2014, ജനുവരി 31, വെള്ളിയാഴ്‌ച

Suhiyan

സുഹ്യൻ



ആവശ്യമുള്ള സാധനങ്ങൾ 

ചെറുപയർ                 : 1 കപ്പ്‌ 
വെല്ലം                       : 1/4 കിലോ 
തേങ്ങ ചിരകിയത്     : 1 കപ്പ്‌ 
മൈദ                        : 1 കപ്പ്‌ 
അരിപ്പൊടി               : 2 ടേബിൾസ്പൂണ്‍ 
ഏലക്കപ്പൊടി           : 1/8 ടീസ്പൂണ്‍ 
എണ്ണ വറുക്കാൻ ആവശ്യത്തിന് 
ഉപ്പു്                         : ഒരു നുള്ള് 


ചെയ്യുന്ന വിധം 

ചെറുപയർ പ്രഷർ കുക്കറിൽ വെച്ച്  വേവിക്കുക. 
തേങ്ങ ചിരവി വെക്കുക.
വെല്ലം അല്പം വെള്ളം ഒഴിച്ച് അടുപ്പിൽ വെച്ച് തിളപ്പിക്കുക. വെല്ലം അലിഞ്ഞാൽ അടുപ്പിൽ നിന്നും മാറ്റി അരിച്ചെടുക്കുക. വീണ്ടും അടുപ്പിൽ വെച്ച് തിളപ്പിച്ച്‌ പാവാക്കുക. അതിനുശേഷം തേങ്ങയും ചെറുപയറും അതിൽ ഇട്ട് കട്ടിയാകുന്നതു വരെ അടുപ്പിൽ വെച്ച് ഇളക്കുക.
ഏലക്കപ്പൊടിയും ചേർത്തി ഇളക്കണം.


തീയിൽ നിന്നും മാറ്റി ഒന്ന് ആറിയ ശേഷം നാരങ്ങ വലുപ്പത്തിലുള്ള ഉരുളകളാക്കുക.

മൈദയും അരിപ്പൊടിയും ഒരു നുള്ളു ഉപ്പും അല്പം വെള്ളവും ചേർത്തി കുറച്ചു കട്ടിയോടെ കലക്കി വെക്കുക.


            
                       ഈ മാവിൽ ഓരോ ഉരുളകളായി മുക്കി എണ്ണയിൽ വറുത്തെടുക്കുക










ബാക്കി ഉരുളകളും ഇതുപോലെ മാവിൽ മുക്കി പൊരിച്ചെടുക്കുക. നല്ല സ്വാദുള്ള ഒരു നാലുമണി പലഹാരമാണ് ഇതു് .


2014, ജനുവരി 30, വ്യാഴാഴ്‌ച

Ada dosa

അട ദോശ 



ആവശ്യമുള്ള സാധനങ്ങൾ 

പുഴുങ്ങലരി              : 1 കപ്പ്‌ 
പച്ചരി                    : 1/2 കപ്പ്‌ 
കടലപരുപ്പ്            : 1/4 കപ്പ്‌ 
ഉഴുന്നുപരുപ്പ്           : 2ടേബിൾസ്പൂണ്‍ 
ഉലുവ                     : 1ടീസ്പൂണ്‍ 
കായപ്പൊടി           : 1/8ടീസ്പൂണ്‍ 
ചെറിയ ഉള്ളി        : 5 എണ്ണം 
വറ്റൽ മുളക്           : 2 എണ്ണം 
കുരുമുളക്              : 1/2 ടീസ്പൂണ്‍ 
ജീരകം                 : ഒരു നുള്ള് 
കറിവേപ്പില          : 1 തണ്ട് 
ഉപ്പു് ആവശ്യത്തിന് 

 ചെയ്യുന്ന വിധം   

അരിയും, കടലപരുപ്പും, ഉഴുന്നും ഉലുവയും കൂടി 2 മണിക്കൂർ  കുതിർത്താനിടുക.
കുതിർന്ന  ശേഷം മിക്സിയിൽ അധികം അരയാതെ അരച്ചെടുക്കുക. പകുതി അരയുമ്പോൾ മുളകും, ഉള്ളിയും, കറിവേപ്പിലയും, കായവും, കുരുമുളകും, ജീരകവും ഇട്ട് ഒന്നു കൂടി അരക്കുക. മാവ് അധികം ഇടത്തരം അയവോടെ ആയിരിക്കണം. അധികം വെള്ളം പാടില്ല. വേണമെങ്കിൽ അല്പം മുരിങ്ങയിലയും ഇടാം.

ഒരു ദോശകല്ല്‌  അടുപ്പിൽ വെച്ച് ചൂടായ ശേഷം ഒരു കയിൽ മാവൊഴിച്ച് പരത്തി അല്പം എണ്ണ അരികിലൂടെ ഒഴിച്ചു കൊടുക്കുക.

 മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് ഒന്നു  കൂടി മൊരിക്കുക. കട്ടിയുള്ള തേങ്ങചട്ണിയോ  വതക്കിയ ഉള്ളി ചമ്മന്തിയോ കൂട്ടി  കഴിക്കാം. 


2014, ജനുവരി 29, ബുധനാഴ്‌ച

Aappam


ആപ്പം



ആവശ്യമുള്ള സാധനങ്ങൾ 

പച്ചരി                  : 2 കപ്പ്‌
ചോറ്                  : 1/2 കപ്പ്‌
ഉഴുന്നുപരുപ്പ്         : 1ടേബിൾസ്പൂണ്‍
സോഡാപ്പൊടി    : ഒരു നുള്ള്
നാളികേരവെള്ളം :  1/2 കപ്പ്‌ (optional)

ചെയ്യുന്ന വിധം 


പച്ചരിയും ഉഴുന്നും വേറെ വേറെ രണ്ടു മണിക്കൂർ കുതിർത്താനിടുക.
രണ്ടും ചേർത്ത് അരക്കുക. ഇതിന്റെ കൂടെ ചോറും ചേർത്ത്  ദോശ  മാവിന്റെ പാകത്തിൽ നന്നായി അരക്കുക.
ആറു മണിക്കൂർ  നേരം പുളിക്കാൻ വെക്കുക.







അതിനു ശേഷം ഉപ്പും അല്പം സോഡാപ്പൊടിയും ചേർത്തു നന്നായി ഇളക്കുക.  നാളികേരം ഉടക്കുമ്പോൾ വെള്ളം എടുത്തു വെച്ച് 1 സ്പൂണ്‍ പഞ്ചസാര ഇട്ടു ഫ്രിഡ്ജിൽ വെക്കുക. ഈ വെള്ളം മാവിൽ  ചേർത്ത് ദോശമാവിന്റെ പാകത്തിൽ കലക്കുക.
നാളികേരവെള്ളം ഇല്ലെങ്കിലും കുഴപ്പമില്ല.  പാകത്തിനു വെള്ളം ചേർത്തു കലക്കിയാൽ മതി. ഒരു ആപ്പച്ചട്ടി അല്ലെങ്കിൽ ചീനച്ചട്ടി (നോണ്‍സ്റ്റിക് ആണെങ്കിൽ നല്ലതു് ) അടുപ്പിൽ വെച്ച് ചൂടായ ശേഷം ഒരു കയിൽ മാവെടുത്ത്‌ ഒഴിച്ച് ആപ്പചട്ടി എടുത്തു ചുറ്റി അടുപ്പിൽ വെച്ച്‌  മൂടി വെക്കുക.


തീ കുറച്ച്  ഒരു മിനിട്ട് കഴിഞ്ഞു തുറന്നു നോക്കി ആപ്പത്തിന്റെ നടുവ് വെന്ത ശേഷം പാത്രത്തിൽ നിന്നും മാറ്റുക. ബാക്കി മാവും ഇതുപോലെ ചെയ്ത് ഉരുളകിഴങ്ങ് സ്റ്റു (Potato stew)അല്ലെങ്കിൽ തേങ്ങ ചമ്മന്തി കൂട്ടി കഴിക്കുക.



തേങ്ങ ചമ്മന്തി 
തേങ്ങ               : 1 കപ്പ്‌
പച്ചമുളക്           : 2
ചെറിയ ഉള്ളി     : 4 എണ്ണം
വെളിച്ചെണ്ണ       : 1 ടീസ്പൂണ്‍
ഉപ്പു്  ആവശ്യത്തിന്

ചെയ്യുന്ന വിധം 
തേങ്ങയും പച്ചമുളകും ഉള്ളിയും ഉപ്പും ചേർത്തി  അരക്കുക. മേലെ കുറച്ചു വെളിച്ചെണ്ണ തൂകി ആപ്പത്തിന്റെ  കൂടെ കഴിക്കാം.


 

2014, ജനുവരി 28, ചൊവ്വാഴ്ച

Pineapple pachadi

പൈനാപ്പിൾ  പച്ചടി 






ആവശ്യമുള്ള സാധനങ്ങൾ  

പൈനാപ്പിൾ ചെറിയ
 കഷ്ണങ്ങളാക്കിയത്                 : 1 കപ്പ്‌ 
ഉപ്പു്    ആവശ്യത്തിന് 
മുളകുപൊടി                            : 1/4 ടീസ്പൂണ്‍ 
െെതര്                                    : 1/2 കപ്പ്‌ 
കടുക്                                     : 1/2 ടീസ്പൂണ്‍ 
വറ്റൽമുളക്                              : 2 എണ്ണം
വെളിച്ചെണ്ണ                             : 1ടേബിൾസ്പൂണ്‍     
                                  

അരക്കാൻ 
പച്ചമുളക്                                  : 2 എണ്ണം 
തേങ്ങ ചിരകിയത്                    : 1 കപ്പ്‌ 
കടുക്                                       : 1/2 ടീസ്പൂണ്‍ 

ചെയ്യുന്ന വിധം 

തേങ്ങയും പച്ചമുളകും അരച്ച് അവസാനം കടുകും ചേർത്തി അരക്കണം. കടുക് അധികം അരഞ്ഞാൽ കശക്കും.
പൈനാപ്പിൾ കഷ്ണങ്ങൾ ഉപ്പും മുളകുപൊടിയും അല്പം വെള്ളവും ചേർത്ത് വേവിക്കുക. 
വെന്ത ശേഷം അരച്ച തേങ്ങ ചേർത്തി  ഒന്നു തിളപ്പിക്കുക. അധികം വെള്ളം ചേർക്കരുത്‌. കുറുകിയ കറിയാണിത്.
നല്ല കട്ടിയുള്ള െെതര് ഒന്ന് ഉടച്ച ശേഷം ചേർക്കുക. െെതര് ചേർത്ത  ശേഷം തിളക്കരുത് . അടുപ്പിൽ നിന്നും വാങ്ങി വെച്ച്  കടുകും മുളകും കറിവേപ്പിലയും വറുത്തിടുക. അല്പം മധുരം വേണമെങ്കിൽ ചേർത്താം.


Potato Bonda


ഉരുളകിഴങ്ങു ബോണ്ട 


ആവശ്യമുള്ള സാധനങ്ങൾ

ഉരുളകിഴങ്ങ്‌              : 3 എണ്ണം 
വലിയ ഉള്ളി              : 1 
പച്ചമുളക്                   : 2 എണ്ണം 
ഇഞ്ചി                        : 1/2"കഷ്ണം 
മഞ്ഞപ്പൊടി              : 1/8ടീസ്പൂണ്‍
കറിവേപ്പില              : 1 തണ്ട് 

ഉപ്പു് ആവശ്യത്തിന് 
എണ്ണ പൊരിക്കാൻ ആവശ്യത്തിന് 

കടലമാവ്                  : 1/4 കപ്പ്‌ 
അരിപ്പൊടി               : 2 ടേബിൾസ്പൂണ്‍ 
മുളകുപൊടി               : 1/2 ടീസ്പൂണ്‍ 
കായപ്പൊടി              : ഒരു നുള്ള് 
സോഡാപ്പൊടി         : ഒരു നുള്ള് 

ചെയ്യുന്ന വിധം 

ഉരുളകിഴങ്ങ് പ്രഷർ കുക്കറിൽ ഇട്ടു അല്പം വെള്ളം ഒഴിച്ച് 3 വിസിൽ വരുന്നതു വരെ വേവിക്കുക.  ആറിയ  ശേഷം തോലു കളഞ്ഞ് ഉടച്ചു വെക്കുക.
ഉള്ളിയും, ഇഞ്ഞിയും, പച്ചമുളകും ചെറുതായി അരിഞ്ഞു വെക്കുക.
ഒരു ചീനച്ചട്ടിയിൽ 2 ടേബിൾ സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടായ ശേഷം ഉള്ളിയും ഇഞ്ചിയും പച്ചമുളകും ഇട്ടു വഴറ്റുക. നിറം മാറും  മുമ്പേ കറിവേപ്പിലയും മഞ്ഞപ്പൊടിയും ആവശ്യത്തിനു ഉപ്പും ചേർത്തി ഇളക്കി ഉടച്ചു വെച്ച ഉരുളകിഴങ്ങും ചേർത്തി നന്നായി ഇളക്കി തീയിൽ  നിന്നും മാറ്റി വെക്കുക. ആറിയ ശേഷം വലിയ നാരങ്ങ വലുപ്പത്തിൽ ഉരുളകളാക്കുക.

 ഒരു പാത്രത്തിൽ കടലമാവും, അരിപ്പൊടിയും, ഉപ്പും, മുളകുപൊടിയും, കായപ്പൊടിയും, സോഡാപ്പൊടിയും കുറച്ചു വെള്ളവും ചേർത്തി ദോശ മാവു പരുവത്തിൽ കലക്കി വെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാവാൻ വെക്കുക. തീ കുറച്ച് ഉരുളകൾ ഓരോന്നായി കലക്കി വെച്ച മാവിൽ മുക്കി ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക.
തേങ്ങ ചട്ണി കൂട്ടി കഴിക്കാൻ നന്നായിരിക്കും.



2014, ജനുവരി 24, വെള്ളിയാഴ്‌ച

Cauliflower soup

കോളിഫ്ലവർ സൂപ്പ് 



ആവശ്യമുള്ള സാധനങ്ങൾ 
കോളിഫ്ലവർ               : 1/2 
മുട്ടക്കോസ്  (cabbage )   
അരിഞ്ഞത്                : 1/4 കപ്പ്‌ 
വലിയ ഉള്ളി              : 1/2 
വെളുത്തുള്ളി               : 2 അല്ലി 
പാല്                         :1/4 കപ്പ്‌ 
മൈദ                         : 1 ടേബിൾസ്പൂണ്‍ 
ഉപ്പു് ആവശ്യത്തിന് 
കുരുമുളകുപൊടി         : 1/2 ടീസ്പൂണ്‍ 
വെണ്ണ                       : 1 ടേബിൾസ്പൂണ്‍
എണ്ണ                        : 1 ടീസ്പൂണ്‍ 


ചെയ്യുന്ന വിധം 

കോളിഫ്ലവർ ചെറുതാക്കി അരിഞ്ഞു  ചൂടുവെള്ളത്തിലിട്ടു  വെക്കുക. 
മുട്ടക്കോസ്  ചെറുതായി അരിഞ്ഞു  വെക്കുക.  ഒരു പാൻ  ചൂടാക്കി ഒരു ടീസ്പൂണ്‍  എണ്ണയൊഴിച്ച്  ഉള്ളി അരിഞ്ഞതും, വെളുത്തുള്ളിയും ചേർത്തി ചെറുതായി ഒന്നു വഴറ്റി കോസ് അരിഞ്ഞതും കോളിഫ്ലവറും ഉപ്പും മൂന്നു കപ്പ്‌ വെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ  വേവിക്കുക. 
ഇത് ആറിയ ശേഷം മിക്സിയിൽ അടിക്കുക.  കുക്കറിൽ വെണ്ണ ചൂടാക്കി അതിൽ മൈദയിട്ടു പച്ചമണം മാറി വരുമ്പോൾ പാലൊഴിച്ച്  കട്ടകെട്ടാതെ ഇളക്കി മിക്സിയിൽ അടിച്ച  കോളിഫ്ലവർ ഒഴിച്ച് നന്നായി ഇളക്കുക. 
ചെറിയ തീയിൽ രണ്ടു മൂന്നു മിനിട്ടു തിളപ്പിച്ച ശേഷം തീയിൽ നിന്നും മാറ്റി വെക്കുക.
വിളമ്പുന്ന പാത്രത്തിൽ ഒഴിച്ചു് കുരുമുളകു പൊടിയിട്ട് ചൂടോടെ കഴിക്കാം.

2014, ജനുവരി 23, വ്യാഴാഴ്‌ച

Ariyunda

അരിയുണ്ട

അരിയുണ്ട ഒരു പഴയ കാലത്തെ നാലുമണി പലഹാരമാണ്.  എണ്ണയോ നെയ്യോ ഒന്നും ആവശ്യമില്ല. വെറും അരിയും, വെല്ലവും തേങ്ങയും ചേർത്ത് ഉണ്ടാക്കുന്ന പലഹാരമാണ് ഇതു് . പണ്ട് ഉരലിൽ ഇട്ട് ഇടിച്ചാണ് ഇതുണ്ടാക്കിയിരുന്നത്.  ഇത് മിക്സിയിൽ അടിച്ചു് ഉണ്ടാക്കാം. ഇവിടെ ഞാൻ വെല്ലം ഉരുക്കിയാണ് ഉണ്ടാക്കുന്നത്. അരിയും തേങ്ങയും പൊടിച്ചു്  ഉരുക്കിയ വെല്ലം  ചേർത്തിയാണ് ഉരുട്ടിയത്‌.





ആവശ്യമുള്ള  സാധനങ്ങൾ 

പുഴുങ്ങലരി               : 2 കപ്പ്‌ 
വെല്ലം                     : 8 അച്ച്‌ 
തേങ്ങ                     : 1 മൂടി  ചിരവിയത്


ചെയ്യുന്ന വിധം  


ഒരു ചീനച്ചട്ടി ചൂടാക്കി  അരി നന്നായി വറുക്കുക . വറുത്ത അരി ആറിയ ശേഷം മിക്സിയിൽ പൊടിക്കുക. ഈ പൊടിയിൽ ചിരവിയ തേങ്ങ ചേർത്ത് ഒന്നു കൂടി തിരിച്ച ശേഷം ഈ മിശ്രിതം ഒരു പരന്ന പാത്രത്തിലേക്കു  മാറ്റുക.
ഒരു പാനിൽ വെള്ളം അല്പം വെള്ളം ചേർത്ത് ഉരുക്കുക. ഉരുകിയ വെല്ലം അരിച്ചെടുത്ത ശേഷം ഒന്ന് കൂടി അടുപ്പിൽ വെച്ച് ഇളക്കുക.  പാനി ആക്കേണ്ട ആവശ്യമില്ല, പക്ഷെ ഒരല്പ നേരം വെച്ച ശേഷം വാങ്ങി ഈ അരിയും തേങ്ങയും പൊടിച്ചതിട്ട പാത്രത്തിൽ കുറേശ്ശേയായി ഒഴിച്ച് സ്പൂൺ കൊണ്ട് ഇളക്കുക.



ഇതിൽ നിന്ന് കുറേശ്ശേ എടുത്തു ചെറുനാരങ്ങാ വലുപ്പത്തിൽ ഉരുട്ടുക.  വെല്ലത്തിന്റെ  അളവ് നമ്മുടെ മധുരത്തിനനുസരിച്ചു മാറ്റാവുന്നതാണ്.

2014, ജനുവരി 22, ബുധനാഴ്‌ച

Tomato soup

തക്കാളി സൂപ്പ് 



ആവശ്യമുള്ള സാധനങ്ങൾ 

തക്കാളി                       : 5 എണ്ണം
കാരറ്റ്                          : 1/2
ഉള്ളി                            : 1 ചെറുത്‌
വെളുത്തുള്ളി                 : 2 അല്ലി
റൊട്ടി കഷ്ണം                 : 2 എണ്ണം
വെണ്ണ                          : 1 ടേബിൾസ്പൂണ്‍
മൈദ                           : 1 ടേബിൾസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
കുരുമുളക്                      : 1/2 ടീസ്പൂണ്‍
പഞ്ചസാര                    : 1/2 ടീസ്പൂണ്‍ 


ചെയ്യുന്ന വിധം 
കാരറ്റും തക്കാളിയും ഉള്ളിയും  മുറിച്ചു വെക്കുക.
ഒരു പ്രഷർ കുക്കറിൽ വെണ്ണ ചൂടാക്കി അതിൽ മൈദയിട്ട് വറക്കുക.  ഇതിൽ തക്കാളി, ഉള്ളി, വെളുത്തുള്ളി, കാരറ്റ് എന്നിവ ചേർത്തി  3 കപ്പ്‌ വെള്ളം ഒഴിച്ചു്  കുക്കർ അടച്ചു വേവിക്കുക.
കുക്കർ ആറിയ ശേഷം തുറന്ന് ഒരു മിക്സിയിൽ അടിക്കുക. അതിനു ശേഷം അടുപ്പിൽ വെച്ച് ഉപ്പു ചേർത്തി ചെറിയ തീയിൽ രണ്ടു മൂന്ന് മിനിട്ട് തിളപ്പിക്കുക.  പഞ്ചസാര ചേർത്ത്  തീയിൽ നിന്നും മാറ്റുക.

റൊട്ടി കഷ്ണങ്ങൾ ദോശകല്ലിൽ വെച്ച് നന്നായി തിരിച്ചും മറിച്ചും ഇട്ട് ചൂടാക്കുക. വേണമെങ്കിൽ അല്പം  നെയ്യോ വെണ്ണയോ തടവിയ ശേഷം ചൂടാക്കാം. എന്നിട്ട് ചെറിയ ചതുര കഷ്ണങ്ങളാക്കി മുറിച്ചു വെക്കുക.
സൂപ്പ് വിളമ്പുന്ന പത്രത്തിലേക്ക് മാറ്റുക. കുരുമുളകുപൊടി വിതറി റൊട്ടികഷ്ണങ്ങൾ ഇട്ടു ചൂടോടെ കഴിക്കാം.

2014, ജനുവരി 21, ചൊവ്വാഴ്ച

Kurukku kaalan

കുറുക്കു കാളൻ 


ആവശ്യമുള്ള സാധനങ്ങൾ

ചേന                  : 1/4 കിലോ 
വാഴക്ക               : 1 
തേങ്ങ                : 3 കപ്പ്‌ 
പച്ചമുളക്            : 3 എണ്ണം 
ജീരകം               : 1/4 ടീസ്പൂണ്‍ 
കുരുമുളകുപൊടി   : 1 ടേബിൾസ്പൂണ്‍ 

െെതര്                 : 2 കപ്പ്‌ 
കടുക്                  : 1 ടീസ്പൂണ്‍ 
ചുവന്ന മുളക്        : 2 എണ്ണം 
ഉലുവ                  : 1 നുള്ള് 
കറിവേപ്പില        : 1 തണ്ട് 
ഉപ്പു്                    : ആവശ്യത്തിന് 
എണ്ണ                 : 1ടേബിൾസ്പൂണ്‍ 
വെല്ലം                : 1അച്ച്‌ 

ചെയ്യുന്ന വിധം 

ചേനയും വാഴക്കയും ഇടത്തരം ചതുരകഷ്ണങ്ങളാക്കി നുറുക്കി വെക്കുക. വാഴക്കയിൽ  കുറച്ചു വെള്ളമൊഴിച്ചു  മഞ്ഞപ്പൊടിയിട്ടു വെക്കുക.
പച്ചമുളകും തേങ്ങയും ജീരകവും കൂടി നന്നായി അരച്ചുവെക്കുക.
െെതര്   ഒരു കപ്പ്‌ വെള്ളം ചേർത്തി ഉടച്ചു  വെക്കുക.
വാഴക്ക വെള്ളത്തിൽ  നിന്നെടുത്തു  നന്നായി കഴുകി, ചേനയും ഉപ്പും മഞ്ഞപ്പൊടിയും കുരുമുളകു പൊടിയും ചേർത്തി പ്രഷർ കുക്കറിൽ വേവിക്കുക.
കുക്കർ ആറിയ ശേഷം തുറന്ന് ഉടച്ച മോരും ചേർത്തി ചെറിയ തീയിൽ നന്നായി തിളപ്പിക്കുക. െെതര് വറ്റി കഷ്ണങ്ങളിൽ പിടിച്ച ശേഷം തേങ്ങ അരച്ചതും ചേർത്തി  അല്പം കൂടി തിളപ്പിക്കുക.കട്ടിയുള്ള കറിയാണിത്.ഇതിൽ വെല്ലം ചേർത്തിയ ശേഷം തീയിൽ  നിന്നും മാറ്റിവെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് , മുളകു  രണ്ടായി പൊട്ടിച്ചതും ഉലുവയും ഇട്ടു വറുത്ത ശേഷം കറിവേപ്പിലയും ചേർത്തി കാളനിൽ ഒഴിക്കുക. 
സദ്യക്ക് വിളംബാറുള്ള ഒരു കൂട്ടാനാണ് ഇതു്. 
 


Thakkali koottan

തക്കാളി കൂട്ടാൻ 




ആവശ്യമുള്ള സാധനങ്ങൾ 

തക്കാളി                      : 4 എണ്ണം 
വലിയ ഉള്ളി               : 2 എണ്ണം 
പച്ചമുളക്                    : 2 എണ്ണം 
ഇഞ്ചി                         : 1/2 "കഷ്ണം
വെളുത്തുള്ളി                : 5 അല്ലി 
മുളകുപൊടി                 : 1ടേബിൾസ്പൂണ്‍ 
മല്ലിപ്പൊടി                  : 1 ടേബിൾസ്പൂണ്‍ 
മഞ്ഞപ്പൊടി               : 1/4 ടീസ്പൂണ്‍ 
തേങ്ങ                        : 1 കപ്പ്‌ 
കടുക്                         : 1ടീസ്പൂണ്‍
എണ്ണ                         : 2 ടേബിൾസ്പൂണ്‍ 
കറിവേപ്പില               : 1 തണ്ട് 
മല്ലിയില  അലങ്കരിക്കാൻ 

ചെയ്യുന്ന വിധം  

ഉള്ളിയും ഇഞ്ചിയും പച്ചമുളകും  ചെറുതായരിഞ്ഞു വെക്കുക.
തേങ്ങ നന്നായി അരച്ചുവെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുകിട്ടു പൊട്ടിയ ശേഷം  ഉള്ളി, പച്ചമുളക് , ഇഞ്ചി എന്നിവ അരിഞ്ഞതു ചേർത്തി വഴറ്റുക. ഉള്ളി നിറം മാറിതുടങ്ങുമ്പോൾ തീ കുറച്ച്  മുളകുപൊടി, മല്ലിപൊടി, മഞ്ഞപൊടി എന്നിവ  ചേർത്തു നന്നായി ഇളക്കുക. പച്ചമണം മാറുമ്പോൾ തക്കാളി അരിഞ്ഞതും ചേർത്തി നന്നായി വഴറ്റുക.

തക്കാളി വെന്തു കുഴഞ്ഞാൽ തേങ്ങ അരച്ചതും ചേർത്തി  നന്നായി ഇളക്കി ഒന്ന് രണ്ടു മിനിട്ട് ചെറുതീയിൽ വെച്ചു തിളപ്പിച്ച ശേഷം അടുപ്പിൽ നിന്നും മാറ്റുക. കറിവേപ്പിലയും മല്ലിയിലയും ചേർത്തി വിളമ്പുന്ന പാത്രത്തിലേക്ക് 
മാറ്റുക. 
ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ നന്നായിരിക്കും.

2014, ജനുവരി 20, തിങ്കളാഴ്‌ച

Enna kathirikka (brinjal curry)

എണ്ണ കത്തിരിക്ക 

എണ്ണ കത്തിരിക്ക, വഴുതിനിങ്ങയിൽ പുളി ചേർത്ത  ഒരു കറിയാണ്.  ചോറിന്റെ കൂടെ കഴിക്കാൻ നല്ല സ്വാദുണ്ടാവും. നല്ല എരിവും പുളിയും ഉപ്പും എല്ലാം  ഉള്ള ഒരു കൂട്ടാനാണ് ഇത്.



ആവശ്യമുള്ള സാധനങ്ങൾ  

വഴുതിനങ്ങ                 : 6 എണ്ണം ചെറിയത് 
പുളി                           : ഒരു നാരങ്ങ വലുപ്പത്തിൽ 
ചെറിയ ഉള്ളി             : 6 എണ്ണം 
മുളകുപൊടി                : ഒന്നര  ടേബിൾസ്പൂണ്‍ 
മല്ലിപൊടി                 : 2 ടേബിൾസ്പൂണ്‍ 
മഞ്ഞപൊടി              : 1/4 ടീസ്പൂണ്‍ 
ഉലുവ                         : 1/4 ടീസ്പൂണ്‍ 
തേങ്ങ ചിരവിയത്      : 1 കപ്പ്‌ 
വെളുത്തുള്ളി               : 5 അല്ലി 
ഉപ്പു്  ആവശ്യത്തിന് 

കടുകു വറക്കാൻ 
കടുക്                        : 1ടീസ്പൂണ്‍ 
ചെറിയ ഉള്ളി            : 5 എണ്ണം
കറിവേപ്പില              : 1 തണ്ട് 

ചെയ്യുന്ന വിധം  

വഴുതിനങ്ങ നാലായി പിളർന്ന്  വെള്ളത്തിലിട്ടു വെക്കണം. 
പുളി ഒരു മുപ്പതു മിനിറ്റ് ഒന്നര കപ്പ്‌ വെള്ളത്തിലിട്ട് പിഴിഞ്ഞെടുത്തു വെക്കുക.
ഒരു ചീനച്ചട്ടി ചൂടാക്കി ഉലുവയിട്ട്‌ നിറം മാറുമ്പോൾ തീ കുറച്ച്‌  മുളകുപൊടിയും മല്ലിപൊടിയും ഇടുക. പച്ചമണം മാറി ചെറുതായി നിറം മാറിതുടങ്ങുമ്പോൾ  തീയിൽ നിന്ന് മാറ്റി വെക്കുക. ആറിയാൽ ചെറിയ ഉള്ളിയും ഉപ്പും മഞ്ഞപ്പൊടിയും  ചേർത്തി  നന്നായി അരക്കുക.
തേങ്ങ അല്പം വെള്ളം ചേർത്തി നന്നായി അരച്ചു വെക്കുക.
വഴുതിനങ്ങ വെള്ളത്തിൽ  നിന്നും എടുത്ത് , അരച്ചുവെച്ച മസാലയിൽ നിന്നും കുറച്ചെടുത്ത്  അതിനുള്ളിൽ നന്നായി പുരട്ടി വെക്കണം.
ഈ മസാല പുരട്ടി വെച്ച വഴുതിനങ്ങ അല്പം എണ്ണയിൽ ഒന്ന് വഴറ്റുക. കൂടെ വെളുത്തുള്ളിയും വഴറ്റുക. വലിയ വെളുത്തുള്ളിയാണെങ്കിൽ നീളത്തിൽ മുറിച്ചു വഴറ്റണം .
പുളി വെള്ളത്തിൽ  ബാക്കി മസാല ചേർത്തി  അടുപ്പിൽ വെച്ചു  തിളപ്പിക്കുക. അല്പം ഉപ്പു കൂടി ചേർത്തണം. ഇതിൽ വഴറ്റിയ വഴുതിനങ്ങ ചേർത്തി ചെറിയ തീയിൽ മൂന്നോ നാലോ മിനിട്ട് തിളപ്പിച്ച ശേഷം അരച്ച് വെച്ച തേങ്ങയും ചേർത്തി ഒന്ന് കൂടി തിളപ്പിക്കുക. ഈ കൂട്ടാൻ അല്പം കുറുകിയ പരുവത്തിലായിരിക്കണം , അതുകൊണ്ട് അധികം വെള്ളം ഒഴിക്കരുത്.
ഒരു ചീനച്ചട്ടിയിൽ ഒരു ടേബിൾസ്പൂണ്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിയാൽ കറിവേപ്പിലയും ഉള്ളി ചെറുതായരിഞ്ഞതും കൂടി നന്നായി വഴറ്റി കൂട്ടാനിൽ ഒഴിക്കുക. കൂട്ടാൻ  ഒരുപാടു കുറുകിയിട്ടുണ്ടെങ്കിൽ അല്പം വെള്ളം ചേർക്കണം.  നല്ല ചൂടു ചോറിന്റെ കൂടെ വിളമ്പുക.





2014, ജനുവരി 19, ഞായറാഴ്‌ച

ela ada

ഇല അട 


ആവശ്യമുള്ള സാധങ്ങൾ 

പച്ചരി പൊടി            : 2 കപ്പ്‌ 
വെല്ലം                       : 1/2 കിലോ 
തേങ്ങ ചിരവിയത്     : 2 കപ്പ്‌ 
നെയ്യ്                        : 1 ടേബിൾസ്പൂണ്‍ 
ഇല കഷ്ണങ്ങൾ           
എലക്കപൊടി           : 1/4 ടീസ്പൂണ്‍ 



ചെയ്യുന്ന വിധം 

പച്ചരിപൊടിയിൽ തിളച്ച വെള്ളം കുറേശ്ശെ ചേർത്തു  കട്ടിയായി കുഴച്ചു വെക്കുക.
വെല്ലം അല്പം വെള്ളം ചേർത്ത് തിളപ്പിക്കുക. വെല്ലം  അലിഞ്ഞാൽ അടുപ്പിൽ നിന്നും മാറ്റി അരിച്ചെടുക്കുക. തിരിച്ചു വീണ്ടും അടുപ്പിൽ വെച്ചു  തിളപ്പിക്കുക. ചട്ടുകത്തിൽ നിന്നും നൂലു പോലെ വീഴുമ്പോൾ തേങ്ങ ചിരവിയതു ചേർക്കുക. ഇളക്കി, കട്ടിയായിതുടങ്ങുമ്പോൾ ഏലക്കപൊടിയും ചേർത്തി അടുപ്പിൽ നിന്നും  മാറ്റി വെക്കുക.
ഒരു ഇലകഷ്ണമെടുത്തു അല്പം നെയ്‌ തടവി ഒരു ചെറിയ ഉരുള മാവെടുത്ത്‌ ഇലയിൽ ഒരേ ഘനത്തിൽ പരത്തുക.
ഇതിന്റെ ഒരു ഭാഗത്ത്‌ വെല്ലവും  തേങ്ങയും ചേർത്ത പാവ് കുറേശ്ശെ വെക്കുക.
ഇലയുടെ മറ്റേ ഭാഗം കൊണ്ട് മടക്കി വെക്കുക.
ബാക്കി മാവും ഇത് പോലെ ചെയ്യുക. എന്നിട്ട് ഇഡ്ഡലി പത്രത്തിലോ സ്റ്റീമറിലോ 5 മിനിട്ട് വേവിക്കുക. ഇല തുറക്കുമ്പോൾ ഒട്ടാതെ വരുകയാണെങ്കിൽ നന്നായി വെന്തു എന്നർത്ഥം. അല്ലെങ്കിൽ കുറച്ചു സമയം കൂടി വെക്കണം.

നല്ല സ്വാദുള്ള ഒരു ഇടനേരത്തെ  പലഹാരമാണ്  ഇതു്.
വെല്ലത്തിനു പകരം പഞ്ചസാര കൊണ്ടും ഇങ്ങിനെ ചെയ്യാം. പഞ്ചസാരയും തേങ്ങ ചിരവിയതും കലർത്തി മാവിനു മേലെ പരത്തി വേവിച്ചാൽ പഞ്ചസാര അടയായി.







Carrot Halwa

കാരറ്റ് ഹൽവ 




ആവശ്യമുള്ള സാധനങ്ങൾ 

കാരറ്റ്                              : 3 എണ്ണം 
പാല്                               : 1/4 കപ്പ്‌ 
പഞ്ചസാര                       : 1/2 കപ്പ്‌ 
കണ്ടൻസ്ഡ` മിൽ ക്ക്    : 1/2 കപ്പ്‌ 
നെയ്യ്                             : 3 ടേബിൾസ്പൂണ്‍ 
അണ്ടിപരുപ്പ്                  : 5 എണ്ണം 
ഏലക്കപൊടി                : 1/4 ടീസ്പൂണ്‍ 


ചെയ്യുന്ന വിധം 

നെയ്യ് ചൂടാക്കിയ ശേഷം അതിൽ അണ്ടിപരുപ്പ്  വറുത്തു കോരുക.
കാരറ്റ് നന്നായി കഴുകിയ ശേഷം ചീവി  വെക്കുക.
ചീവെയെടുത്ത കാരറ്റ് പാലിൽ വേവിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കിയില്ലെങ്കിൽ അടിയിൽ പിടിക്കും. പാല് വറ്റുന്നത് വരെ വേവിക്കണം. അതിൽ പഞ്ചസാരയും കണ്ടൻസ്ഡ`മിൽക്കും ചേർത്തി ചെറിയ തീയിൽ വെക്കുക, നെയ്യ് ചേർത്തി പാത്രത്തിൽ ഒട്ടിപിടിക്കാതിരിക്കുന്നത് വരെ ഇളക്കികൊണ്ടിരിക്കുക. ഏലക്കപൊടിയും വറുത്തുവെച്ച അണ്ടിപരുപ്പും ചേർത്തി ചൂടോടെയോ തണുപ്പിച്ചോ കഴിക്കാവുതാണ്.


     

2014, ജനുവരി 10, വെള്ളിയാഴ്‌ച

unniithandu upperi

ഉണ്ണിതണ്ട് ഉപ്പേരി 

ആവശ്യമുള്ള സാധനങ്ങൾ 




ഉണ്ണിതണ്ട്               : 1/2 അടി നീളത്തിൽ ഒരു കഷ്ണം 
കൊള്ള് (മുതിര)       :  3 ടേബിൾസ്പൂണ്‍
മഞ്ഞപ്പൊടി            : 1/4 ടീസ്പൂണ്‍ 
കടുക്                      : 1 ടീസ്പൂണ്‍ 
അരി                       : 1 ടേബിൾസ്പൂണ്‍
വറ്റൽ മുളക്             : 2 എണ്ണം 
കറിവേപ്പില            : 1 തണ്ട് 
എണ്ണ ആവശ്യത്തിന് 
ഉപ്പു്  ആവശ്യത്തിന് 

ചെയ്യുന്ന വിധം   

കൊള്ള്  പ്രഷർ കുക്കറിൽ വേവിച്ചു വെക്കുക, കുഴഞ്ഞുപോകരുത്.
ഉണ്ണിതണ്ട് ചെറുതായി അരിഞ്ഞു വെള്ളത്തിലിട്ടു വെക്കുക. അരിയുമ്പോൾ  തന്നെ  അതിലുള്ള നാരു മാറ്റുക. 
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ചു അതിൽ മുളകു രണ്ടായി പൊട്ടിച്ചതും അരിയും ഇട്ട് വറക്കുക. കറിവേപ്പില ഇട്ട്  ഉണ്ണിതണ്ട് അരിഞ്ഞതും ഉപ്പും  മഞ്ഞപ്പൊടിയും ചേർത്തി വെള്ളം തളിച്ച് പാത്രം  മൂടിവെക്കുക. രണ്ടു മിനിട്ട് കഴിഞ്ഞു പാത്രം തുറന്ന ശേഷം ഇടക്കിളക്കി വെന്ത കൊള്ളും ചേർത്തി രണ്ടു മൂന്ന് മിനിട്ടു  കൂടി ചെറിയ തീയിൽ  വെച്ച ശേഷം വാങ്ങി വെക്കുക. 
കൊള്ളിനു പകരം പരുപ്പ് ചേർത്തിയും ഇതുപോലെ ഉണ്ടാക്കാവുന്നതാണ്.







Kozhukkatta

കൊഴുക്കട്ട



ആവശ്യമുള്ള സാധനങ്ങൾ 


അരി 
(പച്ചരി അല്ലെങ്കിൽ പുഴുങ്ങലരി)   :1 കപ്പ്‌ 
തേങ്ങ പല്ലു പോലെ അരിഞ്ഞത്   : 1/2 കപ്പ്‌ 
കടുക്                                          : 1 ടീസ്പൂണ്‍ 
ഉഴുന്നു പരുപ്പ്                               : 1 ടീസ്പൂണ്‍ 
വറ്റൽ മുളക്                                  : 2 എണ്ണം 
കറിവേപ്പില                                 : 1 തണ്ട് 
എണ്ണ                                           : 2 ടേബിൾസ്പൂണ്‍ 
ഉപ്പു്                                              : ആവശ്യത്തിന് 


ചെയ്യുന്ന വിധം 

അരി ഒരു മണികൂർ വെള്ളത്തിലിട്ടു കുതിർന്ന ശേഷം തരുതരുപ്പായി അരച്ചെടുക്കുക. ഇതിൽ ഒരു കപ്പ്‌ വെള്ളം ചേർത്തിവെക്കുക.
ഒരു ചീനച്ചട്ടി അടുപ്പത്തു  വെച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിയ ശേഷം മുളകും ഉഴുന്നുപരുപ്പും കറിവേപ്പിലയും ചേർക്കുക.


ഉഴുന്നുപരുപ്പു  നിറം മാറിവരുമ്പോൾ ഇതിൽ അരച്ചുവെച്ച അരിമാവ് ചേർത്തി ഉപ്പും ചേർത്തു നന്നായി ഇളക്കുക.


 ചെറിയ തീയിൽ ഇത് വെള്ളം വറ്റുന്നതുവരെ ഇടക്കിളക്കി കൊടുക്കുക. വെള്ളം വറ്റുമ്പോൾ തേങ്ങ കഷ്ണങ്ങളും ചേർത്ത ശേഷം തീയിൽ  നിന്നും മാറ്റിവെക്കുക.


ഒന്ന് ആറിയ ശേഷം കുറേശ്ശെ എടുത്തു ഒരു വലിയ നരങ്ങവലുപ്പത്തിൽ ഉരുളകളാക്കുക. ഇങ്ങിനെ മുഴുവൻ മാവും ചെയ്ത ശേഷം ഈ ഉരുളകൾ ഒരു ഇഡ്ഡലി പാത്രത്തിൽ വേവിക്കുക.
ഇത് ഒരു ഇടനേര പലഹാരമായി കഴിക്കാൻ നല്ലതാണ്.  പച്ചരി ഉപയോഗിച്ചാണ്‌ ചെയ്യുന്നതെങ്കിൽ ചൂടോടെ നന്നായിരിക്കും പക്ഷെ  ആറിയാൽ മയമുണ്ടാവില്ല.  തേങ്ങ കഷ്ണങ്ങളല്ലെങ്കിൽ ചിരവിയും
ചേർത്താം.  തേങ്ങ ചട്ണിയോ  അല്ലെങ്കിൽ പൊടിയോ കൂട്ടി കഴിക്കാൻ നന്നായിരിക്കും.

2014, ജനുവരി 9, വ്യാഴാഴ്‌ച

Kumbalanga(White pumpkin) olan

കുമ്പളങ്ങ ഓലൻ 

ആവശ്യമുള്ള സാധനങ്ങൾ 
കുമ്പളങ്ങ           : 2 കപ്പ്‌ 
പച്ചമുളക്           : 2-3 എണ്ണം 
തേങ്ങാപാൽ     : 1/2 കപ്പ്‌ 
ഉപ്പു്                   : ആവശ്യത്തിന് 
വെളിച്ചെണ്ണ       : 1ടേബിൾസ്പൂണ്‍ 

ചെയ്യുന്ന വിധം 

കുമ്പളങ്ങ ഘനമില്ലാതെ ചെറിയ ചതുര കഷ്ണങ്ങളായി മുറിക്കുക.
കുമ്പളങ്ങ അല്പം വെള്ളത്തിൽ ഉപ്പും, നീളത്തിലരിഞ്ഞ  പച്ചമുളകും ചേർത്തി  വേവിക്കുക.
വെന്തശേഷം അര കപ്പ്‌ തേങ്ങാപാൽ ചേർത്തി  ചെറിയ തീയിൽ രണ്ടോ മൂന്നോ മിനിട്ട് വെച്ച ശേഷം വാങ്ങിവെക്കുക. വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ടു വിളമ്പുക.



2014, ജനുവരി 8, ബുധനാഴ്‌ച

Veg semiya upma

 സേമിയ ഉപ്പുമാവ് 



ആവശ്യമുള്ള സാധനങ്ങൾ 


സേമിയ                     : 1 കപ്പ്‌ 
വലിയ ഉള്ളി              : 1 
കാരറ്റ്                       : 1/2 
പച്ച പട്ടാണി             :1/4 കപ്പ്‌ 
ബീൻസ്‌                   : 4 എണ്ണം 
തക്കാളി                    : 1 എണ്ണം 
 പച്ചമുളക്                 : 2 എണ്ണം 
ഇഞ്ചി                       : 1/2" കഷ്ണം 
കടുക്                       : 1 ടീസ്പൂണ്‍
ഉഴുന്നുപരുപ്പ്             : 1 ടീസ്പൂണ്‍ 
വറ്റൽമുളക്               : 1 
കറിവേപ്പില             : 1 തണ്ട് 
എണ്ണ                       : ആവശ്യത്തിന് 
അണ്ടിപരുപ്പ്            : 10 എണ്ണം
നെയ്യ്                       : 1 ടീസ്പൂണ്‍  

ചെയ്യുന്ന വിധം  

ഒരു ചീനച്ചട്ടി ചൂടാക്കി സേമിയ നന്നായി വറുത്തു വെക്കുക. വറുത്ത സേമിയ ഇപ്പോൾ മാർക്കറ്റിൽ വാങ്ങാനും കിട്ടും.
അല്പം നെയ്യിൽ അണ്ടിപരുപ്പ് വറുത്തു വെക്കുക.


        ഉള്ളി, കാരറ്റ്, ബീൻസ്‌,  പച്ചമുളക്, ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞു വെക്കുക.



ഒരു ചീനച്ചട്ടിയിൽ 2 ടേബിൾസ്പൂണ്‍  എണ്ണ  ചൂടാക്കി കടുകിട്ട് പൊട്ടുമ്പോൾ ഉഴുന്ന്പരുപ്പും മുളക് രണ്ടായി പൊട്ടിച്ചതും ഇട്ട് കറിവേപ്പിലയും ഇടുക. ഇതിൽ ചെറുതായരിഞ്ഞ ഉള്ളിയും, പച്ചമുളകും, ഇഞ്ചിയും ചേർത്തു വഴറ്റുക.





 ഇതിൽ തക്കാളി മുറിച്ചതും കാരറ്റ്, ബീൻസ്‌ എന്നിവ അരിഞ്ഞതും ചേർത്തി  3 കപ്പ്‌ വെള്ളവും ഉപ്പും ചേർത്തി തിളപ്പിക്കുക.



ഇതിൽ വറുത്ത സേമിയ ചേർത്തുക. വെള്ളം വറ്റുന്നതു വരെ ചെറുതീയിൽ വേവിക്കുക. ഇടക്ക് ഇളക്കിക്കൊടുക്കണം.

വെള്ളം വറ്റിയാൽ തീയിൽ നിന്നും മാറ്റി വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക. മല്ലിയിലയും വറുത്ത അണ്ടിപരുപ്പും ഇട്ട്‌  അലങ്കരിക്കുക. നാളികേര ചട്ണി ചേർത്തി കഴിക്കാം.