2014, മേയ് 11, ഞായറാഴ്‌ച

Athirasam

അതിരസം :



അതിരസം ഒരു തമിഴ് നാടൻ പലഹാരമാണ്.  കേരളത്തിലെ അപ്പത്തിന്റെ പോലെയാണെങ്കിലും അല്പം വ്യതാസമുണ്ട്.  പച്ചരി കൊണ്ടാണ് ഈ പലഹാരം ഉണ്ടാക്കുന്നതു്. അരി കുതിർത്തി മിക്സിയിൽ പൊടിച്ചു തന്നെ ഉണ്ടാക്കണം. മാർക്കറ്റിൽ നിന്നു വാങ്ങുന്ന പൊടി  ഇതിന് ഉപയോഗിക്കാൻ പറ്റില്ല.
മാവു തയാറാക്കി ഒന്നോ രണ്ടോ ദിവസം വെച്ചാൽ ഒന്ന് കൂടി നന്നായി വരും.

ആവശ്യമുള്ള സാധനങ്ങൾ :

പച്ചരി                  : 1 കിലോ 
വെല്ലം                  : 3/4 കിലോ 
എണ്ണ വറുക്കാൻ ആവശ്യത്തിന് 
ഏലക്ക പൊടി     : 1 ടീസ്പൂണ്‍ 




ചെയ്യുന്ന വിധം:

പച്ചരി വെള്ളത്തിൽ  കുതിരാനിടുക. ഒരു മണിക്കൂർ കഴിഞ്ഞ ശേഷം എടുത്തു വെള്ളം മുഴുവൻ മാറ്റിയ ശേഷം ഒരു തോർത്തു മുണ്ടിൽ പരത്തി വെക്കുക. ഒരു പത്തു മിനിട്ടു കഴിഞ്ഞ ശേഷം എടുത്തു മിക്സിയിൽ പൊടിക്കുക. അധികം പൊടിയാതെ അല്പം തരിയോടെ (പുട്ടു പൊടി പോലെ) പൊടിച്ചുവെക്കുക.
വെല്ലം പൊടിച്ച് അല്പം വെള്ളം ചേർത്തി തിളപ്പിക്കുക. വെല്ലം  മുഴുവൻ അലിഞ്ഞ ശേഷം അടുപ്പിൽ നിന്നും മാറ്റി വെച്ച് അരിച്ചെടുക്കുക. വെല്ലത്തിലെ അഴുക്കു പോകാനാണ് ഇത് ചെയ്യുന്നതു് .
വീണ്ടും അരിച്ച വെല്ലം അടുപ്പിൽ വെച്ച് പാവു കാച്ചുക. ഒരു കപ്പു വെള്ളത്തിൽ ഈ പാവ് ഒറ്റിച്ചാൽ അതു  പരക്കാതെ ഒരു ചെറിയ പന്തു പോലെ ഉരുണ്ടു വരും. അതാണ് പാവിന്റെ പാകം.
ഈ പാവ് അരിപ്പൊടിയിൽ കുറേശ്ശെ ഒഴിച്ച് ഒരു പരന്ന കയിൽ  കൊണ്ട് നന്നായി യോജിപ്പിക്കണം. നന്നായി കലർത്തിയ ശേഷം അടച്ചു വെക്കുക.  നാലഞ്ചു മണിക്കൂറെങ്കിലും ഇങ്ങിനെ വെക്കണം. അതിനു ശേഷം കൈ കൊണ്ട് നന്നായി ഒന്നു  കൂടി യോജിപ്പിച്ച് അടച്ചു വെക്കുക. ഒന്നോ രണ്ടോ ദിവസം ഇങ്ങിനെ വെക്കാം. ഫ്രിഡ്ജിൽ വെക്കണ്ട ആവശ്യമില്ല.
പിറ്റേ ദിവസം മാവെടുത്ത്‌ ഒന്നു കൂടി ഇളക്കിയ ശേഷം ഓരോ നാരങ്ങ വലുപ്പത്തിൽ എടുത്ത്  കൈയിലോ അല്ലെങ്കിൽ ഇലയിലോ പരത്തി ചൂടായ എണ്ണയിൽ രണ്ടു ഭാഗവും നന്നായി പൊരിച്ചെടുക്കാം.  ഇങ്ങിനെ ബാക്കി മാവും  ഇത് പോലെ ചെയ്യുക. 
അതിരസം നല്ലപോലെ എണ്ണ കുടിക്കും. എണ്ണയിൽ നിന്നു കോരിയ ഉടനെതന്നെ രണ്ടു ചട്ടുകങ്ങൾ കൊണ്ട് അമർത്തുക. എണ്ണ പിഴിഞ്ഞെടുക്കാൻ ഇതു  സഹായിക്കും. എന്നിട്ട് പേപ്പർ ടവലിൽ വെക്കുക.
അതുപോലെ എണ്ണ ചൂടായാൽ തീ ചെറുതാക്കിയിട്ടു  വേണം അതിരസം വറുത്തെടുക്കാൻ. അല്ലെങ്കിൽ ഉള്ളു വേവില്ല. 
അതുപോലെ തന്നെ ഒരു പക്ഷെ മാവിൽ വെല്ലപ്പാവ് കൂടിപോയാൽ അതിരസം ശരിയാവില്ല. അങ്ങിനെയായാൽ കുറച്ചു ഗോതമ്പു മാവ് ചേർക്കാം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ