2016, ഡിസംബർ 15, വ്യാഴാഴ്‌ച

Prawn Biryani


ചെമ്മീൻ ബിരിയാണി 





ആവശ്യമുള്ള സാധനങ്ങൾ :


ബാസ്മതി  അരി                                  : 1  കപ്പ് 
ചെമ്മീൻ                                              : 10 -12 എണ്ണം 
ഇഞ്ചി വെളുത്തുള്ളി അരച്ചത്         : ഒരു ടീസ്പൂൺ 
മുളകുപൊടി                                      : 1/2 ടീസ്പൂൺ 
മല്ലിപ്പൊടി                                           : 1ടീസ്പൂൺ 
വലിയ ഉള്ളി                                        : 2  എണ്ണം 
തക്കാളി                                              : 1 എണ്ണം 
ഗരം മസാല പൊടി                            : 1/2 ടീസ്പൂൺ 
തൈര്                                                 : 1 ടേബിൾസ്പൂൺ 
ഉപ്പ്‌  ആവശ്യത്തിന് 
മല്ലിയില പുതിനയില അരിഞ്ഞത്   : 2 ടേബിൾസ്പൂൺ
നെയ്യ്                                                 : 2 ടേബിൾസ്പൂൺ
 എണ്ണ                                                 : 2 ടേബിൾസ്പൂൺ
പാല്                                                    : 2 ടേബിൾസ്പൂൺ
കുംകുമപ്പൂവ്‌                                      : ഒരു നുള്ള്


തിരുമ്മിവെക്കാൻ :

മുളകുപൊടി                                     : അര ടീസ്പൂൺ
മഞ്ഞപ്പൊടി                                      : ഒരു നുള്ള്
ഉപ്പ്‌  അല്പം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്          : 1/2 ടീസ്പൂൺ
നാരങ്ങാനീര്                                    :1 ടീസ്പൂൺ

ചെയ്യുന്ന വിധം  :


തിരുമ്മിവെക്കാനുള്ള  എല്ലാം ഒന്നിച്ചു ചേർത്തി ചെമ്മീനിൽ നന്നായി കലർത്തി വെക്കുക.




അരി 20 മിനിട്ടു  വെള്ളത്തിലിട്ടു വെച്ച ശേഷം വെള്ളം വാലാൻ വെക്കുക.
ഒരു  നാലു കപ്പു വെള്ളം ചൂടാക്കുക, 



ഇതിൽ അല്പം ഉപ്പും ചേർത്തി വെട്ടിത്തിളക്കുമ്ബോൾ അരി ഇതിൽ ചേർത്തി ഏഴോ എട്ടോ മിനിട്ടു നന്നായി തിളച്ചാൽ (അരി മുക്കാൽ വേവായാൽ) അടുപ്പിൽ നിന്നും മാറ്റി വാർത്തു വെക്കുക.


ഉള്ളി ഘനമില്ലാതെ അരിഞ്ഞു വെക്കുക. പച്ചമുളക് രണ്ടായി കീറിവെക്കുക. തക്കാളി അരിഞ്ഞുവെക്കുക.



എണ്ണയും നെയ്യും കൂടി ഒരു പാനിൽ ചൂടാക്കുക.  തിരുമ്മിവെച്ച ചെമ്മീൻ നല്ല ചൂടിൽ 2 മിനിട്ടു നേരം വറുത്തെടുത്തു  എണ്ണയിൽ നിന്നും മാറ്റി വെക്കുക.



വറുത്ത എണ്ണയിൽ ഉള്ളിയിട്ടു വഴറ്റുക.  ബ്രൗൺ നിറം വന്നാൽ കീറിവെച്ച പച്ചമുളകും ചേർത്തുക. (അല്പം ഉള്ളിയെടുത്തു അലങ്കരിക്കാൻ മാറ്റിവെക്കുക.)



 വഴറ്റിയ ഉള്ളിയിൽ ഇഞ്ചി വെളുത്തുള്ളി അരച്ചതും ചേർത്തി ഒന്നുകൂടി വഴറ്റുക. തീ കുറച്ചു മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്തുക. പച്ചമണം മാറിയാൽ തക്കാളി അരിഞ്ഞതും ചേർത്തി ഇളക്കുക. തക്കാളി ഉടഞ്ഞ പരുവമായാൽ അല്പം ഉപ്പും തൈരും കുറച്ചു മല്ലിയിലയും പുതിനയും അരിഞ്ഞതും ചേർത്തി നന്നായി ഇളക്കുക.  ഇതിൽ ചെമ്മീൻ വറുത്തതും ചേർത്ത്  2 മിനിട്ടു ഇളക്കുക. തീ കെടുത്തി വെക്കുക.




ഇളം ചൂടുള്ള പാലിൽ കുംകുമപ്പൂ ഇട്ടുവെക്കുക.
ഒരു പാത്രത്തിൽ ഈ ചെമ്മീൻ മസാല നിരത്തി  മേലെ വാർത്തു വെച്ച ചോറും നിരത്തി അതിനു മേലെ വറുത്തു വെച്ച ഉള്ളിയും മല്ലിയിലയും പുതിനയിലയും അരിഞ്ഞതും ചേർത്തി കുംകുമപ്പൂവിട്ടു വെച്ച പാൽ അൽപാപ്പമായി മേലെ തൂവുക.

അടുപ്പിൽ ഒരു പരന്ന പാനിൽ അല്പം വെള്ളം തിളപ്പിച്ച് അതിനു മേലെ ഈ പാത്രം വെച്ച് അമർത്തി അടച്ചുവെച്ചു  ഒരു പത്തുമിനിട്ടു വെക്കുക. പത്തുമിനിട്ടിനു ശേഷം തീ കെടുത്തുക. 





ഒരു ഫോർക്കു കൊണ്ട് മെല്ലെ ഇളക്കി നോക്കുക. പാകത്തിനു വെന്ത ബിരിയാണി റെഡി !!





2016, നവംബർ 24, വ്യാഴാഴ്‌ച

Kovakka Theeyal


കോവക്ക തീയൽ 




ആവശ്യമുള്ള സാധനങ്ങൾ :

കോവക്ക                              : 10 എണ്ണം 
തേങ്ങ                                   : 1/2  മൂടി 
ചുവന്ന മുളക്                      : 7 എണ്ണം 
മല്ലി                                        : 2 ടേബിൾസ്പൂൺ 
ചെറിയ ഉള്ളി                        : 6 എണ്ണം 
പുളി                                      : ഒരു നാരങ്ങാ വലുപ്പത്തിൽ 
മഞ്ഞപ്പൊടി                        : 1/4 ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
എണ്ണ                                    : 2 ടേബിൾസ്പൂൺ 


വറുത്തിടാൻ: 

കടുക്                                    : 1ടീസ്പൂൺ
കറിവേപ്പില                           : ഒരു തണ്ട് 
ചെറിയ ഉള്ളി അരിഞ്ഞത്  : 2 ടേബിൾസ്പൂൺ 
എണ്ണ                                    : 1ടേബിൾസ്പൂൺ 


ചെയ്യുന്ന വിധം  :


കോവക്ക കഴുകിയ ശേഷം ഘനമില്ലാതെ വട്ടത്തിൽ അരിഞ്ഞു വെക്കുക.


പുളി ഒരു മുപ്പതു മിനിട്ടു 2 കപ്പു വെള്ളത്തിലിട്ട ശേഷം പിഴിഞ്ഞു  വെക്കുക.
ഒരു ചീനിനച്ചട്ടിയിൽ  ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കി അരിഞ്ഞ കോവക്ക നിറം മാറുന്നതു വരെ വഴറ്റുക.

തേങ്ങ ചിരവി വെക്കുക. ഒരു ചീനച്ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടായ ശേഷം മുളകും മല്ലിയും ഇട്ടു മൂപ്പിക്കുക. മല്ലി മൂത്ത മണം  വരൂമ്പോൾ തേങ്ങ ചിരവിയതും ചേർത്ത് ചുവക്കുന്നതു വരെ വറുക്കുക.  ഇതിൽ ചെറിയ ഉള്ളിയും ചേർത്തി നന്നായി അരച്ച് വെക്കുക.
ഇനി പുളി പിഴിഞ്ഞെടുത്ത വെള്ളത്തിൽ അരച്ചുവെച്ച മസാലയും വഴറ്റിയ കോവക്കയും ചേർത്തി നന്നായി കലക്കി ഉപ്പും മഞ്ഞപ്പൊടിയും ചേർത്തി നന്നായി തിളപ്പിക്കുക.


ഒരു നാലു മിനിട്ടു തിളച്ച ശേഷം ചെറുതായി കൊഴുത്തു തുടങ്ങുമ്പോൾ വാങ്ങിവെക്കുക.

ഇനി ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാവുമ്പോൾ കടുകിട്ടു പൊട്ടിയ ശേഷം കറിവേപ്പിലയും ഉള്ളി അരിഞ്ഞതും ചേർത്തി ഉള്ളി മൂക്കുമ്പോൾ കൂട്ടാനിലേക്കു ഒഴിക്കുക.
സ്വാദുള്ള ഈ കറി ചൂടുള്ള ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും!

2016, ഒക്‌ടോബർ 22, ശനിയാഴ്‌ച

Kappa upperi


കപ്പ ഉപ്പേരി




ആവശ്യമുള്ള സാധനങ്ങൾ :


കപ്പ                          : 1 ഇടത്തരം 
ചുവന്ന മുളക്              : 4 എണ്ണം 
ചെറിയ ഉള്ളി            : 8 എണ്ണം 
ഉപ്പ്   ആവശ്യത്തിന് 
വെളിച്ചെണ്ണ              : 2 ടേബിൾസ്പൂൺ 
കറിവേപ്പില             : ഒരു തണ്ട് 


ചെയ്യുന്ന വിധം :


കപ്പ തോലു കളഞ്ഞു നന്നായി കഴുകി ചെറിയ കഷ്ണങ്ങളായി മുറിച്ചു വെക്കുക.




കപ്പ അല്പം വെള്ളവും  ഉപ്പും മഞ്ഞപ്പൊടിയും ചേർത്തി വേവിക്കുക. 


വെന്തശേഷം മുളകും ഉള്ളിയും ചതച്ചതു ചേർത്തി ഇളക്കുക. 




വെളിച്ചെണ്ണയും ഇടയ്ക്കു ഒഴിച്ചുകൊടുത്തു ഇളക്കണം.  ചെറിയ തീയിൽ അല്പം മൊരിയുന്നതു വരെ വെക്കുക. കറിവേപ്പില മേലെ ഇടുക.
സ്വാദുള്ള കപ്പ ഉപ്പേരി തയാർ!

 



 

2016, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

Kappa Dosa


കപ്പ ദോശ 



ആവശ്യമുള്ള സാധനങ്ങൾ :


കപ്പ                                   : 200 ഗ്രാം 
പച്ചരി                               : 1  കപ്പ് 
ചിരവിയ തേങ്ങ              : 1/2 കപ്പ് 
ഉപ്പ് ആവശ്യത്തിന് 
വെളിച്ചെണ്ണ                     : 1/4  കപ്പ് 


ചെയ്യുന്ന വിധം :


പച്ചരി അരമണിക്കൂർ വെള്ളത്തിൽ കുതിരാനിടുക. 
കപ്പ തോലു കളഞ്ഞു നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വെക്കുക.




പച്ചരിയും തേങ്ങയും കപ്പയും കൂടി മിക്സിയിൽ നന്നായി അരച്ചുവെക്കുക. ഉപ്പു ചേർത്തി കലക്കി ദോശമാവിനേക്കാൾ അല്പം കൂടി വെള്ളത്തോടെയുള്ള മാവായിരിക്കണം. 





ഒരു ദോശ തവ ചൂടാക്കി നടുവിൽ ഒരു കരണ്ടി മാവൊഴിച്ചു ദോശക്കല്ലു ഒന്നു ചുറ്റിച്ചു മാവു പരത്തുക. 



അല്പം വെളിച്ചെണ്ണ ചുറ്റും തൂവിക്കൊടുക്കണം. ഒരു ഭാഗം വെന്ത ശേഷം തിരിച്ചിടുക. 




രണ്ടുഭാഗവും വെന്താൽ അടുപ്പിൽ നിന്നും മാറ്റുക. നല്ല സ്വാദുള്ള കപ്പ ദോശ തയാർ! ഉള്ളി ചമ്മന്തി കൂട്ടി കഴിക്കാം.


2016, സെപ്റ്റംബർ 17, ശനിയാഴ്‌ച

Chundanga puli


ചുണ്ടങ്ങ പുളി 




ആവശ്യമുള്ള സാധനങ്ങൾ :



ചുണ്ടങ്ങ                       : 1 കപ്പ് 
തേങ്ങ                           : 1 കപ്പ് 
ചെറിയ ഉള്ളി                : 6 എണ്ണം
കടുക്                            : 1 ടീസ്പൂൺ
എണ്ണ                             : 2 ടേബിൾസ്പൂൺ 
മഞ്ഞപ്പൊടി                 : 1/4 ടീസ്പൂൺ 
പുളി                              : ഒരു നാരങ്ങാവലുപ്പത്തിൽ 
ഉപ്പ് ആവശ്യത്തിന്   

വറുത്തരക്കാൻ ആവശ്യമായത് :

മുളകുപൊടി                : 1 ടീസ്പൂൺ 
മല്ലിപ്പൊടി                     : 2 ടീസ്പൂൺ 
ഉലുവ                           : ഒരു നുള്ള് 
ചെറിയ ഉള്ളി               : 5 എണ്ണം 
എണ്ണ                           : 1 ടീസ്പൂൺ


ചെയ്യുന്ന വിധം :


ചുണ്ടങ്ങ ഒന്നു ചെറുതായി ചതച്ചു വെള്ളത്തിലിടുക.
ഒരു ചീനച്ചട്ടിയിൽ ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കി അതിൽ ഉലുവയിട്ടു നിറം മാറിത്തുടങ്ങുമ്പോൾ  തീ ചെറുതാക്കി മുളകുപൊടിയും മല്ലിപ്പൊടിയും ചേർക്കുക. പച്ചമണം മാറിയതും അടുപ്പിൽ നിന്നും മാറ്റി ചെറിയ ഉള്ളി ചേർത്തി  അരച്ചുവെക്കണം.
തേങ്ങ നന്നായി അരച്ചുവെക്കണം.

പുളി അരമണിക്കൂർ വെള്ളത്തിലിട്ടു വെച്ച ശേഷം നന്നായി പിഴിഞ്ഞെടുത്തു അരിച്ചു വെക്കുക.
ചതച്ചു വെച്ചു വെള്ളത്തിലിട്ടു വെച്ച ചുണ്ടങ്ങ രണ്ടു പ്രാവശ്യം കഴുകി എടുത്തു വെക്കുക.
ഒരു ചീനച്ചട്ടിയിൽ അല്പം എണ്ണ ചൂടാക്കി ചുണ്ടങ്ങ വതക്കുക. 
ഒരു ചട്ടിയിൽ അല്ലെങ്കിൽ ഏതെങ്കിലും പാത്രത്തിൽ പുളി വെള്ളവും അതിൽ അരച്ചുവെച്ച മസാലയും  മഞ്ഞപ്പൊടിയും  ഉപ്പും ചേർത്തി തിളപ്പിക്കുക. ഇതിൽ വതക്കി വെച്ച ചുണ്ടങ്ങയും ചേർത്തി നല്ലപോലെ ഒരു മൂന്നു മിനിട്ടു തിളപ്പിക്കുക. ഇതിൽ തേങ്ങ അരച്ചതും ചേർത്തി ഒന്നു കൂടി തിളപ്പിച്ച് അടുപ്പിൽ നിന്നും വാങ്ങി വെക്കുക.
ഒരു സ്പൂൺ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടിയാൽ ഉള്ളി ചെറുതായി അരിഞ്ഞതും ചേർത്തി നന്നായി വഴറ്റി കറിവേപ്പിലയും ചേർത്തി കറിയിലേക്കൊഴിക്കുക.  ചുണ്ടങ്ങ പുളി റെഡി!
ചൂടുള്ള ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.




 

2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

Kaaya cherupayar erisseri


കായ എരിശ്ശേരി



ആവശ്യമുള്ള സാധനങ്ങൾ :

കായ                                      : 4 എണ്ണം 
ചെറുപയർ                              : 1/2  കപ്പ്
തേങ്ങ                                    : 1 കപ്പ് 
ജീരകം                                  : ഒരു നുള്ള് 
ചെറിയ ഉള്ളി                         : 3 എണ്ണം 
മുളകുപൊടി                            : ഒന്നര ടീസ്പൂൺ 
മഞ്ഞപ്പൊടി                           : 1/8 ടീസ്പൂൺ

കടുക വറുക്കാൻ 
കടുക്                                     : 1/2 ടീസ്പൂൺ 
ചുവന്ന മുളക്                           : 1 രണ്ടായി പൊട്ടിച്ചത് 
കറിവേപ്പില                           : 1 തണ്ട് 
എണ്ണ                                     : 1 ടേബിൾസ്പൂൺ 
ചെറിയ ഉള്ളി                         : 2 എണ്ണം 

ചെയ്യുന്ന വിധം

കായ തോലു കളഞ്ഞു അല്പം മഞ്ഞപ്പൊടി ചേർത്ത വെള്ളത്തിൽ 5 മിനിട്ടു ഇട്ടുവെക്കുക. അതിനു ശേഷം നന്നായി കഴുകി വെക്കുക.
തേങ്ങയും അര സ്പൂൺ മുളകുപൊടിയും ജീരകകവും 3 ചെറിയ ഉള്ളിയും കൂടി അരച്ച് വെക്കുക.
ചെറുപയറും കായയും മഞ്ഞപ്പൊടിയും ഒരു സ്പൂൺ മുളകുപൊടിയും ഉപ്പും കൂടി പ്രഷർ കുക്കറിൽ ഒരു വിസിൽ വരുന്നത് വരെ വെക്കുക. അതിനു ശേഷം തീ കുറച്ചു  5 മിനിട്ടു കൂടി  വെച്ച ശേഷം തീ ഓഫ് ചെയ്യുക.
കുക്കർ ആറിയ ശേഷം തുറന്നു തേങ്ങ അരച്ചതും ചേർത്തി നന്നായി ഇളക്കുക. ഒന്നു കൂടി തിളപ്പിച്ച ശേഷം തീയിൽ നിന്നും മാറ്റുക. വെള്ളം പാകത്തിന് ചേർക്കണം, ഒരു കുറുകിയ കറിയാണിത്. 
ഒരു ചീനച്ചട്ടിയിൽ അല്പം എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുകും മുളക് പൊടിച്ചതും ചേർക്കുക. കടുകു പൊട്ടിയ ശേഷം കറിവേപ്പിലയും  ഉള്ളി ചെറുതായരിഞ്ഞതും ചേർത്തി, ഉള്ളി ഒന്ന് നന്നായി വഴറ്റിയ ശേഷം കുറിയിലേക്കൊഴിക്കുക.  ചോറിന്റെ കൂടെ കഴിക്കാൻ നല്ലതായിരിക്കും.

 



 
 






2016, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

Pachamathan Olan


പച്ച മത്തൻ ഓലൻ






ആവശ്യമുള്ള സാധനങ്ങൾ:


പച്ച മത്തൻ                       : 1/2  കിലോ 
പച്ചമുളക്                           : 3 എണ്ണം 
തേങ്ങാപാൽ                     : 1/2  കപ്പ് 
ഉപ്പ് ആവശ്യത്തിന് 
വെളിച്ചെണ്ണ                       : 1 ടീസ്പൂൺ 
കറിവേപ്പില                       : 1 തണ്ട് 


ചെയ്യുന്ന വിധം :

മത്തൻ  ഇടത്തരം  വലുപ്പത്തിലുള്ള ഘനമില്ലാത്ത ചതുര കഷ്ണങ്ങളാക്കി മുറിച്ചു വെക്കുക.





ഈ കഷ്ണങ്ങൾ ഉപ്പും നീളത്തിൽ കീറിയ പച്ചമുളകും അല്പം വെള്ളമൊഴിച്ചു വേവിക്കുക.  




 കഷ്ണം വെന്ത ശേഷം തേങ്ങാപാൽ ചേർത്തി  ഇളക്കുക. തിളയ്ക്കും  മുമ്പേ തീ കെടുത്തി കറിവേപ്പിലയും വെളിച്ചെണ്ണയും ചേർക്കുക. ഓലൻ തയാറായി!







2016, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

Peechinga sammanthi


പീച്ചിങ്ങ ചമ്മന്തി 





ആവശ്യമുള്ള സാധനങ്ങൾ :


പീച്ചിങ്ങ                             : 1 ചെറുത് 
തേങ്ങ                                : 1/2  കപ്പ് 
ഉഴുന്നു പരുപ്പ്                   : 1 ടേബിൾസ്പൂൺ 
ചുവന്ന മുളക്                   : 3 എണ്ണം 
കടലപരുപ്പ്                         : 1 ടേബിൾസ്പൂൺ 
പുളി                                   : ഒരു നെല്ലിക്ക വലുപ്പത്തിൽ 
ഉപ്പ്   ആവശ്യത്തിന് 
എണ്ണ                                  : 1 ടേബിൾസ്പൂൺ 



ചെയ്യുന്ന വിധം :


പീച്ചിങ്ങ കഴുകി തോലു ചെറുതായി ചീവി ( തോലു മുഴുവൻ കളയണമെന്നില്ല) ചെറുതായി മുറിച്ചു വെക്കുക.
ഒരു  ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി മുളകും കടലപരുപ്പും ഉഴുന്നുപരിപ്പും ചുവക്കുന്നതു വരെ വറുക്കുക. ഇതിൽ തേങ്ങ ചേർത്തി നിറം മാറുന്നതു വരെ വറുത്ത ശേഷം പീച്ചിങ്ങ മുറിച്ചതും ചേർത്തി ഒന്നുകൂടി വറുത്ത ശേഷം അടുപ്പിൽ നിന്നും മാറ്റി ആറിയ  ശേഷം പുളിയും ഉപ്പും ചേർത്തു  അരക്കണം. 
ഈ ചമ്മന്തി ചോറിനു നന്നായിരിക്കും.



2016, ജൂലൈ 22, വെള്ളിയാഴ്‌ച

Kappa masala curry


കപ്പ മസാല കറി 



ആവശ്യമുള്ള സാധനങ്ങൾ:


കപ്പ (മരച്ചീനി)                         : 1  ഇടത്തരം 
മുളകുപൊടി                              : 1 ടീസ്പൂൺ 
മല്ലിപ്പൊടി                               : 2 ടീസ്പൂൺ 
മഞ്ഞപ്പൊടി                            : 1/4 ടീസ്പൂൺ 
ചെറിയ ഉള്ളി                           : 6 എണ്ണം
തേങ്ങ ചിരവിയത്                    : 1/2  കപ്പ്

കടുകു വറുക്കാൻ :


കടുക്                                      : 1 ടീസ്പൂൺ 
എണ്ണ                                      : 1 ടേബിൾസ്പൂൺ
ചെറിയ ഉള്ളി                          : 5 എണ്ണം 
കറിവേപ്പില                            : 1 തണ്ട് 


ചെയ്യുന്ന വിധം :


കപ്പ തോലു കളഞ്ഞു ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചു കഴുകി വെക്കുക.
ഒരു ചീനച്ചട്ടി ചൂടായ ശേഷം തീ കുറച്ചു മുളകുപൊടിയും മല്ലിപ്പൊടിയും ഇട്ടു നന്നായി ഇളക്കുക. പച്ചമണം പോയ ശേഷം തീയിൽ നിന്നും മാറ്റി ആറിയാൽ ഉള്ളി ചേർത്തി മിക്സിയിൽ ഇട്ടു നന്നായി അരച്ചു വെക്കുക.
തേങ്ങ നല്ലപോലെ അരച്ചുവെക്കുക.
അരച്ചുവെച്ച മസാലയും ഉപ്പും മഞ്ഞപ്പൊടിയും 2 കപ്പ് വെള്ളവും ചേർത്തി കപ്പ മൃദുവായി വേവിക്കുക.
വെന്ത ശേഷം അരച്ച തേങ്ങയും ചേർത്തി ഒന്നുകൂടി 2 മിനിട്ടു തിളപ്പിച്ച ശേഷം മാറ്റിവെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു ചേർത്തി പൊട്ടിയ ശേഷം കറിവേപ്പില ചേർത്തി ചെറുതായി അരിഞ്ഞ ഉള്ളിയും ചേർത്തി നന്നായി വഴറ്റിയ ശേഷം കറിയിൽ ചേർക്കുക.  ഇടത്തരം കുറുകിയ കറിയാണിത്.
വെള്ളം പോരെങ്കിൽ കടുകു വറുക്കുമ്പോൾ പാകം നോക്കി ഒഴിക്കണം.
ഇഡ്ഡലിക്കും ദോശക്കും ചോറിനും എല്ലാം ചേരുന്ന ഒരു കറിയാണിത്!





2016, ജൂലൈ 9, ശനിയാഴ്‌ച

Kappa upperi


കപ്പ ഉപ്പേരി 



ആവശ്യമുള്ള സാധനങ്ങൾ :

കപ്പ                                  :  1/2 
ചെറിയ ഉള്ളി                    : 7 എണ്ണം 
പച്ചമുളക്                           : 3 എണ്ണം 
കടുക്                                : 1 ടീസ്പൂൺ
ചുവന്ന മുളക്                      : 1 രണ്ടായി പൊട്ടിച്ചത് 
മഞ്ഞപ്പൊടി                      : 1/4 ടീസ്പൂൺ 
വെളിച്ചെണ്ണ                       : 1 ടേബിൾസ്പൂൺ 
തേങ്ങ ചിരവിയത്              : 1/4  കപ്പ്
ഉപ്പ്  ആവശ്യത്തിന് 
കറിവേപ്പില                       : 1 തണ്ട്

ചെയ്യുന്ന വിധം :

കപ്പ ചെറിയ ചതുര കഷ്ണങ്ങളായി മുറിക്കുക. നന്നായി കഴുകി അല്പം വെള്ളം ഒഴിച്ചു മഞ്ഞപ്പൊടിയും ഉപ്പും ചേർത്തു വേവിക്കുക. 
പച്ചമുളകും ഉള്ളിയും നീളത്തിൽ കീറിവെക്കുക.
ഒരു ഫ്രൈപാനിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുക് ചേർത്തുക. കടുക് പൊട്ടിയാൽ മുളകു പൊട്ടിച്ചതും കറിവേപ്പിലയും ചേർത്തിയ ശേഷം  ഉള്ളിയും പച്ചമുളകും ചേർത്തി നന്നായി വഴറ്റണം. എന്നിട്ട് വേവിച്ച കപ്പ ചേർത്തി  രണ്ടു മിനിട്ടു നേരം വഴറ്റി മേലെ തേങ്ങ ചിരവിയത് ചേർക്കുക.  




2016, ജൂലൈ 8, വെള്ളിയാഴ്‌ച

Cherupayar vazhakka erisseri

ചെറുപയർ വാഴക്ക എരിശ്ശേരി :



ആവശ്യമുള്ള സാധനങ്ങൾ :


വാഴക്ക                      : 1 
ചെറുപയർ                 : 1/2 കപ്പ് 
തേങ്ങാ ചിരവിയത്   : 1/2 കപ്പ് 
ജീരകം                     : 1/4 ടീസ്പൂൺ 
മുളകുപൊടി               : 1/2 ടീസ്പൂൺ
മഞ്ഞപ്പൊടി              : 1/4 ടീസ്പൂൺ
കുരുമുളകുപൊടി         : 1/4 ടീസ്പൂൺ
കടുക്                        : 1 ടീസ്പൂൺ 
ചുവന്ന മുളക്              : 1 രണ്ടായി പൊട്ടിച്ചത് 
കറിവേപ്പില               : ഒരു തണ്ട് 
എണ്ണ                        : ഒരു ടേബിൾ സ്പൂൺ

 ചെയ്യുന്ന വിധം :

ചെറുപയർ പ്രെഷർ കുക്കറിൽ  വേവിച്ചു  വെക്കുക.
വാഴക്ക ചെറിയ കഷ്ണങ്ങളായി മുറിച്ചു  വെള്ളത്തിൽ ഇട്ടു വെക്കുക. അല്പം മഞ്ഞപ്പൊടി ഇതിൽ ചേർക്കുക.
തേങ്ങയും ജീരകവും കൂടി നന്നായി അരച്ചു വെക്കുക.
വാഴക്ക മഞ്ഞപ്പൊടി ഇട്ട വെള്ളത്തിൽ നിന്നും എടുത്തു കഴുകി ചെറുപയറിന്റെ  കൂടെ ചേർത്തി അതിൽ മഞ്ഞപ്പൊടിയും മുളകുപൊടിയും കുരുമുളകുപൊടിയും ഉപ്പും ചേർത്തി വേവിക്കുക.  വെന്ത ശേഷം ചെറുതായി ഉടക്കുക.  ഇതിൽ അരച്ചുവെച്ച  തേങ്ങ ചേർത്തി രണ്ടു മിനിട്ടു തിളപ്പിക്കുക.
 അടുപ്പിൽ നിന്നും മാറ്റിവെച്ച  ശേഷം  ചീനച്ചട്ടിയിൽ  ഒരു ടേബിൾ സ്പൂൺ എണ്ണയൊഴിച്ചു  ചൂടാകുമ്പോൾ കടുകിട്ടു പൊട്ടിയാലുടൻ മുളകു പൊട്ടിച്ചതും കറിവേപ്പിലയും ചേർത്തി ഒന്നു വറുത്ത ശേഷം കൂട്ടനിലേക്ക്  ഒഴിക്കുക. കുറുകിയ പരുവത്തിലായിരിക്കണം ഈ കറി. ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.




 


 


 



2016, ജൂലൈ 7, വ്യാഴാഴ്‌ച

Mango chammanthi

മാങ്ങാ ചമ്മന്തി




ആവശ്യമുള്ള സാധനങ്ങൾ :


ചുവന്ന മുളക്                         : 4 എണ്ണം 
പച്ചമാങ്ങാ                           : 1/2 
തേങ്ങ ചിരവിയത്               : 1/4 കപ്പ്
ഇഞ്ചി                                  : 1/4" കഷ്ണം 
ഉപ്പ്  ആവശ്യത്തിന് 


ചെയ്യുന്ന വിധം:

മുളക് അടുപ്പിൽ തീയിലിട്ടു ചുട്ടെടുക്കുക. എന്നിട്ടു്  തേങ്ങയും മാങ്ങയും ഇഞ്ചിയും ഉപ്പും ചേർത്തി നന്നായരയ്ക്കുക.
മാങ്ങ പുളി നോക്കി  കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. അല്പം വെളിച്ചെണ്ണ മേലെ തൂവിയാൽ നന്നായിരിക്കും.
ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.


 




2016, ജൂൺ 29, ബുധനാഴ്‌ച

Pavakka erisseri






ആവശ്യമുള്ള സാധനങ്ങൾ : 


തുവര പെരുപ്പ്                       : 1/2  കപ്പ്
പാവക്ക (കയ്പക്ക)                  : 1 ചെറുത്‌ 
എണ്ണ                                    : 1 ടീസ്പൂൺ
തേങ്ങ                                  : അര മൂടി 
മുളകുപൊടി                          : 1/2  ടീസ്പൂൺ 
മഞ്ഞപ്പൊടി                         : 1/8  ടീസ്പൂൺ 
ജീരകം                                : ഒരു നുള്ള് 
ഉപ്പ്  ആവശ്യത്തിന് 

വറുത്തിടാൻ :

കടുക്                                    : 1  ടീസ്പൂൺ 
എണ്ണ                                    : 1 ടേബിൾസ്പൂൺ
ചുവന്ന മുളക്                          : 1 രണ്ടായി പൊട്ടിച്ചത് 
കറിവേപ്പില                          : 1 തണ്ട് 
തേങ്ങ ചിരവിയത്                 : 2 ടേബിൾസ്പൂൺ


ചെയ്യുന്ന വിധം:

തേങ്ങ ചിരവി വെക്കുക. കയ്പക്ക കുരു കളഞ്ഞു ചെറിയ കഷ്ണങ്ങളായി മുറിച്ചു വെക്കുക.
 പരുപ്പ് ആവശ്യത്തിനു വെള്ളം ചേർത്തി പ്രഷർ കുക്കറിൽ വേവിച്ചു വെക്കുക.
തേങ്ങ ജീരകം ചേർത്തി നന്നായി അരച്ചു വെക്കുക.
ഒരു ടീസ്പൂൺ എണ്ണയൊഴിച്ചു അരിഞ്ഞ കയ്പക്ക ബ്രൗൺ നിറം വരുന്ന വരെ മൂപ്പിക്കുക.
കയ്പക്ക ഉപ്പും മഞ്ഞപ്പൊടിയും മുളകുപൊടിയും അല്പം വെള്ളം ചേർത്തി വേവിക്കുക. ഇതിൽ വേവിച്ച പരുപ്പ് ഉടച്ചതും  തേങ്ങാ അരച്ചതും ചേർത്തി  ഇളക്കുക. വെള്ളം പാകത്തിന് ഒഴിക്കണം.





 ഇടത്തരം കുറുകിയ കറിയാണിത് . 
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു  ചൂടായതും കടുകു ചേർത്തി പൊട്ടിയതും കറിവേപ്പിലയും രണ്ടായി പൊട്ടിച്ച മുളകും തേങ്ങയും ചേർത്തി  തേങ്ങ ബ്രൗൺ നിറം വരുന്നതു വരെ വറുത്തു കറിയിലേക്കൊഴിക്കുക.  
ചൂടു ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.

2016, മേയ് 8, ഞായറാഴ്‌ച

Vegetable soup

പച്ചക്കറി സൂപ്പ്





ആവശ്യമുള്ള സാധനങ്ങൾ :


കാരറ്റ്                             : 1 
കോളിഫ്ലവർ                   : 1/4 
കാപ്സികും                        : 1/2 
സുക്കിനി                        : 1/2 
ഉള്ളി                              : 1 
വെളുത്തുള്ളി                    : 2 അല്ലി 
വെണ്ണ                            : 1 ടേബിൾസ്പൂൺ 
മൈദ                             : 1 ടേബിൾസ്പൂൺ 
പാല്                              : 2 ടേബിൾസ്പൂൺ 
കോൺഫ്ലവർ                 : 1 ടീസ്പൂൺ 
ഉപ്പു് ആവശ്യത്തിന് 
കുരുമുളകുപൊടി             : 1/2 ടീസ്പൂൺ 


ചെയ്യുന്ന വിധം 

പച്ചക്കറികളെല്ലാം ചെറിയ ചതുര കഷ്ണങ്ങളാക്കി  മുറിക്കുക. 
ഒരു പാനിൽ വെണ്ണ ചൂടാക്കി വെളുത്തുള്ളി ചെറുതായി അരിഞ്ഞതിട്ടു വഴറ്റുക. ഇതിൽ ഉള്ളി അരിഞ്ഞതും ഇട്ടു വഴറ്റി നിറം മാറിതുടങ്ങുമ്പോൾ മൈദയിട്ടു അല്പനേരം  വറുത്ത ശേഷം അരിഞ്ഞുവെച്ച പച്ചക്കറികളിട്ടു  നാല് കപ്പു വെള്ളം ഒഴിച്ച് ഉപ്പും ചേർത്തു നന്നായി വേവിക്കുക. പാലിൽ കോൺഫ്ലവർ കലക്കി സൂപ്പിൽ ചേർക്കുക.
നന്നായി ഒന്നു തിളച്ച ശേഷം വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക. മേലെ കുരുമുളകുപൊടി തൂവി ചൂടോടെ കഴിക്കാം.

2016, ഏപ്രിൽ 20, ബുധനാഴ്‌ച

Cheera mutta thoran


ചീര മുട്ട തോരൻ 




ആവശ്യമുള്ള സാധനങ്ങൾ :


ചീര                                   : 1/2 കെട്ട് 
മുട്ട                                     : 2 എണ്ണം 
ചെറിയ ഉള്ളി                     : 4 എണ്ണം 
പച്ചമുളക്                           : 2 എണ്ണം 
കടുക്                                : 1 ടീസ്പൂൺ 
ഉപ്പു്   ആവശ്യത്തിന് 
എണ്ണ                               : 2 ടേബിൾസ്പൂൺ 


ചെയ്യുന്ന വിധം :




ചീര കഴുകി അരിഞ്ഞു വെക്കുക. മുട്ട അടിച്ചു വെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ  ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിൽ ഉള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞതു ചേർത്തി  വഴറ്റുക. ഇതിൽ ചീര അരിഞ്ഞതും ഉപ്പും ചേർത്തി നന്നായി ഇളക്കണം. ചീര വെന്തു തുടങ്ങുമ്പോൾ മുട്ട അടിച്ചതു ചേർത്തി നന്നായി ഉലർത്തി  എടുക്കുക. 



2016, ഏപ്രിൽ 10, ഞായറാഴ്‌ച

Nei payasam

 നെയ്‌ പായസം 

 നെയ്‌ പായസം സാധാരണ അമ്പലങ്ങളിലും മറ്റും നേദിച്ചു പ്രസാദമായി കിട്ടാറുണ്ട്. നല്ല മധുരമുണ്ടാവും. അതുകൊണ്ട് തന്നെ അധികം കഴിക്കാൻ പ്രയാസമാണ്.
നമ്മുടെ രുചിക്കനുസരിച്ച് മുധുരം കൂടുകയോ കുറയ്ക്കുകയോ ചെയ്യാം.




ആവശ്യമുള്ള സാധനങ്ങൾ :


പച്ചരി                              :1/2 കപ്പ്‌ 
വെല്ലം                              : 1/2 കിലോ 
നെയ്യ്                              : 1/4 കപ്പ്‌ 
അണ്ടിപരുപ്പ്                   : 10 എണ്ണം 


ചെയ്യുന്ന വിധം :


അരി ഒരു കപ്പ്‌ വെള്ളം ചേർത്തി പ്രഷർ കുക്കറിൽ മൂന്ന് വിസിൽ വരുന്നതുവരെ ഇടത്തരം തീയിൽ വേവിക്കുക.
രണ്ടായി മുറിഞ്ഞ പൊടിയരിയും  ഉപയോഗിക്കാം.
വെല്ലം അല്പം വെള്ളത്തിൽ ഉരുക്കാൻ അടുപ്പിൽ വെക്കുക. വെല്ലം അലിഞ്ഞാൽ അടുപ്പിൽ നിന്നും മാറ്റി  അരിച്ചെടുക്കുക.  അരിച്ചെടുത്ത വെല്ലം വേവിച്ച അരിയിലേക്കൊഴിക്കുക. 

 

നന്നായി ഇളക്കി ചെറിയ തീയിൽ വേവിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി ക്കൊടുക്കണം, കുറേശ്ശെ നെയ്യും ഒഴിച്ച് കൊടുക്കണം.  ഏലക്കാപ്പൊടി ചേർത്തി നന്നായി ഇളക്കണം.
പായസം കട്ടിയായി തുടങ്ങുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക. ഒരു ടേബിൾ സ്പൂൺ  നെയ്യിൽ അണ്ടിപരുപ്പ് പൊട്ടിച്ചിട്ട് ഇളം ബ്രൌൺ നിറം ആവുന്നതു വരെ വറുക്കുക.  നെയ്യോടുകൂടി പായസത്തിൽ ഒഴിക്കുക. ആറുമ്പോൾ ഒന്നുകൂടി കട്ടിയാവും.




Carrot burfi


കാരറ്റ് ബർഫി




ആവശ്യമുള്ള സാധനങ്ങൾ :


കാരറ്റ്                            : 3 എണ്ണം 
പാൽ പൊടി                  : 1/2 കപ്പ്‌ 
പഞ്ചസാര                      : 1/2 കപ്പ്‌ 
നെയ്യ്                             : 2 ടേബിൾസ്പൂൺ 
ബദാം                            : 10 എണ്ണം 
ഏലക്കപൊടി                : 1/4 ടീസ്പൂൺ


ചെയ്യുന്ന വിധം 


കാരറ്റ് കഴുകി  ചീകി വെക്കുക.
ഒരു നോൺ സ്റ്റിക്  പാനിൽ നെയ്യൊഴിച്ച് ചൂടാക്കി ചീകിയ കാരറ്റ് ചേർത്തി ഒരു എട്ടോ പത്തോ മിനിട്ടു നേരം ഇടത്തരം തീയിൽ വഴറ്റുക. 
ഇനി പാൽ പൊടി ചേർത്തി നന്നായി ഇളക്കുക. 




ഒരു മിനിട്ടിനു ശേഷം പഞ്ചസാരയും എലാക്കാപ്പൊടിയും  ചേർത്തി നന്നായി ഇളക്കണം. ചെറിയ തീയിൽ പാത്രത്തിൽ നിന്നു വിട്ടു വരുന്നതു വരെ ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കണം.



ഒരു പരന്ന പാത്രത്തിൽ അല്പം നെയ്യ്‌ തടവി ഈ മിശ്രിതം അതിൽ ഒപ്പം പരത്തുക. ബദാം നീളത്തിൽ അരിഞ്ഞതും മേലെ തൂകി അമർത്തുക.



 അൽപ നേരം കഴിഞ്ഞു തണുത്തു തുടങ്ങുമ്പോൾ ഒരു കത്തി കൊണ്ട് ചതുര കഷ്ണങ്ങളായി മുറിച്ചെടുക്കുക.
ഞാൻ ഒരു പരന്ന പാത്രത്തിൽ aluminium foil വെച്ച് അതിൽ നെയ്യു തടവി അതിലാണ് കാരറ്റ് മിശ്രിതം പരത്തിയത്. ആറിയ ശേഷം മുറിച്ചു ഒരു കിണ്ണത്തിലേക്കു കമഴ്ത്തി എടുത്തു.





 ആറിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.