പൊരുവളങ്ങ
പൊരുവളങ്ങ പഴയ കാലത്തെ ഒരു പലഹാരമാണ്. അരിയും ചെറുപയറും വെല്ലവും ചേർത്തി ഉണ്ടാക്കുന്നതാണ് ഈ പലഹാരം . എണ്ണയോ നെയ്യോ ഒന്നും ഇതിനാവശ്യമില്ല . അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിനു ദോഷകരമല്ല .
പുഴുങ്ങലരി (boiled rice) : 2 കപ്പ്
ചെറുപയർ : 3/4 കപ്പ്
വെല്ലം : 1/2 കപ്പ്
തേങ്ങ കഷ്ണം : 1/4 കപ്പ്
ചെയ്യുന്ന വിധം
ഒരു ചീനച്ചട്ടിയിൽ അരി ഇട്ട് ഇളം ബ്രൌണ്‍ നിറമാകുന്നതുവരെ നന്നായി വറക്കുക.
അതുപോലെ തന്നെ ചെറുപയറും നിറം മാറുന്നതുവരെ വറുക്കണം. അതിനുശേഷം രണ്ടും കൂടി മിക്സിയിൽ ഇട്ട് തരുതരുപ്പായി പൊടിച്ചെടുത്തു മാറ്റിവെക്കുക.
തേങ്ങ ചെറിയ പല്ല് പോലെയുള്ള കഷ്ണങ്ങളാക്കി മുറിച്ചുവെക്കുക.
ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളത്തിൽ വെല്ലം ഇട്ട് തിളപ്പിക്കുക. വെല്ലം അലിഞ്ഞാൽ തീയിൽ നിന്നും മാറ്റി അരിച്ചെടുക്കുക. വീണ്ടും അടുപ്പിൽ വെച്ച് കമ്പി പാകമാകുന്നതു വരെ തിളപ്പിക്കുക.(ഒരു ചെറിയ പരന്ന കിണ്ണത്തിൽ ഒഴിച്ചാൽ പരക്കാതിരിക്കണം. ഇതിനെ ഉരുട്ടിയാൽ ചെറിയ ബാളു പോലെ ഉരുണ്ടുവരും).
ഇതിൽ മുറിച്ചു വെച്ച തേങ്ങ കഷ്ണങ്ങൾ ഇടുക.
കുറച്ചു പൊടിയെടുത്തു അതിൽ ഒരു കയിൽ വെല്ലപ്പാവൊഴിചു നന്നായി കലർത്തി ചെറുചൂടിൽ തന്നെ ഒരു വലിയ നരങ്ങവലിപ്പത്തിൽ ഉരുട്ടിയെടുക്കുക.
പാവിൽ കൈ കൊണ്ട് തൊടരുത്, നല്ല ചൂടുണ്ടാവും. പൊള്ളാൻ സാദ്ധ്യതയുണ്ടു്. അതുകൊണ്ട് കയിൽ കൊണ്ടു തന്നെ കലർത്തണം.
ബാക്കി പൊടിയും പാവും ഇതുപോലെ തന്നെ ചെയ്യുക. അവസാനമാവുമ്പോഴേക്കും ഒരു പക്ഷെ പാവു കട്ടിയായി തുടങ്ങും. അപ്പോൾ അടുപ്പിൽ 5 സെക്കന്റ് വെച്ച ശേഷം വീണ്ടും ഇതുപോലെ തന്നെ ചെയ്യുക. ഉരുട്ടിയ ശേഷം ഉടനെതന്നെ പൊടിയിൽ തന്നെ ഇടുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ