ചക്ക പ്രഥമൻ
ചക്ക പ്രഥമൻ ചക്കച്ചുള കൊണ്ടും ചക്ക വരട്ടിയതു കൊണ്ടും ഉണ്ടാക്കാവുന്നതാണ്. ചക്കയുടെ കാലം കഴിയുമ്പോൾ വരട്ടിവെച്ച ചക്ക കൊണ്ടുണ്ടാക്കാം. ചക്ക ഒന്നിച്ചു പഴുക്കുമ്പോൾ വരട്ടി വെച്ചാൽ ഒരു കൊല്ലത്തോളം കേടുകൂടാതെയിരിക്കും. ഈ വരട്ടിവെച്ച ചക്ക കൊണ്ട് പായസം, അട എന്നിവ ഉണ്ടാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
ചക്കച്ചുള : 20-30
വെല്ലം : 1/2 കിലോ
നെയ്യ് : 1/2 കപ്പ്
തേങ്ങാപാൽ }
ഒന്നാം പാൽ } 1 കപ്പ്
രണ്ടാംപാൽ }2 കപ്പ്
തേങ്ങാകൊത്ത് : 2 ടേബിൾസ്പൂണ്‍
ചുക്കുപ്പൊടി : 1/4 ടീസ്പൂണ്‍
ഏലക്കാപ്പൊടി : 1/4 ടീസ്പൂണ്‍
ചെയ്യുന്ന വിധം
ചക്കച്ചുള പ്രഷർ കുക്കറിൽ അല്പം വെള്ളം ഒഴിച്ചു വേവിക്കുക. ആറിയ ശേഷം ഒരു കയിൽ കൊണ്ടു നന്നായി ഉടക്കുക. മിക്സിയിൽ ഒന്നടിച്ചാലും മതി.
വെല്ലം ഒരു ഉരുളിയിൽ അല്പം വെള്ളം ചേർത്ത് ഉരുക്കുക. ഉരുക്കിയ വെല്ലം അരിച്ചെടുക്കണം, അല്ലെങ്കിൽ കല്ലോ പൊടിയോ ഉണ്ടാവും.
അരിച്ചുവെച്ച വെല്ലത്തിൽ ഉടച്ചുവെച്ച ചക്ക ചേർത്തി നന്നായി യോജിപ്പിക്കുക. ഇനി വീണ്ടും അടുപ്പത്തു വെച്ച് നന്നായി തിളപ്പിക്കണം. കുറുകി വരുമ്പോൾ നെയ്യ് ചേർത്തി നന്നായി ഇളക്കണം. ഉരുളിയിൽ ഒട്ടാത്ത പരുവത്തിൽ അടുപ്പിൽ നിന്നും മാറിയാൽ ചക്ക വരട്ടിയതു തയാറായി.
തേങ്ങാപാൽ
രണ്ടു തേങ്ങയിൽ ഉടച്ചു ചിരകി അല്പം ചെറുചൂടു വെള്ളം ഒഴിച്ച് പിഴിഞ്ഞെടുത്താൽ ഒന്നാം പാലായി. അതേ തേങ്ങ ഒരു കപ്പ് വെള്ളം ചേർത്തി ഒന്നു മിക്സിയിൽ അടിച്ച് അരിച്ചെടുത്താൽ രണ്ടാം പാലും റെഡി!
ഇല്ലെങ്കിൽ തേങ്ങാപാൽ ടിന്നിൽ വാങ്ങാൻ കിട്ടും. 400മില്ലി ടിന്നു വാങ്ങി പകുതി എടുത്ത് വെള്ളം ചേർത്തിയാൽ രണ്ടാം പാലും ബാക്കി ഒന്നാം പാലും ആയി ഉപയോഗിക്കാം.
ഇതുമല്ലെങ്കിൽ പൊടിയായും (coconut milk powder) വാങ്ങാൻ കിട്ടും.25 ഗ്രാം പൊടിയിൽ 100 മില്ലി ചെരുചൂടുവെള്ളം ചേർത്താൽ ഒന്നാം പാലായി. 200 മില്ലി വെള്ളം ചേർത്താൽ രണ്ടാം പാലായി.
പക്ഷെ തേങ്ങയിൽ നിന്നും ചിരകി അപ്പൊതന്നെ പാലെടുത്ത് ഉപയോഗിക്കുന്നതു പോലെ സ്വാദ് മറ്റൊന്നിനും വരില്ല.
വരട്ടി വെച്ച ചക്ക ഉപയോഗിച്ചു പായസം വെക്കുമ്പോൾ അല്പം കൂടി മധുരം വേണ്ടി വന്നേക്കും. അതുകൊണ്ട് ഒരു കാൽ കിലോ വെല്ലം കൂടി (മധുരം കുറവ് മതി എന്നുള്ളവർ അതനുസരിച്ച് ചേർത്താൽ മതി) ചേർക്കണം.
ഒരു ഉരുളിയിൽ അല്ലെങ്കിൽ അടി കട്ടിയുള്ള ഏതെങ്കിലും പരന്ന പാത്രത്തിൽ വെല്ലം ഇട്ടു [അല്പം വെള്ളം ചേർത്ത് വെല്ലം ഉരുകുമ്പോൾ അരിച്ചെടുത്ത് വീണ്ടും ഉരുളിയിലേക്ക് ഒഴിച്ച്, ചക്ക വരട്ടിയതും ചേർത്തി നന്നായി ഇളക്കി അടുപ്പിൽ വെച്ച് തിളപ്പിക്കുക. ചില ചക്കകളിൽ നാരുണ്ടാവും. കലക്കുമ്പോൾ തടയുകയാണെങ്കിൽ എടുത്തു മാറ്റണം, അല്ലെങ്കിൽ പായസത്തിൽ നാരു പോലെ കിടക്കും.
നന്നായി തിളക്കുമ്പോൾ രണ്ടാം പാൽ ചേർക്കുക.
എന്നിട്ടു കുറച്ചു കൂടി തിളച്ച ശേഷം (കൊഴുപ്പ് കൂടുതലായാൽ അല്പം പാൽ ചേർക്കാം) വല്ലാതെ വെള്ളം കൂടിയാൽ ഒരു സ്പൂണ്‍ അരിപ്പൊടി അല്പം പാലിൽ കലർത്തി ചേർക്കാം. ഒരു ഇടത്തരം അയവാണ് നല്ലത്. ആറുമ്പോൾ ഒന്നുകൂടി കൊഴുക്കും.
ഇനി അവസാനമായി ഒന്നാം പാൽ ചേർക്കുക. ചേർത്തിയാൽ തിളക്കാനനുവദിക്കരുത്, അതിനു മുമ്പേ വാങ്ങി വെക്കാം.
ഇനി അല്പം നെയ്യിൽ തേങ്ങ അരിഞ്ഞുവെച്ചതിട്ടു ബ്രൌണ്‍ നിറത്തിൽ വറക്കുക. ഇത് നെയ്യോടുകൂടി പായസത്തിലേക്ക് ഒഴിക്കുക. ഒന്നാറിയാൽ കഴിക്കാൻ നല്ല സ്വാദുണ്ടാവും.
ചക്ക വരട്ടിവെച്ചതുണ്ടെങ്കിൽ പെട്ടെന്നുണ്ടാക്കാം!!