2013, ഡിസംബർ 30, തിങ്കളാഴ്‌ച

Chena Payar Mezhukkuperatti

ചേന പയർ മെഴുക്കുപുരട്ടി 



ആവശ്യമുള്ള സാധനങ്ങൾ 

ചേന              : 200 ഗ്രാം
പച്ചപയർ       : 100 ഗ്രാം 
ചെറിയ ഉള്ളി : 10 എണ്ണം 
പച്ചമുളക്       : 3 എണ്ണം 
വെളിച്ചെണ്ണ   : 3 ടേബിൾസ്പൂണ്‍ 
ഉപ്പു്               : ആവശ്യത്തിന് 
മഞ്ഞപൊടി  : 1/4 ടീസ്പൂണ്‍ 

ചെയ്യുന്ന വിധം 

ചേന ഒരിഞ്ചു നീളത്തിൽ അധികം ഘനമില്ലതെ അരിഞ്ഞു കഴുകിവെക്കുക.
പയർ ഒരിഞ്ചു നീളത്തിൽ മുറിച്ചു കഴുകി വെക്കുക.
ഒരു പാത്രത്തിൽ ചേനയും പയറും അല്പം മഞ്ഞപൊടിയും  ചേർത്തു അല്പം വെള്ളത്തിൽ വേവിക്കുക. അരവേവാകുമ്പോൾ ഉപ്പു ചേർക്കുക. വെള്ളം പോരെങ്കിൽ ഒഴിക്കണം.
വെന്തശേഷം വെള്ളം ജാസ്തി ഉണ്ടെങ്കിൽ ഒഴിച്ചുകളയുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഉള്ളി നീളത്തിലരിഞ്ഞു ചേർക്കുക. ഒന്ന് വതക്കിയ ശേഷം പച്ചമുളക് രണ്ടായി കീറിയതും ചെർത്തി ചേനയും പയറും ഇട്ടു ഇളക്കുക. ചെറിയ തീയിൽ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുത്ത് ചെറുതായി മൊരിയിച്ചെടുക്കുക.



2013, ഡിസംബർ 29, ഞായറാഴ്‌ച

Idichakka(raw jack friut) Thoran

ഇടിച്ചക്ക  തോരൻ 




ആവശ്യമുള്ള സാധാനങ്ങൾ 

ഇടിച്ചക്ക                  : ഒരു പാതി 
കടുക്                       : 1 ടീസ്പൂണ്‍ 
ഉഴുന്നുപരുപ്പ്             : 1 ടീസ്പൂണ്‍
വറ്റൽ മുളക്              : 2 എണ്ണം 
തേങ്ങ                      : 1/2 കപ്പ്‌ 
ഉപ്പു്  കുറച്ച് 
എണ്ണ                       : 2 ടേബിൾസ്പൂണ്‍ 
കറിവേപ്പില 


ചെയ്യുന്ന വിധം  

ഇടിച്ചക്ക കുറച്ചു വലിയ കഷ്ണങ്ങളായി മുറിക്കുക. അല്പം വെള്ളവും, ഉപ്പും മഞ്ഞപൊടിയും ചേർത്തി വേവിക്കുക



വെന്ത ശേഷം ഒരു മത്തെടുത്തു  ഉടക്കുക. അല്ലെങ്കിൽ  അമ്മിയിൽ ഒന്നുചതക്കുക.മിക്സിയിൽഒന്നുതിരിച്ചാലുംമതി.ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടായ ശേഷം കടുകിട്ടു  പൊട്ടിയാൽ മുളക് രണ്ടായി പൊട്ടിച്ചതും ഉഴുന്ന്പരുപ്പും കറിവേപ്പിലയും ചേർക്കുക. ഇതിൽ ചതച്ച ചക്കയും ചേർത്തി  നന്നായി ഇളക്കുക. ചെറിയ തീയിൽ ഇടക്കിടക്ക് ഇളക്കി കൊടുത്ത ശേഷം തേങ്ങ ചേർത്തി ഇളക്കിയ ശേഷം അടുപ്പിൽ നിന്നും വാങ്ങി വെക്കുക. കറിവേപ്പില  ചേർക്കുക.



2013, ഡിസംബർ 23, തിങ്കളാഴ്‌ച

Mini idli

മിനി ഇഡ്ഡലി 



മിനി ഇഡ്ഡലി സാധാരണ ഇഡ്ഡലി പോലെ തെന്നെയാണ് ഉണ്ടാക്കുന്നത്.   ഇഡ്ഡലി ഉണ്ടാക്കുന്നതു ചെറിയ കുഴികളുള്ള പാത്രത്തിലാണ് .  മിനി ഇഡ്ഡലി സാമ്പാറിൽ ഇട്ടുവെച്ചു സാമ്പാർ ഇഡ്ഡലി എന്ന പേരിലും ഇതു കിട്ടും.
ഇഡ്ഡലി മാവ് മിനി ഇഡ്ഡലി തട്ടിൽ ഒഴിച്ചുവെച്ച്  ഇഡ്ഡലി കുക്കറിൽ അല്ലെങ്കിൽ പ്രഷർ കുക്കറിൽ ഒരു 15 മിനിട്ടോളം വേവിക്കുക.


ഒരു ചെറിയ സ്പൂണ്‍ ഉപയോഗിച്ച് തട്ടിൽ നിന്നും ഇഡ്ഡലിയെടുക്കുക. സാമ്പാറിൽ  ഇട്ടു കഴിക്കാനും നന്നായിരിക്കും.



                                 

                                    ഇഡ്ഡലി പൊടിയിൽ ഇട്ടും ഈ ഇഡ്ഡലി കഴിക്കാൻ  നന്നായിരിക്കും.!



2013, ഡിസംബർ 21, ശനിയാഴ്‌ച

Kootu curry

കൂട്ടുകറി

കറി  പലരും കറുത്ത കടല ചേർത്താണ്  ഉണ്ടാക്കുന്നത്‌. പക്ഷെ എന്റെ അമ്മ കടലപരുപ്പാണ് ഉപയോഗിക്കാറുള്ളത്. എനിക്കും ആ കറിയാണ് ഇഷ്ടം. അതുകൊണ്ട് ഇതിൽ ഞാനും കടലപരുപ്പാണ്  ഉപയോഗിച്ചിരിക്കുന്നത് .



ആവശ്യമുള്ള സാധനങ്ങൾ 

ചേന                             : ഒരു കപ്പ്‌ 
കുമ്പളങ്ങ                       : ഒരു കപ്പ് 
കടല പരുപ്പ്                  : 1/2 കപ്പ്‌   
മുളകുപൊടി                   : 1 ടീസ്പൂണ്‍ 
മഞ്ഞപ്പൊടി                  : 1/4 ടീസ്പൂണ്‍
തേങ്ങ                           : 2 കപ്പ്‌ 
ജീരകം                          : ഒരു നുള്ള് 
ഉപ്പു്                               : ആവശ്യത്തിന് 
കടുക്                            : 1 ടീസ്പൂണ്‍ 
വറ്റൽ മുളക്                   : 2 എണ്ണം 
എണ്ണ ആവശ്യത്തിന്
കുരുമുളകു പൊടി           : 1 ടീസ്പൂണ്‍ 
കറിവേപ്പില                 : 1 തണ്ട്




ചെയ്യുന്ന വിധം 


പ്രഷർ കുക്കറിൽ അര കപ്പ്‌ വെള്ളമൊഴിച്ച് കഴുകിയ കടലപരുപ്പിട്ടു 2 വിസിൽ വന്നാൽ തീ ഓഫ്‌ ചെയ്യുക. അധികം ഉടഞ്ഞുപോകരുത്.
ഒന്നര കപ്പ്‌ തേങ്ങ ജീരകം ചേർത്ത് അരച്ചുവെക്കുക.
ചേനയും കുമ്പളങ്ങയും ചതുര കഷ്ണങ്ങളാക്കി മുറിച്ചു കഴുകി വെക്കുക.
ആദ്യം ചേന വേവാനിടുക. പ്രഷർ കുക്കറിൽ ആയാലും മതി. അധികം വെള്ളം ചേർക്കരുത്‌ ,ഉടഞ്ഞുപോകാതെ നോക്കണം.   അരവേവാകുമ്പോൾ കുമ്പളങ്ങയും,  ഉപ്പും, മഞ്ഞപ്പൊടിയും,  മുളകുപൊടിയും ചേർത്തി  വീണ്ടും വേവിക്കുക.  ഇതിൽ തേങ്ങ അരച്ചതും ചേർത്തി ഇളക്കി, വേവിച്ചു വെച്ച കടലപരുപ്പ് വെള്ളമില്ലാതെ ചേർത്തുക. കറിവേപ്പിലയും ഇട്ടു തീയിൽ  നിന്നും മാറ്റി വെക്കുക.


ഒരു ഉരുളിയിൽ 2 ടേബിൾസ്പൂണ്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടുമ്പോൾ മുളക് രണ്ടായി പൊട്ടിച്ചതും കറിവേപ്പിലയും ഇടുക.



ഇതിൽ ബാക്കി അര കപ്പ്‌ തേങ്ങ ചിരകിയതും ചേർത്തി നന്നായി നിറം മാറി വരുന്നത് വരെ വറുക്കുക.


                                      ഇളം ബ്രൌണ്‍ നിറമായാൽ കറി ഇതിൽ ചേർത്തുക.



കുറച്ചു കുരുമുളകുപൊടി വിതറി  ഇടയ്ക്കിടക്ക്  എണ്ണയൊഴിച്ച് ചെറുതീയിൽ കുഴഞ്ഞുപോകാതെ ഇളക്കുക.    ബ്രൌണ്‍ നിറമായാൽ അടുപ്പിൽ നിന്നും വാങ്ങിവെക്കുക.

       



കറി ഇങ്ങിനെ ഉണ്ടാക്കുമ്പോൾ അധികം എണ്ണ  ഉപയോഗിക്കേണ്ടി വരും. അധികം എണ്ണ  കഴിക്കാൻ താല്പര്യമില്ലെങ്കിൽ കടുകു വറുക്കുമ്പോൾ തേങ്ങയും ചേർത്തി ബ്രൌണ്‍ നിറമായാൽ കറിയിൽ ചേർത്തി  കരിവേപ്പില ഇട്ടു ഉപയോഗിക്കാം. 



2013, ഡിസംബർ 20, വെള്ളിയാഴ്‌ച

Mutta Bajji

മുട്ട ബജ്ജി 



ആവശ്യമുള്ള സാധനങ്ങൾ 

മുട്ട പുഴുങ്ങിയത്                    : 4 എണ്ണം 
ബജ്ജി മിക്സ്‌                        :1/2  പാക്കെറ്റ് 
എണ്ണ                                  : വറുക്കാൻ ആവശ്യത്തിന് 


ചെയ്യുന്ന വിധം 
മുട്ട പുഴുങ്ങിയത് രണ്ടായി മുറിച്ചു വെക്കുക.


ബജ്ജി മിക്സ്‌ കുറച്ചു വെള്ളത്തിൽ കലക്കി വെക്കുക. മാവ് കുറുകിയ പാകത്തിലായിരിക്കണം.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, മുട്ട ഓരോ പകുതിയും മാവിൽ മുക്കി ചൂടായ എണ്ണയിൽ പോരിച്ചെടുക്കുക.



                             




2013, ഡിസംബർ 19, വ്യാഴാഴ്‌ച

Meen curry in coconut milk


തേങ്ങാപാൽ ചേർത്ത  മീൻ  കറി 


ആവശ്യമുള്ള സാധനങ്ങൾ 


മീൻ കഷ്ണങ്ങൾ                          : 6 എണ്ണം 
(നെയ്മീൻ, ആവോലി പോലെയുള്ള മീൻ കഷ്ണങ്ങൾ)
കാശ്മീരി മുളകുപൊടി                  : 2 ടേബിൾസ്പൂണ്‍ 
മല്ലിപ്പൊടി                                 : 1 ടേബിൾസ്പൂണ്‍
മഞ്ഞപ്പൊടി                              : 1/4 ടീസ്പൂണ്‍
വലിയ ഉള്ളി                              : 1 എണ്ണം 
ചെറിയ ഉള്ളി                             : 6 എണ്ണം 
ഇഞ്ചി                                        : 1" കഷ്ണം 
വെളുത്തുള്ളി                               : 5 അല്ലി 
പച്ചമുളക്                                    : 2 എണ്ണം 
തക്കാളി                                     : 1 എണ്ണം 
പുളി                                           : ഒരു ചെറിയ നാരാങ്ങയോളം 
തേങ്ങാപാൽ                              : 1 കപ്പ്‌ 
ഉപ്പു്                                            :ആവശ്യത്തിന് 
നാരങ്ങനീര്                                : 1 ടേബിൾസ്പൂണ്‍ 
എണ്ണ                                         : 3 ടേബിൾസ്പൂണ്‍ 


ചെയ്യുന്ന വിധം 

മീൻ  കഷ്ണങ്ങൾ  കഴുകി അല്പം ഉപ്പും,കുറച്ചു മഞ്ഞപ്പൊടിയും, നാരങ്ങനീരും പുരട്ടി വെക്കുക.
വലിയ ഉള്ളി ഘനമില്ലാതെ അരിഞ്ഞു വെക്കുക. ചെറിയ ഉള്ളി രണ്ടായി കീറിവെക്കുക . വെളുത്തുള്ളി നീളത്തിൽ അരിഞ്ഞുവെക്കുക. ഇഞ്ചി അരിഞ്ഞു വെക്കുക.
പച്ചമുളക്  നീളത്തിൽ കീറി വെക്കണം.
പുളി വെള്ളത്തിലിട്ടു 20 മിനിട്ടു  വെച്ച ശേഷം പിഴിഞ്ഞെടുത്തു വെക്കുക.




ഒരു ഉരുളി അടുപ്പിൽ വെച്ച് ചൂടായ ശേഷം എണ്ണയൊഴിക്കുക. ഇതിൽ വെളുത്തുള്ളി അരിഞ്ഞതിട്ടു വഴറ്റുക. പിന്നെ ചെറിയ ഉള്ളി അരിഞ്ഞതും, വലിയ ഉള്ളി അരിഞ്ഞതും, ഇഞ്ചി അരിഞ്ഞതും, പച്ചമുളകു കീറിയതും ഇതിലിട്ടു വീണ്ടും വഴറ്റുക. ഇതിൽ മുളക് പൊടിയും, മല്ലിപൊടിയും,മഞ്ഞപൊടിയും, എല്ലാം ചേർത്ത് വീണ്ടും വഴറ്റുക. തക്കാളി ചേർത്തി ഒരിക്കൽക്കൂടി വഴറ്റിയ ശേഷം പുളി വെള്ളവും ഉപ്പും ചേർക്കുക.
2 മിനിട്ടു  തിളപ്പിച്ച ശേഷം മീൻ  ചേർക്കുക.ചെറിയ തീയിൽ മീൻ  ഉടഞ്ഞുപോകാതെ തിളപ്പിക്കുക.
ഇതിൽ തേങ്ങാപാൽ ചേർത്തി 1 മിനിട്ടു തിളപ്പിച്ച ശേഷം തീയിൽ  നിന്നും മാറ്റുക. കറിവേപ്പില  ഇടുക.
ചൂടുള്ള ചോറിനൊപ്പം കഴിക്കാൻ നല്ല സ്വാദുണ്ടാവും!!


        

2013, ഡിസംബർ 18, ബുധനാഴ്‌ച

Gothambu Kanji

ഗോതമ്പു കഞ്ഞി 


ആവശ്യമുള്ള സാധനങ്ങൾ 

ഗോതമ്പരി                        : അര കപ്പ്‌ 
ചെറുപയർ പരുപ്പ് 
(തോലോടുകൂടി)                 : 1/4 കപ്പ്‌ 
തേങ്ങ ചിരകിയത്             : 1/2   കപ്പ്‌ 
ഉപ്പ്                                   : ആവശ്യത്തിന് 

ചെയ്യുന്ന വിധം 

ഗോതമ്പരിയും ചെറുപയറും നന്നായി കഴുകി 4 കപ്പ്‌ വെള്ളത്തിൽ ഒരു പ്രഷർ കുക്കറിൽ വേവിക്കുക.  തണുത്ത ശേഷം കുക്കർ തുറന്ന്  വെള്ളം പോരെങ്കിൽ അല്പം തിളച്ച വെള്ളം ഒഴിച്ച് ഒന്നുകൂടി തിളപ്പിക്കുക. ഇതിൽ തേങ്ങ ചിരകിയതും ഉപ്പും ചേർത്ത്‌,  പുഴിക്കിന്റെ കൂടെ കഴിക്കാം.
ചിലർക്ക് പാലൊഴിച്ചു കഴിക്കുന്നതാണിഷ്ടം. 






2013, ഡിസംബർ 17, ചൊവ്വാഴ്ച

Koova payasam


കൂവ പായസം 


തിരുവാതിര  ദിവസം പ്രത്യേകിച്ചുണ്ടാക്കുന്ന   വിഭവമാണ് കൂവ (arrowroot).  പണ്ടൊക്കെ പറമ്പിൽ  തന്നെ ഉണ്ടാക്കാറുണ്ട്. മുള്ളങ്കി  പോലെ വെളുത്ത ഒരു കിഴങ്ങാണ്‌ കൂവ. 

നവംബർ,ഡിസംബർ മാസങ്ങളിൽ ഇതു കിളച്ചെടുത്തു കഴുകി അരച്ച് ഒരു തുണിയിൽ കെട്ടി തൂക്കി വെച്ചാൽ അതിന്റെ വെള്ളം ഇറ്റു വീഴും. ആ വെള്ളം മെല്ലെ ഊറ്റി  കളഞ്ഞ് ആ മാവിനെ ഉണക്കി വെക്കുന്നതാണ് കൂവപ്പൊടി. ഇത് വയറിന് എന്തെങ്കിലും അസുഖം വന്നാൽ കാച്ചി കഴിക്കും. ദേഹത്തിനു തണുപ്പുള്ള സാധനമാണ് കൂവ.
ഇന്ന് നേരെ മാർക്കെറ്റിൽ നിന്നും ഈ പൊടി  വാങ്ങാൻ കിട്ടും.
ഈ പൊടി, വെല്ലം, പഴം, തേങ്ങ ചിരകിയത് എല്ലാം ഇട്ടു കുറുക്കി എടുക്കുന്നതാണ് കൂവ പായസം. അതിന്റെ  കൂടെ പപ്പടം കാച്ചിയതും കൂട്ടി രാവിലെ കഴിക്കും.

ആവശ്യമുള്ള സാധനങ്ങൾ 
കൂവപ്പൊടി                    : 1 കപ്പ്‌ 
വെള്ളം                         : മൂന്നര കപ്പ്‌ 
വെല്ലം                          : 6 അച്ച് 
തേങ്ങ ചിരകിയത്        : 3/4  കപ്പ്‌ 
അണ്ടിപരുപ്പ്                : 6 എണ്ണം (optional)



ചെയ്യുന്ന വിധം 

ഒരു അടികട്ടിയുള്ള പാത്രത്തിൽ  വെള്ളമൊഴിച്ച് വെല്ലം അലിയിക്കാനിടുക . ഇതിൽ കൂവപ്പൊടി ഇട്ടു നന്നായി ഇളക്കി പഴം ഘനമില്ലതെ നുറുക്കിയതും തേങ്ങ ചിരകിയതും  ഇട്ട് അടുപ്പിൽ വെക്കുക.

തുടരെ ഇളക്കികൊണ്ടിരിക്കണം. കുറച്ചുകഴിയുമ്പോൾ വെളുത്ത നിറം മാറി transparent ആകും. കട്ടിയായി തുടങ്ങുമ്പോൾ സ്റ്റൗവിൽ നിന്നും  ഇറക്കിവെക്കുക. അണ്ടിപരുപ്പ് നെയ്യിൽ വറുത്തു കൊട്ടി ചൂടോടെയോ അല്ലാതെയോ പപ്പടം കൂട്ടി കഴിക്കാം.




2013, ഡിസംബർ 16, തിങ്കളാഴ്‌ച

Fish in Banana Leaf

മീൻ  വാഴയിലയിൽ പൊതിഞ്ഞത് 

ആവശ്യമുള്ള സാധനങ്ങൾ 


മീൻ (ദശകട്ടിയുള്ള ഏതെങ്കിലും മീൻ)   : 3 കഷ്ണം 
തേങ്ങ                                                  : 2 കപ്പ്‌ 
മല്ലിയില                                             : 1/2 കെട്ട് 
പച്ചമുളക്                                             : 3 എണ്ണം 
ഇഞ്ചി                                                  : 1" കഷ്ണം 
വെളുത്തുള്ളി                                    : 2 അല്ലി 
നാരങ്ങനീര്                                         : 1 ടേബിൾസ്പൂണ്‍
ഉപ്പ്‌                                                     : ആവശ്യത്തിന് 
മഞ്ഞപ്പൊടി                                        : 1 നുള്ള് 
വാഴയില                                             : 3 കഷ്ണം 
എണ്ണ                                                      : 3 ടേബിൾസ്പൂണ്‍     



ചെയ്യുന്ന വിധം 



മീൻ (അയ്കോറ, ആവോലി  ഇതുപോലെ ഏതെങ്കിലും ദശകട്ടിയുള്ള മീൻ) ഒരിഞ്ചു കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിക്കുക. വൃത്തിയായി കഴുകി ഉപ്പും,മഞ്ഞപ്പൊടിയും അല്പം നാരങ്ങനീരും പുരട്ടി 20 മിനിട്ട് വെക്കുക.


ഒരു നോണ്‍സ്റ്റിക്  പാനിൽ ഒരു ടേബിൾ സ്പൂണ്‍ എണ്ണയൊഴിച്ചു  ചൂടാക്കി അതിൽ മീൻ ചെറുതായി ഒന്നു വറക്കുക, അരവേവാകുമ്പോഴേക്കും തീ ഓഫ്‌ ചെയ്യണം.
മല്ലിയില നന്നായി കഴുകി വെക്കുക.
തേങ്ങയും,പച്ചമുളകും, ഇഞ്ചിയും,വെളുത്തുള്ളിയും, മല്ലിയിലയും ചേർത്ത് അരച്ചുവെക്കുക. ഇതിൽ ബാക്കി നാരങ്ങനീരും കലർത്തിവെക്കുക.
വഴയിലയെടുത്തു തീയിൽ  കാട്ടി ഒന്നു വാട്ടുക . അതിൽ അരച്ചു വെച്ച തേങ്ങ മിശ്രിതം കുറച്ചെടുത്ത്  ഇലയുടെ നടുവിൽ പരത്തി അതിനു മേലെ മീൻ  വെക്കുക.


                                  അതിനു ശേഷം കുറച്ചുകൂടി തേങ്ങ അരച്ചത്‌ എടുത്തു മീൻ  പൊതിയുക.

                           
                               എന്നിട്ട് ഇല മടക്കി പൊതിഞ്ഞു വെക്കുക.

                               
                             ബാക്കി മീനും ഇതുപോലെ ഇലയിൽ പൊതിഞ്ഞു വെക്കുക.




 ഒരു പാനെടുത്ത് അടുപ്പിൽവെച്ച് ഒരു ടേബിൾ  സ്പൂണ്‍ എണ്ണയൊഴിച്ചു ചൂടായ ശേഷം ഈ ഇല പൊതിഞ്ഞതെടുത്തു അതിൽ വെച്ച് തിരിച്ചും മറിച്ചും ചൂടാക്കുക. ഇല നിറം മാറിതുടങ്ങുമ്പോൾ തീ ഓഫ്‌ ചെയ്യുക .






പൊതി അഴിച്ച്  ചൂടോടെ കഴിക്കുക.


2013, ഡിസംബർ 15, ഞായറാഴ്‌ച

Mathan mulakushyam

മത്തൻ  മുളകുഷ്യം 



ആവശ്യമുള്ള സാധനങ്ങൾ  

മത്തൻ                           : 1/2 കിലോ 
തുവര പരുപ്പ്                   : 1/2 കപ്പ്‌ 
മഞ്ഞപ്പൊടി                   : 1/2 ടീസ്പൂണ്‍ 
മുളകുപൊടി                    : 1 ടീസ്പൂണ്‍
തേങ്ങ                            : 1 മൂടി 
ജീരകം                           : 1/4 ടീസ്പൂണ്‍ 
കടുക്                              : 1 ടീസ്പൂണ്‍  
വറ്റൽമുളക്                      : 2 എണ്ണം 
ഉപ്പ്‌                                 : ആവശ്യത്തിന് 
കറിവേപ്പില                    : 1 തണ്ട് 
എണ്ണ                              : 1 ടേബിൾസ്പൂണ്‍ 
വെല്ലം                             : ഒരു ചെറിയ കഷ്ണം 

ചെയ്യുന്ന വിധം 

മത്തൻ  1" ചതുരകഷ്ണങ്ങളായി  മുറിക്കുക.
തേങ്ങ ചിരകി ജീരകവും ചേർത്തു അരച്ചുവെക്കുക. 
പരുപ്പ് പ്രഷർ കുക്കറിൽ വേവിക്കുക.ഇതിൽ  മത്തനും   മഞ്ഞപ്പൊടിയും, മുളകുപൊടിയും ഉപ്പും ചേർത്തു  വേവിക്കുക. ഇതിൽ തേങ്ങയും ജീരകവും അരച്ചത്‌ ചേർത്തി  ഒന്ന് കൂടി തിളപ്പിക്കുക. ഇത് ഒരു കുറുകിയ കറിയാണ് അതനുസരിച്ചേ വെള്ളെമോഴിക്കാവൂ.  വെല്ലം ചേർത്തു  വാങ്ങി വെക്കുക.
ചീനച്ചട്ടി അടുപ്പത്തു വെച്ച് എണ്ണയൊഴിചു ചൂടായാൽ കടുക് ചേർത്തു  പൊട്ടിയതിനു ശേഷം മുളക് രണ്ടായിപോട്ടിച്ചതും ചേർത്തി  കറിയിലേക്ക് ഒഴിക്കുക. കറിവേപ്പില ചേർക്കുക.



ഇതിൽ 1/2 കപ്പ്‌ തേങ്ങ ചിരകിയത് ഒരു ടേബിൾ സ്പൂണ്‍ എണ്ണയിൽ കടുക് വറുക്കുമ്പോൾ തന്നെ ഇളം ബ്രൌണ്‍ നിറമാവുന്നത് വരെ വറുത്തതു ചേർത്താൽ  മത്തൻ എരിശ്ശേരിയായി!!



 

Vazhakka Bajji

വാഴക്ക ബജ്ജി  

ബജ്ജി സാധാരണയായി കടലമാവിലാണ് ഉണ്ടാക്കുന്നത്‌.  ഇപ്പോൾ ബജ്ജി മിക്സ്‌ എന്ന് തന്നെ കിട്ടുന്നുണ്ട്‌. കടലമാവിൽ എല്ലാം അവർ തന്നെ മിക്സ്‌ ചെയ്തു തരുന്നുണ്ട്. അതുകൊണ്ട് തന്നെ എളുപ്പവുമാണ്. ഞാൻ MTR ബ്രാൻഡ്‌ ബജ്ജി മിക്സാണ് ഉപയോഗിക്കുന്നത് .

ആവശ്യമുള്ള സാധനങ്ങൾ 

വാഴക്ക                     : 1
ബജ്ജി മിക്സ്‌             : 1/2 പാക്കറ്റ് 
എണ്ണ                       : വറുക്കാൻ ആവശ്യത്തിന് 


ചെയ്യുന്ന വിധം 

വാഴക്ക തോലുകളഞ്ഞ് നീളത്തിൽ ഘനമില്ലാതെ മുറിച്ച് ,അല്പം മഞ്ഞപ്പൊടിയും ചേർത്തു  വെള്ളത്തിൽ ഇട്ടു വെക്കുക.  
ബജ്ജി മിക്സ്‌ എടുത്തു കുറേശ്ശെ വെള്ളം ചേർത്തി കുറുകിയ പാകത്തിൽ കലക്കി വെക്കുക.
പത്തു മിനിട്ടിനു ശേഷം വാഴക്ക കഴുകി വാരി വെക്കുക.



 വറുക്കാൻ ആവശ്യത്തിന്  എണ്ണ  ഒരു ചീനച്ചട്ടിയിൽ ചൂടാവാൻ അടുപ്പത്ത് വെക്കുക.  ഓരോ കഷ്ണം വാഴക്കയും ബജ്ജി മാവിൽ രണ്ടു ഭാഗവും മുക്കി എണ്ണയിൽ വറുക്കുക. തിരിച്ചിട്ടു രണ്ടുഭാഗവും മൊരിഞ്ഞു വരുമ്പോൾ കോരിയെടുക്കുക.


നല്ല കട്ടിചട്ണി കൂട്ടി ഈ ബജ്ജി ചായയുടെ കൂടെ നല്ലൊരു നാലുമണി പലഹാരമയിരിക്കും.

ബജ്ജി മിക്സ്‌ ഉപയോഗിക്കാൻ ഇഷ്ടമില്ലെങ്കിൽ  2 കപ്പ്‌ കടലമാവിൽ ആവശ്യത്തിനു ഉപ്പും, 1 ടീസ്പൂണ്‍ മുളകുപൊടിയും, അല്പം കായപൊടിയും ഒരു നുള്ള് ആപ്പ സോഡയും ചേർത്തി കുറേശ്ശെ വെള്ളമൊഴിച്ച് കുറുകിയ പാകത്തിൽ കലക്കി വാഴക്ക മുക്കി എണ്ണയിൽ പൊരിച്ചെടുക്കുക. 

 


2013, ഡിസംബർ 13, വെള്ളിയാഴ്‌ച

Kaalan

കാളൻ 



കാളൻ  ഒരു കേരളീയ വിഭവമാണ്.  തൈരും  നാളികേരവുമാണ് ഇതിൽ പ്രധാന ചേരുവ. കുമ്പളങ്ങ,ചേന, വാഴക്ക, മാങ്ങാപഴം എന്നിവ കൊണ്ടെല്ലാം കാളൻ ഉണ്ടാക്കാവുന്നതാണ് . മാങ്ങാപഴം കാളനിൽ കുറച്ചു മധുരവും ചേർത്താറുണ്ട്. 

ആവശ്യമുള്ള സാധനങ്ങൾ  

കുമ്പളങ്ങ                      : 2കപ്പ്‌ ( കുറച്ചു വലിയ ചതുര കഷ്ണങ്ങളായി മുറിച്ചത് )
തേങ്ങ                          : 2 കപ്പ്‌ (ചിരകിയത്)
മുളകുപൊടി                  : 1/4 ടീസ്പൂണ്‍ 
പച്ചമുളക്                      : 4 എണ്ണം
മഞ്ഞപ്പൊടി                 : 1/4 ടീസ്പൂണ്‍ 
ജീരകം                         : 1/4 ടീസ്പൂണ്‍
ഉപ്പ്                              : ആവശ്യത്തിന്
െെതര്                          : ഒന്നര കപ്പ്‌(അല്പം പുളിയുള്ളത് )                                        
കടുക്                           : 1 ടീസ്പൂണ്‍ 
ഉലുവ                           : 1 നുള്ള് 
ചുവന്ന മുളക്                 : 2 എണ്ണം രണ്ടായി പൊട്ടിച്ചത്
എണ്ണ                           : 2 ടേബിൾസ്പൂണ്‍


 ചെയ്യുന്ന വിധം 



കുമ്പളങ്ങ മുറിച്ചു കഴുകി വെക്കുക.
ഒരു അടി ഘനമുള്ള പാത്രത്തിൽ കുമ്പളങ്ങ ഒരു കപ്പ്‌  വെള്ളമൊഴിച്ച്, ആവശ്യത്തിനു ഉപ്പും, മഞ്ഞപ്പൊടിയും, മുളകുപൊടിയും  ചേർത്തി പാത്രം അടച്ചുവെച്ചു വേവിക്കുക.
തേങ്ങ പച്ചമുളകും ജീരകവും കൂടി വെണ്ണ പോലെ അരച്ചുവെക്കുക.
കുമ്പളങ്ങ വെന്തുകഴിഞ്ഞാൽ  തേങ്ങയും പച്ചമുളകും ജീരകവും അരച്ചതു ചേർത്തി  പാകത്തിന്  വെള്ളമൊഴിച്ച്  ഒരു രണ്ടു മിനിട്ടു തിളപ്പിക്കുക. തീ കുറച്ച ശേഷം  െെതര് ഉടച്ചു ചേർത്തുക. തിളക്കും മുൻപ് തന്നെ (തിളച്ചാൽ കൂട്ടാൻ പിരിഞ്ഞുപോകും) ഒന്ന് പതഞ്ഞു വരുമ്പോൾ വാങ്ങിവെക്കുക. കറിവേപ്പില ഇടുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ (വെളിച്ചെണ്ണ ആണെങ്കിൽ കൂടുതൽ നന്ന്)ഒഴിച്ച് ചൂടായാൽ കുടുകിട്ടു പൊട്ടിയ ശേഷം രണ്ടായി പൊട്ടിച്ച മുളകും ഉലുവയും ഇടുക. കറിവേപ്പിലയും ചേർത്ത ശേഷം കാളനിലേക്ക് ഒഴിക്കുക. ഒരു ഇടത്തരം അയവോടെ വേണം കൂട്ടാൻ.  ചൂടുള്ള ചോറിന്റെ കൂടെ കഴിച്ചാൽ നന്നായിരിക്കും.





ഇതുപോലെ തന്നെയാണ് മാമ്പഴ കാളനും ഉണ്ടാക്കുന്നത്. മാമ്പഴം എടുത്ത്  രണ്ടു ഭാഗവും മുറിച്ചു അണ്ടിയോടെ കാളനിൽ വേവിക്കാനിടും.മാമ്പഴം വെന്ത ശേഷം അല്പം വെല്ലം കൂടി ചേർത്താറുണ്ട്. ബാക്കി എല്ലാം കുമ്പളങ്ങ കാളൻ  പോലെ തന്നെ ചെയ്യുക.


2013, ഡിസംബർ 11, ബുധനാഴ്‌ച

Meen Puli

മീൻ പുളി 



ആവശ്യമുള്ള സാധനങ്ങൾ 


മത്തി                      : 1/2  കിലോ 
മുളകുപൊടി             : 2 ടേബിൾസ്പൂണ്‍ 
മല്ലിപൊടി               : 1 ടേബിൾസ്പൂണ്‍ 
മഞ്ഞപ്പൊടി            : 1/4 ടീസ്പൂണ്‍
 ഉലുവ                      : 1/4 ടീസ്പൂണ്‍ 
തേങ്ങ                      : 1/2 മൂടി
പച്ചമുളക്                 :  2 എണ്ണം
പുളി                        : ഒരു ചെറിയ നാരങ്ങയോളം
ചെറിയ ഉള്ളി           : 12 എണ്ണം
ഇഞ്ചി                      : 1 ചെറിയ കഷ്ണം 
വെളുത്തുള്ളി             : 2 അല്ലി 
വെളിച്ചെണ്ണ             : 2 ടേബിൾസ്പൂണ്‍
ഉപ്പ്                         : ആവശ്യത്തിന് 
കറിവേപ്പില             : 2 തണ്ട്


 ചെയ്യുന്ന വിധം 



മീൻ  നന്നായി കഴുകി വൃത്തിയാക്കി വെക്കുക. അല്പം ഉപ്പും മഞ്ഞപ്പൊടിയും നാരങ്ങനീരും പുരട്ടി വെക്കുക.





പുളി 2 കപ്പ്‌ വെള്ളത്തിലിട്ടു 20 മിനിട്ട് വെച്ച ശേഷം പിഴിഞ്ഞെടുത്തു വെക്കുക.
ഒരു ചീനച്ചട്ടിയിൽ (എണ്ണയില്ലാതെ)ഒരു വലിയ നുള്ള് ഉലുവയിട്ടു പൊട്ടുമ്പോൾ തീ കുറച്ച്  മുളകുപൊടിയും, മല്ലിപ്പൊടിയും ചേർത്തി പച്ചമണം മാറുന്നതു വരെ വറക്കുക.






 ഇതിൽ വെളുത്തുള്ളിയും, ഇഞ്ചിയും, 6 ഉള്ളിയും ചേർത്തു നന്നായി അരച്ചു വെക്കുക.
ബാക്കി ഉള്ളി നീളത്തിൽ രണ്ടായി കീറി വെക്കുക.




ഒരു കപ്പ്‌ ചിരകിയ തേങ്ങ നന്നായി അരച്ചുവെക്കുക.




ഒരു ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി അതിൽ നീളത്തിൽ കീറി വെച്ച ഉള്ളിയും, പച്ചമുളകും നന്നായി വഴറ്റുക. ഇതിൽ അരച്ച മസാല ചേർത്തു ഒന്നുകൂടി വഴറ്റി പിഴിഞ്ഞ് വെച്ച പുളിവെള്ളം ചേർത്തു മഞ്ഞപ്പൊടിയും, ഉപ്പും കൂട്ടി  നന്നായി തിളപ്പിക്കുക.




ഇനി അരച്ചുവെച്ച തെങ്ങയൊഴിച്ചു  ഒന്നുകൂടി തിളപ്പിക്കുക. ഇതിൽ കഴുകി വെച്ച മീൻ ഓരോന്നായി മെല്ലെ ഇടുക. അധികം ഇളക്കരുത്, മീൻ പൊടിഞ്ഞു പോകാതെ നോക്കണം.

ചെറിയ തീയിൽ ഒന്നുകൂടി തിളപ്പിച്ചശേഷം തീയിൽ നിന്നും മാറ്റിവെക്കുക. കറിവേപ്പില ചേർക്കുക.