പഴം പ്രഥമൻ
നേന്ത്രപഴം : 2 എണ്ണം
വെല്ലം : 1/4 കിലോ
തേങ്ങാപാൽ
(രണ്ടാം പാൽ) : 2 കപ്പ്
ഒന്നാം പാൽ : 1 കപ്പ്
തേങ്ങ കഷ്ണം : 2 ടേബിൾസ്പൂണ്‍
അണ്ടിപരുപ്പ് : 5 എണ്ണം
നെയ്യ് : 2 ടേബിൾസ്പൂണ്‍
ഏലക്കാപ്പൊടി : 1/8 ടീസ്പൂണ്‍
ചെയ്യുന്ന വിധം
നേന്ത്രപഴം രണ്ടോ മൂന്നോ ആയി മുറിച്ച് അല്പം വെള്ളം ചേർത്തി കുക്കറിൽ വേവിക്കുക.
തോലു മാറ്റി, ഉള്ളിലുള്ള നാരെടുത്തു മാറ്റിയ ശേഷം ഉടക്കുക.
തേങ്ങ പല്ല് പോലെ ചെറുതായി മുറിച്ചുവെക്കുക. അണ്ടിപരുപ്പ് പൊട്ടിച്ചുവെക്കുക.
വെള്ളം ഒരു പാത്രത്തിൽ അല്പം വെള്ളമൊഴിച്ച് അടുപ്പിൽ വെച്ച് ഉരുക്കിയെടുക്കുക. എന്നിട്ട് അരിച്ചെടുക്കുക.
ഒരു ഉരുളിയിലോ അല്ലെങ്കിൽ ഒരു അടി കട്ടിയുള്ള പാത്രത്തിലോ നെയ്യൊഴിച്ച് അണ്ടിപരുപ്പ് വറുത്തെടുക്കുക. ബാക്കി നെയ്യിൽ തേങ്ങ കഷ്ണം ഇട്ട് ഇളം ബ്രൌണ്‍ നിറത്തിൽ വറുത്തെടുക്കുക.
അതേ പാത്രത്തിൽ പഴം ഉടച്ചതു ചേർത്തി പാത്രത്തിൽ ഒട്ടാത്ത പരുവത്തിൽ ആവുമ്പോൾ (ചെറിയ തീയിൽ വെക്കുന്നതാണ് നല്ലത്)
വെല്ലം അരിച്ചെടുത്തത് ചേർക്കുക. നന്നായി തിളപ്പിക്കണം. അതിനുശേഷം രണ്ടാം പാൽ ചേർത്തി ഒന്നു കൂടി തിളപ്പിക്കണം. രണ്ടോ മൂന്നോ മിനിട്ട് തിളച്ച ശേഷം ഒന്നാം പാലൊഴിക്കുക. തിളക്കുമ്പോഴെക്കും വാങ്ങിവെക്കുക. വറുത്തു വെച്ച അണ്ടിപരുപ്പും തേങ്ങ കഷ്ണങ്ങളും ഏലക്കപ്പൊടിയും ചേർക്കുക.
(തേങ്ങ ചിരകിയ ഉടനെ പിഴിഞ്ഞെടുത്ത് വെക്കുന്നതാണ് ഒന്നാം പാൽ. അതിൽ അര കപ്പ് വെള്ളം ചേർത്തി മിക്സിയിൽ ഒന്നടിച്ച ശേഷം പിഴിഞ്ഞ് അരിച്ചെടുക്കുക. ഇതാണ് രണ്ടാം പാൽ .
അല്ലെങ്കിൽ മാർക്കറ്റിൽ തേങ്ങാപാൽ വാങ്ങാൻ കിട്ടും. കട്ടിയുള്ള പാലിൽ അല്പം വെള്ളമൊഴിച്ചാൽ രണ്ടാം പാലായി ഉപയോഗിക്കാം. വെള്ളമൊഴിക്കാതെ ചേർത്തുന്നത് ഒന്നാം പാൽ.
അതുമല്ലെങ്കിൽ തേങ്ങാപാൽ പൊടി വാങ്ങാൻ കിട്ടും. 25 ഗ്രാം പൊടിയിൽ 200 മില്ലി വെള്ളം ചേർത്താൽ രണ്ടാം പാൽ കിട്ടും.അതിൽ 50 ഗ്രാം വെള്ളം ചേർത്തിയാൽ ഒന്നാം പാലായി.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ