2014, ഫെബ്രുവരി 22, ശനിയാഴ്‌ച

Kaypakka upperi

കയ്പക്ക ഉപ്പേരി 

ആവശ്യമുള്ള സാധനങ്ങൾ 

കയ്പക്ക                       : 2 എണ്ണം 
തേങ്ങ ചിരവിയത്‌      : 1/2 കപ്പ്‌ 
മുളകുപൊടി                : 2 ടീസ്പൂണ്‍ 
മല്ലിപ്പൊടി                 : 3 ടീസ്പൂണ്‍ 
ചെറിയ ഉള്ളി             : 1 
പുളി                           : ഒരു ചെറിയ നെല്ലിക്കയോളം 
മഞ്ഞപ്പൊടി               : ഒരു നുള്ള് 
ഉപ്പു്  ആവശ്യത്തിന് 
എണ്ണ ആവശ്യത്തിന് 

ചെയ്യുന്ന വിധം 

തേങ്ങയും പുളിയും ഉപ്പും മുളകുപൊടിയും മല്ലിപ്പൊടിയും ഉള്ളിയും കൂടി അരച്ചുവെക്കുക.

കയ്പക്ക ഒരിഞ്ചു കട്ടിയിൽ വട്ടത്തിൽ നുറുക്കി നടുവിലുള്ള കുരുക്കൾ എടുത്തു മാറ്റി വെക്കുക. ഒരു ചീനച്ചട്ടിയിൽ ഈ അരിഞ്ഞു വെച്ച കയ്പക്ക അല്പം വെള്ളം ചേർത്തി രണ്ടു മിനിട്ടു വേവാൻ വെക്കുക. അതിനു ശേഷം അരച്ചുവെച്ച മസാല ചേർത്തി ചെറിയ തീയിൽ വേവിക്കുക. വെള്ളം വറ്റുമ്പോൾ കുറേശ്ശയായി  എണ്ണ  ഒഴിച്ച്  (ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം) ബ്രൌണ്‍ നിറം വന്ന് മസാല പൊതിഞ്ഞ പരുവമാവുമ്പോൾ വാങ്ങിവെക്കുക.  നല്ല സ്വാദുള്ള ഒരു ഉപ്പേരിയാണിത്‌, എണ്ണ കുറച്ചു കൂടുതൽ ആവശ്യമാണെന്നു മാത്രം!!


Naranga achaar

നാരങ്ങ അച്ചാർ 



ആവശ്യമുള്ള സാധനങ്ങൾ 

നാരങ്ങ                : 4 എണ്ണം
മുളകുപൊടി          : 1 ടേബിൾസ്പൂണ്‍
ഉലുവപ്പൊടി         : 1/4 ടീസ്പൂണ്‍
കായപ്പൊടി         : ഒരു നുള്ള്
ഉപ്പു്  ആവശ്യത്തിന്
നല്ലെണ്ണ              : 1 ടേബിൾസ്പൂണ്‍
കടുക്                  : 1 ടീസ്പൂണ്‍
കറിവേപ്പില        : 1 തണ്ട്

ചെയ്യുന്ന വിധം 


ഒരു ടീസ്പൂണ്‍ നല്ലെണ്ണ ചൂടാക്കി അതിൽ മുഴുവൻ നാരങ്ങയുമിട്ട്  നിറം മാറുന്നത് വരെ വതക്കുക.
അതിനു ശേഷം നന്നായി തുടച്ച്  എട്ടു കഷ്ണങ്ങളായി മുറിച്ച്  ഉപ്പിട്ട് അടച്ചു  രണ്ടു ദിവസം വെക്കുക.
ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ചൂടാക്കി  കടുകിട്ട് പൊട്ടിയ ശേഷം കറിവേപ്പിലയിട്ട് തീ കെടുത്തി മുളകുപൊടിയും ഉലുവാപ്പൊടിയും കായപ്പൊടിയും ചേർത്തി  നന്നായി ഇളക്കുക. ഇതിൽ ഉപ്പിട്ടു വെച്ച നാരങ്ങയും ഇട്ട് ഇളക്കി വെക്കുക. 

2014, ഫെബ്രുവരി 19, ബുധനാഴ്‌ച

Vegetable kurma

പച്ചക്കറി കുറുമ 



ആവശ്യമുള്ള സാധനങ്ങൾ 

കാരറ്റ്                       : 1 
ബീൻസ്‌                   : 6 എണ്ണം 
ഉരുളകിഴങ്ങ്             : 1 
പച്ചപട്ടാണി              : 1/2 കപ്പ്‌ 
തക്കാളി                    : 1 
വലിയ ഉള്ളി             : 1 
 പട്ട                          : 1" കഷ്ണം 
ഗ്രാമ്പൂ                       : 4 എണ്ണം 
കുരുമുളക്                  : 1/2 ടീസ്പൂണ്‍ 
മല്ലിപ്പൊടി                : 1 ടീസ്പൂണ്‍ 
വെളുത്തുള്ളി              : 3 അല്ലി
ചെറിയ ഉള്ളി            : 2 എണ്ണം 
ഇഞ്ചി                       : 1/2" കഷ്ണം  
പച്ചമുളക്                  : 2 എണ്ണം 
തേങ്ങ ചിരവിയത്    : 1 കപ്പ്‌ 
അണ്ടിപരുപ്പ്            : 6 എണ്ണം 
കശ കശ                  : ഒരു നുള്ള് 
എണ്ണ ആവശ്യത്തിന് 
മല്ലിയില  അലങ്കരിക്കാൻ 

ചെയ്യുന്ന വിധം 

കാരറ്റും ഉരുളകിഴങ്ങും ചെറിയ ചതുര കഷ്ണങ്ങളാക്കി മുറിച്ചു വെക്കുക.
ബീൻസ്‌ ചെറിയ കഷ്ണങ്ങളായി നുറുക്കുക. തക്കാളി നാലായി മുറിച്ചു വെക്കുക.
ഉള്ളി ചെറുതായി അരിഞ്ഞു വെക്കുക. 
ഒരു ടീസ്പൂണ്‍ എണ്ണ  ചൂടാക്കി പട്ടയും ഗ്രാമ്പുവും കുരുകുളകും വറുക്കുക. അതിൽ മല്ലിപൊടിയും ഇട്ടു അടുപ്പിൽ നിന്നും വാങ്ങിവെക്കുക. ഇതിന്റെ കൂടെ 2 ചെറിയ ഉള്ളിയും വെളുത്തുള്ളിയും പച്ചമുളകും ഇഞ്ചിയും  ചേർത്തി 
അരക്കുക.
തേങ്ങയും അണ്ടിപരുപ്പും കശകശയും കൂടി അരച്ചുവെക്കുക.
പ്രഷർ കുക്കറിൽ പചക്കറികൾ അല്പം ഉപ്പും മഞ്ഞപ്പൊടിയും ചേർത്തു വേവിച്ചു വെക്കുക.
ചീനച്ചട്ടിയിൽ ഒരു ടേബിൾ സ്പൂണ്‍ എണ്ണ ചൂടാക്കി ഉള്ളി അരിഞ്ഞത് അതിലിട്ട് വഴറ്റുക. അതിൽ അരച്ചുവെച്ച മസാല ചേർത്തി  ഒന്നു കൂടി വഴറ്റി തക്കാളി ചേർക്കുക.

തക്കാളി ഉടഞ്ഞ ശേഷം വേവിച്ചുവെച്ച പച്ചക്കറികളും ചേർത്തി നന്നായി ഇളക്കുക. ഒന്ന് തിളച്ചശേഷം അരച്ച തേങ്ങയും  ചേർത്തി  നന്നായി ഇളക്കണം.



ഒന്നുകൂടി തിളപ്പിച്ചശേഷം അടുപ്പിൽ നിന്നും മാറ്റി വിളമ്പുന്ന പാത്രത്തിൽ ആക്കി വെക്കുക. മല്ലിയില കൊണ്ടലങ്കരിക്കുക.








2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

Padavalanga upperi

പടവലങ്ങ ഉപ്പേരി 



ആവശ്യമുള്ള സാധനങ്ങൾ 

പടവലങ്ങ                      : 1 ചെറുത്‌ 
വലിയ ഉള്ളി                  : ഒരെണ്ണം 
കടലപരുപ്പ്                   : 3 ടേബിൾസ്പൂണ്‍ 
തേങ്ങ ചിരവിയത്         : 1/2 കപ്പ്‌ 
പച്ചമുളക്                       : 2 എണ്ണം 
ഇഞ്ചി                            : 1/2"കഷ്ണം 
വെളുത്തുള്ളി                   : 4 അല്ലി 
മഞ്ഞപ്പൊടി                   : 1/4 ടീസ്പൂണ്‍ 
മുളകുപൊടി                    : 1/2 ടീസ്പൂണ്‍ 
കടുക്                             : 1 ടീസ്പൂണ്‍ 
ഉപ്പു് ആവശ്യത്തിന് 
എണ്ണ ആവശ്യത്തിന് 
കറിവേപ്പില                   : 1 തണ്ട് 

ചെയ്യുന്ന വിധം 

കടലപരുപ്പ്   20 മിനിട്ടു വെള്ളത്തിലിട്ടു വെക്കുക.  ഉപ്പും ചേർത്ത് വടയ്ക്  അരക്കുന്നതു പോലെ തരുതരുപ്പായി അരച്ചു  വെക്കുക. 2 ടേബിൾസ്പൂണ്‍ എണ്ണ  ചൂടാക്കി ചെറിയ വട പോലെ അരച്ചുവെച്ച കടലപരുപ്പ് വറുത്തെടുക്കുക.
പടവലങ്ങ ചെറുതായി അരിഞ്ഞു വെക്കുക. ഉള്ളിയും, പച്ചമുളകും ഇഞ്ചിയും ചെറുതായി അരിഞ്ഞുവെക്കുക.
2 ടേബിൾസ്പൂണ്‍ എണ്ണ ചൂടാക്കി  കടുകിട്ട് പൊട്ടുമ്പോൾ വെളുത്തുള്ളി ഇട്ടു വഴറ്റുക. വഴറ്റിയ ശേഷം ഉള്ളി അരിഞ്ഞതും പച്ചമുളകും ഇഞ്ചിയും അരിഞ്ഞതിട്ടു വഴറ്റുക. ഇതിൽ പടവലങ്ങ അരിഞ്ഞതും ഇട്ട് ഉപ്പും മഞ്ഞപ്പൊടിയും മുളകുപൊടിയും അല്പം വെള്ളവും ചേർത്തി  പടവലങ്ങ വേവുന്നതുവരെ  മൂടിവെച്ച്  വേവിക്കുക.
അതിനു ശേഷം മൂടി തുറന്നു വറുത്തു വെച്ച വട പൊടിച്ച് ചേർക്കുക. തീ ചെറുതാക്കി എണ്ണ  ഇടക്ക് കുറേശ്ശെ തളിച്ച് ഇളക്കി മൊരിയുന്നതു വരെ വെക്കണം. കറിവേപ്പിലയും തേങ്ങയും ചേർത്തി  ഇളക്കി വാങ്ങി വെക്കുക.


2014, ഫെബ്രുവരി 13, വ്യാഴാഴ്‌ച

Ulli bajji

ഉള്ളി ബജ്ജി 



ആവശ്യമുള്ള സാധനങ്ങൾ 

വലിയ ഉള്ളി                    : 1 വലുത് 
ബജ്ജി മാവ്                    : 1/2 പാക്കറ്റ് 
എണ്ണ വറുക്കാൻ ആവശ്യത്തിന് 



ചെയ്യുന്ന വിധം 

ഉള്ളി വട്ടത്തിൽ ഘനമില്ലാതെ അരിഞ്ഞു വെക്കുക.
ബജ്ജി മാവ് അധികം വെള്ളമില്ലാതെ കലക്കിവെക്കുക.
ഒരു ചീനച്ചട്ടിയിൽ വറുക്കാൻ ആവശ്യമുള്ള എണ്ണ ചൂടാക്കുക. ഓരോ ഉള്ളി കഷ്ണങ്ങളായി മാവിൽ മുക്കി ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക. തക്കാളി സോസ് കൂട്ടി ചൂടോടെ കഴിക്കാൻ നന്നായിരിക്കും.

Paal payasam

പാൽ പായസം 




ആവശ്യമുള്ള സാധനങ്ങൾ 


മട്ട പൊടിയരി              : 1/4 കപ്പ്‌ 
പാല്                           : 1 ലിറ്റർ 
മിൽക്ക് മെയിഡ്          : 1/2 ടിൻ 
പഞ്ചസാര                    : 1/4 കപ്പ്‌ 
നെയ്യ്                           :1 ടേബിൾസ്പൂണ്‍ 
മുന്തിരിങ്ങ                     :1 ടേബിൾസ്പൂണ്‍ 
അണ്ടിപരുപ്പ്                : 8 എണ്ണം 
ഏലക്കാപ്പൊടി             : ഒരു നുള്ള് 



ചെയുന്ന വിധം 

പൊടിയരി നന്നായി കഴുകി വെക്കുക.
പ്രഷർ കുക്കറിൽ പാൽ തിളപ്പിക്കുക. ഇതിൽ കഴുകി വെച്ച അരിയിട്ട് ഇളക്കി ചെറിയ തീയിൽ വേവിക്കുക. അരി മുക്കാൽ വേവായാൽ മിൽക്ക്‌മെയിഡ് ഒരു കപ്പ്‌ വെള്ളത്തിൽ കലക്കി ഇതിൽ ഒഴിക്കുക. തിളച്ച ശേഷം പഞ്ചസാര ചേർക്കുക. ചെറിയ തീയിൽ വെച്ച് ഇടയ്ക്കിടയ്ക്ക് ഇളക്കി കുറുകാൻ തുടങ്ങുമ്പോൾ വാങ്ങിവെക്കുക. 

നെയ്യ് ചൂടാക്കി അണ്ടിപരുപ്പും മുന്തിരിങ്ങയും വറുത്തു പായസത്തിൽ ചേർക്കുക. എലക്കപ്പൊടിയും  ചേർത്തി  വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക.

ഈ പായസം പ്രഷർ കുക്കറിൽ വെക്കുകയാണെങ്കിൽ ഇനിയും എളുപ്പമാണ്.
നാല് കപ്പ്‌ പാല്  കുക്കറിൽ തിളപ്പിച്ച്‌ കാൽ കപ്പ്‌ അരിയും മുക്കാൽ കപ്പ്‌ പഞ്ചസാരയും എലക്കപ്പൊടിയും ചേർത്തി കുക്കർ അടച്ച് വെയിറ്റ് ഇട്ട് തീ കുറച്ച് മൂന്നു വിസിൽ വന്നാൽ അടുപ്പിൽ നിന്നും മാറ്റി കുക്കർ ആറിയ ശേഷം തുറന്ന് നെയ്യിൽ അണ്ടിപരുപ്പും മുന്തിരിങ്ങയും വറുത്തു കൊട്ടിയാൽ പായസം റെഡിയായി!!...


2014, ഫെബ്രുവരി 10, തിങ്കളാഴ്‌ച

Nenthrapazham kaalan

നേന്ത്രപഴം കാളൻ 





ആവശ്യമുള്ള സാധനങ്ങൾ 

നേന്ത്രപഴം                       : 2 എണ്ണം
മഞ്ഞപ്പൊടി                     : 1/2 ടീസ്പൂണ്‍
മുളകുപൊടി                      : 1/2 ടീസ്പൂണ്‍
പച്ചമുളക്                         : 3 എണ്ണം
തേങ്ങ ചിരവിയത്            : ഒന്നര കപ്പ്‌
ജീരകം                            : 1/8 ടീസ്പൂണ്‍
പച്ചരി                              : 1/4 ടീസ്പൂണ്‍
െെതര്                             : 1 കപ്പ്‌
എണ്ണ                               : 1 ടേബിൾസ്പൂണ്‍ 
കടുക്                               : 1 ടീസ്പൂണ്‍
വറ്റൽമുളക്                       : 2 എണ്ണം
ഉലുവ                               : ഒരു നുള്ള്
കറിവേപ്പില                     : 1 തണ്ട്
വെല്ലം                             : ഒരു അച്ച് 

ചെയ്യുന്ന വിധം  

തേങ്ങ പച്ചമുളകും, പച്ചരിയും, ജീരകവും ചേർത്തി മയത്തിൽ അരച്ചുവെക്കുക.
പഴം ഒരിഞ്ചു നീളത്തിൽ മുറിച്ചു മഞ്ഞപ്പൊടിയും ഉപ്പും മുളകുപൊടിയും ഒരു കപ്പ്‌ വെള്ളവും  ചേർത്തി  വേവിക്കുക. വെന്ത ശേഷം വെല്ലം  ചേർക്കുക.
ഇതിൽ അരച്ചുവെച്ച തേങ്ങ ചേർത്തി ഒന്നു  തിളച്ച ശേഷം തീ കുറച്ച് െെതര്  ഉടച്ച്‌ ചേർക്കുക. നന്നായി ഇളക്കിയ ശേഷം തിളക്കും മുമ്പ് കറിവേപ്പില ചേർത്തി വാങ്ങിവെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ  ചൂടാക്കി കടുകിട്ട് പൊട്ടുമ്പോൾ മുളകു പൊട്ടിച്ചതും ഉലുവയും ഇട്ട് വറുത്ത് കൂട്ടാനിൽ ഒഴിക്കുക. പഴം കാളൻ തയ്യാർ!!



Muringakkaya erisseri

മുരിങ്ങക്കായ എരിശ്ശേരി 




ആവശ്യമുള്ള സാധനങ്ങൾ 


മുരിങ്ങക്കായ                 : 4 എണ്ണം
തുവര പരുപ്പ്                 : 1/4 കപ്പ്‌ 
തേങ്ങ ചിരവിയത്        : 1 കപ്പ്‌
മുളകുപൊടി                  : 1/2 ടീസ്പൂണ്‍
മഞ്ഞപ്പൊടി                 : 1/4ടീസ്പൂണ്‍
ഉപ്പ്   ആവശ്യത്തിന്
ജീരകം                        : ഒരു നുള്ള്


വറുത്തിടാൻ 


എണ്ണ                         :1ടേബിൾസ്പൂണ്‍ 
കടുക്                         :1ടീസ്പൂണ്‍
വറ്റൽമുളക്                 : 2 എണ്ണം
കറിവേപ്പില               : 1തണ്ട്
തേങ്ങ ചിരവിയത്      :2 ടേബിൾസ്പൂണ്‍


ചെയ്യുന്ന വിധം 


തേങ്ങ ജീരകം ചേർത്തി മയത്തിൽ അരച്ചുവെക്കുക.
പരുപ്പ് ഒരു കപ്പ്‌ വെള്ളം ചേർത്തി  പ്രഷർ കുക്കറിൽ വേവിക്കുക.
അതിൽ മുരിങ്ങക്കായ ഇട്ട് ഉപ്പും മഞ്ഞപ്പൊടിയും മുളകുപൊടിയും ചേർത്തി  മുരിങ്ങക്കായ വേവുന്നതുവരെ വേവിക്കുക.




 വെന്ത ശേഷം അരച്ച തേങ്ങയും ചേർത്തി ഒന്നുകൂടി തിളപ്പിച്ച്‌ അടുപ്പിൽ നിന്നും വാങ്ങിവെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോൾ വറ്റൽ മുളക് രണ്ടായി പൊട്ടിച്ചതും, കറിവേപ്പിലയും, തേങ്ങയും ചേർത്തി  തേങ്ങ ഇളം ബ്രൌണ്‍ നിറമാകുന്നതു വരെ വറുത്ത് എരിശ്ശേരിയിൽ ഒഴിക്കുക.









 

2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

Pazham pradhaman

പഴം പ്രഥമൻ 






ആവശ്യമുള്ള സാധനങ്ങൾ 


നേന്ത്രപഴം                  : 2 എണ്ണം 
വെല്ലം                         : 1/4 കിലോ 
തേങ്ങാപാൽ
(രണ്ടാം പാൽ)             : 2 കപ്പ്‌  
ഒന്നാം പാൽ                : 1 കപ്പ്‌
തേങ്ങ കഷ്ണം                : 2 ടേബിൾസ്പൂണ്‍
അണ്ടിപരുപ്പ്               : 5 എണ്ണം 
നെയ്യ്                          : 2 ടേബിൾസ്പൂണ്‍ 
ഏലക്കാപ്പൊടി            : 1/8 ടീസ്പൂണ്‍ 


ചെയ്യുന്ന വിധം 


നേന്ത്രപഴം രണ്ടോ മൂന്നോ ആയി മുറിച്ച് അല്പം വെള്ളം ചേർത്തി കുക്കറിൽ വേവിക്കുക. 
തോലു മാറ്റി, ഉള്ളിലുള്ള നാരെടുത്തു മാറ്റിയ ശേഷം ഉടക്കുക.
തേങ്ങ പല്ല് പോലെ ചെറുതായി മുറിച്ചുവെക്കുക. അണ്ടിപരുപ്പ് പൊട്ടിച്ചുവെക്കുക.
വെള്ളം ഒരു പാത്രത്തിൽ അല്പം വെള്ളമൊഴിച്ച് അടുപ്പിൽ വെച്ച് ഉരുക്കിയെടുക്കുക. എന്നിട്ട് അരിച്ചെടുക്കുക.





 ഒരു ഉരുളിയിലോ അല്ലെങ്കിൽ ഒരു അടി കട്ടിയുള്ള പാത്രത്തിലോ നെയ്യൊഴിച്ച്  അണ്ടിപരുപ്പ് വറുത്തെടുക്കുക. ബാക്കി നെയ്യിൽ തേങ്ങ കഷ്ണം ഇട്ട് ഇളം ബ്രൌണ്‍ നിറത്തിൽ വറുത്തെടുക്കുക. 
അതേ പാത്രത്തിൽ പഴം ഉടച്ചതു ചേർത്തി പാത്രത്തിൽ  ഒട്ടാത്ത പരുവത്തിൽ ആവുമ്പോൾ (ചെറിയ തീയിൽ വെക്കുന്നതാണ് നല്ലത്)

വെല്ലം അരിച്ചെടുത്തത്  ചേർക്കുക. നന്നായി തിളപ്പിക്കണം. അതിനുശേഷം രണ്ടാം പാൽ  ചേർത്തി ഒന്നു കൂടി തിളപ്പിക്കണം.  രണ്ടോ മൂന്നോ മിനിട്ട് തിളച്ച ശേഷം ഒന്നാം പാലൊഴിക്കുക. തിളക്കുമ്പോഴെക്കും  വാങ്ങിവെക്കുക. വറുത്തു വെച്ച അണ്ടിപരുപ്പും തേങ്ങ കഷ്ണങ്ങളും ഏലക്കപ്പൊടിയും ചേർക്കുക.

(തേങ്ങ ചിരകിയ ഉടനെ പിഴിഞ്ഞെടുത്ത് വെക്കുന്നതാണ് ഒന്നാം പാൽ. അതിൽ  അര കപ്പ് വെള്ളം ചേർത്തി മിക്സിയിൽ ഒന്നടിച്ച ശേഷം പിഴിഞ്ഞ് അരിച്ചെടുക്കുക. ഇതാണ് രണ്ടാം പാൽ .
അല്ലെങ്കിൽ മാർക്കറ്റിൽ തേങ്ങാപാൽ വാങ്ങാൻ കിട്ടും. കട്ടിയുള്ള പാലിൽ അല്പം വെള്ളമൊഴിച്ചാൽ രണ്ടാം പാലായി ഉപയോഗിക്കാം. വെള്ളമൊഴിക്കാതെ ചേർത്തുന്നത്  ഒന്നാം പാൽ.
അതുമല്ലെങ്കിൽ തേങ്ങാപാൽ പൊടി  വാങ്ങാൻ കിട്ടും. 25 ഗ്രാം പൊടിയിൽ 200 മില്ലി വെള്ളം ചേർത്താൽ രണ്ടാം പാൽ കിട്ടും.അതിൽ 50 ഗ്രാം വെള്ളം ചേർത്തിയാൽ ഒന്നാം പാലായി.)





Aval payasam

അവിൽ പായസം 



ആവശ്യമുള്ള സാധനങ്ങൾ 
അവിൽ                   :1/4 കപ്പ്‌ 
പഞ്ചസാര               : 6 ടേബിൾസ്പൂണ്‍ 
പാൽ                      : രണ്ടര കപ്പ്‌ 
അണ്ടിപരുപ്പ്          : 6 എണ്ണം
നെയ്യ്                     : 1 ടീസ്പൂണ്‍ 
ഏലക്കാപ്പൊടി       : ഒരു നുള്ള് 




ചെയ്യുന്ന വിധം 



 മട്ട അവിലാണ് ഞാൻ ഇവിടെ  ഉപയോഗിച്ചിരിക്കുന്നത്.
അവിൽ നന്നായി കഴുകി വെള്ളം വാലാൻ വെക്കുക. പാൽ ഒരു അടി കട്ടിയുള്ള പാത്രത്തിൽ തിളപ്പിക്കുക. അതിൽ അവിൽ ഇട്ടു ചെറിയ തീയിൽ വേവിക്കുക. അവിൽ വെന്തു കഴിഞ്ഞാൽ പഞ്ചസാര ചേർക്കുക.  പഞ്ചസാരയും ചേർത്തി പായസം ചെറുതായി ഒന്നു കുറുകുന്നതു  വരെ ചെറിയ തീയിൽ തിളപ്പിക്കുക.  അടുപ്പിൽ നിന്നും വാങ്ങിവെച്ച് , നെയ്യിൽ അണ്ടിപരുപ്പ് വെറുത്തു കൊട്ടുക. ഏലക്കപ്പൊടിയും ചേർത്തി വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക.



  • മധുരം കൂടുതൽ ആവശ്യമാണെങ്കിൽ അല്പം കൂടി ചേർക്കാം.

2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

Thakkali pickle

തക്കാളി അച്ചാർ 



ആവശ്യമുള്ള സാധനങ്ങൾ 

തക്കാളി                        : 10എണ്ണം 
മുളകുപൊടി                   : 1ടേബിൾസ്പൂണ്‍
മഞ്ഞപ്പൊടി                 : 1/4 ടീസ്പൂണ്‍ 
ഉപ്പു് ആവശ്യത്തിന് 
കടുക്                           : 1 ടീസ്പൂണ്‍ 
ഉലുവപ്പൊടി                  : 1/4 ടീസ്പൂണ്‍ 
കായപ്പൊടി                  : 1/4 ടീസ്പൂണ്‍
പുളി പേസ്റ്റ്                   : 1 ടീസ്പൂണ്‍ 
നല്ലെണ്ണ                        : 2 ടേബിൾസ്പൂണ്‍ 
വെളുത്തുള്ളി                  : 10 അല്ലി 
വറ്റൽമുളക്                    : 2 എണ്ണം 

ചെയ്യുന്ന വിധം 

ഒരു അടി കട്ടിയുള്ള പാനിൽ നല്ലെണ്ണയൊഴിച്ചു ചൂടായശേഷം  കടുകിട്ട് പൊട്ടുമ്പോൾ  മുളകു പൊട്ടിച്ചതും വെളുത്തുള്ളിയും  ഇട്ടു വഴറ്റുക. ഇതിൽ തക്കാളി മുറിച്ചതും  ഉപ്പും മഞ്ഞപ്പൊടിയും ഇട്ട് നന്നായി വഴറ്റണം.  തക്കാളി നന്നായി ഉടഞ്ഞാൽ മുളകുപൊടിയും പുളിയുടെ പേസ്റ്റും ചേർത്തി  നന്നായി ഇളക്കണം.


 ചെറിയ തീയിൽ എണ്ണ  തെളിഞ്ഞു വരുന്നതുവരെ വഴറ്റി ഒടുവിൽ കായപ്പൊടിയും ഉലുവാപ്പൊടിയും ചേർത്തി ഇളക്കി അടുപ്പിൽ  നിന്നും വാങ്ങിവെക്കുക.






Chundanga sambhar

ചുണ്ടങ്ങ സാമ്പാർ 



ആവശ്യമുള്ള സാധനങ്ങൾ 

ചുണ്ടങ്ങ                  : 1 കപ്പ്‌ 
തുവര പരുപ്പ്           : 1/2 കപ്പ്‌ 
ചുവന്ന മുളക്           : 3 എണ്ണം 
മഞ്ഞപ്പൊടി           : 1/4 ടീസ്പൂണ്‍ 
മല്ലി                        : 1ടേബിൾസ്പൂണ്‍
ഉലുവ                      : ഒരു നുള്ള് 
കായം                     :1/4 "കഷ്ണം 
കടലപരുപ്പ്             : 1 ടീസ്പൂണ്‍ 

തേങ്ങ ചിരവിയത്    : 1/2 കപ്പ്‌ 
പുളി                         : ഒരു ചെറിയ നരങ്ങവലുപ്പത്തിൽ 
കടുക്                       : 1/2 ടീസ്പൂണ്‍ 
എണ്ണ                       : 1 ടേബിൾസ്പൂണ്‍ 
ചുവന്ന മുളക്             : 1 രണ്ടായി പൊട്ടിച്ചത് 
ഉപ്പു് ആവശ്യത്തിന്‌ 
കറിവേപ്പില             : 1 തണ്ട് 

ചെയ്യുന്ന വിധം 

പുളി  20 മിനിട്ട് വെള്ളത്തിലിട്ടു ,പിഴിഞ്ഞു  വെക്കുക.
തേങ്ങ ചിരവി വെക്കുക.
ചുണ്ടങ്ങ ഒന്നു ചതച്ച ശേഷം വെള്ളത്തിലിട്ടു നന്നായി കഴുകിയെടുക്കുക.  ചീനച്ചട്ടിയിൽ അല്പം എണ്ണയൊഴിച്ചു  ചൂടായ ശേഷം ചുണ്ടങ്ങയിട്ടു  നന്നായി വതക്കുക.
ഒരു ചീനച്ചട്ടിയിൽ  ഒരു ടീസ്പൂണ്‍ എണ്ണയൊഴിച്ചു  ചൂടാക്കി കായം ഇട്ടു വറുക്കുക. ഇതിൽ മുളകും മല്ലിയും ഉലുവയും കടലപരുപ്പും  ഇട്ട് മല്ലിയുടെ പച്ചമണം മാറുമ്പോൾ തേങ്ങ ചേർത്ത്  നിറം മാറുന്നതുവരെ വറുക്കുക. തീയിൽ  നിന്നും മാറ്റി ആറിയ ശേഷം മിക്സിയിൽ അരച്ചെടുക്കുക.

തുവര പരുപ്പ് ഒരു കപ്പ്‌ വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക.
െവന്ത ശേഷം വതക്കിയ ചുണ്ടങ്ങയും , ഉപ്പും, മഞ്ഞപ്പൊടിയും  പുളി പിഴിഞ്ഞതും ചേർത്തി മൂന്നോ നാലോ മിനിട്ട് തിളപ്പിക്കുക. എന്നിട്ട് അരച്ചുവെച്ച മസാലയും ചേർത്തി വീണ്ടും ഒരു മിനിട്ടു കൂടി തിളച്ച ശേഷം വാങ്ങിവെക്കുക. 
ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടുമ്പോൾ പൊട്ടിച്ച മുളകും കറിവേപ്പിലയും ചേർത്തി  ഒന്ന് ഇളക്കിയ ശേഷം കൂട്ടാനിൽ ഒഴിക്കുക.


    


2014, ഫെബ്രുവരി 1, ശനിയാഴ്‌ച

Manathankali puli

മണത്തങ്കാളി പുളി 






ആവശ്യമുള്ള സാധനങ്ങൾ 

മണത്തങ്കാളി                    : 1/4 കപ്പ്‌
പുളി                                 : നാരങ്ങവലുപ്പത്തിൽ
മുളകുപൊടി                      : 1 ടേബിൾസ്പൂണ്‍
മല്ലിപ്പൊടി                        : 1 ടേബിൾസ്പൂണ്‍
മഞ്ഞപ്പൊടി                     : 1/4 ടീസ്പൂണ്‍
ഉലുവ                                : ഒരു നുള്ള് 
ചെറിയ ഉള്ളി                    : 6 എണ്ണം
ഇഞ്ചി                               : ഒരു ചെറിയ കഷ്ണം
തേങ്ങ ചിരകിയത്            : 1 കപ്പ്‌

കടുകു വറുക്കാൻ 
എണ്ണ                               : 1 ടേബിൾസ്പൂണ്‍ 
കടുക്                               :1 ടീസ്പൂണ്‍
ചെറിയ ഉള്ളി                   : 4 എണ്ണം
കറിവേപ്പില                     : 1 തണ്ട് 


ചെയ്യുന്ന വിധം  

മണത്തങ്കാളി   കഴുകി വെള്ളം വാലാൻ വെക്കുക.
പുളി  ഒരു കപ്പ്‌ വെള്ളത്തിൽ 20 മിനിട്ട് ഇട്ടു വക്കുക.
ഒരു ചീനച്ചട്ടിയിൽ ഉലുവയിട്ട്‌ വറുത്ത ശേഷം തീ കുറച്ച് മുളകുപൊടിയും മല്ലിപ്പൊടിയും ഇട്ട് നിറം മാറിതുടങ്ങുമ്പോൾ (പച്ചമണം പോയാൽ) തീയിൽ  നിന്നും മാറ്റിവെക്കുക. ഇതിൽ ഇഞ്ചിയും ഉള്ളിയും ചേർത്തി  മിക്സിയിൽ നന്നായി അരച്ചുവെക്കുക.
തേങ്ങ നന്നായി അരച്ചുവെക്കുക.
ചീനച്ചട്ടിയിൽ അല്പം എണ്ണയൊഴിച്ച്‌ ചൂടാക്കി അതിൽ മണത്തങ്കാളിയിട്ട് നന്നായി വഴറ്റുക.




പുളി നന്നായി പിഴിഞ്ഞെടുത്തു ചണ്ടി കളയുക.   പുളിവെള്ളത്തിൽ അരച്ച മസാലയും ചേർത്ത്  മഞ്ഞപ്പൊടിയും ഉപ്പും ഇട്ട് അടുപ്പിൽ വെച്ചു രണ്ടു മിനിട്ടു തിളപ്പിക്കുക. ഇതിൽ വഴറ്റിയ മണത്തങ്കാളിയിട്ട് നന്നായി തളപ്പിക്കുക. അരച്ച തേങ്ങയും ചേർത്തി ഒന്ന് കൂടി തിളപ്പിച്ച്‌ അടുപ്പിൽ നിന്നും മാറ്റി വെക്കുക. കൂട്ടാൻ ഇടത്തരം അയവോടെയിരിക്കണം.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടായാൽ കടുകിട്ട് പൊട്ടിയ ശേഷം ചെറുതായരിഞ്ഞ ഉള്ളിയും ചേർത്തി നന്നായി വഴറ്റി കൂട്ടാനിൽ ഒഴിക്കുക. കറിവേപ്പിലയിടുക.