കൂട്ടുകറി
കറി പലരും കറുത്ത കടല ചേർത്താണ് ഉണ്ടാക്കുന്നത്. പക്ഷെ എന്റെ അമ്മ കടലപരുപ്പാണ് ഉപയോഗിക്കാറുള്ളത്. എനിക്കും ആ കറിയാണ് ഇഷ്ടം. അതുകൊണ്ട് ഇതിൽ ഞാനും കടലപരുപ്പാണ് ഉപയോഗിച്ചിരിക്കുന്നത് .
ചേന : ഒരു കപ്പ്
കുമ്പളങ്ങ : ഒരു കപ്പ്
കടല പരുപ്പ് : 1/2 കപ്പ്
മുളകുപൊടി : 1 ടീസ്പൂണ്‍
മഞ്ഞപ്പൊടി : 1/4 ടീസ്പൂണ്‍
തേങ്ങ : 2 കപ്പ്
ജീരകം : ഒരു നുള്ള്
ഉപ്പു് : ആവശ്യത്തിന്
കടുക് : 1 ടീസ്പൂണ്‍
വറ്റൽ മുളക് : 2 എണ്ണം
എണ്ണ ആവശ്യത്തിന്
കുരുമുളകു പൊടി : 1 ടീസ്പൂണ്‍
കുരുമുളകു പൊടി : 1 ടീസ്പൂണ്‍
കറിവേപ്പില : 1 തണ്ട്
ചെയ്യുന്ന വിധം
പ്രഷർ കുക്കറിൽ അര കപ്പ് വെള്ളമൊഴിച്ച് കഴുകിയ കടലപരുപ്പിട്ടു 2 വിസിൽ വന്നാൽ തീ ഓഫ് ചെയ്യുക. അധികം ഉടഞ്ഞുപോകരുത്.
ഒന്നര കപ്പ് തേങ്ങ ജീരകം ചേർത്ത് അരച്ചുവെക്കുക.
ചേനയും കുമ്പളങ്ങയും ചതുര കഷ്ണങ്ങളാക്കി മുറിച്ചു കഴുകി വെക്കുക.
ആദ്യം ചേന വേവാനിടുക. പ്രഷർ കുക്കറിൽ ആയാലും മതി. അധികം വെള്ളം ചേർക്കരുത് ,ഉടഞ്ഞുപോകാതെ നോക്കണം. അരവേവാകുമ്പോൾ കുമ്പളങ്ങയും, ഉപ്പും, മഞ്ഞപ്പൊടിയും, മുളകുപൊടിയും ചേർത്തി വീണ്ടും വേവിക്കുക. ഇതിൽ തേങ്ങ അരച്ചതും ചേർത്തി ഇളക്കി, വേവിച്ചു വെച്ച കടലപരുപ്പ് വെള്ളമില്ലാതെ ചേർത്തുക. കറിവേപ്പിലയും ഇട്ടു തീയിൽ നിന്നും മാറ്റി വെക്കുക.
ഒരു ഉരുളിയിൽ 2 ടേബിൾസ്പൂണ്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടുമ്പോൾ മുളക് രണ്ടായി പൊട്ടിച്ചതും കറിവേപ്പിലയും ഇടുക.
ഇതിൽ ബാക്കി അര കപ്പ് തേങ്ങ ചിരകിയതും ചേർത്തി നന്നായി നിറം മാറി വരുന്നത് വരെ വറുക്കുക.
ഇളം ബ്രൌണ്‍ നിറമായാൽ കറി ഇതിൽ ചേർത്തുക.
കറി ഇങ്ങിനെ ഉണ്ടാക്കുമ്പോൾ അധികം എണ്ണ ഉപയോഗിക്കേണ്ടി വരും. അധികം എണ്ണ കഴിക്കാൻ താല്പര്യമില്ലെങ്കിൽ കടുകു വറുക്കുമ്പോൾ തേങ്ങയും ചേർത്തി ബ്രൌണ്‍ നിറമായാൽ കറിയിൽ ചേർത്തി കരിവേപ്പില ഇട്ടു ഉപയോഗിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ