക്കുക. 
 

 
 
ഉള്ളി തോലോടെ തീയിലിട്ടു ചുട്ടെടുക്കുക. മേൽഭാഗം കരിയുന്നപോലെ ചുടണം. 
 

 
ചുട്ട ശേഷം ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും ചേർത്ത് അരച്ചെടുക്കുക. 
ഒരു നോണ്‍സ്റ്റിക് പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അരച്ച മസാല നന്നായി വതക്കുക. തീ കുറച്ച് ഇതിൽ മുളകുപൊടിയും,മല്ലിപ്പൊടിയും,മഞ്ഞപ്പൊടിയും ചേർത്തി പാനിൽ നിന്നും ഉരുണ്ടു വരുന്ന വരെ വതക്കണം. 
 

 
ഇതിൽ തക്കാളി അരച്ചതും ചേർത്തി ഒന്നുകൂടി വതക്കണം. നന്നായി വതക്കിയ ശേഷം വെവിച്ച രാജ്മയും ചേർത്തി നന്നായി ഇളക്കുക. 
മസാല രാജ്മയിൽ പൊതിഞ്ഞ പരുവത്തിൽ വാങ്ങിവെച്ച് മല്ലിയില തൂവി അലങ്കരിക്കാം.

ഈ കറി ചപ്പാത്തിയുടെ കൂടെ കഴിക്കാൻ നന്നായിരിക്കും.

2014, മേയ് 11, ഞായറാഴ്‌ച

Athirasam

അതിരസം :



അതിരസം ഒരു തമിഴ് നാടൻ പലഹാരമാണ്.  കേരളത്തിലെ അപ്പത്തിന്റെ പോലെയാണെങ്കിലും അല്പം വ്യതാസമുണ്ട്.  പച്ചരി കൊണ്ടാണ് ഈ പലഹാരം ഉണ്ടാക്കുന്നതു്. അരി കുതിർത്തി മിക്സിയിൽ പൊടിച്ചു തന്നെ ഉണ്ടാക്കണം. മാർക്കറ്റിൽ നിന്നു വാങ്ങുന്ന പൊടി  ഇതിന് ഉപയോഗിക്കാൻ പറ്റില്ല.
മാവു തയാറാക്കി ഒന്നോ രണ്ടോ ദിവസം വെച്ചാൽ ഒന്ന് കൂടി നന്നായി വരും.

ആവശ്യമുള്ള സാധനങ്ങൾ :

പച്ചരി                  : 1 കിലോ 
വെല്ലം                  : 3/4 കിലോ 
എണ്ണ വറുക്കാൻ ആവശ്യത്തിന് 
ഏലക്ക പൊടി     : 1 ടീസ്പൂണ്‍ 




ചെയ്യുന്ന വിധം:

പച്ചരി വെള്ളത്തിൽ  കുതിരാനിടുക. ഒരു മണിക്കൂർ കഴിഞ്ഞ ശേഷം എടുത്തു വെള്ളം മുഴുവൻ മാറ്റിയ ശേഷം ഒരു തോർത്തു മുണ്ടിൽ പരത്തി വെക്കുക. ഒരു പത്തു മിനിട്ടു കഴിഞ്ഞ ശേഷം എടുത്തു മിക്സിയിൽ പൊടിക്കുക. അധികം പൊടിയാതെ അല്പം തരിയോടെ (പുട്ടു പൊടി പോലെ) പൊടിച്ചുവെക്കുക.
വെല്ലം പൊടിച്ച് അല്പം വെള്ളം ചേർത്തി തിളപ്പിക്കുക. വെല്ലം  മുഴുവൻ അലിഞ്ഞ ശേഷം അടുപ്പിൽ നിന്നും മാറ്റി വെച്ച് അരിച്ചെടുക്കുക. വെല്ലത്തിലെ അഴുക്കു പോകാനാണ് ഇത് ചെയ്യുന്നതു് .
വീണ്ടും അരിച്ച വെല്ലം അടുപ്പിൽ വെച്ച് പാവു കാച്ചുക. ഒരു കപ്പു വെള്ളത്തിൽ ഈ പാവ് ഒറ്റിച്ചാൽ അതു  പരക്കാതെ ഒരു ചെറിയ പന്തു പോലെ ഉരുണ്ടു വരും. അതാണ് പാവിന്റെ പാകം.
ഈ പാവ് അരിപ്പൊടിയിൽ കുറേശ്ശെ ഒഴിച്ച് ഒരു പരന്ന കയിൽ  കൊണ്ട് നന്നായി യോജിപ്പിക്കണം. നന്നായി കലർത്തിയ ശേഷം അടച്ചു വെക്കുക.  നാലഞ്ചു മണിക്കൂറെങ്കിലും ഇങ്ങിനെ വെക്കണം. അതിനു ശേഷം കൈ കൊണ്ട് നന്നായി ഒന്നു  കൂടി യോജിപ്പിച്ച് അടച്ചു വെക്കുക. ഒന്നോ രണ്ടോ ദിവസം ഇങ്ങിനെ വെക്കാം. ഫ്രിഡ്ജിൽ വെക്കണ്ട ആവശ്യമില്ല.
പിറ്റേ ദിവസം മാവെടുത്ത്‌ ഒന്നു കൂടി ഇളക്കിയ ശേഷം ഓരോ നാരങ്ങ വലുപ്പത്തിൽ എടുത്ത്  കൈയിലോ അല്ലെങ്കിൽ ഇലയിലോ പരത്തി ചൂടായ എണ്ണയിൽ രണ്ടു ഭാഗവും നന്നായി പൊരിച്ചെടുക്കാം.  ഇങ്ങിനെ ബാക്കി മാവും  ഇത് പോലെ ചെയ്യുക. 
അതിരസം നല്ലപോലെ എണ്ണ കുടിക്കും. എണ്ണയിൽ നിന്നു കോരിയ ഉടനെതന്നെ രണ്ടു ചട്ടുകങ്ങൾ കൊണ്ട് അമർത്തുക. എണ്ണ പിഴിഞ്ഞെടുക്കാൻ ഇതു  സഹായിക്കും. എന്നിട്ട് പേപ്പർ ടവലിൽ വെക്കുക.
അതുപോലെ എണ്ണ ചൂടായാൽ തീ ചെറുതാക്കിയിട്ടു  വേണം അതിരസം വറുത്തെടുക്കാൻ. അല്ലെങ്കിൽ ഉള്ളു വേവില്ല. 
അതുപോലെ തന്നെ ഒരു പക്ഷെ മാവിൽ വെല്ലപ്പാവ് കൂടിപോയാൽ അതിരസം ശരിയാവില്ല. അങ്ങിനെയായാൽ കുറച്ചു ഗോതമ്പു മാവ് ചേർക്കാം. 

2014, മേയ് 3, ശനിയാഴ്‌ച

Broccoli soup

ബ്രോക്കോലി സൂപ്പ്



ആവശ്യമുള്ള സാധനങ്ങൾ

ബ്രോക്കോലി                : 1 എണ്ണം 
വെണ്ണ                          : 1 ടേബിൾസ്പൂണ്‍ 
മൈദാ                          : 2 ടേബിൾസ്പൂണ്‍ 
മുട്ടക്കോസ്                    : ഒരു ചെറിയ കഷ്ണം 
ഉപ്പു് ആവശ്യത്തിന് 
വെള്ളം ആവശ്യത്തിന് 
കുരുമുളകുപൊടി             : 1ടീസ്പൂണ്‍ 
ഫ്രഷ്‌ ക്രീം                    : 1ടേബിൾസ്പൂണ്‍ 


ചെയ്യുന്ന വിധം

മുട്ടക്കോസ് ചിരവിയെടുക്കുക.
 ഒരു പ്രഷർ പാനിൽ വെണ്ണ ചൂടാക്കി മുട്ടക്കോസ്  ചിരവിയത് ചേർത്തി  ഒരു മിനിട്ടു വഴറ്റുക. അതിനു ശേഷം ബ്രോക്കോലി  ഓരോ ഇതളുകളാക്കി അതും ചേർത്തി 2 മിനിട്ട് വീണ്ടും വഴറ്റണം.
ഇതിൽ മൈദാ ചേർത്തി ഒന്നുകൂടി വഴറ്റി വെള്ളം, ഉപ്പു് എന്നിവ ചേർത്തി  മൂടി ഒന്നോ രണ്ടോ വിസിൽ വരും വരെ വേവിക്കുക. ആറിയ ശേഷം തുറന്ന്  മിക്സിയിൽ അടിച്ച് വിളമ്പുന്ന പാത്രത്തിൽ ഒഴിക്കുക. ഇതിൽ ഫ്രഷ്‌ ക്രീം ചേർത്തി  കുരുമുളകു പൊടിവിതറി കഴിക്കാവുന്നതാണ്.

Dates Pickle

ഈന്തപ്പഴ അച്ചാർ



ആവശ്യമുള്ള സാധനങ്ങൾ

ഈന്തപ്പഴം                  : 15 എണ്ണം 
മുളകുപൊടി                 : 2 ടേബിൾസ്പൂണ്‍ 
കടുക്                          : അല്പം 
ഉലുവ                          : 1/4 ടീസ്പൂണ്‍
കായപ്പൊടി                : 1/4 ടീസ്പൂണ്‍ 
പച്ചമുളക്                    : 2 എണ്ണം
ഇഞ്ചി                         : 1/2" കഷ്ണം 
വിനിഗർ                     : 2 ടേബിൾ സ്പൂണ്‍ 
ഉപ്പു് ആവശ്യത്തിന് 
നല്ലെണ്ണ                      : 3ടേബിൾസ്പൂണ്‍

ചെയ്യുന്ന വിധം

ഈന്തപ്പഴം കുരുകളഞ്ഞ്  വിനിഗർ ചേർത്തി  അരക്കുക. മയത്തിൽ അരയേണ്ട ആവശ്യമില്ല.
ഉലുവ എണ്ണയില്ലാതെ വറുത്തെടുത്തു പൊടിച്ചു വെക്കുക.
ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞുവെക്കുക.
ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് ചൂടായ ശേഷം കടുകിട്ടു പൊട്ടുമ്പോൾ ഇഞ്ചിയും പച്ചമുളകും അരിഞ്ഞതു ചേർത്തി നന്നായി വഴറ്റുക. തീ കുറച്ച്  മുളകുപൊടി ചേർത്തു ഒന്ന് ഇളക്കിയ ശേഷം ഈന്തപ്പഴം അരച്ചതും ഉപ്പും ചേർത്തി ഇളക്കുക. ഒടുവിൽ ഉലുവാപ്പൊടിയും കായപ്പൊടിയും ചേർത്തി നന്നായി ഇളക്കി അടുപ്പിൽ നിന്നും വാങ്ങിവെക്കുക. ആറിയ ശേഷം കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഈ അച്ചാർ എല്ലാ ബിരിയാണിക്കും കൂട്ടി കഴിക്കാൻ നന്നായിരിക്കും.