2014, നവംബർ 4, ചൊവ്വാഴ്ച

Manoharam

മനോഹരം :

മനോഹരം എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു മധുര പലഹാരമാണ്. ഞാൻ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ അമ്മ വീട്ടിൽ ഉണ്ടാക്കാറുള്ള ഒരു വിഭവമാണ് ഇത്. വലിയ ഒരു ഭരണിയിൽ അമ്മ ഇതുണ്ടാക്കി സൂക്ഷിച്ചു വെക്കും. എപ്പോ വേണമെങ്കിലും ഞങ്ങൾക്കെടുത്തു തിന്നാം.
ഒരുപാടു മധുരമില്ലാത്ത വെല്ലം ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പലഹാരമാണ് ഇത്. ചെറുപരുപ്പും അരിയും അരച്ചും അല്ലെങ്കിൽ കടലമാവു കൊണ്ടും ഇതുണ്ടാക്കാം. ഞാനിവിടെ കടലമാവാണ് ഉപയോഗിച്ചിരിക്കുന്നത്.



ആവശ്യമുള്ള സാധനങ്ങൾ

കടലമാവ്                          : 2 കപ്പ്‌ 
അരിപ്പൊടി                       : 1 കപ്പ്‌
വെല്ലം                                  : 1/2 കിലോ
തേങ്ങ പല്ലു പോലെ
ചെറുതായി അരിഞ്ഞത് : 1 കപ്പ്‌
പഞ്ചസാര                            : 3 ടേബിൾ സ്പൂണ്‍
എണ്ണ വറുക്കാൻ വേണ്ടത്

ചെയ്യുന്ന വിധം 


കടലമാവും അരിപ്പൊടിയും  (പച്ചരിപ്പൊടിയാണ് നല്ലത്)  നല്ലപോലെ ഒന്നൊന്നര കപ്പ്‌ വെള്ളം ചേർത്തു കട്ടയില്ലാതെ കലക്കി വെക്കുക.ഒരുപാടു കട്ടിയായും പാടില്ല അതേസമയം ഒരുപാടു വെള്ളമായും പാടില്ല. ഏകദേശം ഒരു ദോശമാവു പരുവത്തിൽ കലക്കണം.




ഒരു ചീനചട്ടിയിൽ  വറുക്കാൻ വേണ്ട എണ്ണയൊഴിച്ചു ചൂടാക്കുക.




ഒരു കയിൽ മാവെടുത്ത്‌ ജാർണി ( ഓട്ടയുള്ള ചട്ടുകം ) യിൽ ഒഴിച്ച്  ഓരത്ത് മെല്ലെ സ്പൂണ്‍ കൊണ്ട് തട്ടിയാൽ ജാർണിയിലൂടെ മണികളായി മാവു ചൂടായ എണ്ണയിലേക്ക്‌ വീഴും.




 ഇളം ബ്രൌണ്‍ നിറമാവുമ്പോൾ  വറുത്തു കോരുക. ഇതുപോലെ മുഴുവൻ മാവും ഉണ്ടാക്കി വെക്കുക.





ഇനി ഒരു പാത്രത്തിൽ വെല്ലം ഇട്ട് അല്പം വെള്ളം  (അര കപ്പ്‌ മതി) ഒഴിച്ച് തിളപ്പിക്കുക. വെല്ലം  അലിഞ്ഞാൽ തീയിൽ നിന്നും മാറ്റി ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. വെല്ലത്തിൽ കല്ലും മറ്റു അഴുക്കുകളും കളയാനാണ് ഇത്.



 അരിച്ചെടുത്ത ശേഷം വീണ്ടും അടുപ്പിൽ വെച്ച് തിളപ്പിക്കുക. ഒരു ചെറിയ കിണ്ണത്തിൽ അല്പം വെള്ളമെടുത്തു അതിൽ ഒറ്റിച്ചു  നോക്കിയാൽ അത് കട്ടിയായി നിക്കുകയാണെങ്കിൽ പാവു്  ആയി എന്നർത്ഥം.
തീ കെടുത്തി ഈ പാവിൽ വറുത്തു വെച്ച മനോഹരവും അരിഞ്ഞു വെച്ച തേങ്ങ കഷ്ണങ്ങളും ഇട്ടു നന്നായി ഇളക്കുക. ഒടുവിൽ പഞ്ചസാരയും ചേർത്തി ഇളക്കുക. മനോഹരം ഒട്ടാതിരിക്കാനാണ് പഞ്ചസാര  ചേർക്കുന്നത്

.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ