2018, ജൂലൈ 26, വ്യാഴാഴ്‌ച

Thakkali Seva






ആവശ്യമുള്ള സാധനങ്ങൾ :


നൂൽപുട്ട്  ചെറിയ കഷ്ണങ്ങളാക്കിയത്        : 2 കപ്പ് 
വലിയ ഉള്ളി                                            : 1 അരിഞ്ഞത് 
തക്കാളി                                                  : ഒരു വലുത് അരിഞ്ഞത്
പച്ചമുളക്                                                 : ഒരെണ്ണം അരിഞ്ഞത് 
മുളകുപൊടി                                             : 1/4 ടീസ്പൂൺ 
പെരുംജീരകം                                         : 1/4 ടീസ്പൂൺ 
മഞ്ഞപ്പൊടി                                            : 1/8 ടീസ്പൂൺ 
കടുക്                                                      : 1 ടീസ്പൂൺ 
ഉഴുന്നുപരുപ്പ്‌                                            : 1/2 ടീസ്പൂൺ 
എണ്ണ                                                      : 1 ടേബിൾസ്പൂൺ 
കറിവേപ്പില                                            : ഒരു തണ്ട് 
മല്ലിയില അരിഞ്ഞത്                               : ഒരു ടേബിൾസ്പൂൺ 


ചെയ്യുന്ന വിധം :

ഒരു ഫ്രൈപാനിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ഇതിൽ ഉഴുന്ന് പരുപ്പും കറിവേപ്പിലയും പെരുംജീരകവും ചേർത്തി അഞ്ചു സെക്കന്റിനു ശേഷം അരിഞ്ഞു വെച്ച ഉള്ളിയും പച്ചമുളകും ചേർത്തി ഒരു മിനിട്ടു  വഴറ്റുക.  ഇതിൽ  മുളകുപൊടിയും മഞ്ഞപ്പൊടിയും ചേർത്തി  നന്നായി ഇളക്കുക.  ഇതിൽ അരിഞ്ഞ തക്കാളിയും ഉപ്പും ചേർത്തി,  തക്കാളി കുഴയുന്നതു വരെ വഴറ്റുക. 




 ഇതിൽ പൊട്ടിച്ചു വെച്ച നൂൽപുട്ടും ചേർത്തി  നന്നായി ഇളക്കുക.



 
 തീ കെടുത്തി വിളമ്പുന്ന പാത്രത്തിലേക്കു  മാറ്റുക. മല്ലിയില മേലെ തൂവി  ചൂടോടെ വിളമ്പുക.


2018, ജൂലൈ 24, ചൊവ്വാഴ്ച

Mysore Masala Dosa

മൈസൂർ മസാല ദോശ :



ആവശ്യമുള്ള സാധനങ്ങൾ :


ദോശ മാവിന്  വേണ്ടത് :

പുഴുങ്ങലരി                       : 2 കപ്പ് 
പച്ചരി                             : 1 കപ്പ് 
ഉഴുന്നുപരുപ്പ്                    : 1/2 കപ്പ് 
ഉലുവ                              : 2 ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 

ചെയ്യുന്ന വിധം :

പുഴുങ്ങലരിയും പച്ചരിയും കൂടി  വെള്ളത്തിൽ കുതിരാൻ  വെക്കുക. 
ഉഴുന്നും ഉലുവയും കൂടി കുതിരാനിടണം  2  മണിക്കൂർ കഴിഞ്ഞു ആദ്യം ഉഴുന്നും ഉലുവയും കൂടി അരച്ചെടുക്കുക. അതിനുശേഷം അരിയും അരച്ചെടുക്കണം.  രണ്ടു മാവും കൂടി കലർത്തി ഉപ്പും ചേർത്തി നന്നായി കലക്കി വെക്കുക.  ആറു  മണിക്കൂർ  പുളിക്കാൻ വെക്കണം. ആറു മണിക്കൂർ കഴിഞ്ഞാൽ മാവ് ഇരട്ടിയായി പൊങ്ങി വരും. ഇത് ഒന്നുകൂടി കലക്കി വെക്കുക.

മസാല ഉണ്ടാക്കാൻ വേണ്ടത് :

ഉരുളക്കിഴങ്ങു്                               : 2 എണ്ണം 
വലിയ ഉള്ളി                                : ഒരെണ്ണം 
പച്ചമുളക്                                     : 2 എണ്ണം 
ഇഞ്ചി  അരിഞ്ഞത്                      : 1 ടേബിൾസ്പൂൺ 
മഞ്ഞപ്പൊടി                                : 1/8 ടീസ്പൂൺ
എണ്ണ                                          : 1 ടേബിൾസ്പൂൺ
കറിവേപ്പില                                : ഒരു തണ്ട്
ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം 

ഉരുളക്കിഴങ്ങു്  കഴുകി  പ്രഷർ കുക്കറിൽ വേവിക്കുക.   ആറിയ ശേഷം കുക്കർ തുറന്ന് കിഴങ്ങിന്റെ തോലു കളഞ്ഞു  ഉടച്ചുവെക്കുക.
ഉള്ളിയും പച്ചമുളകും ഇഞ്ചിയും എല്ലാം അരിഞ്ഞു വെക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടായ ശേഷം അരിഞ്ഞു വെച്ച  ഉള്ളിയും പച്ചമുളകും ഇഞ്ചിയും വഴറ്റുക. ഇതിൽ ഉടച്ചു വെച്ച  ഉരുളകിഴങ്ങ് ചേർത്തി നന്നായി മിക്സ് ചെയ്യുക.  ഒരു സ്പൂൺ വെള്ളം ചേർത്ത് മഞ്ഞപ്പൊടിയും ഉപ്പും ചേർത്തി നന്നായി ഇളക്കുക.





ചുവന്ന ചട്ണി ഉണ്ടാക്കുന്ന വിധം 

ചുവന്ന മുളക്                      : 5 എണ്ണം
ചെറിയ ഉള്ളി                    : 2 എണ്ണം
വെളുത്തുള്ളി                      : 4 എണ്ണം
ഉഴുന്നു പരുപ്പ്                     : ഒരു ടേബിൾസ്പൂൺ
ഉപ്പ്‌ അല്പം
എണ്ണ                                : 1/2 ടീസ്പൂൺ

ഒരു ഫ്രൈ പാനിൽ എണ്ണയൊഴിച്ചു ചുവന്ന മുളകും ഉഴുന്നുപരുപ്പും വറുക്കുക. അതിൽ  ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇട്ടു നന്നായി ഇളക്കിയ ശേഷം  സ്റ്റവ് കെടുത്തി ആറിയ ശേഷം ഉപ്പും ചേർത്തി നന്നായി അരച്ച് വെക്കുക.

ദോശക്കല്ല് അടുപ്പിൽ വെച്ചു ചൂടായ ശേഷം ഒരു കൈലു  മാവെടുത്തു ദോശക്കല്ലിൽ ഒഴിച്ചു ഘനമില്ലാതെ പരത്തുക.  അല്പം എണ്ണ ചുറ്റും തൂവിക്കൊടുക്കുക.





 ഒരു ഭാഗം വെന്തു തുടങ്ങുമ്പോൾ  ഒരു സ്പൂൺ ചുവന്ന ചട്ണി എടുത്തു ദോശക്കു മേലെ പരത്തി തേക്കുക. ഇതിനു മേലെ രണ്ടു  ടേബിൾ സ്പൂൺ ഉരുളക്കിഴങ്ങു മസാല ഒരു ഭാഗത്തു വെച്ച്  മറ്റേ ഭാഗം മടക്കുക.




ഘനമില്ലാത്ത ദോശയായതു കൊണ്ട് തിരിച്ചാടാതെ തന്നെ രണ്ടുഭാഗവും വെന്തിട്ടുണ്ടാവും





തേങ്ങാ ചട്ണി കൂട്ടി ചൂടോടെ കഴിക്കാൻ  നന്നായിരിക്കും.

2018, ജൂലൈ 23, തിങ്കളാഴ്‌ച

Unnakkaya

ഉന്നക്കായ 




ആവശ്യമുള്ള സാധനങ്ങൾ 


നേന്ത്രപ്പഴം                      : ഒരെണ്ണം വലുത് 
തേങ്ങ ചിരവിയത്           : 2 ടേബിൾസ്പൂൺ 
വെല്ലം പൊടിച്ചത്           : 2 ടേബിൾസ്പൂൺ 
അണ്ടിപരുപ്പ്                  : 6 എണ്ണം 
മുന്തിരിങ്ങ                       : 6 എണ്ണം 
അവിൽ                          : 2 ടീസ്പൂൺ 
ഏലക്കാപ്പൊടി               : 1/2 ടീസ്പൂൺ 
നെയ്യ്                            : 1 ടീസ്പൂൺ
എണ്ണ   വറുക്കാൻ ആവശ്യത്തിന് 


ചെയ്യുന്ന വിധം 


നേന്ത്രപ്പഴം മൂന്നായി മുറിച്ചു ആവിയിൽ വേവാൻ വെക്കുക.
അവിൽ കഴുകി വെക്കുക.  
ഒരു ഫ്രൈ പാനിൽ നെയ്യൊഴിച്ചു ചൂടാകുമ്പോൾ അണ്ടിപരുപ്പ് രണ്ടായി പൊട്ടിച്ചത്  ചേർത്തി ഒന്ന് വറുക്കുക.
ഇതിൽ മുന്തിരിങ്ങയും തേങ്ങയും ചേർത്തി ഇളക്കുക. ഒരു മിനിട്ടിനു ശേഷം വെല്ലപൊടിയും കഴുകി വെച്ച അവിലും ഏലക്കായ പൊടിയും ചേർത്തി ഇളക്കി അടുപ്പിൽ നിന്നും മാറ്റി വെക്കുക.
നേന്ത്രപ്പഴം വേവിച്ചത് നന്നായി ഉടക്കുക. അല്പം നെയ്യ് കൈയിൽ തടവി ഉടച്ച പഴം  കുഴച്ചുവെക്കുക.
ഇത് നാല് ഉരുളകളാക്കി വെക്കുക. ഓരോ ഉരുളയും കൈ കൊണ്ടു പരത്തി ഒരു സ്പൂൺ തേങ്ങാക്കൂട്ട് ഇതിൽ  വെച്ച്  അതു പതുക്കെ മൂടി അല്പം നീളത്തിൽ ഉരുട്ടി വെക്കുക.

 


ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഈ ഉരുളകൾ മെല്ലെ അതിൽ ഇട്ടു ബ്രൗൺ നിറത്തിൽ വറുത്തു കോരുക.




വറുത്ത ഉരുളകൾ അധികമുള്ള എണ്ണ വലിച്ചെടുക്കാനായി ഒരു പേപ്പർ ടവ്വലിൽ വെക്കുക. അല്പം ആറിയ ശേഷം കഴിക്കാൻ നന്നായിരിക്കും. 





  • വെല്ലത്തിനു പകരം പഞ്ചസാര ചേർത്തിയും ഇതു തയ്യാറാക്കാവുന്നതാണ് .



2018, ജൂലൈ 20, വെള്ളിയാഴ്‌ച

Cauliflower Upperi


കോളിഫ്ലവർ ഉപ്പേരി 




ആവശ്യമുള്ള സാധനങ്ങൾ :


കോളിഫ്ലവർ                      : 1/2 
വലിയ ഉള്ളി                      : 1 
വെളുത്തുള്ളി                       : 3 അല്ലി 
മുളകുപൊടി                        : 1 ടീസ്പൂൺ 
മഞ്ഞപ്പൊടി                       : 1/8 ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
എണ്ണ                                : 2 ടേബിൾസ്പൂൺ


ചെയ്യുന്ന വിധം :


കോളിഫ്ലവർ അല്ലികളാക്കി അടർത്തി,  ചെറുചൂടുവെള്ളത്തിൽ ഉപ്പും ചേർത്തി അതിൽ ഒരു ഇരുപതു മിനിട്ടു  നേരം  ഇട്ടു വെക്കുക.
ഉള്ളി ചെറുതായരിഞ്ഞു വെക്കുക.  വെളുത്തുള്ളിയും നീളത്തിൽ അരിഞ്ഞു വെക്കുക.
ഒരു ചീനചട്ടിയിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി അരിഞ്ഞതിട്ടു വഴറ്റുക. എന്നിട്ടു ഉള്ളി അരിഞ്ഞതും ഇതിൽ ചേർത്തി രണ്ടു മിനിട്ടു നേരം വീണ്ടും വഴറ്റുക. കോളിഫ്ലവർ വെള്ളം ഊറ്റിക്കളഞ്ഞു ഇതിൽ ചേർത്തി ഉപ്പും മഞ്ഞപ്പൊടിയും മുളകുപൊടിയും ചേർത്തി പാത്രം മൂടി വെച്ച് അൽപനേരം വേവിക്കുക. കോളിഫ്ലവർ വെന്തു തുടങ്ങുമ്പോൾ മൂടി മാറ്റി വെച്ച് ബ്രൗൺ നിറം വരുന്നത് വരെ ചെറിയ തീയിൽ മൊരിച്ചെടുക്കുക. എണ്ണ പോരെങ്കിൽ അല്പം ചുറ്റും തൂവിക്കൊടുക്കുക. സ്വാദുള്ള കോളിഫ്ലവർ ഉപ്പേരി റെഡിയായി!



2018, ജൂലൈ 18, ബുധനാഴ്‌ച

Idli

ഇഡ്ഡലി 

ആവശ്യമുള്ള സാധനങ്ങൾ :


ഉഴുന്നു പരുപ്പ്                      : 1 കപ്പ് 
ഇഡ്ഡലി അരി                      : 3 കപ്പ് 
ഉലുവ                                 : 1 ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 


ചെയ്യുന്ന വിധം : 

ഉഴുന്നു പരുപ്പും ഉലുവയും കൂടി വെള്ളത്തിൽ കുതിരാനിടുക.
അരി വേറെ പാത്രത്തിൽ കുതിരാൻ വെക്കുക. ഒരു രണ്ടു മണിക്കൂർ കഴിഞ്ഞു  ആദ്യം ഉഴുന്നരച്ചെടുക്കുക. അതിനു ശേഷം അരിയും അരച്ചെടുക്കുക. രണ്ടും കൂടി ഒരു പാത്രത്തിലാക്കി ഉപ്പും ചേർത്തി നന്നായി കലക്കി വെക്കണം.  ആറു മണിക്കൂറെങ്കിലും പുളിക്കാൻ വെക്കണം.  ആറു മണിക്കൂർ കഴിയുമ്പോഴേക്കും മാവ് പൊങ്ങിയിട്ടുണ്ടാവും. അതിനു ശേഷം ഒന്നുകൂടി കലക്കുക.





ഇഡ്ഡലി പാത്രത്തിൽ ഒരു കപ്പ് വള്ളമൊഴിച്ചു ചൂടാക്കുക. ഇഡ്ഡലി തട്ടിൽ ഓരോ കയിൽ മവൊഴിച്ചു  വേവിക്കാൻ വെക്കുക. 



പത്തു മിനിട്ടു നേരം ആവിയിൽ വെന്ത ശേഷം  അടുപ്പിൽ നിന്നും മാറ്റുക. ചൂടാറുമ്പോൾ തട്ടിൽ നിന്നും എടുത്തു ചട്ണിയോ, ഇഡ്ഡലി പൊടിയോ, സാമ്പാറോ, ഉള്ളി ചമ്മന്തിയോ ഏതെങ്കിലും കൂട്ടി കഴിക്കാവുന്നതാണ്!



2018, ജൂലൈ 14, ശനിയാഴ്‌ച

Potato Kofta Curry


ഉരുളക്കിഴങ്ങു കോഫ്ത  കറി 


ആവശ്യമുള്ള സാധനങ്ങൾ :

ഉരുളക്കിഴങ്ങു്                      :  3  എണ്ണം ഇടത്തരം 
ചോളമാവ്‌ (corn flour)       : ഒന്നര ടേബിൾസ്പൂൺ
തക്കാളി                             :  1 വലുത് 
വലിയ ഉള്ളി                       :  1 വലുത് 
പച്ചമുളക്                            :  ഒരെണ്ണം ചെറുതായി 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്   : 2 ടീസ്പൂൺ 
മുളകുപൊടി                        : 1 ടീസ്പൂൺ 
മല്ലിപ്പൊടി                         : 1 ടീസ്പൂൺ 
മഞ്ഞപ്പൊടി                       : 1/8 ടീസ്പൂൺ 
അണ്ടിപരുപ്പ്                     : 10 എണ്ണം
ക്രീം                                   : 2 ടേബിൾ സ്പൂൺ 
എണ്ണ  വറുക്കാൻ ആവശ്യത്തിന് 
ഉപ്പ് ആവശ്യത്തിന് 
മല്ലിയില അലങ്കരിക്കാൻ 

ചെയ്യുന്ന വിധം :

കോഫ്ത്ത ഉണ്ടാക്കുന്ന വിധം

ഉരുളക്കിഴങ്ങു   തോലോടുകൂടി കഴുകി വേവിക്കാൻ വെക്കുക.   നന്നായി വെന്ത ശേഷം ആറാൻ വെച്ച് തോലു  കളയുക. അതിനു  ശേഷം നന്നായി കൈകൊണ്ട് ഉടച്ചു വെക്കുക.
പച്ചമുളക് ചെറുതായി അരിഞ്ഞു വെക്കുക.
പച്ചമുളക് അരിഞ്ഞതും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും അല്പം ഉപ്പും ചോളമാവും ഉടച്ചു വെച്ച ഉരുളക്കിഴങ്ങിൽ ചേർത്തി നന്നായി ചേർത്തി കുഴച്ചു വെക്കുക. 
ഇത് ഓരോ ചെറുനാരങ്ങ വലുപ്പത്തിൽ ഉരുട്ടി വെക്കുക.


ഒരു ചീനച്ചട്ടിയിൽ വറുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു ചൂടാക്കുക.  ഈ ഉരുട്ടി വെച്ച ഉരുളകൾ കുറേശ്ശേയായി ചൂടായ എണ്ണയിലിട്ടു ഇളം ബ്രൗൺ നിറമാവുന്നതു വരെ വറുത്തു കോരിയെടുക്കുക.  കോരിയെടുത്ത കോഫ്തകൾ 
ഒരു പേപ്പർ ടവലിൽ  വെക്കുക.

കറി ഉണ്ടാക്കുന്ന വിധം 

ഉള്ളി ചെറുതായരിഞ്ഞു വെക്കുക.  തക്കാളി മിക്സിയിലിട്ട് അടിച്ചുവെക്കുക. 
അണ്ടിപരിപ്പ്  30 മിനിട്ടു വെള്ളത്തിൽ കുതിർത്തു വെച്ച് അരച്ചെടുത്തു വെക്കുക.
കോഫ്തകൾ വറുത്തു വെച്ച എണ്ണയിൽ നിന്നു മൂന്നു  ടേബിൾ സ്പൂൺ എടുത്തു ചൂടായ ശേഷം  ചെറുതായരിഞ്ഞ ഉള്ളി ചേർത്തി വഴറ്റുക. നിറം മാറുമ്പോൾ ബാക്കി ഇഞ്ചി വെളുത്തുള്ളി  പേസ്റ്റ് ഇതിൽ ചേർത്തി ഒന്നുകൂടി വഴറ്റിയ  ശേഷം തീ കുറച്ചു മുളകപൊടിയും മല്ലിപ്പൊടിയും മഞ്ഞപ്പൊടിയും ചേർത്തി നന്നായി ഇളക്കിയ  ശേഷം അരച്ചുവെച്ച   തക്കാളി ചേർത്തി വഴറ്റുക.


 ഇതിൽ   ഒരു ഒന്നര കുപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്തുക.  ഇടത്തരം തീയിൽ മൂന്നോ നാലോ മിനിട്ടു തിളപ്പിക്കുക. ഇതിൽ അരച്ചുവെച്ച അണ്ടിപരിപ്പും ചേർത്തി നന്നായി ഇളക്കി ഒന്നുകൂടി തിളപ്പിച്ച ശേഷം ക്രീം ചേർത്തി ഇളക്കി ഒരു മിനിട്ടിനു ശേഷം അടുപ്പിൽ നിന്നും വാങ്ങി വെക്കുക.



 വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക. വിളമ്പുന്ന കുറച്ചു സമയത്തിന് അല്പം മുമ്പ് മാത്രം വറുത്തുവെച്ച ഉരുളകൾ ചേർത്തുക, ഇല്ലെങ്കിൽ ഇളക്കുമ്പോൾ കോഫ്തകൾ ഉടഞ്ഞുപോകാൻ സാധ്യതയുണ്ട്.  അരിഞ്ഞുവെച്ച മല്ലിയില  മേലെ തൂവി അലങ്കരിക്കാം.
ചപ്പാത്തി, നാൻ എന്നിവ ഈ കറി ചേർത്തി കഴിക്കാൻ നന്നായിരിക്കും.

  • ഉള്ളിയും തക്കാളിയും അണ്ടിപ്പരിപ്പും കൂടി രണ്ടു മിനിട്ടു തിളപ്പിച്ച് ആറിയ ശേഷം അരച്ച്  എണ്ണയിൽ വഴറ്റിയും ഈ കറി തയാറാക്കാം.
  • അതുപോലെ ഗരം മസാല കസൂരി മേത്തി എന്നിവ ആവശ്യമെങ്കിൽ ചേർത്താവുന്നതാണ്.



2018, ജൂലൈ 7, ശനിയാഴ്‌ച

Uluva Chappathi


ഉലുവ ചപ്പാത്തി 








ആവശ്യമുള്ള സാധനങ്ങൾ :

ഉലുവ മുളപ്പിച്ചത്                      : 1 കപ്പ് 
ഗോതമ്പു മാവ്                        : 2 കപ്പ് 
മുളകുപൊടി                            :1/4 ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
ജീരകം                                  : ഒരു നുള്ള് 
എണ്ണ ആവശ്യത്തിന്


ചെയ്യുന്ന വിധം :

ഉലുവ ഒരു ദിവസം  മുമ്പു  തന്നെ വെള്ളത്തിലിട്ടു വെക്കുക. അടുത്ത ദിവസം വെള്ളത്തിൽ നിന്നും വാരി ഒരു ഓട്ടയുള്ള പാത്രത്തിലിട്ടു  വെച്ചാൽ പിറ്റേ ദിവസത്തേക്ക് മുള വന്നു തുടങ്ങും. 




ഈ മുളച്ച ഉലുവ മിക്സിയിലിട്ടു  നന്നായി അരക്കുക. അല്പം വെള്ളം ചേർത്ത് അരക്കാം .  ഒരു പരന്ന പാത്രത്തിൽ ഗോതമ്പു മാവെടുത്തു  ഈ അരച്ച ഉലുവയും ചേർത്ത് അല്പം ഉപ്പും മുളകുപൊടിയും ജീരകവും ഇട്ട് നന്നായി കലർത്തുക, വെള്ളം കുറേശ്ശേ  ആവശ്യത്തിന് ചേർത്തി  മൃദുവായി കുഴച്ചുവെക്കുക.  അല്പം എണ്ണ കൈയിൽ തടവി ഒന്നുകൂടി കുഴച്ചു   ഒരു ഇരുപതു മിനിട്ടു മൂടി  വെക്കുക.



അതിനുശേഷം കുഴച്ച ഈ മാവെടുത്തു  ഒരു വലിയ നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകളാക്കി വെക്കുക.
ഓരോ ഉരുളയും ചപ്പാത്തി കല്ലിൽ അല്പം മാവു തടവിയ ശേഷം പരത്തുക.




പരത്തിയ ചപ്പാത്തി ചൂടാക്കിയ തവയിലിട്ടു  ചുട്ടെടുക്കുക. അല്പം എണ്ണ തൂവിക്കൊടുക്കാം . ബാക്കി മാവും ഇതുപോലെ ചുട്ടെടുക്കുക. ചൂടോടെ ഇഷ്ടമുള്ള ഏതെങ്കിലും കറി ചേർത്തി കഴിക്കാം.






chundanga vathakuzhambu


ചുണ്ടങ്ങ വറ്റൽ കുഴമ്പ്  തമിഴ്‌നാടിന്റെ കറിയാണ്.  ചോറിന്റെ കൂടെ കഴിക്കാൻ ഈ കറി നല്ല സ്വാദുണ്ടാവും.






ആവശ്യമുള്ള സാധനങ്ങൾ :

പൊടിക്കാൻ :

ചുവന്ന മുളക്                    : 4 എണ്ണം 
മല്ലി                                 : ഒരു ടേബിൾസ്പൂൺ 
തുവര പരുപ്പ്                    : ഒരു ടീസ്പൂൺ 
ഉഴുന്നു പരുപ്പ്                   : ഒരു ടീസ്പൂൺ 
കുരുമുളക്                        : 1 ടീസ്പൂൺ 
ജീരകം                           : 1/2 ടീസ്പൂൺ 
ഉലുവ                              : 1/4 ടീസ്പൂൺ



ചുണ്ടങ്ങ കൊണ്ടാട്ടം        : 1/2 കപ്പ് 
എണ്ണ 
പുളി                               : ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ 
കടുക്                             : അര ടീസ്പൂൺ
കറിവേപ്പില                   : ഒരു തണ്ട്
നല്ലെണ്ണ                         : 1/4
ജീരകം                          : ഒരു നുള്ള് 


ചെയ്യുന്ന വിധം :


"പൊടിക്കാൻ" എന്ന കീഴിലുള്ള എല്ലാ സാധനങ്ങളും എണ്ണയില്ലാതെ ചീനച്ചട്ടി ചൂടാക്കി വറുക്കുക. ഒന്ന് ആറിയ ശേഷം മിക്സിയിലിട്ടു പൊടിച്ചു വെക്കുക.
പുളി 20 മിനിട്ടു  വെള്ളത്തിലിട്ടു വെച്ചു  അതിനു ശേഷം  പിഴിഞ്ഞെടുത്തു പുളിവെള്ളം എടുത്തുവെക്കുക.
ഒരു ചട്ടി അല്ലെങ്കിൽ ചീനച്ചട്ടി ചൂടാക്കി നല്ലെണ്ണയൊഴിച്ചു ചുണ്ടങ്ങ വറുത്തു കോരി വെക്കുക. ബാക്കി എണ്ണയിൽ കടുകും ജീരകവും ഇട്ടു പൊട്ടിയ ശേഷം കറിവേപ്പില ചേർത്തു  ഇതിൽ വറുത്തു പൊടിച്ചു വെച്ച പൊടി ചേർത്തി നന്നായി ഇളക്കുക.  ഇതിൽ പിഴിഞ്ഞു വെച്ച പുളിവെള്ളം ചേർത്തി മഞ്ഞപ്പൊടിയും ഉപ്പും (ഉപ്പു ചേർക്കുമ്പോൾ സൂക്ഷിക്കണം, കാരണം കൊണ്ടാട്ടത്തിലും ഉപ്പുണ്ടാവും) ചേർത്തി നന്നായി തിളപ്പിക്കുക.




ഇതിൽ വറുത്തുവെച്ച ചുണ്ടങ്ങയും  ചേർത്തി ഒന്നുക്കൂടി തിളച്ചു കറി കുറുകി വരുമ്പോൾ വാങ്ങി വെക്കുക.
 ചൂടു ചോറിന്റെ കൂടെ കഴിക്കാം!




2018, ജൂലൈ 4, ബുധനാഴ്‌ച

Payar upperi


പയർ ഉപ്പേരി 



ആവശ്യമുള്ള സാധനങ്ങൾ :

പയർ                                     : 1/2  കിലോ 
ചെറിയ ഉള്ളി                         : 10 എണ്ണം 
പച്ചമുളക്                               : ഒന്നോ  രണ്ടോ 
ഉപ്പ്                                       :ആവശ്യത്തിന്
മഞ്ഞപ്പൊടി                          : 1/8 ടീസ്പൂൺ
വെളിച്ചെണ്ണ                           : 2 ടീസ്പൂൺ 


ചെയ്യുന്ന വിധം :


പയർ കഴുകി ഒരിഞ്ചു നീളത്തിൽ മുറിച്ചു വെക്കുക.
ഒരു ചീനച്ചട്ടിയിൽ മുറിച്ചു വെച്ച പയർ ഒരു കപ്പു വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പും മഞ്ഞപ്പൊടിയും ചേർത്തി മൂടി വെച്ചു വേവിക്കുക.
മുക്കാൽ വേവായാൽ ഉള്ളിയും പച്ചമുളകും നീളത്തിൽ അരിഞ്ഞതും ചേർത്തി വീണ്ടും വെള്ളം വെട്ടുന്നത് വരെ വേവിക്കുക.
വെളിച്ചെണ്ണ മേലെ തൂകി ചെറിയ തീയിൽ അൽപ നേരം കൂടി അടുപ്പിൽ വെച്ച് ഇടക്ക് ഇളക്കി കൊടുക്കുക. തീ കെടുത്തി  വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക. ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.